‘കൊറോണ’ നരേന്ദ്ര മോദിക്ക് ലോട്ടറി ആകുമോ…?

Print Friendly, PDF & Email

ആറു വര്‍ഷത്തെ ഭരണത്തിലെ പിടിപ്പുകേടുകൊണ്ട് അടിമുടി തകർന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷപ്പെടുത്താൻ ആകാതെ വിറങ്ങലിച്ചു നിന്ന മോദി സര്‍ക്കാരിനും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും അതിന്‍റെ മുഴുവൻ ഉത്തരവാദിത്തം കെട്ടിവെക്കാൻ ഇപ്പോൾ ഒരു കാരണം കിട്ടിയിരിക്കുന്നു – കൊറോണ. ചുരുക്കത്തിൽ ഈ വൈറസ് നരേന്ദ്ര മോദിക്ക് ലോട്ടറി ആവുകയാണ്…!!!. സ്വന്തം പിടിപ്പുകേടു കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ പിടിച്ചുനില്‍ക്കുവാനുള്ള അവസാന പിടിവള്ളി തേടുകയായിരുന്നു മോദിയും കൂട്ടരും. അപ്പോഴാണ് കൊറോണയുടെ വരവ്. ഇനി പാട്ടപിരിവും ശബളം വെട്ടിക്കുറക്കലുമടക്കമുള്ള അറ്റകൈ പ്രയോഗം തന്നെ നടത്താം. ആരും ചോദിക്കില്ല. കള്ളപ്പണക്കാരെ പിടിക്കുവാനായി വെയിലത്ത് ക്യൂ നിന്ന ജനം കൊറോണയെ പിടിച്ചുകെട്ടുവാനായി എന്ത് കാട്ടിയാലും കൈകൊട്ടിയും ദീപം തെളിച്ചും കൂടെയുണ്ടാകുമെന്ന് മോദിക്ക് കൃത്യമായി അറിയാം. അതിന്‍റെ ദാര്‍ഷ്ഠ്യത്തില്‍ നിന്നുണ്ടായ അവസാനത്തെ നടപടിയാണ്, രണ്ടു വര്‍ഷത്തെ എംപിഫണ്ട് കണ്ടുകെട്ടി കേന്ദ്രസര്‍ക്കാരിന്‍റെ സഞ്ചിതനിധിയില്‍ ചേര്‍ക്കുന്നതും അവരുടെ ശബളം വെട്ടിക്കുറക്കുന്നതും എല്ലാം. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നുകൊണ്ടിരുന്നപ്പോള്‍ പോലും എക്സൈസ് തിരുവ പിന്നെയും പിന്നെയും കൂട്ടി ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ പഞ്ചപുശ്ചമടക്കി തൊഴുതുനിന്ന എംപിമാരുടെ ഫണ്ട് കണ്ടുകെട്ടുമ്പോൾ, അവരുടെ ശമ്പളം വെട്ടിക്കുറക്കുമ്പോൾ ജനത്തിന് ചിരിക്കാൻ അല്പം വകയുണ്ട്.

കൊറോണ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലക്ക് വന്‍ തിരച്ചടി ഉണ്ടാക്കും എന്ന പ്രചാരണം അമ്പേ തെറ്റാണ്. കാരണം, ഇനി തകരുവാനൊന്നുമില്ല… എല്ലാം തകര്‍ന്നു കിടക്കുകയാണ്. “ഇടിവെട്ടിയവന്‍റെ തലയില്‍ തേങ്ങ വീണു” എന്ന പഴമൊഴി ഇവിടെ അന്വര്‍ത്ഥമായി എന്നു മാത്രം. ഇത് വെറുതെ പറയുന്നതല്ല. കഴിഞ്ഞ ആറേഴു വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്കു മാത്രം എടുത്തു നോക്കിയാല്‍ മതി കേന്ദ്ര സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ തീവ്രത അറിയുവാന്‍. അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയായ 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തിയ മന്‍മോഹന്‍സിങ്ങില്‍ നിന്ന് മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2014ല്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 7.4% ആയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിന്‍റെ പ്രതിഫലനമെന്നോണം തൊട്ടടുത്ത വര്‍ഷം 2015ല്‍ 7.99% വും 2016ല്‍ 8.17% വും ആയിരുന്നു വളര്‍ച്ചാ നിരക്ക്. എന്നാല്‍ 2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സു(കു)പ്രസിദ്ധമായ നോട്ടു നിരോധന പ്രഖ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക ശിരസ്സിലേറ്റ ആദ്യത്തെ താണ്ഡവമായിരുന്നു.

അതിന്‍റെ പ്രത്യാഘാതം തൊട്ടടുത്ത വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ കാണാന്‍ കഴിയും. 2017ല്‍ വളര്‍ച്ചാ നിരക്ക് 6.6%മായി കുറഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരെ പിന്താങ്ങുന്ന അംബാനി, അദാനി തുടങ്ങിയ പഞ്ചകോര്‍പ്പറേറ്റുകള്‍ക്കും ഒഴികെ രാജ്യത്തെ ചെറുതും വലുതുമായ മറ്റ് കമ്പനികള്‍ എല്ലാംതന്നെ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. യാതൊരു പഠനമോ മുന്നൊരുക്കമോ കൂടാതെയുള്ള മോദിസര്‍ക്കാരിന്‍റെ എടുത്തു ചാട്ടത്തിന്‍റെ മറ്റൊരാഘാതം ഇന്ത്യന്‍ ജനതയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 2017 ജൂലൈയില്‍ രാജ്യത്തെ നികുതിസംമ്പ്രദായത്തില്‍ സമൂല മാറ്റം വരുത്തി ജിഎസ് ടി പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലായി. അതിന്‍റെ ദുരന്തഫലം തൊട്ടടുത്ത വര്‍ഷത്തെ വളര്‍ച്ചാ നിരക്കില്‍ കാണാന്‍ കഴിയും. 2019 ആയപ്പോഴേക്കും വളര്‍ച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞു. 2020 ആയപ്പോഴേക്കും, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 4.5 ശതമാനത്തിലെത്തി നില്‍ക്കുന്നു. ഇത് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 3.5ത്തില്‍ താഴെയാണ് രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കുള്ളതെന്നാണ് പല സാമ്പത്തിക വിദഗ്ധരും കരുതുന്നത്. അന്തര്‍ ദേശീയ റെയിറ്റിങ് ഏജന്‍സിയായ മൂഡ് സ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാന്പത്തിക വര്‍ഷം 2 ശതമാനത്തിലേക്ക് എത്തുമെന്ന് പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നോവല്‍ കൊറോണയുടെ വ്യാപനവും രാജ്യത്ത് അനിശ്ചിതമായി നീളുന്ന ലോക്‍ഡൗണും. ഇതോടെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് എത്തുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചു കഴിഞ്ഞു.

1% ജിഡിപി കുറയുക എന്നു വച്ചാല്‍ ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ കുറവാണ് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയില്‍ പ്രതിഫലിക്കുക എന്നറിയുമ്പോഴാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുക. ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ സാമ്പത്തിക രംഗം എത്തിച്ചേരണ്ട സാഹചര്യം ഉണ്ടായിരുന്നുവോ…?. ഇല്ലന്നാണ് അതിനുത്തരം. രാജ്യത്തിന്‍റെ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മാത്രമാണ് ഈ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. അത് തിരിച്ചറിയണമെങ്കില്‍ മറ്റു ചില കണക്കുകള്‍ നോക്കാം.

മന്‍മോഹന്‍ സിങ്ങില്‍ നിന്ന് മോദി ഭരണം ഏറ്റെടുക്കുന്ന 2014ല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ബാരലിന് 106 ഡോളറായിരുന്നു. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 71 രൂപ. തൊട്ടടുത്ത വര്‍ഷം മുതല്‍ ക്രൂഡോയില്‍ വിലകുത്തനെ ഇടിയുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. 2015ല്‍ ശരാശരി ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറിലേക്കും 2016 ആയപ്പോഴേക്കും 30 ഡോളറില്‍ താഴെ എത്തുകയും ചെയ്തു. ക്രൂഡോയിലിന്‍റെ വിലക്കുറവ് ജനങ്ങളില്‍ എത്തിക്കാതെ സാമ്പത്തിക നേട്ടം മുഴുവന്‍ ഖജനാവില്‍ നിറക്കുവാനായിരുന്നു സര്‍ക്കാരിന്‍റെ നോട്ടം. അതിനായി ടാക്സുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ധനവില കുറയാതെ പിടിച്ചു നിര്‍ത്തി. 2015 ല്‍ 65 രൂപയും, 2016 ല്‍ 60രൂപയുമായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയിലെ വില. ഒക്ടോബര്‍ ആയപ്പോഴേക്കും ക്രൂഡോയിലിന് വില വര്‍ദ്ധിച്ച് ബാരലിന് 70 ഡോളറിലെത്തി ഈ വിലവര്‍ദ്ധനവിന്‍റെ പേരില്‍ പെട്രോള്‍ വില 80 രൂപയിലേക്ക് ഉയര്‍ത്തുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. രണ്ടു മാസത്തിനു ശേഷം ഡിസംബറില്‍ ക്രൂഡോയില്‍ വില 40 ഡോളറിലേക്ക് ഇടിഞ്ഞപ്പോഴും ഡല്‍ഹിയില്‍ പെട്രോള്‍വില 76 രൂപയായി തുടര്‍ന്നു. 2008 ജൂലൈയിലാണ് എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കായ ബാരലിന് 147 ഡോളറിലെത്തിയത്. പക്ഷെ അന്ന് രാജ്യത്തെ പെട്രോള്‍ വില കേവലം 50.62രൂപ (2008 ജൂലൈ) മാത്രമായിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 20 രൂപവരെ ക്രൂഡോയില്‍ വില എത്തിനില്‍ക്കുന്ന ഇക്കാലത്ത് രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 70രൂപക്ക് മുകളിലാണെന്ന് തിരിച്ചറിയുന്പോഴാണ് ഇതിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ചൂഷണത്തിന്‍റെ ആഴം മനസ്സിലാവുക.

2016-17ല്‍ മാത്രം 2,42,000 കോടി രൂപയാണ് ഇന്ധന നികുതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഖജനാവിലേക്ക് നിറച്ചത്കഴിഞ്ഞ ആറ് വർഷം കൊണ്ട് പതിനഞ്ചര ലക്ഷം കോടി രൂപയാണ് മോദി സർക്കാർ ഇന്ധന നികുതിയിലൂടെ മാത്രം നേടിയത്. അതിൽ ഏഴര ലക്ഷം കോടി രൂപയോളം ക്രൂഡോയിൽ വില തകർച്ചയിലൂടെ അപ്രതീക്ഷിതമായി നേടിയ അധിക വരുമാനമാണ്. അതായത് ഇന്ത്യന്‍ ജനതയെ കൊള്ളയടിച്ച തുക…!!!. ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെ നേരിടുന്ന ഇക്കാലത്ത് – 2020 മാര്‍ച്ച് 30ന് – ക്രൂഡോയില്‍ ഒരു ബാരലിന് 20 ഡോളറിലേക്കെത്തിയപ്പോഴും – ഡല്‍ഹിയിലെ പെട്രോള്‍ വില വില 69.28 രൂപയാണ്.  ബാംഗ്ലൂരില്‍  73.55 രൂപയും.   രാജ്യാന്തര വിപണിയിൽ ഓരോ പ്രാവശ്യവും ക്രൂഡോയിൽ വില കുറയുമ്പോഴും അതിന്റെ ലാഭം ജനങ്ങൾക്ക് നൽകാതെ നികുതി വർധിപ്പിച്ചു കൊണ്ടിരുന്നത് വികസന പ്രവർത്തനങ്ങൾക്കും കരുതൽ ധനത്തിനും വേണ്ടിയാണെന്നാണ് അന്നു പറഞ്ഞത്. കുറച്ചു കക്കൂസുകള്‍ പണുതതല്ലാതെ പ്രത്യേകിച്ച് ഒരു വികസനവും കാണുന്നില്ല. എങ്കില്‍ ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയ ആ പണം എന്തു ചെയ്തുവെന്ന് കൃത്യമായി ജനങ്ങളോട് പറയണം. അതിനു പുറമേ, ഈ രാജ്യത്തിനി വിൽക്കാൻ ബാക്കിയൊന്നുമില്ല… പൊതുമേേഖല സ്ഥാപനങ്ങളെ എല്ലാം തന്നെ തുശ്ചവിലക്ക് വിറ്റിരിക്കുന്നു. ആ പണമെല്ലാം പോയ വഴിയും ജനങ്ങള്‍ക്ക് അറിയണം. 

ഇതിന്‍റെ പുറമേയാണ് സാമ്പത്തിക പരാധീനത പറഞ്ഞ് റിസര്‍വ്വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിലുള്ള കൈയ്യിട്ടുവാരല്‍. 1,76,051 കോടി രൂപയാണ് രണ്ടു പ്രവശ്യമായി റിസര്‍വ്വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ എടുത്തത്. റിസര്‍വ്വ് ബാങ്കിന്‍റെ തലപ്പത്ത് സ്വന്തക്കാരെ പ്രതിഷ്ഠിച്ചായിരുന്നു മോദി സര്‍ക്കാര്‍ ഇത് നേടിയത്. റിസര്‍വ്വ് ബാങ്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈയ്യിട്ടുവാരല്‍…!!!. ഇതുകൊണ്ടൊന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മോദിക്കോ നിര്‍മ്മല സീതാരാമനോ കഴിഞ്ഞില്ല.

എങ്ങോട്ടു പോയി ഈ പണമെല്ലാം…?. വന്‍ കോര്‍പ്പറേറ്റുകളുടെ ബാങ്ക് കടം എഴുതി തള്ളുവാനായി മാത്രം ചിലവഴിച്ചത് 5 ലക്ഷം കോടി രൂപയാണ്. അതിന്‍റ കൂടെ കോര്‍പ്പറേറ്റ് ടാക്സ് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചിരിക്കുന്നു. ഏതാണ്ട് 22ഓളം വന്‍കിടക്കാരാണ് ദശലക്ഷക്കണക്കിനു കോടികള്‍ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് രാജ്യം വിട്ടിരിക്കുന്നത്. അതും ഉന്നതരുടെ ഒത്താശയോടെ. ഏതാനും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രമണോ മോദി സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നതെന്ന സംശയം ഉയരുന്നത് സ്വാഭാവികം മാത്രം. മോദി സര്‍ക്കാരിന്‍റെ ദര്‍ബാറിന് ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. ഗംഗ നദി ശുചീകരണത്തിന്‍റെ പേരില്‍ ഗംഗയില്‍ ഒഴുക്കികളഞ്ഞത് 30,000 കോടി. ഗംഗ ഇന്നും കാളിന്ദിയായി തന്നെ ഒഴുകുന്നു. നോട്ടു നിരോധനത്തിന്‍റെ ഫലമായി 500ന്‍റേയും 2000ത്തിന്‍റേയും പുതിയ നോട്ടുകള്‍ പ്രിന്‍റുചെയ്യുന്നതിനായി മാത്രം ചിലവ് 8000 കോടി. മറ്റുചിലവുകളും എടിഎം അഡ്ജസ്റ്റ് ചെയ്യുന്നതിനുമായി മറ്റൊരു 2000 കോടി രൂപ, അങ്ങനെ ഏതാണ്ട് 10000 കോടിയിലേറെ രൂപ നോട്ടുനിരോധനം എന്ന തുഗ്ലക്ക്യന്‍ നടപടികള്‍ക്കുവേണ്ടി മാത്രം ചിലവഴിച്ചുവെങ്കിലും നാലു വര്‍ഷങ്ങള്‍പിന്നിടുമ്പോള്‍ 2000നോട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്ന് വീണ്ടും പിന്‍വലിക്കുവാനുള്ള നീക്കത്തിലാണ് മോദി സര്‍ക്കാര്‍. 3000കോടിയുടെ പ്രതിമ, അംബാനിക്കും അദാനിക്കും മറ്റു കോർപ്പറേറ്റ്കൾക്കും നൽകിയ ഔദാര്യങ്ങള്‍, പ്രധാനമന്ത്രിയുടെ ദേശാടനത്തിനും പബ്ലിസിറ്റിക്കും മറ്റുമായി ധൂർത്തടിച്ച സഹസ്ര കോടികള്‍. ഇവയെല്ലാം ചേർന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് ഏല്പിച്ച ആഘാതം ചെറുതല്ല.

അതിൽ നിന്ന് എങ്ങനെ രാജ്യത്തെ കരകയറ്റും എന്നറിയാതെ ചായക്കാരൻ തല കറങ്ങി നിൽക്കുകയായിരുന്നു. അപ്പോഴാണ് വൈറസിന്റെ രൂപത്തിൽ കൊറോണ എന്ന ലോട്ടറി അടിച്ചത്. ഇനിയിപ്പോൾ എല്ലാം കൊറോണയുടെ മേൽ കെട്ടിവെക്കാൻ കഴിയും. മോഡിയും അംബാനിയും രക്ഷപ്പെടുകയാണ്. അതിനായി ഇപ്പോൾ എംപിമാരുടെ വികസന ഫണ്ടിലാണ് കയ്യിട്ടു വരുന്നത്. കൊറോണയെ നേരിടാൻ സംസ്ഥാനങ്ങൾക്ക് ഫണ്ട് വകയിരുത്തുന്ന തിരക്കിനിടയിലും 2021 ൽ നടക്കാൻ പോകുന്ന ഹരിദ്വാർ കുംഭമേളക്ക് 325 കോടി രൂപ അനുവദിച്ച സർക്കാർ ആണിത്. ഇക്കൊല്ലത്തെ വികസനഫണ്ട് ചുരുക്കുന്നു എന്ന് പറഞ്ഞാൽ പോലും ന്യായം ഉണ്ട്. അടുത്തകൊല്ലത്തേയും വികസനഫണ്ട് വെട്ടിച്ചുരുക്കുക, അതിനിടെ കുംഭമേളക്ക് 325 കോടി അനുവദിക്കുക. ഇന്ധന ഉത്പാദക രാജ്യങ്ങളിൽ അസംസ്കൃത എണ്ണയുടെ വില പൂജ്യത്തിന് താഴെ എത്തിയിരിക്കുന്നു. സംഭരിക്കാൻ ഇടമില്ലാത്തതിനാൽ എവിടെയെങ്കിലും കൊണ്ട് പോയി സൂക്ഷിക്കൂ എന്ന് പറഞ്ഞു സൗജന്യമായി നല്കുകയാണവർ. പെട്രോളിന്റെ ഉപഭോഗം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ എങ്കിലും വില കുറക്കാം. അപ്പോഴാണ് ഇവിടെ ഒരു നാട്ടിൽ ഇന്ധന വിലയും തീരുവയും പിന്നെയും കൂട്ടുന്നത്.  തുഗ്ലക്യന്‍ തലകളാണ് ഈ സർക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നത് എന്ന് വ്യക്തം.

നോട്ട് നിരോധനത്തേക്കാൾ വലിയ അടിയാണ് കൊറോണയുടെ പേരിൽ പ്രധാനമന്ത്രി പൗരന്മാർക്ക് നൽകിയത്. മഹാമാരി പടരുമ്പോൾ ഒറ്റ രാത്രി കൊണ്ട് രാജ്യത്തെ കോടിക്കണക്കിനു ദിവസക്കൂലിക്കാരെയും അഗതികളെയും ഭവനരഹിതരെയും നടുറോഡിൽ തള്ളിയിട്ടു നിങ്ങൾ എവിടെയാണോ അവിടെ ഇരുന്നോളൂ എന്ന് പറയുവാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് എങ്ങനെ കഴിയും..?. ഭവനരഹിതരും ദിവസക്കൂലിക്കാരുമായ കോടിക്കണക്കിനു സാധാരണക്കാരെ അവരുടെ അടുത്ത ദിവസത്തെ അന്നത്തിനു എന്ത് വഴി എന്ന് പോലും ആലോചിക്കാൻ കഴിയും മുൻപ് പൂട്ടിയിടുമ്പോൾ, സർക്കാർ എന്ത് പകരം സൗകര്യമാണ് ഒരുക്കിയിരുന്നത്..??.  ഈ ധൃതിയൊന്നും ജനത കർഫ്യൂ നടത്താനും പാത്രം കൊട്ടാനും നിലവിളക്ക് കൊളുത്താനും ആഹ്വാനം ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. അപ്പോൾ നമ്മുടെ പ്രധാനമന്ത്രി ഏതു കാര്യങ്ങൾക്കാണ്‌ മുൻ‌തൂക്കം നൽകുന്നത്..?.  9 മണിക്ക് 9 മിനിട്ടെന്ന സംഖ്യാ ശാസ്ത്രത്തിന് എന്തു പ്രധാന്യമാണ് പ്രധാനമന്ത്രി കല്‍പ്പിക്കുന്നത്..??. ഒരു ജനതയെ മുഴുവനും ജോത്സ്യത്തിന്‍റേയും സംഖ്യാ ശാസ്ത്രത്തിന്‍റേയും പിന്നാലെ നയിക്കലാണോ ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്..???.

‘കിലുക്കം’ സിനിമയിലെ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ലോട്ടറി അടിച്ചപ്പോൾ കാട്ടിയ കോപ്രായം ആണ് ലോക്‍ഡൗണ്‍ പ്രഖ്യാപിക്കാൻ കാണിച്ച വ്യഗ്രതയും ദേശവ്യാപകമായി പാത്രംകൊട്ടല്‍, മെഴുകുതിരി കത്തിക്കൽ എന്നിവയൊക്കെ കാണുമ്പോൾ ഓര്‍മ്മ വരുന്നത്. ചായക്കടക്കാരന് ലോട്ടറി അടിച്ച പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു വ്യക്തം. മോദി സർക്കാരിന്റെ അപ്രായോഗികമായ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുച്ചൂടും മുടിച്ചു കഴിഞ്ഞു. അതിന്റെ മുഴുവൻ ഉത്തരവാദിത്തവും കെട്ടിവെക്കാൻ ഒരു പിടിവള്ളി കിട്ടിയതിന്റെ ആവേശത്താല്‍ ആയിരുന്നു ഈ ധൃതി പിടിച്ചുള്ള ലോക്‍ഡൗണ്‍. വിദേശങ്ങളില്‍ നിന്നും കോവിഡ്-19 വൈറസ് വാഹകരെ യാതൊരു വിലക്കുമില്ലാതെ നമ്മുടെ വിമാനതാവളങ്ങളില്‍ യഥേഷ്ടം പറന്നിറങ്ങുവാനും… രാജ്യമെങ്ങും സൊയിര്യ വിഹാരം നടത്തുവാനും അനുവദിച്ചിട്ട്; കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ‘തന്‍റെ ചടുലനീക്കത്തെ ലോകം മുഴുവനും അഭിനന്ദിക്കുന്നു’ എന്ന് ഒരു ഉളപ്പുമില്ലാതെ വിളിച്ചു പറയുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കുവാന്‍ കഴിയും…???.

Crude Oil Prices – 70 Year Historical Chart:     https://www.macrotrends.net/1369/crude-oil-price-history-chart

 

Pravasabhumi Facebook

SuperWebTricks Loading...