സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് തിരിതെളിഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ സെമിഫൈനൽ കണക്കെ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന് തിരിതെളിഞ്ഞു. ഡിസംബർ 9,11 തീയതികളില്‍ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഏഴു തെക്കൻ ജില്ലകളിൽ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകളിൽ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ 13ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും.
രണ്ടുഘട്ടങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന് പുറത്തിറങ്ങും. പത്രികാസമർപ്പണം നവംബർ 14 മുതൽ 21 വരെ, സൂക്ഷ്മ പരിശോധന 22, പിൻവലിക്കാനുള്ള അവസാന തീയതി 24. ഡിസംബർ 18 തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ്. വാർഡുവിഭജനത്തിനു ശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ളോക്കുപഞ്ചായത്തുകളും 14 ജില്ലാപഞ്ചായത്തുകളും 87 മുനസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളാണ് സംസ്ഥാനത്തുള്ളത്.
അന്തിമ വോട്ടർ പട്ടിക നവംബർ14ന് പ്രസിദ്ധീകരിക്കും. നിലവിൽ 134,12470പുരുഷൻമാരും 150,18010 സ്ത്രീകളും 281 ട്രാൻസ്ജൻഡറുമായി 284,30761 വോട്ടർമാരുണ്ട്. കൂടാതെ 2841 പ്രവാസിവോട്ടർമാരും ഉണ്ട്. 5 ലക്ഷം സർക്കാർ ജീവനക്കാർ പങ്കാളികളാകും. 244 കേന്ദ്രങ്ങളിലായിട്ടായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 33746 പോളിംഗ് സ്റ്റേഷനുകളിലേക്കായി 137922 വോട്ടിംഗ് യന്ത്രങ്ങളും 70000 പൊലീസ് ഉദ്യോഗസ്ഥരും 1249 വരണാധികാരികളുൾപ്പെടെ 2.5 ലക്ഷം സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകും.

