മോദിയുടെ ഇന്ത്യയില്‍ പ്രാഥമിക പരിഗണന പോലും അർഹിക്കാത്തവർ നമ്മള്‍

Print Friendly, PDF & Email

മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് എവിടേയും. അത്തരമൊരു വാര്‍ത്തയാണ് അഹമ്മദബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരേയും കരയിപ്പിക്കുന്ന സംഭവം ആധുനിക ഇന്ത്യയുടെ മുഖംമൂടി വലിച്ചു കീറപ്പെട്ട സംഭവം.

‘വളരെ പെട്ടെന്ന്, കടുത്ത പനി ബാധിച്ച് ഓക്സിജന്‍ ലെവല്‍ താഴ്ന്നുപോയ ഭാര്യ ഊർമ്മിള യെയും കൂട്ടി ദീപക് എന്ന യുവാവ് കയറിയിറങ്ങിയത്‌ അഹമ്മദാബാദിലെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്. അതും ആംബുലന്‍സ് വിളിച്ചിട്ട് കുറെ നേരം കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ ഓട്ടോറിക്ഷയില്‍!അത്യന്തം ഗുരുതരമായിട്ടും, മൂന്നിടത്തും ICU ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് കിട്ടിയത്.ഒടുവില്‍ ബോധരഹിതയായ ഊര്‍മിളയുമായി ദൂരെയുള്ള സിവില്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍, അവിടെയും നീണ്ട ക്യൂ. പക്ഷെ തിരക്കുണ്ടായിട്ടും, അവിടുത്തെ ഡോക്ടര്‍മാര്‍ പുറത്തു ആംബുലന്‍സിലും, കാറിലും, റിക്ഷയിലും അനന്തമായി കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികളെ നോക്കാന്‍ തയ്യാറായിരുന്നു. വീല്‍ചെയറില്‍ ഇരുത്തിയ ഊർമിളയെ പരിശോധിച്ച ഡോക്ടര്‍ അവര്‍ മരിച്ചുപോയതായി ദീപക്കിനെ അറിയിച്ചു. ആ പാവം മനുഷ്യന് അപ്പോഴും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ മൃതശരീരവുമായി തിരിച്ചു വീട്ടില്‍ പോകാനും ആംബുലന്‍സ് കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ, വീല്‍ചെയറില്‍ മരിച്ചു കിടക്കുന്ന ഭാര്യയേയും കൊണ്ട് സിവില്‍ ആശുപത്രിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ദീപക്’. ഹൃദയം പൊള്ളിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ ആരോ ഏര്‍പ്പാടാക്കിക്കൊടുത്ത ഓട്ടോറിക്ഷയില്‍ അയാള്‍ ഭാര്യയുടെ മൃതദേഹവുമായി തിരികെ ഏകനായി വീട്ടിലേക്കു മടങ്ങി! എന്തൊരു മനുഷ്യാവസ്ഥ!

പ്രശസ്ത വിദ്യാഭ്യാസ അവകാശആക്ടിവിസ്റ്റായ, പഴയകാല എഐഎസ്എഫ് നേതാവ്‌, അംബരീഷ് റായി ചികിത്സ കിട്ടാതെ, ഓക്സിജന്‍ കിട്ടാതെ മരിച്ചതും അതിനിടയില്‍ വേദനയോടെ അറിഞ്ഞു. കഴിഞ്ഞ വർഷം റോഡരികില്‍ തളര്‍ന്നു വീണ മനുഷ്യര്‍ ആണ് നമ്മെ കരയിപ്പിച്ചതെങ്കില്‍, ഇന്ന് ഓക്സിജനും, ബെഡ്ഡും കിട്ടാതെ പിടഞ്ഞു മരിക്കുന്ന നൂറുകണക്കിന് മനുഷ്യരാണ് എല്ലായിടത്തും. ഒരാളും സുരക്ഷിതരല്ലാത്ത അവസ്ഥ. ജീവന് വേണ്ടി, ഓക്സിജനുവേണ്ടി, ആംബുലൻസിനു വേണ്ടി സഹജീവികളോട് മത്സരിക്കേണ്ടി വരുന്ന അതിഭീകരമായ അവസ്ഥയിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്.

ഓര്‍മ്മയുണ്ടോ എന്നറിയില്ല, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് അമര്‍ത്യസെന്നും, ജഗദീഷ് ഭഗവതിയും തമ്മില്‍ രാഷ്ട്രങ്ങള്‍ പിന്തുടരേണ്ട സാമ്പത്തികമാതൃകകളെക്കുറിച്ച് വലിയ തര്‍ക്കം ഉണ്ടായിരുന്നു. സെൻ- ഭഗവതി ഡിബേറ്റ് എന്നറിയപ്പെട്ട പ്രശസ്തമായ സംവാദം. സാമ്പത്തികവളര്‍ച്ചയിലും സ്വകാര്യമേഖലയിലെ നിക്ഷേപത്തിനും മാത്രം സർക്കാർ പ്രാധാന്യം കൊടുത്താല്‍ മതിയെന്നും, വന്‍സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമ്പോള്‍ അത് താഴെക്ക് ‘കിനിഞ്ഞിറങ്ങി’ സാമൂഹ്യഅസമത്വങ്ങള്‍ നീക്കുമെന്നും,ആരോഗ്യവും, വിദ്യാഭ്യാസവും ഒക്കെ സ്വകാര്യനിക്ഷേപങ്ങളിലൂടെ തനിയെ വികസിച്ചുകൊള്ളും എന്നുമായിരുന്നു ‘മോദിയുടെയും ഗുജറാത്ത് മോഡലിന്റെയും ആരാധകരായ ഭഗവതിയും അരവിന്ദ് പനാഗരിയയും വാദിച്ചിരുന്നത്. നേരെമറിച്ച്, അമര്‍ത്യാ സെന്നും, ജീന്‍ ദ്രീസും അഭിപ്രായപ്പെട്ടത് ഇന്ത്യയെപോലെ സങ്കീര്‍ണ്ണമായ അസമത്വങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് , ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യരംഗത്ത് സ്റ്റേറ്റ് നിര്‍ബന്ധമായും ഇടപെടണമെന്നും, അതിലൂടെ മാത്രമേ സാമ്പത്തിക-സാമൂഹ്യ അസമത്വങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നുമാണ്. പൊതുമേഖലയുടെ അനന്യമായ പങ്കിലൂടെ ഉയര്‍ന്ന വിദ്യാഭ്യാസവുംആരോഗ്യവും നേടിയെടുത്ത കേരളാമാതൃകയാണ് അവര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത്.

മോദി പിന്തുടർന്നത് ഭഗവതി കൊട്ടിഘോഷിച്ച ‘മാർക്കറ്റ് മോഡൽ വളർച്ച’ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ വിപണിസംസ്കാരത്തിന്റെ നീതിബോധം മാത്രമാണ് മോദിയെ എല്ലാ കാലത്തും സ്വാധീനിച്ചതു, ജനക്ഷേമമെന്ന ധാര്‍മികബാധ്യത അല്ല. അതുകൊണ്ടാണ്, ഗുജറാത്ത് മോഡലില്‍ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പൊതുജനാരോഗ്യ സംവിധാനം കൂടി ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടാണ് ആയിരം പേര്‍ക്ക് വെറും 0.33 എന്ന നിരക്കില്‍ ഹോസ്പിറ്റല്‍ കിടക്കകള്‍ ഉള്ള സംസ്ഥാനമായി ഇപ്പോഴും ഗുജറാത്ത് തുടരുന്നത്.

മോദിയുടെ വിപണിപ്രിയ നയങ്ങളുടെ സ്വാധീനം കൊണ്ടാവാം, കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം നൂറില്‍ നിന്നും 953 ആയി വര്‍ദ്ധിച്ചു. അതേസമയം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം വിപണിയുടെ ബാധ്യത അല്ലാത്തത്കൊണ്ട്, കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 60 ദശലക്ഷത്തില്‍ നിന്നും 134 ദശലക്ഷം ആയി ഉയര്‍ന്നു. 2006 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 271 ദശലക്ഷം മനുഷ്യരെ പട്ടിണിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ഒരു രാജ്യമാണ് ഇന്ത്യ. അതേ ഇന്ത്യയാണ്, ഇക്കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 45 വര്‍ഷത്തെ ഏറ്റവും കൂടിയ പട്ടിണി നിരക്കുമായി നാണം കെട്ടു നില്‍ക്കുന്നത് എന്ന് ഓര്‍ക്കണം.
ആത്മനിര്ഭര്‍ഭാരത് എന്നപേരില്‍ പ്രഖ്യാപിച്ച സാമ്പത്തികഉത്തേജകപാക്കേജിലെ 20 ലക്ഷം കോടിയെന്ന മാന്ത്രികസംഖ്യയില്‍ വെറും 48,800 കോടി രൂപ മാത്രമാണ് ജീവിതം വഴിമുട്ടിയ, തൊഴിലും, വരുമാനവും ഇല്ലാത്ത കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ മോദിസര്‍ക്കാര്‍ നല്‍കിയത്!മാത്രമല്ല, നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തിയില്ല.അങ്ങനെ ഇന്ത്യ അകപ്പെട്ടിരിക്കുന്ന മഹാദുരന്തത്തെ നിസ്സംഗമായി കണ്ടുകൊണ്ട്, കോറോണാകാലത്ത് സമ്പദ് വ്യവസ്ഥയെയും ആരോഗ്യസംവിധാനത്തെയും കരകയറ്റുന്നതിനു പകരം ദുരന്തമുതലാളിത്തത്തെ കണ്ണുമടച്ചു സഹായിക്കാന്‍ കാണിച്ച അനാവശ്യവ്യഗ്രതക്ക് കിട്ടിയ തിരിച്ചടിയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്.

134 ദശലക്ഷം ദരിദ്രര്‍ ഉള്ള ഒരു രാജ്യത്ത്, ഒരു മഹാമാരി കൊടും ദുരന്തം വിതക്കുമ്പോൾ, സാര്‍വത്രികവും സൌജന്യവുമായ വാക്സിന്‍ വിതരണം ഒരു ജനാധിപത്യസര്‍ക്കാരിന്റെ ഏറ്റവും പ്രാഥമികമായ കടമയാണ്. ആ കടമയാണ് നെഹ്‌റു മുതലിങ്ങോട്ടുള്ള ഭരണാധികാരികള്‍ യാതൊരു അവകാശവാദവും കൂടാതെ നിശബ്ദമായി നടപ്പിലാക്കിയതും. ആ പ്രാഥമിക പരിഗണന പോലും അർഹിക്കാത്തവർ ആയി നമ്മൾ മാറിയിരിക്കുന്നു. Article by Sudha Menon.

Pravasabhumi Facebook

SuperWebTricks Loading...