അറബ് കുടിയേറ്റക്കാരായ ആധുനിക പാലസ്തീനികള്‍…? [ഭാഗം -1]

Print Friendly, PDF & Email

ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളും കമ്മ്യൂനിസ്റ്റുകാരും ദശാബ്ദങ്ങളായി പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ‘നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന തദ്ദേശവാസികളായ പലസ്തീനികളെ ആട്ടിയോടിച്ചാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനെ അമേരിക്കയും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളും ചേര്‍ന്ന് മധ്യപൂര്‍വ്വ ദേശത്ത് കുടിയിരുത്തിയത്’ എന്നുള്ള ആരോപണം. ഇതൊരു പെരും നുണയാണ്. ആദ്യം, നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന’ ആളുകള്‍ എന്നിവര്‍ പറയുന്നതിന്‍റെ പൊള്ളത്തരം നോക്കാം. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് ഇപ്രകാരം പ്രഖ്യാപിച്ചു:”യഹൂദ അധിനിവേശം 1881-ൽ തുടങ്ങി… ജീവിതം കെട്ടിപ്പെടുത്തുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത മുഖ്യമായും അധിവസിച്ചിരുന്ന ഹരിതാഭമായ പ്രദേശമായിരുന്നു പലസ്തീൻ അന്ന്.” (As cited by Muawia E. Ibrahim, “Muslim world call for U.N. meeting on terrorim”, Khaleej Times Online, (October 11, 2001), pp.1-2)യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയാണ് “തത്തമ്മേ പൂച്ച പൂച്ച” ശൈലിയില്‍ ലോകമെങ്ങുമുള്ള അന്തംകമ്മികളും ഇസ്ലാമിസ്റ്റുകളും പിന്നെ ചരിത്ര ബോധം ലവലേശം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ചില യുക്തന്മാരും ഇന്നും പാടിക്കൊണ്ട് നടക്കുന്നത്. യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയ്ക്ക് ചരിത്രപരമായി എന്തെങ്കിലും പിന്‍ബലമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇവന്മാര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്തായാലും നമുക്കതൊന്നു പരിശോധിച്ച് നോക്കാം.

റോമന്‍ ചരിത്രകാരനായ ഡിയോ കാഷ്യസ് (മരണം: A.D. 235) എഴുതുന്ന സമയത്തു , യെഹൂദയുടെ നാശം മുതൽ ആ നാടിന്‍റെ അധഃപതനം വിവരിച്ചു തുടങ്ങി.“അവരുടെ ബലമുള്ള 50 കോട്ടകൾ നിലം പരിശായി. ഏറ്റവും അറിയപ്പെടുന്ന തൊള്ളായിരത്തി എൺപത്തിയഞ്ചു ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു…യുദ്ധത്തിന് മുമ്പ് യെഹൂദരോട് പ്രവചിക്കപ്പെട്ട പോലെ തന്നെ യെഹൂദ പൂർണമായും മരുഭൂമിവല്കരിക്കപ്പെട്ടു. അവരുടെ വിശുദ്ധ ചടങ്ങുകളിൽ ആഘോഷിക്കപ്പെട്ട സോളമന്‍റെ ശവകുടീരം ഛിന്നഭിന്നമാക്കപ്പെടുകയും, കുറുക്കനും കഴുതപ്പുലികളും അവരുടെ പട്ടണങ്ങളിൽ ചുറ്റി നടക്കാനും തുടങ്ങുകയും ചെയ്തു.” (Dio Cassius, History of the Romans, lxix, 12-14, cited by de Haas, History, pp. 55-56.)”മാർപ്പായയുടെ ഉത്തരവ് പ്രകാരം , പാപ്പയുടെ അധികാര പരിധിയിൽ ഉള്ള രാജ്യങ്ങളിൽ നിന്നും യഹൂദർ ടൈബീരിയസിലേക്കു വീണ്ടും പ്രവേശിച്ച അവസരത്തിൽ നസറത്ത് അതിന്‍റെ അധഃപതനത്തിൽ ആയിരുന്നു.” ഒരു ഫ്രാൻസിസ്കൻ തീര്‍ത്ഥാടകന്‍ ഒരു ലത്തീൻ കയ്യെഴുത്തു പ്രതി മൊഴിമാറ്റിയതിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. “കൊള്ളക്കാരുടേയു കൊലപാതകികളുടെയും ഭവനം, താമസക്കാർ എല്ലാവരും തന്നെ അറബികൾ (മുസ്ലിം) ആയിരുന്നു. അങ്ങനെ ഒരു പട്ടണം കാണേണ്ടി വന്നത് ദുഃഖകരമായിരുന്നു. ഞങ്ങൾ കല്ലുകൾ നിറഞ്ഞതും, മുൾച്ചെടികൾ നിറഞ്ഞതുമായ മരുഭൂമി മാത്രം ആണ് അവിടെ കണ്ടത്.” (De Haas, History, p. 337, citing Palestine Exploration Fund, Quarterly Statement, 1925, p. 197, translation of Latin manuscnpt by a Franciscan pilgrim.)”നൂറു വർഷങ്ങൾക്കു ശേഷം 1697-ലും നസറത്ത് ഒരു അപ്രധാനമായ ഗ്രാമം ആയിരുന്നു… എക്രയില്‍ കുറച്ചു ദരിദ്രമായ കുടിലുകൾ… വിപുലവും വിശാലവുമായ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.” ബൈബിളില്‍ ശേഖേം എന്ന് അറിയപ്പെടുന്ന നബുലസ് കുറെ മനുഷ്യർ ഉള്ള രണ്ടു തെരുവീഥി അടങ്ങിയതായിരുന്നു. യെരീഹോ ഒരു അരോചകമായ ദരിദ്രമായ ഗ്രാമവും.” (Henry Maundrell, The Journal of Henry Maundrellfrom Aleppo to Jerusalem, 1697, Bohn’s edition (London, 1848), respectively pp. 477, 428, 450.)

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനും ചരിത്രകാരനുമായ കൌണ്ട് കോൺസ്റ്റന്‍റൈന്‍ ഫ്രാങ്കോയിസ് വോൾനി പലസ്തീനെ കുറിച്ച് എഴുതുന്നത് “നശിപ്പിക്കപ്പെട്ടതും ശൂന്യമാക്കപ്പെട്ടതുമായ പ്രദേശം” എന്നാണ്.പലസ്തീനും മറ്റു പ്രദേശങ്ങളും ഉൾപ്പെട്ട ഗ്രെയ്റ്റർ സിറിയയിൽ, അതിന്‍റെ കാർഷികവൃത്തി ഏകദേശം പൂർണമായും തകർന്നു. സാമ്പത്തിക മാന്ദ്യം വളരെ വലുതായിരുന്നു പക്ഷെ എല്ലായിടത്തും ഇല്ലായിരുന്നു.” (Norman Lewis, “The Frontier of Settlement in Syria, 1800-19 50,” in Charles Issawi, ed., The Economic History of the Middle East (Chicago, 1966), p. 260.)1867-ല്‍ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സുപ്രസിദ്ധ സാഹിത്യകാരന്‍ മാര്‍ക്ക് ട്വൈന്‍ “THE INNOCENTS ABROAD” എന്ന പേരില്‍ 1869-ല്‍ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിന്നും ചില ഭാഗങ്ങള്‍ നല്‍കാം:“ഞങ്ങൾ സുരക്ഷിതരായി താബോർ മലയിൽ എത്തി… ഞങ്ങൾ വഴിയിലെങ്ങും ഒരു മനുഷ്യ ജീവനെ കണ്ടില്ല, നിയമരഹിതരായ കുറച്ചു ബദൂവിയന്‍ നാടോടി ഗോത്രക്കാരെ ഒഴികെ… ഒരു മരമോ ഒരു ചെടിയോ എങ്ങും ഇല്ലായിരുന്നു. തരിശായ മണ്ണിന്‍റെ കൂട്ടുകാരായ ഒലിവും കള്ളിച്ചെടിയും പോലും ഏതാണ്ട് ഈ രാജ്യത്തെ ഉപേക്ഷിച്ചു… യിസ്രായേൽ ദേശം ദുഖത്തോടെ രട്ടിലും വെണ്ണീറും ഇരിക്കുന്നു. അവളുടെ നിലങ്ങളെ ബാധിച്ചതും അവളുടെ സത്തയെ ചങ്ങലകളാൽ ബന്ധിച്ചതുമായൊരു ശാപമാണ് അവളുടെ മീതെയുള്ളത്. യിസ്രായേൽ ദേശം സ്നേഹിക്കപ്പെടാതെ നിര്‍ജ്ജനം ആയിരിക്കുന്നു. യിസ്രായേൽ ദേശം ഇപ്പോൾ ഈ കര്‍മ്മോത്സുക ലോകത്തിന്‍റെ ഭാഗമല്ല. കവിതയിലും പാരമ്പര്യ ആചാരങ്ങളിലും അവൾ മുഴുകിയിരിക്കുന്നു. അവൾ സ്വപ്നങ്ങളുടെ നാടായിരിക്കുന്നു…നസ്രേത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു…യെരീഹോ ശപിക്കപ്പെട്ടിരിക്കുന്നു…യെരൂശലേം ദുരിതം അനുഭവിക്കുന്നവരുടെ ഗ്രാമമായിരിക്കുന്നു…”“ധാരാളം അംഗഭംഗം വന്ന, വൈരൂപ്യം സംഭവിച്ച, രോഗദുരിതം പേറുന്ന മനുഷ്യകുലത്തെ വിശുദ്ധ നാടുകളിൽ കാണുമ്പോൾ, പ്രവേശനകവാടങ്ങളെ തടസപ്പെടുത്തുമ്പോൾ ഒരാൾക്ക് സങ്കല്പിക്കാം പുരാതനകാലം ഒരിക്കൽ കൂടി തിരിച്ചെത്തി എന്ന്, ദൈവത്തിന്‍റെ ദൂതൻ എപ്പോൾ വേണമെങ്കിലും ഒരിക്കൽ കൂടി ബേത്ത് സേദയിൽ ഇറങ്ങി വെള്ളം കലക്കാം എന്ന്. ജെറുസലം വിലപിക്കുന്ന, ഇരുണ്ട, നിര്‍ജ്ജീവമായ ഒരിടമാണ്. ഞാൻ ഒരിക്കലും ഇവിടെ താമസിയ്‌ക്കാൻ ആഗ്രഹിക്കുന്നില്ല…”“ഇതൊരു പ്രതീക്ഷ നഷ്ടപ്പെട്ട, ഇരുണ്ട, ഭഗ്നഹൃദയമായ സ്ഥലമാണ്…”“ജെറുസലേമിനെ സമീപിക്കുമ്പോൾ ഒരു പ്രകൃതിദൃശ്യവും ഇല്ലാതിരുന്ന അത് കണ്ണിനെ തളർത്തുന്നതായിരുന്നു. ഒരുപക്ഷെ ചുറ്റുപാടും ഉള്ള ഭൂപ്രദേശവും റോഡുകളും തമ്മിൽ ഉള്ള വെത്യാസം പാറകൾ കൂടുതലും ചുറ്റുപാടുകളെ അപേക്ഷിച്ചു റോഡിൽ ധാരാളമായിരുന്നു എന്നതാണ്…

“ജറുസലേമിലെ ജനങ്ങൾ മുസ്ലീങ്ങൾ, യഹൂദർ, ഗ്രീക്കുകാർ, ലത്തീൻകാർ, അർമേനിയക്കാർ, സിറിയക്കാർ, കോപ്ടിക്സ്, അബിസാനിയന്‍സ്, ഗ്രീക്ക് കത്തോലിക്കർ, പിന്നെ കുറച്ചു പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികളും ഉൾപ്പെട്ടതായിരുന്നു. ക്രൈസ്തവധര്‍മ്മത്തിന്‍റെ ജന്മസ്ഥലമായ ഇവിടെ നൂറോളം വരുന്ന അടുത്തകാലങ്ങളിലായി വന്ന അവാന്തര വിഭാഗങ്ങളും ഇപ്പോൾ താമസിക്കുന്നു. ഇതിന്‍റെ ഏറ്റവും ആകര്‍ഷകമായ വര്‍ണ്ണഭേദം എന്നള്ളത് ഇവരുടെ പൗരത്വം, ഭാഷ എല്ലാം തന്നെ പേരെടുത്തു പറയാൻ കഴിയാത്ത അത്ര അധികമാണ്. ഭൂമിയിലെ എല്ലാ ജാതി, നിറം, ഭാഷ എല്ലാം തന്നെ പതിനാലായിരത്തോളം വരുന്ന ജറുസലേമിൽ ജീവിച്ചിരുന്നവരിൽ പ്രതിനിധീകരിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുസ്ലിം ഭരണത്തിന്‍റെ പ്രതീകമായ കീറിയവസ്‌ത്രങ്ങള്‍, ദുരിതജീവിതം, ദാരിദ്യം, മാലിന്യം എല്ലാം തന്നെ ചന്ദ്രക്കല പതാക കൂടാതെ ധാരാളമായി ഉണ്ടായിരുന്നു..”1869-ല്‍ മാര്‍ക്ക് ട്വൈന്‍ പ്രസിദ്ധീകരിച്ച “THE INNOCENTS ABROAD” എന്ന ഗ്രന്ഥം പൂര്‍ണ്ണ രൂപത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് (http://www.gutenberg.org/files/3176/3176-h/3176-h.htm) ഭൂമിശാസ്ത്രപരമായി ആ പ്രദേശം പ്രായേണ ശൂന്യമായിരുന്നു.

പത്തൊന്‍പതാം നുറ്റാണ്ടിലെ സഞ്ചാരികള്‍ അതിനെ അങ്ങിനെയാണ് വിവരിച്ചത്. ഉദാഹരണമായി, ബ്രിട്ടീഷ്‌ കോണ്‍സുല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, പ്രദേശം നിവാസികള്‍ ഇല്ലാതെ ശൂന്യമാണെന്ന് പരാതിപ്പെട്ടു: “രാഷ്ട്രം നിവാസികള്‍ ഇല്ലാതെ തീര്‍ത്തും ശൂന്യമായി കിടക്കുന്നതിനാല്‍ ഇതിന്‍റെ ഏറ്റവും വലിയ ആവശ്യകത ജനസംഖ്യ ഉണ്ടാകുക എന്നുള്ളതാണ്. ” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36). ഫിന്‍ പിന്നെയും എഴുതി: “എന്‍റെ നിരീക്ഷണത്തിന്‍റെ ഫലമെന്തെന്നാല്‍, നമുക്കിവിടെ, അമേരിക്കന്‍ ഐക്യനാടുകളില്‍ യെഹൂദന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ വിശുദ്ധ നാട്ടിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്. യെരുശലേമിലെ യെഹൂദന്മാര്‍ ആസ്ത്രേലിയയിലേക്ക് പോകുക. കാര്‍ഷികവും അനുബന്ധപരവുമായ വശീകരണത്തില്‍പ്പെട്ട് അവിടെ നില്‍ക്കുന്നതിനു പകരം തിരിച്ചു ഇങ്ങോട്ട് മടങ്ങി വരിക. ” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36) pp.249-252)മാര്‍ക്ക്‌ ട്വൈന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍, ജസ്രീല്‍ താഴ്വരയില്‍, ചുറ്റുമുള്ള 30 മൈലിനുള്ളില്‍ ഒരു ഗ്രാമം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു:“ഉദ്ദീപകമായ കാഴ്ചകള്‍ ജെസ്രീല്‍ താഴ്വരയില്‍ ഇനിയൊരിക്കലും സംഭവിക്കുകയില്ല. അതിന്‍റെ ഏതൊരു വശത്തേക്ക് നോക്കിയാലും മുപ്പത് മൈലുകള്‍ക്കുള്ളില്‍ ഒരു ഗ്രാമം പോലും കാണാനില്ല. രണ്ടോ മൂന്നോ ഇടങ്ങളിലെ ബെദൂവിയന്‍ സത്രങ്ങള്‍ ഒഴികെ, സ്ഥിരമായ ഒരു പാര്‍പ്പിട സ്ഥലം പോലുമില്ല. ഒരാള്‍ ഇതിലെ ഒരു പത്തുമൈല്‍ ഓടിച്ചാലും പത്തു മനുഷ്യരെപ്പോലും കാണാന്‍ സാധിക്കില്ല.” (Mark Twain, The Innocents Abroad, p. 349)നഗരങ്ങളും, കൊട്ടാരങ്ങളും നശിച്ചെന്നു അവിടം സന്ദര്‍ശിച്ച ഫ്രഞ്ച്‌ എഴുത്തുകാരന്‍ Pierre Loti എഴുതി:“ശോകകരമായ ഗലീലയിലൂടെ ഞാന്‍ വസന്തകാലത്ത് യാത്ര ചെയ്തു. അത് ശോകമൂകമായി കാണപ്പെട്ടു… ബൈബിളിലെ ഗില്‍ബോവാ പര്‍വ്വതത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ എല്ലായിടത്തിലെയും പോലെ, പലസ്തീനില്‍ എല്ലായിടത്തെയും പോലെ, പട്ടണങ്ങളും കൊട്ടാരങ്ങളും പൊടിയിലേക്കു തിരികെ ചേര്‍ന്നിരിക്കുന്നു. ഈ പരിത്യാഗത്തിന്‍റെ ശോകമൂകത മുഴുവന്‍ വിശുദ്ധ ഭൂമിയുടെ അവസ്ഥാവിശേഷമാണ്.” (Pierre Loti, La Galilee (Paris, 1895), pp. 37-41, 69, 85-86, 69, cited by David Landes, “Palestine Before the Zionists,” Commentary, February 1976, pp. 48-49) (https://books.google.co.in/books?id=5e8fUmqEuNIC&pg=PA156…)

അറബി മുസ്ലിം കീഴടക്കലിന്‍റെ പരിണിതഫലമായാണ് പ്രദേശം ഇങ്ങനെ തകര്‍ന്നു പോയത് എന്ന് ഒരു ചരിത്ര പഠനത്തില്‍ Carl Hermann Voss വിശദീകരിക്കുന്നുണ്ട്:“എഴാം നുറ്റാണ്ടിലെ അറബി കീഴടക്കലിനും 1880-കളിലെ യെഹൂദന്മാരുടെ മടങ്ങി വരവിന്‍റെ തുടക്കത്തിനും ഇടയിലെ പന്ത്രണ്ടര നൂറ്റാണ്ടുകളില്‍ ‘പലസ്തിന്‍’ പാഴായി കിടന്നു. അതിന്‍റെ പുരാതനമായ കനാലുകളും ജലസേചനത്തിനുള്ള സംവിധാനങ്ങളും നശിപ്പിക്കപ്പെടുകയും, ‘ഉത്കൃഷ്ടമായ ഫലഭുയിഷ്ടത’ എന്ന് ബൈബിള്‍ ഏതിനെക്കുറിച്ച് പറഞ്ഞുവോ അത് തരിശു ഭുമിയും ശുന്യവും ആയിത്തീരുകയും ചെയ്തു. മുന്‍കാലങ്ങളില്‍ എന്നപോലെ ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്തും ആവാസവ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവണത തുടര്‍ന്നു. തല്‍ഫലമായി മലഞ്ചരുവുകള്‍ മൊട്ടക്കുന്നുകളും മേല്‍മണ്ണ് നഷ്ടപ്പെട്ട താഴ്വരകള്‍ തരിശു നിലങ്ങളും ആയിത്തീര്‍ന്നു.” (Carl Hermann Voss, “The Palestine Problem Today, Israel and Its Neighbors” (Boston, 1953), p. 13.) (https://books.google.co.in/books?id=5e8fUmqEuNIC&pg=PA156…)

1590-ല്‍ ഇവിടം സന്ദര്‍ശിച്ച ഒരാള്‍ എഴുതി:“ഇപ്പോഴും അവശേഷിക്കുന്ന പഴയ മതിലുകളുടെ കുറച്ച് ഭാഗം ഒഴിച്ച് അവിടെ കാണാൻ മറ്റൊന്നും ഇല്ല. ബാക്കി എല്ലാം പുല്ലും, പായലും കളയും ആണ്. ദുർഗന്ധമുള്ള അല്ലെങ്കിൽ ഈർപ്പമുള്ള ഒരു കഷ്ണം ഭൂമി പോലെ.” (Gunner Edward Webbe, ‘Palestine Exploration Fund’, Quarterly Statement, p. 86, cited in de Haas, History, p. 338.)1700-കളുടെ മധ്യത്തിൽ ബ്രിട്ടീഷ് പുരാവസ്‌തു ശാസ്‌ത്രജ്ഞന്‍ തോമസ് ഷോ എഴുതി: “പലസ്തീനിന്‍റെ ഭൂമിയിൽ അതിന്‍റെ സമ്പുഷ്ടമായ മണ്ണ് ഉഴുതു മറിക്കാനുള്ള ആളുകളുടെ അഭാവം വലിയതോതില്‍ ഉണ്ടായിരുന്നു” (Thomas Shaw, Travels and Observations Relating to Several Parts of Barbary and the Levant (London, 1767), p. 331) (https://books.google.co.in/books?id=CTl2CgAAQBAJ&pg=PA111… )

ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ട് പോലും (തിബെര്യാസ്) തടാകത്തിൽ ഇല്ലായിരുന്നുവെന്ന് 1817-1818 ലെ ഒരു സന്ദർശനത്തിന് ശേഷം സഞ്ചാരികൾ വിവരണം നൽകി. (James Mangles and the Honorable C.L. Irby, ‘Travels in Egypt and Nubia’ (London, 1823) , p. 295.)(https://books.google.co.in/books?id=Vd8LmeVwA9sC&pg=PA533… ) 1827-ലെ ജര്‍മ്മന്‍ എന്‍സൈക്ലോപീഡിയ “നിർജ്ജനവും അറബി കൊള്ളസംഘങ്ങൾ വിഹരിക്കുന്ന സ്ഥലമായിട്ടുമാണ്” പലസ്തീനെ ചിത്രീകരിച്ചത്. (Brockhaus, Alig. deutsch Real-Encyklopaedie, 7th ed. (Leipzig, 1827), Vol. VIII, p. 206.)മാര്‍ക്ക് ട്വൈന്‍ എഴുതി:“നസ്രേത്ത് പരിത്യജിക്കപ്പെട്ടിരിക്കുന്നു… മൂവായിരം കൊല്ലങ്ങൾക്കു മുമ്പ് യേശുവിന്‍റെ അത്ഭുതം അതിനെ വിട്ടതുപോലെ തന്നെ ശപിക്കപ്പെട്ട യെരീഹോ ഇന്ന് തകർന്നടിഞ്ഞു കിടക്കുന്നു.:. ദാരിദ്ര്യത്തിലും അപമാനത്തിലും ഇപ്പോൾ ആയിരിക്കുന്ന ബെത്‌ലെഹെമീനും ബെഥാനിക്കും അവർ ഒരിക്കൽ രക്ഷകന്‍റെ സാന്നിധ്യത്താൽ മാനിതരായവർ ആയിരുന്നുവെന്നത് ഓർമ്മിപ്പിക്കാൻ ഒന്നും തന്നെ അവരിൽ ഇല്ല; ആട്ടിടയന്മാർ രാത്രിയിൽ ആടുകളെ സൂക്ഷിച്ചിരുന്നതും ‘ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം’ എന്ന് ദൂതന്മാർ പാടിയതുമായ ആ വിശുദ്ധ സ്ഥലത്ത് ഒരു ജീവിയും കുടിപാർക്കുന്നില്ല… ബെത്സയ്‌ദയും കോറസിനും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഒരിക്കൽ രക്ഷകന്‍റെ ശബ്ദം ആയിരക്കണക്കിന് ആളുകൾ കേട്ടതും അത്ഭുതകരമായ അപ്പം തിന്നതുമായ അതിന് ചുറ്റുമുള്ള മരുപ്രദേശങ്ങൾ ഏകാന്തതയുടെ നിശബ്ദതയിൽ ഉറങ്ങന്നു. ഹിംസ്ര പക്ഷികളും പതിയിരിക്കുന്ന കുറുനരികളും മാത്രം അവിടെ നിവസിക്കുന്നു.” (Mark Twain, The Innocents Abroad, pp.441,442)

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍, ഒരു ഫ്രഞ്ച് സഞ്ചാരി എഴുതി: “ജാഫ, ഇപ്പോഴും തകര്‍ന്നടിഞ്ഞു ജീര്‍ണ്ണിച്ചു കിടക്കുന്നു.” (Jules Hoche, Les Pays des croisades (Paris, n.d.), p. 10, cited by David Landes, “Palestine Before the Zionists,” Commentary, Feb., 1976, p. 49.)മറ്റൊരു ഫ്രഞ്ച് എഴുത്തുകാരനും ‘ഹോളി ലാൻഡ് ഗൈഡ് ബുക്ക്’ എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരനുമായ ലെയ്‌വിൻ ഡി ഹാമെ, ഇങ്ങനെ പറയുന്നു ”വടക്കുദിക്കായി സ്ഥിതിചെയ്യുന്ന ഹൈഫ എന്ന സ്ഥലത്തു 6000 ആൾക്കാർ ഉണ്ടായിരുന്നു; ‘അത് അസാമാന്യമായ ഒന്നും അല്ലായിരുന്നു”. അദ്ദേഹം ഹൈഫയെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചു ”എക്രെ (Acre) പട്ടണത്തിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ഹൈഫ (Haifa) ”അഞ്ചു മിനുട്ടു കൊണ്ട് മുറിച്ചു കടക്കാം” ഹൈഫ എന്ന മഹത്തായ തുറുമുഖം വാണിജ്യപരമായി പ്രവർത്തന രഹിതമായിരുന്നു (Brother Lievin de Hamme, Guide indicateur, Vol. Ill, pp. 163, 190.).ഇന്നത്തെപ്പോലെ നൂറു കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനങ്ങളിലല്ല, കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ പാതയിലൂടെ കുതിരവണ്ടിയില്‍ യാത്ര ചെയ്യുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ യാത്ര ചെയ്തു അഞ്ചു മിനുട്ടുകൊണ്ട് ഹൈഫ പട്ടണം മുറിച്ചു കടക്കാം എന്ന് പറയുമ്പോള്‍ ആ പട്ടണം എത്ര ചെറുതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

.റവ. സാമുവേൽ മാനിങ്ങിനെപ്പോലെയുള്ള അനേകം എഴുത്തുകാർ, തീരദേശ സമതലമായ ഷാരോൺ സമതലത്തിന്‍റെ മേധക്ഷയത്തെക്കുറിച്ച് വിലപിക്കുന്നു: “മനോഹരമായ ഫലപുഷ്‌ടിയും ലാവണ്യവും എബ്രായരുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത സമൃദ്ധിയുടെ അടയാളങ്ങൾ ആയിരുന്നു…പക്ഷെ എവിടെ ആണ് നിവാസികള്‍? വിശാലമായ ഒരു ജനസാഗരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ സമ്പുഷ്ടമായ സമനിലം ഇപ്പോള്‍ ഏതാണ്ട് നിര്‍ജ്ജനമാക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നമ്മൾ പുതിയ അദ്ധ്യായങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്നു പുരാതന പ്രവചനങ്ങൾ കൃത്യമായി അക്ഷരം പ്രതി നിറവേറിക്കൊണ്ടിരിക്കുന്നു. “ഈ പ്രദേശം പാഴായും, ശൂന്യമായും താമസിക്കാൻ ആൾക്കാർ ഇല്ലാതെയും ഇരിക്കുന്നു” (The Reverend Samuel Manning, Those Holy Fields (London, 1874, pp.14-17) https://archive.org/details/thoseholyfieldsp00mann_0

റവ മാനിങ്ങിന്‍റെ നിരീക്ഷണങ്ങൾ ഡബ്ല്യൂ എം തോംസൺ ആവർത്തിച്ചു: “എത്ര ദുഃഖകരമാണ് ഈ ശൂന്യത! ഈ വിരസതയിൽ നിന്ന് ലഘൂകരിക്കുന്ന ഒരു വീടോ, നിവാസികളുടെ ഒരു ലക്ഷണമോ, ആട്ടിടയന്മാർ പോലുമോ ഒരിടത്തും ദൃശ്യമല്ല… ഏശയ്യാ പറയുന്നു: ‘ഷാരോൺ ഒരു മരുഭൂമി ആക്കപ്പെടും’ അങ്ങനെ ആ പ്രവചനം ദുഃഖകരവും മനസ്സില്‍ പതിയുന്ന ഒരു യാഥാർഥ്യവുമായി മാറി.” (ഡബ്ല്യൂ എം തോംസൺ, ദി ലാൻഡ് ആൻഡ് ദി ബുക്ക് (ലണ്ടൻ: റ്റി നെൽസൺ & സൺസ്, 1866) പേജ് 84, പേജ് 94) https://archive.org/details/landandbookorbi04thomgoog‘ഹേത്ത് ആൻഡ് മോവാബ്’ എന്ന ഗ്രന്ഥത്തിൽ കേണൽ സി.ആർ.കോണ്ടർ 1880-ലെ പലസ്തീനെ “ഒരു നശിക്കപ്പെട്ട പ്രദേശം” എന്നാണ് വിശേഷിപ്പിച്ചത് .

അറബ് വംശത്തിനെ സംബദ്ധിച്ചിടത്തോളം അവരുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു. (Colonel C.R. Conder, Heth and Moab (London, 1883), pp. 380, 376)കോണ്ടർ അതിനു മുമ്പും 1872-ൽ പലസ്തീൻ സന്ദർച്ചിരുന്നു, അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് ഇടയിൽ ഉള്ള ഒൻപതു പത്തു വർഷങ്ങളിൽ ജനസംഖ്യ തുടച്ചയായി കുറഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നു: “ജനസംഖ്യയുടെ നട്ടെല്ലായിരുന്ന കാര്‍ഷിക തൊഴിലാളികളുടെയും മറ്റു ചെറുകിടക്കാരുടെയും അവസ്ഥ എണ്ണത്തിലും, സമ്പത്തിലും വളരെ അധികം ചുരുങ്ങിയിരിക്കുന്നു.” (Colonel C.R. Conder, Heth and Moab (London, 1883), pp. 366)“ധാരാളം വീടുകള്‍…. ജീര്‍ണ്ണിച്ചതും നാശോന്മുഖവുമായ അവസ്ഥയില്‍” യെരുശലെമില്‍ കാണപ്പെട്ടു. “ജനസംഖ്യയില്‍ അധികവും യഥാര്‍ത്ഥത്തില്‍ സ്ഥിരമായ തൊഴിലുകള്‍ ഇല്ലാത്തവര്‍” ആയിരുന്നു. ജെറുസലേമിലെ നിവാസികളുടെ എണ്ണം പതിനയ്യായിരത്തില്‍ താഴെയായി കണക്കാക്കപ്പെട്ടു. അവരില്‍ പകുതിയിലേറെയും യെഹൂദന്മാരായിരുന്നു.” (No. 238, “Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864)“1863-ലെ റിപ്പോർട്ട് പ്രകാരം, ജറുസലേം നഗരത്തിലെ ജനസംഖ്യ വെറും 15000 ആയിരുന്നു. അതിൽത്തന്നെ, 4500 മുസ്ലീങ്ങളും 8000 യെഹൂദന്മാരും ബാക്കി ഉള്ളവർ പല ക്രിസ്ത്യന്‍ വിഭാഗക്കാരും ആയിരുന്നു.” (“Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864; From A.H. Hyamson, ed., The British Consulate in Jerusalem, 2 vols. (London, 1939-1941), Vol. 2, p. 331.)പലസ്ഥലങ്ങളിലും റിപോർട്ടർമാർ വ്യത്യസ്തരെങ്കിലും റിപ്പോർട്ടിന് മാറ്റമില്ല:

J. S. ബക്കിങ്ഹാം 1816-ൽ ജാഫയിൽ നടത്തിയ സന്ദർശനം വിവരിച്ചിരിക്കുന്നത് ഇപ്രകാരം ആണ് “ഒരു ദരിദ്ര ഗ്രാമത്തിന്‍റെ ഭാവത്തോടെ എല്ലാ നീചത്വത്തോടും അത് യോജിച്ചിരിക്കുന്നു.” (J.S. Buckingham, Travels in Palestine (London, 1821), p. 146)ബക്കിങ്ഹാം റാമള്ളയെ കുറിച്ച് പറയുന്നു “പലസ്തീന്‍റെ ഭൂരിഭാഗം ഇടങ്ങളിലും ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെക്കാൾ കൂടുതൽ വിശാലമായിരുന്നു തകര്‍ന്നടിഞ്ഞ പ്രദേശങ്ങൾ” (.J.S. Buckingham, Travels in Palestine (London, 1821), p. 162)കൌണ്ട് കോണ്‍സ്റ്റന്‍റൈന്‍ വോൾനി റിപ്പോർട്ട് ചെയ്യുന്നു: “നികൃഷ്ടമായ ഗവർന്മെന്‍റിന്‍റെ പരിണതഫലമായി സാമ്രാജ്യത്തിലെ വളരെ വലിയ ഭാഗം പ്രവിശ്യകളും ദരിദ്രമായും പാഴായും ഇരിക്കുന്നു.” ഒരു പ്രവിശ്യയെ ഉദാഹരിച്ചു കൊണ്ട് വോൾനി ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:മൂവായിരത്തി ഇരുനൂറു വില്ലേജുകൾ ഉണ്ടെന്നു കരുതിയെങ്കിൽ ഇപ്പോൾ കളക്ടർക്കു നാനൂറു എണ്ണമേ കഷ്‌ടിച്ച്‌ കണ്ടെത്താൻ കഴിഞ്ഞൊള്ളൂ. നമ്മുടെ വ്യാപാരികള്‍ ഇരുപതു വര്‍ഷത്തോളം അവിടെ താമസിച്ചു അവിടത്തെ പരിതഃസ്ഥിതികൾ കണ്ടറിഞ്ഞ ആ പ്രദേശം ജനവാസം ഇല്ലാതെയായി. യാത്രികന്‍ കണ്ടുമുട്ടിയത് വീടുകളുടെ അവശിഷ്‌ടങ്ങളും, ഉപയോഗശൂന്യമായ കിണറുകളും, ഉപേക്ഷിക്കപ്പെട്ട വയലുകളും ആണ്. കൃഷി ചെയ്തിരുന്നവർ ഒഴിഞ്ഞു പോയിരുന്നു” (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, p. 147.)വോൾനിയുടെ അഭിപ്രായത്തിൽ: “ഞങ്ങൾക്ക് ജെറുസലേം തിരിച്ചറിയാൻ ബുദ്ധിമുട്ടേണ്ടി വന്നു. എല്ലാ വഴികളിൽ നിന്നും അത് അകന്നിരുന്നു. കച്ചവടത്തിന് യോജിച്ച ഒരു കമ്പോളമോ, ഒരു വലിയ ഉപഭോഗ കേന്ദ്രമോ അല്ലാത്തതായിരുന്നു അത്. അവിടത്തെ ജനസംഖ്യ പന്ത്രണ്ടായിരമോ പതിനാലായിരമോ ആയിരുന്നു…. രണ്ടാമതായി ശ്രദ്ധ പതിപ്പിച്ച സ്ഥലം ബേത്ലഹേം ആയിരുന്നു. ഇവിടുത്തെ മണ്ണ് മറ്റു ജില്ലകളെ അപേക്ഷിച്ചു നല്ലതായിരുന്നു പക്ഷെ എല്ലായിടത്തും ഉള്ളപോലെ ഇവിടെയും സംസ്കരണം ആവശ്യമായിരുന്നു. ഈ ഗ്രാമത്തിൽ അറുനൂറു പുരുഷന്മാർ ആയുധം ധരിക്കാൻ യോഗ്യത ഉള്ളവരായി ഉണ്ടായിരുന്നു… മൂന്നാമത്തെയും അവസാനമായും ശ്രദ്ധപതിഞ്ഞ സ്ഥലം ഹെബ്രോൻ ആയിരുന്നു. അത് ആയുധം വഹിക്കാൻ ശേഷിയുള്ള എണ്ണൂറു മുതൽ തൊള്ളായിരം വരെ പുരുഷന്മാർ ഉള്ള ഏറ്റവും ശക്തമായ വില്ലജ് ആയിരുന്നു. (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, pp. 303-325)1843-നും 6 വർഷങ്ങൾക്കു ശേഷം മറ്റൊരു എഴുത്തുകാരൻ സിറിയയെ (പലസ്തീനെയും) കുറിച്ച് വിവരിച്ചിരിക്കുന്നത് “ആ പ്രദേശം നാശത്തിന്‍റെയും നിര്‍ജ്ജനതയുടെയും പ്രവചനപരമായ അവസാന അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിയിരുന്നില്ല” എന്നാണ്. (A. Keith, The Land of Israel (Edinburgh, 1843), p. 465.)

19-ാം നൂറ്റാണ്ടു മുഴുവനും ഭൂപ്രദേശത്തിന്‍റെ പരിത്യജിക്കപ്പെട്ടതും ഇരുണ്ടതുമായ അവസ്ഥ ദുഃഖകരമായി നിലനിന്നു. 1840-ൽ ഈ പ്രദേശത്തില്‍ കൂടി യാത്ര ചെയ്ത ഒരു നിരീക്ഷകന്‍ സിറിയക്കാരോടുള്ള ബഹുമാനാര്‍ത്ഥം ഇങ്ങനെ എഴുതി: “ശ്രേഷ്ഠമായ ജീവചൈതന്യത്തിനു ഉടമകളായ മനുഷ്യർ.” അവരുടെ “ജനസംഖ്യ കീഴ്‌പോട്ടു പോയിക്കൊണ്ടിരുന്നു”. (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 438-439.)യെഹൂദരുടെ കോളനിവല്‍ക്കരണത്തോടുള്ള വിദ്വേഷം മൂലം, ഒരു കാലത്ത് ജനനിബിഡമായിരുന്ന ഹെബ്രോണിനും ബെത്ലെഹെമിനും ഇടയിൽ ഉള്ള പ്രദേശം “ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടതും നിര്‍ജ്ജനവും ആയിരിക്കുന്ന ജീര്‍ണ്ണിച്ച നഗരങ്ങൾ ഉള്ളതും” എന്ന് എഴുത്തുകാരൻ നിരീക്ഷിച്ചു (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 77,78)ദേശവാസികൾ സങ്കോചിച്ചതിന്‍റെ കാരണങ്ങൾ ഡേവിഡ് ലാൻഡസ് ഇങ്ങനെ ചുരുക്കിപ്പറയുന്നു.“മുമ്പ് ആക്രമിച്ചു കീടക്കിയവരുടെ കവർച്ചയും തുടന്ന് തുർക്കികളുടെ അവഗണനയും, ദുര്‍ഭരണവും മൂലം ഭൂമി മണലിനും, ചതുപ്പു നിലങ്ങൾക്കും, മലമ്പനിരോഗാണുക്കളെ വഹിക്കുന്ന കൊതുകൾക്കും, ഗോത്ര വിദ്വേഷത്തിനും, നാടോടി ഗോത്രങ്ങളുടെ കൊള്ളക്കും ഏല്പിക്കപെട്ടു. നിരവധി മില്യൺ ആൾക്കാരുടെ സ്ഥാനത്തു നിന്നും ജനസംഖ്യ കുറഞ്ഞു വന്നു 1800-ൽ അതിന്‍റെ പത്തിൽ ഒന്നായി, ഒരുപക്ഷെ ഒരു മില്യന്‍റെ കാല്‍ ഭാഗമായി. മധ്യ നൂറ്റാണ്ടിൽ അത് 300,000 വും.പലസ്തീൻ ചാക്കുതുണിയും ചാരവും ആയി മാറി” (David Landes, “Palestine Before the Zionists,” Commentary, February 1976, p.49.)സാമ്പത്തിക- ചരിത്ര വിശാരദനായ Professor Fred Gottheil പല പുസ്തകങ്ങളില്‍ നിന്നായി ഇസ്രായേല്‍ നാടിനെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു:”ഒരു ശൂന്യമാക്കപ്പെട്ട രാജ്യം” (W.C. Prime, Tent Life in the Holy Land (New York, 1857), p. 240, cited by Fred Gottheil, “The Population of Palestine, Circa 1875,” Middle Eastern Studies, Vol. 15, no. 3, October 1979.)“ഒന്നിനും ഉതകാത്തതും തിരസ്കരിക്കപ്പെട്ടതുമായ നിര്‍ജ്ജനപ്രദേശം” (S.C. Bartlett, From Egypt to Palestine (New York, 1879), p. 409, cited in ibid.)”ഏറെക്കുറെ പരിത്യജിക്കപ്പെട്ട സ്ഥലം” S.C. Bartlett, From Egypt to Palestine (New York, 1879), p. 410)”ആള്‍പ്പാര്‍പ്പില്ലാത്ത ദേശം” (W. Allen, The Dead Sea: A New Route to India (London, 1855), p. 113, cited in ibid. 62), p. 466)”ഏറെക്കുറെ വിജനമായ രാജ്യം” (W.M. Thomson, The Land and the Book (New York: Harper Bros., 18 cited in ibid)”വളരെ വളരെ കുറവ് നിവാസികളുള്ള പ്രദേശം” (E.L. Wilson, In Scripture Lands (New York, n.d.), p. 316, cited in ibid.)ഉദ്ധരണികളുടെ സിംഹഭാഗവും എടുത്തിരിക്കുന്നത്: http://afg123.truepath.com/Palestine%20article.html

പത്തൊമ്പതാം നൂറ്റാണ്ടിനും അതിനു മുന്‍പും ജീവിച്ചിരുന്ന ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ അവര്‍ എഴുതി വെച്ചതില്‍ ചിലതാണ് ഈ ഉദ്ധരിച്ചത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങുന്നതു പോയിട്ട്, സിയോണിസത്തിന്‍റെ സ്ഥാപകനായ തിയോഡര്‍ ഹെര്‍സല്‍ ജനിക്കുന്നതിനും വളരെക്കാലം മുന്‍പേ എഴുതിയതാണ് ഇവിടെ ഉദ്ധരിക്കപ്പെട്ട പല പുസ്തങ്ങളും. അതുകൊണ്ടുതന്നെ, സിയോണിസത്തിനോട് അനുഭാവം പുലര്‍ത്തിക്കൊണ്ട് എഴുതിയതാണ് ഇത് എന്നുള്ള പതിവ് ന്യായം ഇവിടെ വിലപ്പോവില്ല. ആ പ്രദേശം സന്ദര്‍ശിച്ചവര്‍ കണ്ടതെന്തോ, അതവര്‍ രേഖപ്പെടുത്തി വെച്ചു, കൂടെ അവരുടെ അഭിപ്രായങ്ങളും. ഈ ചരിത്ര രേഖകള്‍ ഉള്ളിടത്തോളം കാലം യാസര്‍ അറഫാത്തിനെയും അയാളെപ്പോലുള്ള ഭൂലോക കള്ളന്മാരെയും താങ്ങി നടക്കുന്നവരുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ചരിത്രത്തില്‍ അല്പമെങ്കിലും പരിജ്ഞാനമുള്ളവരുടെ അടുക്കല്‍ ചിലവാവില്ല.

അങ്ങനെയെങ്കില്‍, ഇന്ന് പലസ്തീനികള്‍ എന്ന് തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നവര്‍ ആരാണ്? അവര്‍ എവിടെ നിന്ന് വന്നവരാണ്? അവര്‍ എന്തിന് അവിടെയെത്തി? നമുക്കതൊന്നു പരിശോധിക്കാം.പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദം വരെ ഇസ്രായേല്‍ ഭൂപ്രദേശം പൊതുവേ നിര്‍ജ്ജനമായിരുന്നു എന്ന് നാം മുന്‍പ് കാണുകയുണ്ടായി. യെരുശലേം, തിബെര്യാസ്, സഫേദ്, നസ്രേത്ത്, ഹെബ്രോന്‍, ഹൈഫ, എക്ര തുടങ്ങി വിരലിലെണ്ണാവുന്ന ചിലയിടങ്ങളില്‍ മാത്രമേ ജനവാസമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിലേക്കും രണ്ടാം ദശകത്തിലേക്കും വരുമ്പോള്‍ ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ഒരു ജനസംഖ്യാ വിസ്ഫോടനം ആ പ്രദേശത്ത് സംഭവിക്കുന്നതായിട്ടാണ് നാം കാണുന്നത്. തരിശായി കിടന്നിരുന്ന ആ പ്രദേശത്തിന്‍റെ ബഹുഭൂരിഭാഗം സ്ഥലങ്ങളും സമ്പന്നരായ അറബികളുടെ കൈകളില്‍ ആയിരുന്നു. അവരുടെ കുടിയാന്മാരായി അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന [കന്നുകാലി വളര്‍ത്തല്‍ ആണ് ഈ കുടിയാന്മാര്‍ പ്രധാനമായി ചെയ്തിരുന്ന ജോലി] കുറച്ച് അറബികള്‍ (മുസ്ലീങ്ങളും ദ്രൂസുകളും) ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ പ്രദേശത്തെ ഈ ജന്മി-കുടിയാന്‍ ബന്ധം തലമുറകളായി തുടര്‍ന്ന് പോരുന്നതുമാണ്. പിന്നെ ബാക്കിയുള്ള സ്ഥലങ്ങളില്‍ യെഹൂദന്മാരും ക്രിസ്ത്യാനികളും താമസിച്ചിരുന്നു (യെരുശലെമിലും നസ്രേത്തിലും ബെത്ലഹെമിലും ആണ് ഈ രണ്ട് കൂട്ടര്‍ അധികവും ഉണ്ടായിരുന്നത്). ആ ഭൂപ്രഭുക്കന്മാരുടെ കയ്യില്‍ നിന്ന് പണം കൊടുത്താണ് യെഹൂദന്മാര്‍ തങ്ങളുടെ പിതാക്കന്മാരുടെ ഭൂമി വാങ്ങുന്നത്. അന്നത് തുര്‍ക്കി സുല്‍ത്താന്‍റെ കൈവശമായിരുന്നു. (പിന്നീടതില്‍ കുറെ ഭാഗം യോര്‍ദ്ദാന്‍ രാജാവിന്‍റെ കൈവശമായി) ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് യെഹൂദന്മാര്‍ അവിടേക്ക് കുടിയേറി. ഈ കുടിയേറ്റക്കാര്‍ എല്ലവരും പണം കൊടുത്താണ് അവിടെ ഭൂമി വാങ്ങിയത്. യെഹൂദന്മാരുടെ കുടിയേറ്റം കൂടുന്നത് കണ്ടപ്പോള്‍ മുസ്ലീം ഭരണാധികാരികള്‍ പുതിയ ഉത്തരവിട്ടു: ‘പലസ്തീന്‍ പ്രദേശത്ത്‌ ആരും യെഹൂദന് ഭൂമി വിറ്റുകൂടാ’ എന്നും പറഞ്ഞു കൊണ്ട്. ഭൂമി കിട്ടാതായപ്പോള്‍ യെഹൂദന്മാര്‍ ഇരട്ടി വില കൊടുക്കാന്‍ തയ്യാറായി. ആര്‍ക്കും വേണ്ടാതെ തരിശായി കിടക്കുന്ന ആ പ്രദേശത്തിന് ഇരട്ടി വില കിട്ടും എന്ന് കണ്ടപ്പോള്‍ ഭൂവുടമകള്‍ സ്ഥലം വില്‍ക്കാന്‍ തയ്യാറായി. ഇങ്ങനെ ഇരട്ടി വില കൊടുത്ത് വാങ്ങിയ ആ സ്ഥലങ്ങളില്‍ യെഹൂദന്‍ അദ്ധ്വാനിച്ചു,

അറബികള്‍ക്ക്‌ ആ പ്രദേശം വെറും ഭൂമി മാത്രമാണ്. അതുകൊണ്ടുതന്നെ അത് തരിശായി കിടന്നാല്‍ എന്ത്, മരുഭൂമിയായി മാറിയാല്‍ എന്ത്. എന്നാല്‍ യെഹൂദനെ സംബന്ധിച്ചിടത്തോളം അത് അവന്‍റെ പൂര്‍വ്വികര്‍ ഉറങ്ങുന്ന മണ്ണാണ്. അവന്‍റെ വാഗ്ദത്ത ദേശം. അവിടെ അവന്‍ കയ്യും മെയ്യും മറന്നു അദ്ധ്വാനിച്ചു.വലിയ യെഹൂദാ ജനതതി യെരുശലെമിലും, ഹെബ്രോനിലും, സഫെധിലും, തിബിര്യാസിലും മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഗലീലി ഗ്രാമങ്ങളിലും, വലിയ അധിവാസ കേന്ദ്രങ്ങളിലും ചെറിയ യെഹൂദാ സമൂഹങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തില്‍ യെരുശലേമില്‍ യെഹൂദന്മാരായിരുന്നു ഭൂരിഭാഗവും. ബ്രിട്ടീഷ്‌ കോണ്‍സുലേറ്റില്‍ നിന്നുള്ള 1859-ലെ ഒരു ഡോക്യുമെന്‍റില്‍ ഇപ്രകാരം പറയുന്നു: “യെരുശലേമിലെ മുസ്ലിങ്ങള്‍, പുര്‍ണ്ണ ജനസംഖ്യയുടെ നാലില്‍ ഒന്ന് കവിയുകയില്ല.

1878-ല്‍, സിയോനിസ്റ്റ് കുടിയേറ്റങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ്‌, ഓട്ടോമന്‍ സുല്‍ത്താന്‍, വിദേശ മുസ്ലീങ്ങളെ, മുഖ്യമായും സിര്‍കെസിയന്‍സിനയും അല്‍ജിറിയക്കാരെയും കൊണ്ടുവരുന്നതിനുള്ള ഒരു പുനരധിവാസ പോളിസി തുടങ്ങി. ചരിത്രകാരനായ Arnold Blumberg ഇപ്രകാരം വിശദീകരിക്കുന്നു: “1880-നു ശേഷമുണ്ടായ നവ യഹൂദ ദേശിയതയുടെ ശക്തികളും, തുര്‍ക്കികള്‍ പിന്താങ്ങിയ വിദേശ മുസ്ലിം കോളനിവത്കരണവും, പലസ്തിനിന്‍റെ സമൃദ്ധിയില്‍ ആകര്‍ഷിക്കപ്പെട്ടു നടന്ന സ്വാഭാവിക അറബ് കുടിയേറ്റവും പ്രദേശത്തിലെ ജനസംഖ്യയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.” മേല്‍പ്പറഞ്ഞതുപോലെ, 1878 മുതല്‍, അക്ഷരാര്‍ത്ഥത്തില്‍ നിര്‍ജ്ജനമായ പ്രദേശത്തില്‍, മുസ്ലിം കുടിയേറ്റത്തിന്‍റെ ഭീമമായ അലകള്‍ വന്നു കൊണ്ടിരുന്നു. ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കുകയും ചെയ്തവനെന്നാണ്‌. ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തീരും. സിയോനിസ്റ്റുകളായ യെഹൂദര്‍, ആരും ഉപയോഗിക്കാതിരുന്ന തരിശു ഭുമികളില്‍ ആണ് സ്ഥിരവാസമാക്കിയത്‌ എന്നുള്ള കാര്യം ഇപ്പോള്‍ ഏവരും അംഗീകരിക്കുന്നു. 1948-ല്‍, നവമായുണ്ടായ യെഹുദ രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ പങ്കാളി ആയ ട്രാന്‍സ് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് തന്നെ 1946-ല്‍ ഇങ്ങനെ എഴുതി: “യെഹൂദ അധിവാസ കേന്ദ്രങ്ങളിലെ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. മണല്‍ക്കൂനകളെ അവര്‍ കോളനികള്‍ ആക്കി. അവയില്‍ നിന്ന് അവര്‍ വെള്ളം പുറത്തെടുത്തു. അവയെ ഒരു പറുദീസ ആക്കി രൂപാന്തരപ്പെടുത്തി.” – തുടരും Article by – അനില്‍ കുമാര്‍ വി അയ്യപ്പന്‍

ഈ ആര്‍ട്ടിക്കിളിന്‍റെ രണ്ടാം ഭാഗം: അറബ് കുടിയേറ്റക്കാരായ ആധുനിക പാലസ്തീനികള്‍…? [ഭാഗം -2] – Pravasabhumi

1d  · 

Pravasabhumi Facebook

SuperWebTricks Loading...