നമ്മമെട്രോ ചുമന്ന പാതക്ക് മന്ത്രിസഭയുടെ പച്ചക്കൊടി.
ബെംഗളൂരു മഹാനഗരത്തിന്‍റെ തെക്കുകിഴക്ക് നഗര പ്രദേശമായ സർജാപൂരിനെ വടക്ക് ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ 3 എ ഘട്ടത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു നമ്മമെട്രോ ശൃംഖലയ്ക്ക് ഉത്തേജനം നൽകിക്കൊണ്ട്, റെഡ് ലൈൻ എന്നറിയപ്പെടുന്ന ഈ 36.59 കിലോമീറ്റർ ഇടനാഴി നഗരത്തിലെ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തും.
28,405 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇപ്പോൾ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. കാരണം നമ്മ മെട്രോയിൽ കേന്ദ്ര സർക്കാരിന് 50 ശതമാനം ഇക്വിറ്റി ഓഹരിയുണ്ട്. 2025 ഡിസംബറിലോ അതിനുമുമ്പോ യൂണിയൻ കാബിനറ്റിൽ നിന്നുള്ള അംഗീകാരം പ്രതീക്ഷിക്കുന്നു. സ്ഥലം ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ഡിസൈൻ വർക്കുകൾ എന്നിവയുൾപ്പെടെയുള്ള നിർമ്മാണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തോടെ ആരംഭിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) കഴിയും. എന്നാൽ, കേന്ദ്ര കാബിനറ്റ് അനുമതി ലഭിച്ചാലേ സിവിൽ നിർമാണം തുടങ്ങാനാകൂ.
36.59 കീലോമീറ്റര്‍ നീലവരുന്ന റെഡ് ലൈനിന്‍റെ 14.44 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. ആകെ ഉണ്ടാകുന്ന 28 സ്റ്റേഷനുകളില്‍17 എണ്ണം എലവേറ്റഡ് ഉം, 11 അണ്ടർഗ്രൗണ്ട് ഉം ആയിരിക്കും. ഇബ്ലൂർ, അഗ്ര, ഡയറി സർക്കിൾ, കെആർ സർക്കിൾ, ഹെബ്ബാൾ എന്നിവിടങ്ങളിൽ അഞ്ച് പ്രധാന ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഈ ലൈനിൽ ഉണ്ടാകും. ഒരു കിലോമീറ്ററിന് 776 കോടി രൂപയുടെ നിർമ്മാണച്ചെലവ് നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമാക്കി റെഡ‍് ലൈനിനെ മാറ്റുന്നു. പദ്ധതി നിര്‍മ്മാണത്തിന് അഞ്ചര വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്, 2031-ൽ ഓപ്പറേഷൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചുമന്നപാത പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖല 258.79 കിലോമീറ്ററായി വളരും
പദ്ധതി ചിലവിന് ബഹുരാഷ്ട്ര ഏജൻസികളിൽ നിന്ന് (10,485 കോടി രൂപ) ധനസഹായം ലഭിക്കും, ഇക്വിറ്റി, ഭൂമി ഏറ്റെടുക്കൽ ചെലവുകൾ, ജിഎസ്ടി റീഇംബേഴ്‌സ്‌മെൻ്റുകൾ എന്നിവയിലൂടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ബാക്കി തുക സംഭാവന ചെയ്യുന്നു. ഭൂമി ഏറ്റെടുക്കാന്‍ മാത്രം വരുന്ന, 5,000 കോടി രൂപ, കർണാടക സർക്കാർ പൂർണമായും ധനസഹായം നൽകും.
റെഡ് ലൈന്‍ പദ്ധതിയുടെ ആദ്യപടിയായി സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതിന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു അഭിനന്ദിച്ചു. 2026 പകുതിയോടെ ബ്ലൂ ലൈനിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെമ്പഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനൽ-ഹെബ്ബാൽ സെക്ഷൻ തുറക്കാൻ ബിഎംആർസിഎൽ പദ്ധതിയിടുന്നതായി മാനേജിംഗ് ഡയറക്ടർ (എംഡി) എം മഹേശ്വര റാവു അറിയിച്ചു. ഇതോടെ സര്‍ജാപൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് മെട്രോസര്‍വ്വീസ് ആരംഭിക്കുവാന്‍ ബിഎംആര്‍സിഎല്‍ നു കഴിയും.