വ്യവസായികളെ ചവുട്ടി പുറത്താക്കി കേരളം
കേരളം നിക്ഷേപ സൗഹൃദ സംസ്ഥനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല. 1989ൽ ‘വരവേൽപ്പ്’ എന്ന സിനിമയുടെ തിരക്കഥയെഴുതിയ ശ്രീനിവാസനാണ്. ‘വരവേൽപ്പ്’ ഇറങ്ങിയത് 1989 ൽ ആണെങ്കിലും, അതിനും പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീനിവാസന്റെ അച്ഛനുണ്ടായ നേരനുഭവങ്ങളാണ് ആ സിനിമയ്ക്ക് പുറകിൽ എന്ന് ശ്രീനിവാസൻ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അവിടെ തുടങ്ങി ഇത്രയും കാലമായിട്ടും നമ്മുടെ നിക്ഷേപക വിരുദ്ധമനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെങ്കിൽ അത് മലയാളിയുടെ ജെനിറ്റിക്കൽ ആയിട്ടുള്ള പ്രശ്നമാണെന്ന് കരുതണം. കേരളത്തിലെ ഏറ്റവും വലിയ വ്യവസായിയായ സാബു ജേക്കബ്, “കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല” എന്ന് തുറന്നു പറഞ്ഞതോടെ അദ്ദേഹം കേരളത്തെ അപമാനിച്ചു കളഞ്ഞു എന്നാണ് ചില പുത്തൻകൂറ്റ് കേരള സ്നേഹികളുടെ കരച്ചിൽ. കേരളം ഒരു മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായതുകൊണ്ടാണല്ലോ അന്തൂരിലെ സാജനും, ആലപ്പുഴയിൽ ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയ പ്രവാസിക്കും, നേരിട്ട് വിസയെടുത്ത് പരലോകത്തേക്ക് പോകേണ്ടി വന്നത്!
2003 ൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് (ജിം) എന്ന മഹാമേള നടന്നു കഴിഞ്ഞ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി പറഞ്ഞു. “26,000 കോടിയുടെ നിക്ഷേപo കേരളത്തിൽ എത്തിയിരിക്കുന്നു”. 2003നു ശേഷം സമാനമായി 2020 ൽ മറ്റൊരു നിക്ഷേപ സംഗമം നടന്നു. ‘അസെൻഡ്’. അന്നത്തെ നിക്ഷേപ വരവ് ഒരു ട്രില്യൺ ആണ്. അതായത് ഒരു ലക്ഷം കോടി. ഈ കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ സ്വദേശത്തും വിദേശത്തുമായി എത്രയെത്ര നിക്ഷേപ സംഗമങ്ങൾ നടന്നു. എത്രയെത്ര കളർ ബ്രോഷറുകൾ പുറത്തിറങ്ങി. വമ്പൻ ഡിന്നറുകൾ… അണ്ടിപരിപ്പുകൾ… അങ്ങനെയങ്ങനെ നീണ്ടു പോകുന്ന ഡെലിഗേറ്റ്സിന്റെ നക്ഷത്ര വട്ട ചിലവ് മാത്രമെടുത്താൽ 5000 പേർക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായം തുടങ്ങാമായിരുന്നു. ഈ നിക്ഷേപ സംഗമങ്ങൾ വഴി കേരളത്തിലേക്ക് എത്തിയ കോടികളുടെ സംരഭങ്ങള്‍ ബസ്സു മാറി കയറി എങ്ങോട്ടാണ് പോയത്?. ഈ നിക്ഷേപ സംഗമങ്ങൾ വഴി തൊഴിൽ കിട്ടിയ ലക്ഷകണക്കിന് യുവാക്കള്‍ എവിടെയാണുള്ളത്??. പറഞ്ഞു വഞ്ചിക്കുകയായിരുന്നില്ലേ കഴഞ്ഞകാലങ്ങളില്‍ കേരളം ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍.
സംസ്ഥാന സര്‍ക്കാരിന്‍റെ ചിന്താഗതികള്‍ക്ക് മാത്രമല്ല മാറ്റമുണ്ടാകേണ്ടത്. സംരഭകരെ കറവപശുക്കളായി കണ്ട് അവരുടെ മേല്‍ മെക്കിട്ടുകേറുന്ന ലോക്കല്‍ നേതാക്കന്മാര്‍ മുതല്‍ തുക്കട ഉദ്യോഗസ്ഥന്മാര്‍ വരെയുള്ളവരുടെ ചിന്താഗതികള്‍ക്കാണ് ആദ്യം മാറ്റം വരേണ്ടത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ വരുമാന മാർഗ്ഗം എന്താണ്?. അവർ ജനങ്ങൾക്ക് ചെയ്തു കൊടുക്കുന്ന സേവനങ്ങൾക്ക് ടിപ്സ് കിട്ടുന്നതാണോ? പണം ഉണ്ടാക്കുന്നതിനു വേണ്ടി അവർ വല്ല ജോലിയോ കച്ചവടമോ ചെയ്യുന്നുണ്ടോ? പാർട്ടികൾ രാഷ്ട്രീയ പ്രവർത്തകർക്ക് മാസംതോറും വലിയ ശമ്പളം നൽകുന്നുണ്ടോ?. പെട്രോളിന് വില നൂറു കടന്നെങ്കിലും ഇന്നോവ കാറിൽ ഇരുപത്തിനാലു മണിക്കൂറും കറങ്ങി നടക്കുന്ന എത്രയോ രാഷ്ട്രീയക്കാർ കേരളത്തിലുണ്ട് ?. അവരൊക്കെ അവരുടെ പാർട്ടികളിൽ നിന്ന് മാസം തോറും ലക്ഷക്കണക്കിന് രൂപ ശമ്പളം കൈപ്പറ്റുന്നവരാണോ? പല രാഷ്ട്രീയക്കാരുടെയും ആസ്തികൾ കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. ഈ പണമൊക്കെ ഇവർക്ക് എവിടെനിന്നാണ് ഉണ്ടാകുന്നത്?
ഉത്തരം വളരെ സിംപിൾ ആണ്, അന്യൻ വിയർക്കുന്ന കാശിൽ നിന്ന് പങ്കുപറ്റിയാണ് അവരിൽ മിക്കവരുടെയും ജീവിതം. ‘വരവേൽപ്പ്’ സിനിമയിയിലെ രാഷ്ട്രീയ നേതാവിനോട് മോഹൻലാലിലിന്റെ കഥാപാത്രം പറയുന്ന “തൊഴിലാളികളുടെ ചോര കുടിച്ചു വളരുന്ന അട്ടയാണ് നിങ്ങൾ” എന്ന ആ ഡയലോഗിൽ ഒരു തിരുത്ത് ആവശ്യമുണ്ട്. ‘ഒരേസമയം തൊഴിലാളിയുടെയും, മുതലാളിയുടെയും ചോരകുടിച്ചു വളരുന്ന അട്ട’ എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. ഏതു തട്ടിൽ വച്ച് തൂക്കി നോക്കിയാലും സ്വന്തമായി ഒരു തൊഴിലും പണിയും ചെയ്യാത്ത, അദ്ധ്വാനത്തിന്റെ വിലയറിയാത്ത, പത്തുപേർക്കെങ്കിലും ജോലിയോ ശമ്പളമോ കൊടുക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാരേക്കാളൊക്കെ മുകളിലാണ് സാബു ജേക്കബ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ സ്ഥാനം. രാഷ്ട്രീയം കയ്യാളുന്ന അതേ സമയത്തുതന്നെ അദ്ദേഹം തൊഴിലെടുക്കുകയും, മറ്റുള്ളവർക്ക് തൊഴിലും ശമ്പളവും നൽകുകയും ചെയ്യുന്നു. എന്നാൽ ഇടതനോ, വലതനോ, മധ്യമനോ ആയ അട്ടകൾക്ക് അദ്ദേഹത്തിൻറെ കമ്പനിയിൽ ഒരു യൂണിയൻ ഉണ്ടാക്കുന്നതിനോ, മറ്റേതെങ്കിലും വിധത്തിൽ സമ്മർദ്ദം ചെലുത്തി പൈസ പിടുങ്ങന്നതിനോ അവസരം ലഭിക്കുന്നില്ല.
അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാൻ പഞ്ചായത്തുവഴി ചില കരുനീക്കങ്ങളൊക്കെ നടത്തിനോക്കിയപ്പോൾ സാബു ജേക്കബ് സ്വന്തമായി പാർട്ടിയുണ്ടാക്കി പഞ്ചായത്ത് അങ്ങ് പിടിച്ചെടുത്തു. അങ്ങനെ ആ വഴിയും അടഞ്ഞു. അഞ്ചു കൊല്ലം കഴിഞ്ഞാൽ പഞ്ചായത്ത് തിരികെപ്പിടിക്കാം എന്ന സ്വപ്നം കണ്ടവരുടെ മുഖത്ത് അടിച്ചതുപോലെ അടുത്ത തിരഞ്ഞെടുപ്പിൽ സമീപത്തെ നാലു പഞ്ചായത്തുകൾ കൂടി ട്വന്റി ട്വൻറി പിടിച്ചെടുത്തതോടെ, ഈ വൃക്ഷം ഇനി വലുതാകാൻ സമ്മതിക്കരുത് എന്ന് ഇടതനും വലതനും ഒരുപോലെ അങ്ങ് തീരുമാനിച്ചു. എന്നിട്ട് ഒരേ ശ്രുതിയിലും താളത്തിലും അവർ കിറ്റെക്സ് മുതലാളിക്കെതിരെ കച്ചേരി ആരംഭിച്ചു. നേരിൽ കണ്ടാൽ പരസ്പരം പോരാടുന്ന ആ രണ്ടുകൂട്ടരും സാബു ജേക്കബിനെതിരെ നടത്തുന്ന കച്ചേരിയുടെ താളാത്മകതയും ലയഭംഗിയും ശ്രദ്ധിച്ചു നോക്കൂ. ഒരൊറ്റ ആശാന്റെ അടുത്തു സംഗീതം പഠിച്ച ശിഷ്യന്മാർ നടത്തുന്ന പാട്ടുകച്ചേരിയായേ കേൾക്കുന്നവർക്ക് തോന്നൂ. ഒരിടത്തുപോലും ആ യുഗ്മഗാനത്തിന്റെ താളം പിഴയ്ക്കുന്നില്ല. ശ്രുതിഭംഗമില്ല.
തനിച്ചു മത്സരിച്ചാൽ നൂറു വോട്ടു തികച്ചു കിട്ടാത്ത പാർട്ടികൾക്ക് വരെ മന്ത്രിമാരുള്ളപ്പോൾ, സാബു ജേക്കബ് ഇടതന്റെയോ, വലതന്റെയോ തൊഴുത്തിൽ ട്വൻറി ട്വൻറി എന്ന തന്റെ പാർട്ടിയെ കൊണ്ടുകെട്ടിയാൽ അതോടെ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ, അതോടുകൂടി എന്ത് അഴിമതി നടത്താനുള്ള ലൈസൻസും, ചിലപ്പോൾ മന്ത്രിസ്ഥാനം വരെയും സാബു ജേക്കബിന് ലഭിക്കുകയും ചെയ്യും. അല്ലങ്കില്‍, പൊതുകാര്യങ്ങളിൽ ഒന്നും ഇടപെടാതെ, രാഷ്ട്രീയക്കാരെ വിമർശിക്കാതെ പണപ്പെട്ടി അവരുടെ മുന്പില്‍ തുറന്നുവച്ച് ഒരു മതേതര പാവയായി അഭിനയിച്ചു നടക്കണം. പൊതു പ്രവര്‍ത്തനം കുത്തകയാക്കി വച്ചിരിക്കുന്നവര്‍ക്ക് എല്ലാം വിട്ടുകൊടുത്ത് സ്വന്തം ലായത്തില്‍ നല്ലപിള്ളയായി കഴിയണം. എങ്കില്‍ അവരെ ആരും ശല്യം ചെയ്യില്ല. പകരം, നാട്ടില്‍ നടക്കുന്ന എന്തെങ്കിലും അനീതികൾ ചൂണ്ടിക്കാണിച്ചാൽ ഉടൻ അവരെ സംസ്ഥാന ദ്രോഹിയാക്കിക്കളയും. പിന്നെ ചെയ്യാവുന്ന ഉപദ്രവമൊക്കെ ചെയ്തുകളയും. അത് മലയാളിയുടെ ജീനിലുള്ള ഗുണമാണ്.
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അമേരിക്കയിൽ കൊണ്ടുപോയി വിറ്റ് അവിടെ ബ്രാൻഡ് ലീഡർ ആകുക എന്ന അസാമാന്യ വിജയത്തിന്റെ അദ്ധ്വാനമോ, മധുരമോ മനസ്സിലാക്കാൻ നേർബുദ്ധിയോ വിവരമോ ഉള്ള ആളുകൾ കേരളത്തിൽ കുറവാണ്. ലോകത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന ഡബിൻഹംസോ, അർമാനിയോ, പീറ്റര്‍ ഇംഗ്ലണ്ടോ പോലുള്ള ഒരു ആഗോള ബ്രാൻഡ് സൃഷ്ടിക്കാൻ തക്ക ശേഷിയും, ബുദ്ധിയും ഉള്ള കിറ്റക്സ് എംഡി സാബു എം ജോക്കബ് ട്വൻറി ട്വൻറി എന്ന പാർട്ടിയുണ്ടാക്കി, അതിലൂടെ ജനാധിപത്യ മര്യാദയോ, സിവിലിറ്റിയോ എന്തെന്നു പോലും അറിയാത്ത, കേരളത്തിലെ ജനങ്ങളെ മൂല്യധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് പഠിപ്പിച്ചുകളയാം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് ഉപേക്ഷിച്ചേക്കുക. കേരളത്തിലെ ജനത അത് അർഹിക്കുന്നില്ല. അർഹതയുള്ളവർക്ക് മാത്രമേ നല്ലത് നൽകാവൂ. മാസം തോറും ദാനമായി ലഭിക്കുന്ന മുന്നൂറു രൂപയുടെ കിറ്റിലെ 250 ഗ്രാം പരിപ്പും, ഒരു കിലോ ഉപ്പുമുണ്ടെങ്കിൽ അവർ സംതൃപ്തരാണ്. എന്നിട്ട് ശിഷ്ടകാലം ഈ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് ഓശാനപാടി ജീവിച്ചു കൊള്ളും.