“മലര്‍പൊടിക്കാരന്റെ സ്വപ്‌നം”… പ്രളയാനന്തര കേരളo
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയാകുന്നു. മഹാപ്രളയം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ലക്ഷ്യമിട്ടതിന്‍റെ പത്തിലൊന്ന് തുക പോലും സമാഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വിദേശ സഹായത്തിനു പിന്നാലെ സാലറി ചലഞ്ചിലും സുപ്രീം കോടതിയില്‍ നിന്ന് തിരച്ചടി നേരിട്ടതോടെ വിഭവസമാഹരണത്തില്‍ സര്‍ക്കാരിന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരുതാശ്വസ നിധിയില്‍ ലഭിച്ചിരിക്കുന്ന പണം പ്രളയദുരിതാശ്വാസത്തിനു തന്നെ ചിലവഴിക്കുമെന്ന് ഉറപ്പില്ല എന്ന കോടതിയുടെ പരാമര്‍ശവും സംസ്ഥാന ഗവര്‍മ്മെന്റിനേറ്റ തിരിച്ചടിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ കണക്കുകൂട്ടിയത് 30000 കോടിയോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കേന്ദ്ര സഹായം, വിദേശ വായ്പയും വിദേശ രാജ്യങ്ങളില്‍ നിന്നുളള സഹായവും സംസ്ഥാനത്തിന്‍റെ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ആയിരുന്നു സംസ്ഥാനത്തെ ഒരു വര്‍ഷത്തെ പദ്ധതിതുക യോളം വരുന്ന ഈ തുക കണ്ടെത്താനായി സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.
വിദേശ വായ്പയും വിദേശ രാജ്യങ്ങളില്‍ നിന്നുളള സഹായവും സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആ സാധ്യതയാണ് തകിടംമറിഞ്ഞത്. വിദേശ യാത്ര മുടങ്ങിയതുവഴി 5000 കോടിയോളം രൂപ നഷ്ടമായെന്നാണ് സര്‍ക്കാര്‍ കണക്ക്. 3600 കോടി രൂപ വായ്പ നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചിട്ടും കേന്ദ്രം കടമെടുപ്പ് പരിധി ഉയര്‍ത്തിയിട്ടില്ല എന്നതും സംസ്ഥാനത്തിന്റെ പ്രതീക്ഷള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. യുഎഇ മുന്നോട്ടുവച്ച 700 കോടിയുടെ സഹായത്തോട് മുഖം തിരിച്ച കേന്ദ്രസര്‍ക്കാര്‍ വിദേശ വായ്പാ കാര്യത്തിലും മന്ത്രിമാരുടെ വിദേശ സന്ദര്‍ശന കാര്യത്തിലും കടുംപിടുത്തം തുടരുകയാണ്.
കേന്ദ്ര സഹായമായി ഇതുവരെ കിട്ടിയത് 600 കോടി കോടി രൂപ മാത്രമാണ്. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടേണ്ട 4700 കോടി രൂപ എന്ന് കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംസ്ഥാനത്തിന് പണമായി ധനസഹായം നല്‍കാന്‍ കേന്ദ്രം ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പകരം അനിവാര്യമായ വികസന പ്രവര്‍ത്തനങ്ങളുടെ പ്രൊജക്ട് നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിത്യസ്ഥ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവര്ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താമെന്നുള്ള കേന്ദ്രഗവര്‍മ്മെന്റിന്റെ നിര്‍ദ്ദേശം സംസ്ഥാന ഗവര്‍മ്മെന്റിനും സ്വീകാര്യമല്ല. അത്തരം പദ്ധതികളുടെ പ്രൊജക്ട് തയ്യാറാക്കുവാന്‍ ഇതുവരെ സംസ്ഥാന ഗവര്‍മ്മെന്റിനു സാധിച്ചിട്ടില്ല.
നാളിതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 1874 കോടി രൂപ മാത്രമാണ്. സാലറി ചലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയില്‍ സഹായം എത്തുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും പിന്നീട് സുപ്രീം കോടതിയില്‍ നിന്നുമുളള തിരിച്ചടി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി രൂപയോളം പ്രതീക്ഷിച്ച സര്‍ക്കാരിന് എത്ര തുക ലഭിക്കുമെന്ന് പറയാന്‍ ഇപ്പോഴാകുന്നില്ല. വിസമ്മത പത്രമെന്ന വ്യവസ്ഥ സ്റ്റേ ചെയ്യപ്പെട്ടതോടെ സമ്മതം അറിയിച്ചവര്‍ തന്നെ പിന്‍മാറാനുളള സാധ്യതയുമുണ്ട്. 4,85,469 സര്‍ക്കാര്‍ ജീവനക്കാരില്‍ 2,88904 പേരാണ് സാലറി ചലഞ്ചിന്‍റെ ഭാഗമായത്. 32 ശതമാനത്തോളം ജീവനക്കാര്‍ വിസമ്മതപത്രം നല്‍കി.
വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതീക്ഷിച്ച് തുടങ്ങിയ ക്രൗഡ് ഫണ്ടിംഗും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ മുഴുവന്‍ ക്രയവിക്രയവും അതിലൂടെ ആക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചിരുന്നു വെങ്കിലും കഴിഞ്ഞ ആഗസ്റ്റ് 30ന് പ്രത്യേക ഉത്തരവിലൂടെ ആ അക്കൗണ്ട് മരവിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെ സുതാര്യതയില്‍ ജനങ്ങള്‍ക്ക് സംശയം വര്‍ദ്ധിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയനേതാക്കള്‍ക്കും മറ്റും പണം അനുവദിച്ചതിന്റെ കഥകള്‍ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യതയില്‍ ജനങ്ങള്‍ക്ക് സംശയം ഇരട്ടിച്ചു. അതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിലുള്ള താല്‍പര്യം ജനങ്ങള്‍ക്ക് കുറയുവാന്‍ തുടങ്ങി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് പ്രളയദുരിതാശ്വാസത്തിന് മാത്രം ചിലവഴിക്കപ്പെടുമോ എന്നതില്‍ ഉറപ്പില്ല എന്ന സുപ്രീം കോടതിയുടെ വാക്കാലുള്ള പ്രസ്താവന ജനങ്ങളുടെ ആശങ്കകള്‍ക്ക് മേലൊപ്പ് ചാര്‍ത്തലായി മാറിയിരിക്കുകയാണ്. ഇതോടെ ക്രൗഡ് ഫണ്ടിങ്ങ് ഇനി എത്രമാത്രം വിജയിക്കും എന്നേ കണ്ടറിയേണ്ടതുള്ളൂ.
നാളിതുവരെ വീടുകളില്‍ വെളളം കയറിയവര്‍ക്ക് അടിയന്തര സഹായമായി 454 കോടി രൂപ നല്‍കി. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പ്രസ്തുത തുക കിട്ടിയില്ലന്നും അനര്‍ഹര്‍ക്ക് പണം വിതരണം ചെയ്തുവന്നുമുള്ള ആരോപണം നിലനില്‍ക്കുന്നു. വീടൊന്നിന് നാലു ലക്ഷം എന്ന കണക്കില്‍ വീടു നഷ്ടമായവര്‍ക്ക് 1200 കോടി രൂപ ഉടന്‍ നല്‍കണം. അടിയന്തരാശ്വാസം എന്ന നിലയില്‍ കൊടുക്കുവാനുള്ള തുക പോലും സര്‍ക്കാരിന്റെ പക്കലില്ല എന്ന വസ്തുത നിലനില്‍ക്കെ കേരളത്തിന്റെ നവനിര്‍മ്മാണം എങ്ങനെ നടപ്പിലാക്കും എന്നതിനേപറ്റി ആര്‍ക്കും ഒരു നിശ്ചയവുമില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള നിര്‍മാണം എങ്ങനെ യാഥാര്‍ത്ഥ്യമാക്കുമെന്ന ചോദ്യം ബാക്കി. പ്രളയത്തില്‍ തകര്‍ന്ന സ്കൂളും റോഡും പാലവും അടക്കം പത്തു ജില്ലകളില്‍ ദുരന്തകാഴ്ചകള്‍ അതേപടി തുടരുകയാണ്. കേരളത്തിന്റെ പുനസൃഷ്ടിക്കായി കൃത്യമായ ഒരു പ്രൊജക്ടുപോലും നാളിതുവരെയായിട്ടും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ സംസ്ഥാന ഗവര്‍മ്മെന്റിനു സാധിക്കാത്ത സാഹചര്യത്തില്‍ ഇനി ജനസഹകരണം എത്രമാത്രം ഉണ്ടാകുമെന്ന കാര്യം സംശയത്തിലാണ്. കൂടാതെ സ്ത്രീകളുടെ ആര്‍ത്തവത്തിന്റേയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റേയും കേരള രാഷ്ട്രീയത്തിലെ ധ്രുവീകരണത്തി ന്റേയും പിന്നാലെ കേരളത്തിന്റെ പൊതുബോധത്തെ മാറ്റാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.