ഒരു കത്തോലിക്കന്‍റെ ആത്മ രോഷം വൈറലായി….

Print Friendly, PDF & Email

കത്തോലിക്ക സഭയില്‍ നടമാടുന്ന മൂല്യച്യുതിയില്‍ പരിതപിച്ച് ഒരു വിശ്വാസിയായ ജോസഫ് മറ്റപ്പള്ളി യെഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. സാധാരണ വിശ്വസികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ ഉത്തമ തെളിവാണ് വൈറലായ ഈ പോസ്റ്റ്. കൃസ്തു ഇറങ്ങിപ്പോയ സഭയിലെപുരോഹിത ശ്രേഷ്ഠന്മാര്‍ ഇനിയെങ്കിലും സാധാരണക്കാരുടെ ചിന്താഗതി തിരച്ചറി‌ഞ്ഞ് തിരുത്താന്‍ തയ്യാറാവുന്നില്ല എങ്കില്‍ യൂറോപ്പിലെ ക്രൈസ്തവ സഭക്കുണ്ടായ തകര്‍ച്ചയാണ് ഭാരതസഭക്കും സംഭവിക്കുവാന്‍ പോകുന്നതെന്ന ഭയപ്പാടിലാണ് ക്രൈസ്തവ വിശ്വാസികള്‍. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ…

“ഒരു കത്തോലിക്കൻ എന്ന നിലയിൽ ലജ്ജകൊണ്ടു മുഖം കുനിച്ചാണു ഞാനിതെഴുതുന്നത്. പാരമ്പര്യത്തിന്റെ പേരിൽ ഒരെപ്പാർക്കിയായി, സർവ്വ ഭൗതിക സ്വത്തുക്കളും അരമനകളുടെ പേരിലാക്കി, സർവ്വ മേഖലകളിലും സംഘടനകളുണ്ടാക്കി – വളർച്ചയുടെ പേരിൽ എല്ലാത്തിനേയും വന്ധ്യംകരിച്ചു സ്വന്തമാക്കി സർവ്വതിന്റേയും തലപ്പത്ത് മെത്രാന്മാരും വന്നു. ഇത്, ആകമാന സഭയിൽ ഉണ്ടാക്കിയിരിക്കുന്ന ക്ഷതം ചെറുതല്ലെന്നും ഇതു പരിഹരിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ബന്ധപ്പെട്ട മുതിർന്ന ചിലരോടു പറഞ്ഞിട്ട് ഒരാഴ്ച്ച തികയുന്നതിനു മുമ്പു ഫാ. റോബിൻ കസ്റ്റഡിയിലായി. അന്വേഷണത്തിൽ കണ്ടത്, ഈ കുറ്റവാളിയെ രക്ഷിക്കാൻ മാമ്മോദീസാ സർട്ടിഫിക്കറ്റ് മുതൽ അനാഥാലയത്തിലെ അഡ്മിഷൻ കാർഡ് വരെ തിരുത്തിയെന്നാണ്. ഒരക്രൈസ്തവൻ ചുരുക്കിപ്പറയുന്നത്, സഭ ക്രിമിനലുകളുടെ ഗുഹയാണെന്നാണ്.

‘വൈദികന്റെ കൈ പരിശുദ്ധമാണ് അതിനെ ദ്വേഷിക്കരുത് – നിത്യ നരകം ഫലം’, ഇങ്ങിനെയൊരു സന്ദേശം വിശ്വാസികൾക്കു നൽകി കൈകഴുകിയിരുന്നവർ ഓർക്കുക, ഈ മറ വൃത്തികേടു കാണിക്കാനുള്ള അഭിഷിക്തരുടെ തന്റേടം കൂടാനെ കാരണമായുള്ളൂ. 31 ഓളം വൈദിക വിദ്യാർത്ഥികളെ ഫാ. ജെയിംസ് തെക്കേമുറി മാനഭംഗപ്പെടുത്തിയതെന്നാണ് അതിലൊരാൾ പരാതിപ്പെട്ടിട്ടുള്ളത് – മുഴുവൻ പേരും സെമ്മിനാരി വിട്ടു. പരാതി പറഞ്ഞവന്റെ കഴുത്തിൽ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ആ വൈദികനും ഭാഗികമായി രക്ഷപ്പെട്ടു; ഇത് ഒരുദാഹരണം മാത്രം.

കുറ്റക്കാരായ വൈദികരെ രക്ഷിക്കുന്നതിന്റെ മറവിൽ ഇരയെ നിലം പരിശാക്കുന്ന ജോലിയും ചിലരുടെ നേതൃത്വത്തിൽ മുറക്കു നടക്കുന്നു; കൊക്കനച്ചന്റെ കേസിൽ കുട്ടിയും കുടുംബവും സാത്താൻ സേവകരായി, ഫിഗെരസിന്റെ കേസു വന്നപ്പോൾ കുടുംബം അഭിസാരികയുടേതായി, സി അഭയായുടെ വീട്ടുകാർ മാനസിക രോഗികളായി…. കണ്ണൂരിൽ മകളെ മാനഭംഗപ്പെടുത്താൻ അഛനുമുണ്ടായി. ദൈവം തന്ന സാമാന്യബുദ്ധി ഉപയോഗിക്കാനോ ചിന്തിക്കാനോ മിനക്കെടാത്ത ഒരു വിശ്വാസീസമൂഹം പരുവപ്പെട്ടിടത്താണ് ഇതൊക്കെ സാദ്ധ്യമാവുന്നതെന്നു കാണുക.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയായിലും വന്ന വാർത്തകളും കത്തോലിക്കരുടെ തന്നെ അഭിപ്രായങ്ങളും സമാഹരിച്ചാൽ ഇങ്ങിനെ പറയാം – സഭ ഒരു പിളർപ്പിലേക്കു തന്നെയാണു പോകുന്നത്, വേണ്ട തിരുത്തലുകൾ നടപ്പാക്കാനുള്ള ആർജ്ജവം അധികാരികൾക്കില്ലായെന്നതു തന്നെ കാരണം. സഭ വിട്ടു പോകുന്നവരുടേയും, കൂദാശകൾ സ്വയം നിഷേധിക്കുന്നവരുടേയും സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. ഈ അടുത്ത ദിവസം ഇരിങ്ങാലക്കുടയിൽ മരിച്ച ഒരു മദ്ധ്യവയസ്കൻ സ്വശരീരം മെഡിക്കൽ കോളേജിനു കൊടുക്കാൻ വില്ലെഴുതി വെച്ചിരുന്നു. അത്തരം വില്ലുകൾ ഒന്നല്ല.

സർവ്വവിധ ആർഭാടങ്ങളും തികഞ്ഞ പള്ളിമേടകളേപ്പറ്റി മാത്രം ചിന്തിക്കുന്ന വൈദിക സമൂഹത്തിന് ഒരിക്കലും ആർക്കും ആത്മീയത പകർന്നു കൊടുക്കാൻ കഴിയുകയില്ലെന്നു നിസ്സംശയം പറയാം. വൈദികരെ പള്ളികളിലേക്കു തിരിച്ചു വിളിക്കുകയെന്നത് ഒരു പരിഹാരം. സഭയുടെ ഭൗതിക സ്വത്തുക്കൾ മുഴുവൻ നിയന്ത്രിക്കാൻ കെൽപ്പുള്ള അത്മായർ ഇവിടുണ്ട് – സഭയുടെ സ്വത്തുക്കൾ മുഴുവൻ അത്മായന്റേതാണ്. അവർ സഭയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു – അന്നു സഭ വളരുകയായിരുന്നു, വൈദികർക്കു സമൂഹത്തിൽ ഒരു വിലയുമുണ്ടായിരുന്നു.

കുറച്ചുകാലം മുമ്പ് തൊടുപുഴയിൽ സലോമി ആത്മഹത്യചെയ്തപ്പോൾ സമൂഹം കാണിച്ചതിന്റെ പത്തിരട്ടി ശക്തിയിലാണ് ഇന്ന് പൊതുജനത്തോടൊപ്പം ചേർന്നു കത്തോലിക്കർ സഭക്കെതിരെ മുറുമ്മുന്നത്. നിരവധി വൈദികരാണ് നേരിട്ട് ഫെയിസ് ബുക്കിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ആർഭാടത്തിന്റെയും അധികാരത്തിന്റെയും പിരിവിന്റേയും സുവിശേഷം ഉപേക്ഷിക്കാൻ സഭാധികാരികൾ തയ്യാറാകുന്നില്ലെങ്കിൽ, അവരെ അതിനു പ്രേരിപ്പിക്കാൻ എല്ലാവർക്കും കടമയുണ്ട് – കാരണം, സഭ അവരുടേതു മാത്രമല്ല.

കേരളത്തിലെ സീറോ മലബാർ കത്തോലിക്കാസഭ ഇപ്പോൾ പരസ്പരം പോരടിക്കുന്ന രണ്ട് ആത്മീയ മാഫിയാ സംഘങ്ങളുടെ കണ്ട്രോളിൽ….ക്രൈസ്തവ ദർശനങ്ങൾക്ക് ചേരാത്ത മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ രണ്ടു ഗ്രൂപ്പുകളും പരസ്പരം പോരടിക്കുന്നത് ആർക്കുവേണ്ടി…???..ഇതാണോ സീറോ മലബാർ സഭാ കൊട്ടിഘോഷിച്ച് കൊണ്ടിരിക്കുന്ന തോമയുടെ മാർഗ്ഗം…??…..

ഈ രണ്ട് ആത്മീയ മാഫിയാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ പോലീസ് സ്റ്റേഷനും സിവിൽ കോടതികളും…പാവം സഭാ മക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഭയുടെ കാനോൻ കോടതികളും…ഇതെന്താ ഈ കാര്യത്തിൽ സഭയ്ക്ക് ഒരു ഇരട്ടത്താപ്പ്…??….

പരസ്പരം പോരടിക്കുന്ന ഈ രണ്ട് ആത്മീയ മാഫിയാ സംഘങ്ങളെ നയിക്കുന്ന ബഹുമാനപ്പെട്ട പിതാക്കന്മാരെ ബഹുമാനപ്പെട്ട അച്ചന്മാരെ …നിങ്ങൾക്ക് അൾത്താരയിൽ ബലിയർപ്പണം നടത്താനോ ക്രിസ്തുവിൻറെ സമാധാനം വിശ്വാസികൾക്ക് കൈമാറാനോ യാതൊരു അർഹതയുമില്ല….നിങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് ക്രിസ്തുവിൻറെ ആത്മീയചൈതന്യം അല്ല….നിങ്ങൾ ഇന്ന് വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകൾ ആയി അധഃപതിച്ചു പോയിരിക്കുന്നു

ഒരു പരിഹാരം, വിശ്വാസപരമല്ലാത്ത എല്ലാ ആഹ്വാനങ്ങളോടും പൂർണ്ണമായി നിസ്സഹകരിക്കുകയെന്നതാണ്. സഭാധികാരികളെ ചിന്തിപ്പിക്കാൻ ആ ചലനത്തിനു കഴിഞ്ഞേക്കും. അതു നാളെ മറ്റൊരുവൻ ചെയ്യേണ്ടതല്ല, ഇന്നു ഞാൻ ചെയ്തു തുടങ്ങേണ്ടതാണെന്ന് ഓരോരുത്തരും കരുതുക.”

ജോസഫ് മറ്റപ്പള്ളി

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares