പ്രധാനമന്ത്രീ, ഇത് കാണാതിരിക്കരുത്. ഈ രാജ്യം ഇവരുടേതു കൂടിയാണ്.
പ്രധാനമന്ത്രീ, അങ്ങ് തിരക്കിലായിരിക്കും. രാജ്യത്തെ കോര്‍പ്പറേറ്റുകളെ ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ സഹായിക്കാം എന്ന ആലോചനയുടെ തിരക്കില്‍. എങ്കിലും അങ്ങിതൊന്നു കാണണം. അങ്ങ് എപ്പോഴും ഉദ്ഘോഷിക്കുന്ന ഡിജിറ്റൽ ഇന്ത്യയിലെ ജനങ്ങൾ വീട്ടിലിരുന്ന് കമ്പ്യൂട്ടറിലൂടെ ജോലി ചെയ്യുമ്പോൾ ഭാരതത്തിലെ ജനങ്ങൾ അവരുടെ വീടുകളിലേക്ക് നടക്കുകയാണ്… ഒന്നും രണ്ടുമല്ല, അഞ്ഞൂറും ആയിരവും അതിലേറേയും കിലോമീറ്ററുകള്‍. തങ്ങളുടെ കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി… ജീവിത സംമ്പാദ്യം ചുമലിലേറ്റി…. ഭാണ്ഡക്കെട്ടുകളിലാക്കിയ ജീവിത പ്രാരാബ്ദം തലയിലേന്തി, നഗ്നപാദരായി അവര്‍ നടക്കുകയാണ്. അവരുടെ രാമരാജ്യത്തിലേക്ക്.
എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കറിയില്ല. ഒന്നു മാത്രമറിയാം. ഒരു സുപ്രഭാതത്തില്‍ അവര്‍ക്ക് തൊഴിലില്ലാതായെന്നും; കെട്ടും ഭാണ്ഡവും എടുത്ത് പുറത്തിറങ്ങണമെന്നും; അരി, ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ വീട്ടിൽ എത്തിക്കാമെന്നും ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ഉത്തരവു വന്നു. കൂടാതെ ദിവസവും രാവിലെ ഒരു മണിക്കൂര്‍ രാമായണ സീരിയലും രാത്രി ഒരു മണിക്കൂര്‍ മഹാഭാരത സീരിയലും കാട്ടി അവരെ രാമരാജ്യത്തിലേക്ക് അടുപ്പിക്കാമെന്ന വാഗ്നാനവും ലഭിച്ചു. രാമരാജ്യം അയോധ്യയിൽ (രാമൻ ജനിച്ച സ്ഥലത്ത്) മാത്രമേ വരുകയുള്ളൂ വെന്നും ജീവിതത്തിലെ കുരുക്ഷേത്രമാകുന്ന ഹസ്തിനാപൂരിലെ ആളുകൾക്ക് വേണ്ടിയല്ല രാമരാജ്യമെന്നും അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ അവർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നഗ്നപാദരായി അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു നടന്നു. നഗര വാതിലുകൾ അവര്‍ക്കു പിന്നില്‍ അടച്ചിരുന്നു. തെരുവുകളിലെ ഓരോ ചെക്ക് പോയിന്‍റുകളിലും നിയമപാലകര്‍ കൊറോണ വൈറസിനെ കണ്ടാലെന്നവണ്ണം അവരെ ആട്ടിയോടിച്ചു കൊണ്ടേയിരുന്നു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തെ മഹാഭാരതയുദ്ധവുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താരതമ്യം ചെയ്തത്. അദ്ദേഹം പറഞ്ഞത് ശരിയാണ്. ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ മഹാഭാരത യുദ്ധക്കളത്തിലെ സൈനികരെപ്പോലെയാണ് – വിവിധ അക്ഷൗഹിനികളില്‍ പെട്ടവര്‍. പക്ഷെ, പതിനെട്ട് ദിവസം നീണ്ടുനിന്ന മഹാഭാരതയുദ്ധത്തെ ഒരു പടയാളികളും അതിജീവിച്ചില്ല എന്നത് അവര്‍ക്കറിയാമായിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ തന്നെ ഭാഷയില്‍ 21ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ രണ്ടാം മഹാഭാരത യുദ്ധത്തിലെ പടയാളികളുടേയും വിധി തിരിച്ചാവില്ല എന്ന് സ്വന്തം അനുഭവത്തിലൂടെ അവര്‍ തിരിച്ചറിഞ്ഞു. 21 ദിവസത്തിനു ശേഷം ഞങ്ങൾ ഒരു പുതിയ ഇന്ത്യ കാണും. ഒരു അറ്റത്ത് കാളിദാസിന്റെയും വരാഹമിഹിരന്‍റേയും മക്കൾ ഉണ്ടാകും; എന്നാല്‍, തങ്ങളുടെ കീഴ്മേല്‍ മറിഞ്ഞ ജീവിതത്തെ നേരേയാക്കി മറ്റേ അറ്റുത്തു നിര്‍ത്തുവാന്‍ ആരും ഉണ്ടാകില്ല. അതുകൊണ്ട് ആരേയും കാത്തു നില്‍ക്കാതെ ഒഴിഞ്ഞ വയറും നഗ്ന പാദങ്ങളുമായി അവര്‍ തിരിച്ചു നടന്നു.
ജനുവരി 30ന് തന്നെ ഇന്ത്യയില്‍ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ട്രംന്പിന് സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു ഇന്ദ്രപ്രസ്ഥം. കൂടാതെ, നമുക്കു നാണക്കേടുണ്ടാക്കുന്ന ദരിദ്രരെ മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കുവാന്‍; അവരുടെ ചേരികൾ മതിലുകള്‍ക്കു പിന്നിൽ മറയ്ക്കുന്ന തിരക്കിലും. അപ്പോഴും നമ്മുടെ വിവിധ വിമാന താവളങ്ങളില്‍ കോവിഡ്-19 വൈറസുകളേയും വഹിച്ചുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പറന്നിറങ്ങുകയും രാജ്യമെങ്ങും കൊറോണയുടെ വിത്തുവിതച്ച് യാതൊരു തടസ്സവുമില്ലാതെ യഥേഷ്ടം സഞ്ചരിച്ചുകൊണ്ടേയിരുന്നു. അവരെ തടയുവാനോ പരിശോദനക്ക് വിധേയരാക്കുവാനോ തയ്യാറാകാതെ ഗോമാതാവിന്‍റെ വിസര്‍ജ്യത്തില്‍ നിന്ന് ഏത് വൈറസിനെയും കൊല്ലാൻ കഴിയുന്ന വൈബ്രേഷനുകളേയും സമവാക്യങ്ങളേയും കണ്ടെത്തുവാനും കൊഞ്ച് ഷെല്ലുകളുടെ ശബ്ദവും കൈയ്യടിയും തമ്മില്‍ സമന്വയിപ്പിച്ച് പുതിയ ശബ്ദവീചികള്‍ സൃഷ്ടിച്ചു കൊണ്ട് വൈറസുകളെ തിരിച്ചയക്കുവാനുള്ള ഗവേഷണത്തിലുമായിരുന്നു നമ്മുടെ ഭരണകര്‍ത്താക്കളും ബുദ്ധിജീവികളും.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുമണിക്കൂർ നോട്ടീസ് നൽകി ചുമത്തിയ കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ദിവസകൂലിക്കാര്‍ക്കും എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. ലക്ഷക്കണക്കിനു വിശക്കുന്ന വയറുകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറാൻ നിർബന്ധിതരാകുമെന്നും ആരും കണ്ടില്ല. എന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരായ അവര്‍ മക്കളെ ചുമലിൽ ചുമന്ന് നൂറുകണക്കിന് കിലോമീറ്റർ നടക്കുവാന്‍ വിധിക്കപ്പെടുമെന്നും ആരും മുന്‍കൂട്ടി കണ്ടില്ല. ആ പാലായനത്തില്‍ തെരുവുകളില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ടവരാണവര്‍. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടവരാകേണ്ടവര്‍…
കൊറോണ ബാധിച്ച അനവധി രാജ്യങ്ങളെ നാം കണ്ടു. അവിടുത്തെ വിശേഷങ്ങൾ കേട്ടു. എന്നാൽ ഇതു പോലെ ഒരു പാലായനത്തിന്‍റെ കഥ ലോകം ഇതു വരെ കേട്ടിട്ടില്ല. ഈ ജനത്തിൻ്റെ സുരക്ഷയിൽ ഈ രാജ്യത്തിന് ഉത്തരവാദിത്വമില്ലെന്നുണ്ടോ? ഈ മനുഷ്യരെ ചേർത്തു പിടിക്കാൻ സാധിച്ചില്ലെങ്കിൽ എന്തു ഭരണം? ഇവരെ സംരക്ഷിക്കാൻ ഭാരത മാതാ കീ ജയ് വിളിക്കുന്നവർക്ക് ഉത്തരവാദിത്വമില്ലന്നുണ്ടോ? ആർദ്രതയുള്ള ഭരണാധികാരികളുടെ പോരായ്മ ഇന്ത്യ നേരിട്ടറിയുകയാണ്. ഭായിയോം ഓർ ബഹനോം നിങ്ങളും ഇന്ത്യക്കാരാണ് എന്ന് പ്രസ്താവന നടത്താൻ ഇത് തിരഞ്ഞെടുപ്പ് കാലമല്ലല്ലോ.