രത്ന നിര്‍ണ്ണയത്തിലെ ശാസ്ത്രീയ രീതികള്‍

Print Friendly, PDF & Email

രത്ന നിര്‍ണ്ണയത്തെയും രത്ന ധാരണത്തെയും താരതമ്യേന ആധുനികമായ ഗ്രഹ ദോഷ പരിഹാര മാര്‍ഗമായാണ് പലരും കണ്ടു വരുന്നത്. എന്നാല്‍ സത്യം അതല്ല. വരാഹ മിഹിരാചാര്യന്റെ ബൃഹത്സംഹിതയില്‍ പോലും രത്ന നിര്‍ദേശം സംബന്ധിച്ച പരാമര്‍ശങ്ങള്‍ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പരിഹാര ഹോമങ്ങള്‍, പൂജകള്‍, ദാനങ്ങള്‍, ജപം, വ്രതം എന്നിവയോളമോ അതിലും ഏറെയോ ദോഷപരിഹാര ശക്തി രത്ന ധാരണത്തിലൂടെ ലഭിക്കും എന്നത് അനുഭവമാണ്. എന്നാല്‍ തന്‍റെ ജാതകത്തിന് യോജിക്കാത്ത രത്നം ധരിക്കുന്നത് പലപ്പോഴും ദോഷകരമായി വരാറുണ്ട്. ഇവിടെയാണ്‌ ശാസ്ത്രീയമായ രത്ന നിര്‍ദേശം അനുസരിച്ച് രത്നം ധരിക്കേണ്ടതിന്‍റെ പ്രസക്തി വെളിവാകുന്നത്.

ഞാന്‍ ഏതു രത്നമാണ് ധരിക്കേണ്ടത്?

ഒരാളുടെ ഗ്രഹനില സൂക്ഷ്മമായി വിശകലനം ചെയ്ത് , ലഗ്നാധിപന്റെയോ, അഞ്ച്, ഒന്‍പത് എന്നീ ഭാവാധിപന്മാരുടെയോ ലഗ്നാധിപ മിത്രമായ ഗ്രഹങ്ങളുടെയോ രത്നം ധരിക്കുക എന്നതാണ് ശാസ്ത്രീയമായ രീതി. എന്നാല്‍ ഇവരില്‍ ആരെയാണ് രത്നധാരണത്തിലൂടെ ശക്തിപ്പെടുത്തേണ്ടത് എന്ന് നിര്‍ദ്ദേശിക്കുവാന്‍ രത്ന ശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരുപോലെ അറിവുള്ളവര്‍ക്കു മാത്രമേ സാധിക്കൂ. ലഗ്നാധിപന്‍ ബലവാനും ഇഷ്ട ഭാവസ്ഥിതനും ആണെങ്കില്‍ ലഗ്നാധിപന്റെ രത്നം ധരിക്കുന്നതു കൊണ്ട് പ്രത്യേക ഗുണം ഒന്നും സിദ്ധിച്ചെന്നു വരില്ല. എന്നാല്‍ ധരിച്ചതു കൊണ്ട് പ്രത്യേക ദോഷവും വരാനില്ല. ജാതകന്റെ പ്രായം, അവസ്ഥ, കുടുംബ സ്ഥിതി, ഇപ്പോള്‍ നേരിടുന്നതായ പ്രശ്നങ്ങള്‍, വര്‍ത്തമാന ദശാകാലങ്ങള്‍ എന്നിവയെ കൂടി രത്ന നിര്‍ണ്ണയ വേളയില്‍ പരിഗണിക്കുന്നത് സാമാന്യ ബുദ്ധിയാണ്.

ജന്മ നക്ഷത്രം മാത്രം നോക്കി രത്നം ധരിക്കാമോ?

ഒരിക്കലും പാടില്ല എന്നാണ് ഉത്തരം. പല പഞ്ചാംഗങ്ങളിലും ജ്യൂവലറികളുടെ ലീഫ് ലെറ്റുകളിലും മറ്റും ജന്മ നക്ഷത്രങ്ങളുടെ പട്ടികയും അതനുസരിച്ച് ധരിക്കേണ്ടതായ രത്നങ്ങളുടെ വിവരവും ചേര്‍ത്തു കണ്ടിട്ടുണ്ട്.

 

നക്ഷത്രം അധിപഗ്രഹം രത്നം

അശ്വതി -മകം-മൂലം കേതു വൈഡൂര്യം

ഭരണി-പൂരം-പൂരാടം ശുക്രന്‍ വജ്രം

കാര്‍ത്തിക-ഉത്രം-ഉത്രാടം രവി മാണിക്യം

രോഹിണി-അത്തം-തിരുവോണം ചന്ദ്രന്‍ മുത്ത്

മകയിരം- ചിത്തിര- അവിട്ടം കുജന്‍ പവിഴം

തിരുവാതിര- ചോതി- ചതയം രാഹു ഗോമേദകം

പുണര്‍തം- വിശാഖം- പൂരൂരുട്ടാതി വ്യാഴം പുഷ്യരാഗം

പൂയം – അനിഴം- ഉത്തൃട്ടാതി ശനി ഇന്ദ്രനീലം

ആയില്യം – കേട്ട- രേവതി ബുധന്‍ മരതകം

എന്ന രീതിയിലുള്ള പട്ടിക നിങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ടാവും. ഈ പട്ടിക മാത്രം നോക്കി രത്നം ധരിക്കുന്നത് പലപ്പോഴും ഗുണകരമാകില്ല എന്ന് മാത്രമല്ല, ദോഷഫലങ്ങള്‍ വരുത്താനും ഇടയുണ്ട്. ഉദാഹരണമായി അനിഴം നക്ഷത്രജാതനായ ഒരാള്‍ ഇതനുസരിച്ച് ഇന്ദ്രനീലം ധരിക്കുന്നു. അയാള്‍ മകരം, കുംഭം, ഇടവം,തുലാം ലഗ്നക്കാരനാനെങ്കില്‍ അയാള്‍ക്ക് ഇന്ദ്രനീലം ഗുണകരമായെക്കാം. അയാള്‍ ഏതു നക്ഷത്രക്കാരന്‍ ആയാലും. പക്ഷെ അയാള്‍ കര്‍ക്കിടക ലഗ്നജാതനാനെങ്കില്‍ അയാള്‍ക്ക് ശനി മാരകനും അഷ്ടമാധിപനും ആണ്. അയാള്‍ ഇന്ദ്രനീലം ധരിക്കുന്നത് ചിലപ്പോള്‍ ആപല്‍ക്കരമായേക്കാം. ഇത് മനസ്സിലാക്കാതെ പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാര്‍ ഈ പട്ടിക മാത്രം നോക്കി ഇന്ദ്രനീലം ധരിച്ചാല്‍ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ചിലര്‍ ജനിച്ച മാസം നോക്കിയും നാമസംഖ്യ നോക്കിയും ജനിച്ച വാരം നോക്കിയും ഒക്കെ രത്നം നിര്‍ദേശിക്കാം എന്ന് പറയുന്നു. എന്നാല്‍ അപ്പോഴും മുന്‍പ് സൂചിപ്പിച്ച പ്രകാരമുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.

രത്നം എങ്ങിനെ ധരിക്കണം?

രത്നം മോതിരമായോ ലോക്കറ്റായോ ധരിക്കാം. മോതിരമാക്കി ധരിക്കുന്നതാണ് കൂടുതല്‍ ഗുണകരം. മോതിരത്തിന്റെ അടിഭാഗവും തുറന്നതാവണം. ത്വക്കിനെ രത്നം അല്പം സ്പര്‍ശിക്കുന്ന രീതിയില്‍ ആകുന്നത് നന്ന്. ഓരോ രത്നത്തിനും ഓരോ ലോഹങ്ങള്‍ പറയപ്പെട്ടിട്ടുണ്ട് എങ്കിലും ഏതു രത്നവും സ്വര്‍ണതിലോ വെള്ളിയിലോ ധരിക്കാം. ചന്ദ്രന്റെ രത്നമായ മുത്തും ചന്ദ്രകാന്തവും മറ്റും വെള്ളിയില്‍ ധരിക്കുന്നതാണ് അഭികാമ്യം. അതാതു രത്നത്തിന്റെ ഗ്രഹത്തിന്‍റെ വാരത്തില്‍ അതാതു കലഹോരയില്‍ രത്നം ആദ്യമായി ധരിക്കണം. അതതു ഗ്രഹത്തിന്‍റെ അധിദേവതയ്ക്ക് പൂജ ചെയ്തു ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്. പലവിധ പരിഹാരങ്ങളും അവലംബിച്ചിട്ടും പ്രയോജനം ലഭിക്കാത്ത പലപ്രശ്നങ്ങള്‍ക്കും ശരിയായ രത്നധാരണത്തിലൂടെ പ്രയോജനം ലഭിച്ച പലവിധ അനുഭവങ്ങള്‍ ഉണ്ട്. അത് തന്നെയാണ് രത്ന ശാസ്ത്രത്തിന്റെ നിലനില്‍പ്പിന് ആധാരവും.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...