ഐതിഹാസിക സമരം കഴിഞ്ഞു. വിജയഭേരിയുമായി കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക്…

Print Friendly, PDF & Email

സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക സമരം വിജയിച്ച് കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും മടങ്ങിത്തുടങ്ങി. ഇന്ന് രാവിലെ (11/12/21) മുതല്‍ ദില്ലി അതിര്‍ത്തികള്‍ പഞ്ചാബി ഗാനങ്ങളാല്‍ മുഖരിതമാണ്. പാട്ടുപാടി കുഴല്‍വിളിച്ച് ആഹ്ളാദാരവങ്ങളോടെ കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക്, ഒരു വര്‍ഷത്തിന് ശേഷം മടങ്ങുകയാണ്. മടങ്ങുമ്പോഴും കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ച് വരാന്‍ മടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് കര്‍ഷകരുടെ മടക്കം.

farmers back to home after end of the legendary struggle for an independent India
വിജയഭേരിയുമായി സ്വന്തം ഗ്രാമങ്ങളിലേക്ക്

സമരത്തിനൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും കര്‍ഷകര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ദില്ലി അതിര്‍ത്തികളിലെ സ്ഥിരസാന്നിധ്യമായിരുന്ന ടെന്‍റുകളും ലംഗാറുകളും പൊളിച്ച്, തങ്ങള്‍ സമരം ചെയ്ത പ്രദേശം വൃത്തിയാക്കിയാണ് കര്‍ഷകര്‍ മടങ്ങുന്നത്. സ്വതന്ത്ര ഇന്ത്യയുടെ സമര ചരിത്രത്തില്‍ ഇതുവരെ എഴുതപ്പെടാതിരുന്ന ചരിത്രം രചിച്ചുകൊണ്ടാണ് ഈ മടക്കം. റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍, ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍

farmers back to home after end of the legendary struggle for an independent India
ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു… സമരമുഖത്തു നിന്നൊരു കാഴ്ച

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് ട്രാക്റ്ററുകളില്‍, ‘ദില്ലി ചലോ’ എന്ന് പേര് നല്‍കിയ മാര്‍ച്ചിനിറങ്ങുമ്പോള്‍ സമരകാലത്തെ കുറിച്ചൊന്നും അവരോര്‍ത്തിരുന്നില്ല. 2020 നവംബര്‍ 26 ന് വൈകുന്നേരത്തെടെ കര്‍ഷകരുടെ ചെറുസംഘങ്ങള്‍ ദില്ലി അതിര്‍ത്തികളിലെത്തുന്നു.

farmers back to home after end of the legendary struggle for an independent India
യാതനകളുടെ ക്ഷീണമില്ല… വിജയത്തിന്‍റെ തിളക്കം മാത്രം

ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനായെത്തിയ കര്‍ഷകര്‍ നവംബര്‍ 27 ദില്ലി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകരെ വരവേറ്റത് ബാരിക്കേഡുകളും വലിയ കോണ്‍ക്രീറ്റ് ബീമുകളും ഇരുമ്പ് വേലികളുമായിരുന്നു. അതിനുമപ്പുറത്ത് സായുധരായ അര്‍ദ്ധസൈനീക വിഭാഗവും ദില്ലി പൊലീസും.

ദില്ലി ഹൃദയമായ ജന്തര്‍മന്തിര്‍ മൈതാനത്ത് സമരത്തിനെത്തിയ കര്‍ഷകരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ദില്ലി പൊലീസും ബിഎസ്എഫും സിആര്‍പിഎഫും അടങ്ങുന്ന അര്‍ദ്ധസൈനീക വിഭാഗവും കര്‍ഷകരുടെ വഴിതടഞ്ഞ് ദില്ലി അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരുന്നു.

അതിര്‍ത്തി കടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ അതിര്‍ത്തിയടച്ച് സമരം ചെയ്യുമെന്ന് പറഞ്ഞ കര്‍ഷകര്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ടെന്‍റുകള്‍ കെട്ടി ലംഗാറുകള്‍ പണിത് സമരം ആരംഭിച്ചു.

കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തോടെ നിശ്ചലമാക്കപ്പെട്ടെ പൌരത്വപ്രതിഷേധത്തെ പോലെ കര്‍‌ഷക സമരവും പതുക്കെ നിശ്ചലമാകുമെന്ന് കണക്കുകൂട്ടിയ കേന്ദ്ര സര്‍ക്കാറിന് തെറ്റുപറ്റി.

പൊലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷം നിറഞ്ഞ മണിക്കൂറുകള്‍ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാറി. സമരം ശക്തമായതോടെ പഞ്ചാബ് സര്‍ക്കാരും ദില്ലി സര്‍ക്കാരും കര്‍ഷകര്‍ക്കനുകൂലമായ നിലപാടെടുത്തു. രാജ്യമെങ്ങുനിന്നും സമരത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളുണ്ടായി.

എന്നാല്‍, ഒറ്റ ദിവസം തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇടത്പക്ഷ എംപിമാരെയടക്കം വീട്ടുതടങ്കലിലാക്കി. പ്രതിഷേധം രാജ്യവ്യാപകമായി.

സമരം അന്താരാഷ്ട്രാതലത്തില്‍ ശ്രദ്ധേയമായി. യുകെ, കാനഡ, അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നു. ഗായകരും പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തി.

എന്നാല്‍, ഇന്ത്യയുടെ കാര്യം നോക്കാന്‍ ഇന്ത്യയ്ക്കറിയാമെന്നും പുറത്ത് നിന്ന് സഹായമാവശ്യമില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്‍റെ നയം. അതിനിടെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി 12 തവണ കൂടിക്കാഴ്ച നടത്തി. 12 കൂടിക്കാഴ്ചകളും പരാജയപ്പെട്ടു. കൂടിക്കാഴ്ചകളില്‍ സര്‍ക്കാറിന്‍റെ ആതിഥിദേയത്വം സ്വീകരിക്കില്ലെന്ന് പറഞ്ഞ കര്‍ഷകര്‍ ലംഗാറുകളില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ചു.

12 കൂടിക്കാഴ്ചകളിലും വിവിദമായ മൂന്ന് കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു. പുതിയ നിയമം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി സമരകാലമത്രയും ജനങ്ങളോട് ആവര്‍ത്തിച്ചു.

സമരത്തിനിടെ റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ നുഴഞ്ഞ് കയറിയ ചിലര്‍ മാര്‍ച്ചിനെ വഴി തിരിച്ച് വിടുകയും ഈ സംഘം ചെങ്കോട്ടയില്‍ കയറി സ്വാതന്ത്ര പതാകയ്ക്കൊപ്പം ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. ‘ദീപ് സിദ്ദു’ എന്ന പഞ്ചാബി നടനാണ് ഈ സംഭവത്തിന് പിന്നിലെന്ന് തെളിയിക്കപ്പെട്ടു.

തൊട്ട് പുറകെ കര്‍ഷകര്‍ക്കെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കവേ, ദീപ് സിദ്ദുവും ആഭ്യന്തരമന്ത്രിയും ഒപ്പമുള്ള ചിത്രം പുറത്ത് വിട്ട് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ഇതോടെ ചെങ്കോട്ട സംഭവം കര്‍ഷകര്‍ക്കെതിരെ തിരിക്കാമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ തന്ത്രം പരാജയപ്പെട്ടു.

അതിനിടെ മഞ്ഞും, വേനലും മഴയും വസന്തവും വന്നുപോയി. സമരത്തിനിടെ മാനസീക സംഘര്‍ഷം താങ്ങാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പലപ്പോഴായി നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞു. കഠിനമായ മഞ്ഞില്‍ ചിലര്‍ മരിച്ച് വീണു.

ഏറ്റവും ഒടുവിലായി ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ ഉപമുഖ്യമന്ത്രിയുടെ പരിപാടി തടയാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ജിപ്പോടിച്ച് കയറ്റി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും കൂട്ടാളികളും ചേര്‍ന്ന് നാല് കര്‍ഷകരെ കൊല്ലുന്നത് വരെയെത്തി കാര്യങ്ങള്‍.

സമരത്തിനിടെ തീവ്ര ആശയക്കാര്‍ നുഴഞ്ഞ് കയറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. കര്‍ഷകര്‍ രാജദ്രോഹികളെന്ന് വിളിക്കപ്പെട്ടു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് മാത്രമേ പ്രശ്നമൊള്ളൂ എന്നതരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കര്‍ഷകര്‍ തരണം ചെയ്തു.

ഒമ്പതോളം സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് ദില്ലി ചലോ മാര്‍ച്ചിന് തയ്യാറായത്. സംയുക്ത കിസാന്‍ സമിതി എന്ന പേരില്‍ ഒറ്റക്കെട്ടായി നിന്ന് കേന്ദ്രസര്‍ക്കാറിന്‍റെ എല്ലാ ആരോപണങ്ങളെയും നേരിടാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു.

ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ ഗ്രാമങ്ങളിലെ വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധനകളിലായിരുന്നു. അപ്പോഴും സമരത്തില്‍ നിന്നും പിന്‍മാറാന്‍ കര്‍ഷകര്‍ തയ്യാറായില്ല.

ഒരു സംഘം കര്‍ഷകര്‍ കുടുംബത്തോടൊപ്പം സമരസ്ഥലത്തിരിക്കുമ്പോള്‍ മറു സംഘം കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളില്‍, സമരം ചെയ്യുന്നയാളുടെ കൃഷിയിടത്തിലും വിത്തിറക്കി രാജ്യത്തെ ഭക്ഷ്യസുരക്ഷ തകരാതെ കാത്തു നിര്‍ത്തിയ വാര്‍ത്തകളും പുറകെയെത്തി.

ഒടുവില്‍, 2022 ല്‍ ഉത്തര്‍പ്രദേശടക്കം അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ തയ്യാറെടുപ്പുകളാരംഭിച്ചു. തൊട്ട് പുറകെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ‘മിഷന്‍ യുപി’ പദ്ധതിയുമായി കര്‍ഷകര്‍ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കര്‍ഷകര്‍ പരാജയപ്പെടുത്തുമെന്ന് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. അതിനായി ഉത്തര്‍പ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ വിളിച്ച് കൂട്ടി. പതിനായിരങ്ങള്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയെത്തി.

മരം ആരംഭിച്ച് ഒരുവര്‍ഷം തികയാന്‍ കൃത്യം ഒരു ആഴ്ച നില്‍ക്കെ ഗുരുനാനാക് ദിനത്തില്‍ പ്രധാമന്ത്രി നരേന്ദ്രമോദി വിവാദമായ കര്‍ഷക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.

എന്നാല്‍, അത് മുഖവിലയ്ക്കെടുക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. ഒടുവില്‍ പാര്‍ലമെന്‍റില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ശബ്ദവോട്ടോടെ ബില്ല് പിന്‍വലിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അപ്പോഴും താങ്ങ് വില നിശ്ചയിക്കുന്നതിലോ, സമരത്തിനിടെ മരിച്ച് വീണ കര്‍ഷകരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖം തിരിച്ചു. സമരത്തിനിടെ മരിച്ച് വീണ കര്‍ഷകരുടെ എണ്ണത്തെകുറിച്ച് തങ്ങളുടെ കൈയില്‍ കണക്കുകളില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

ഇതിനിടെ കര്‍ഷകര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഉറപ്പ് നല്‍കി കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്‍റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറി. മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഇന്ന് (11.12.’21) വൈകുന്നേരത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. കര്‍ഷകര്‍ക്ക് സമരസ്ഥലം ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചു. കേന്ദ്ര സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരുമെന്ന് അറിയിച്ചു.

സമരമവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിയ കര്‍ഷകരുടെ മുകളില്‍ പുഷ്പവൃഷ്ടി (Flowers Showers) നടത്തി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു അതിര്‍ത്തിയിലാണ് വിദേശ ഇന്ത്യക്കാരുടെ വകയായി പുഷ്പവൃഷ്ടി നടന്നത്.

Pravasabhumi Facebook

SuperWebTricks Loading...