കാര്‍ഷിക പരിഷ്കരണ നിയമങ്ങളും കാണാചരടുകളും…

Print Friendly, PDF & Email

രാജ്യത്തെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. അവരുടെ ജീവിതത്തെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് അവര്‍ കരുതുന്ന പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കര്ഷ്കര്ക്കു ള്ള സംരക്ഷണ കവചമാണെന്ന് പ്രധാനമന്ത്രിയും മരണ വാറന്റാണെന്ന് കര്‍ഷകരും പറയുന്നു. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യം ചൂണ്ടിക്കാട്ടി നരേന്ദ്രമോദി സര്‍ക്കാര്‍ ജൂണില്‍ അവതരിപ്പിച്ച മൂന്നു ഓര്ഡിനന്‍സുകളാണ് ബില്ലുകളായി പാര്‍ലിമെന്‍റിന്‍റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസ്സാക്കി നിയമമാക്കിയിരിക്കുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേര്‍ഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍—2020 (Farmers’ Produce Trade and Commerce (Promotion and Facilitation) Bill-2020), ഫാര്‍മേഴ്സ് എംപവര്‍മെന്‍റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍-2020 (Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill-2020), എസന്‍ഷ്യല്‍ കൊമഡറ്റീസ് (ഭേദഗതി) ബില്‍ -2020 (Essential Commodities (Amendment) Bill-2020) എന്നിവയാണ് പുതിയ ബില്ലുകള്‍. കൃത്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ, മാറ്റങ്ങള്‍ വരുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പൂര്‍ണ്ണമായും നിരാകരിച്ച ഈ കരിനിയമങ്ങള്‍ രാജ്യത്തെ പുതിയ കാര്‍ഷിക നിയമങ്ങളായി മാറി കഴിഞ്ഞു.

ഇതോടെ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിന്നുയരുന്നത് ആശങ്കയുടെ നെടുവീര്‍പ്പുകളാണ്. കര്‍ഷക പ്രതിക്ഷേധങ്ങള്‍ രാജ്യത്ത് ആളിക്കത്തുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ക്കൊക്കെ ഏറെ ആശ്വാസകരമെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന ബില്ലുകള്‍ എന്തുകൊണ്ടാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കുന്നതിനും 2003 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സംവിധാനം കൊണ്ടുവന്നു. ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് പ്രൊഡ്യൂസ് കമ്മറ്റി(APMC) യാര്‍ഡുകള്‍/ മണ്ഡികള്‍(ചന്തകള്‍) സ്ഥാപിക്കുകയും ഉല്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞാല്‍ സര്‍ക്കാര്‍ അവക്ക് എം.എസ്.പി(Minimum Support Price) അഥവ തറവല നിശ്ചയിച്ച് സംഭരിക്കുകയും ചെയ്യുന്നതായിരുന്നു ആ രീതി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉല്പന്നങ്ങള്‍ കൂടുതലും വിറ്റഴിച്ചിരുന്നത് ഇത്തരം ചന്തകള്‍ അഥവ മണ്ഡികള്‍ വഴിയാണ്.

എന്നാല്‍ പുതിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേര്‍ഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍-2020 (Farmers’ Produce Trade and Commerce (Promotion and Facilitation) Bill-2020), നിയമമാകുന്നതോടെ ഈ സംവിധാനമാണ് ഇല്ലാതാകുന്നത്. ഇതോടെ പാന്‍കാര്‍ഡുള്ള ഏത് വ്യാപാരിക്കും കര്‍ഷകരില്‍ നിന്ന് യഥേഷ്ടം ഉല്പന്നങ്ങള്‍ വാങ്ങിക്കുന്നതിനും എത്രകാലത്തേക്കു വേണമെങ്കിലും സംഭരിച്ചു വക്കുന്നതിനും കഴിയും. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാവുകയേ ഇല്ല. കര്‍ഷകര്‍ പരമ്പരാഗത രീതിയല്‍ നടത്തി വന്നിരുന്ന കൊടുക്കല്‍ വാങ്ങലുകളാണ് ഇതോടെ ഇല്ലാതാകുന്നത്. എം.എസ്.പി അഥവ തറവില ഇല്ലാതാകുന്നതോടെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയെങ്കിലും തങ്ങളുടെ കാര്‍ഷികോല്പന്നങ്ങള്‍ക്ക് ലഭിക്കുമെന്ന വിശ്വാസവും ഇതോടെ നഷ്ടപ്പെട്ടു. എം.എസ്.പി അഥവ തറവില ഇല്ലാതാകുന്നില്ല അത് തുടരും എന്ന് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും ആവര്‍ത്തി ച്ചു പറയുന്നുണ്ടെങ്കിലും ഇതിനെ പറ്റി ഒരു വാക്ക് ഈ മൂന്ന് കാര്‍ഷിക പരിഷ്‌കരണ ബില്ലുകളിലും പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഇവരുടെ വാക്കുകള്‍ മുഖവിലക്കെടുക്കുവാന്‍ കര്‍ഷകര്‍ തയ്യാറുമല്ല. ഇത്തരം എത്ര വാഗ്നാനങ്ങള്‍ അവര്‍ ഇതിനു മുമ്പ്‌ കേട്ടിരിക്കുന്നു.

ലൈസൻസോ സ്റ്റോക്ക് പരിധിയോ ഇല്ലാതെ സ്വതന്ത്രമായി ആര്‍ക്കും കച്ചവടം നടത്താൻ അനുവദിക്കുന്നതിലൂടെ കർഷകരുടെ ഉൽ‌പ്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയും അവര്‍ക്കിടയിലുള്ള മത്സരം വർദ്ധിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വിലയ്ക്ക് ലഭ്യമാകുകയും ചെയ്യും എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യം വക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ ഈ നിയമത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. കര്‍ഷകന് അവരുടെ ഉല്പന്നങ്ങള്‍ രാജ്യത്ത് എവിടേയുമുള്ള കച്ചവടക്കാര്‍ക്കോ അതിലുമുപരി ഉയര്‍ന്ന വില നല്‍കുന്ന കുത്തക കച്ചവടക്കാര്‍ക്കോ ബഹുരാഷ്ട്ര കമ്പനികള്‍ക്കോ നേരിട്ട് വില്‍ക്കാം. എത്ര സുന്ദര, മോഹന, മനോജ്ഞ നിയമം. പക്ഷെ, കര്‍ഷകര്‍ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നാണ് രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നത്. ഒന്നാമതായി ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനവും ഒരു ഹെക്ടറില്‍ താഴെ മാത്രം കൃഷി ഭൂമി സ്വന്തമായുള്ള ചെറുകിട-നാമമാത്ര കര്‍ഷകരോ കര്‍ഷക തൊഴിലാളികളോ ആണ്. അവരാണ് തന്റെ ഇത്തിരിവട്ടത്തിലുള്ള കൃഷിഭൂമിയില്‍ നിന്ന് ഞുള്ളിപ്പെറുക്കിയെടിക്കുന്ന ഉല്പന്നങ്ങളുമായി ബഹുരാഷ്ട്ര കമ്പനികളേയോ റിലയന്‍സ് ഫ്രഷ് പോലെയള്ള കുത്തക കമ്പനികളേയോ തേടി പോകേണ്ടത്. ചെറുകിട -നാമമാത്ര കര്‍ഷകരെ സംമ്പന്ധിച്ചിടത്തോളം ഇത് അപ്രായോഗികമാണെന്ന് തിരച്ചറിയുവാനുള്ള ബുദ്ധി നിരക്ഷരരായ ഇന്ത്യന്‍ കര്‍ഷകര്‍ക്കുണ്ടെന്ന് തിരിച്ചറിയാതിരിക്കുന്നത് മോദി സര്‍ക്കാര്‍ മാത്രമാണ്.

രണ്ടാമതായി എപിഎംസി(APMC) നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലുള്ള മണ്ഡികളുടെ (ചന്തകളുടെ) അഥവ നിയന്ത്രിത മാര്‍ക്കറ്റുകളുടെ കാര്യം പരിശോദിക്കാം. സര്‍ക്കാര്‍ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ അപ്രസക്തരാകുവാന്‍ പോകുന്നത് അവിടെയുള്ള ചെറുകിട കച്ചവടക്കാരാണ്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വില നല്‍കി കര്‍ഷകരെ ആകര്‍ഷിച്ച് വന്‍കിട കുത്തക കമ്പനികള്‍ മാര്‍ക്കറ്റ് കൈയ്യടക്കുമ്പോള്‍ രംഗം വിടാന്‍ നിര്‍ബന്ധിതരാകുന്ന ചെറുകിട കച്ചവടക്കാരുടെ സ്ഥാനത്ത് രംഗപ്രവേശം ചെയ്യുക കുത്തക കച്ചവടക്കാരുടേയും ബഹുരാഷ്ട്ര കമ്പനികളുടേയും ഏജന്‍റുമാരായിരിക്കും. എന്നുവച്ചാല്‍ ഭാവിയില്‍ രാജ്യത്തെ പാവപ്പെട്ട കര്‍ഷകരുടെ വിളവുകള്‍ക്ക് വില നിശ്ചയിക്കുവാന്‍ പോകുന്നത് അവരായിരിക്കും. അവര്‍ നിശ്ചയിക്കുന്ന വിലക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും എന്നര്‍ത്ഥം. സ്വന്തം ആവശ്യം കഴിഞ്ഞ് മിച്ചം പിടിക്കുന്ന ഒരു പിടി വിളവുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന ദരിദ്ര നാരായണന്മാരായ ഇന്ത്യന്‍ കര്‍ഷകര്‍ എങ്ങനെയാണ് മാര്‍ക്കറ്റുകളില്‍ അധിനിവേശം നടത്തിയിരിക്കുന്ന കുത്തകകളുമായി വിലപേശി അവരുടെ വിളവുകള്‍ വിറ്റഴിക്കുക..? അവര്‍ പറയുന്ന വിലക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാവും. ഇപ്പോള്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തറവില (Minimum Support Price-MSP) എങ്കിലും ലഭിക്കും. മാര്‍ക്കറ്റുകളില്‍ നിന്ന് സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണ്ണമായും ഇല്ലാതാകുന്നതോടെ കച്ചവടക്കാര്‍ നിശ്ചയിക്കുന്നതായിരിക്കും അവരുടെ വിളവുകളുടെ വില.

അവശ്യ വസ്തു ഭേദഗതി ബില്‍ -2020 (Essential Commodities (Amendment) Bill, 2020) നിയമായതോടെ കര്‍ഷകര്‍ മാത്രമല്ല ഇതിന്റെ് ദുരന്തഫലം അനുഭവിക്കുക, ഉപഭോക്താക്കള്‍ കൂടിയാണ്. കര്‍ഷകരുടെ പക്കല്‍ നിന്ന് വാങ്ങുന്ന കാര്‍ഷികോല്പന്നങ്ങള്‍ പരിധിയില്ലാതെ സംഭരിക്കുവാനും എത്ര കാലത്തേക്കു വേണമെങ്കിലും ശേഖരിച്ചു വക്കുവാനും ഈ പുതിയ നിയമം വ്യാപാരികള്‍ക്ക് അനുവാദം നല്‍കുന്നു. പൂഴിത്തിവച്ച് വിലക്കയറ്റം ഉണ്ടാക്കുന്ന വ്യാപാരികളുടെ തന്ത്രം ഇതോടെ നിയമാനുസൃതമാവുകയാണ്. യുദ്ധം പോലെയോ സാമ്പത്തിക അടിയന്തരാവസ്ഥ പോലേയോ ഉള്ള അടിയന്തര ഘട്ടങ്ങളിലോഴികെ എപ്പോള്‍ വേണമെങ്കിലും.. എത്രവേണമെങ്കിലും.. എത്രകാലത്തേക്ക് വേണമെങ്കിലും.. കച്ചവടക്കാരായ കുത്തകകള്‍ക്ക് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷികോല്പന്നങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കാം… വിലകയറ്റം ഉണ്ടാക്കാം… എന്നിട്ട്, ഉയര്‍ന്ന വിലക്ക് വിറ്റഴിക്കാം. ആരും ചോദിക്കില്ല. ചോദിക്കുവാന്‍ നിയമമില്ല. സംസ്ഥാനങ്ങള്‍ക്കോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ ഇടപെടാന്‍ കഴിയില്ല. ഇതിലൂടെ രാജ്യത്തെ ജനകോടികളെ കുത്തകകള്‍ക്ക് ചൂഷണം ചെയ്യുവാന്‍ വിട്ടുകൊടുക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

കര്‍ഷകരെ ശാക്തീകരിക്കുന്നതിനായുള്ള ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്റ്പ്രൊട്ടക്‍ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്സ് ആന്റ് ഫാം സര്‍വ്വീസ് ബില്ലില്‍ (Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill-2020) പറയുന്നത് കര്‍ഷകരുടെ ശാക്തീകരണം, സംരക്ഷണം, വിലസ്ഥിരത, കാര്‍ഷിക സേവന കരാര്‍ എന്നിവ ഉറപ്പുവരുത്തും എന്നാണ്. ഈ കരാര്‍ പ്രകാരം വിത്തിടുന്നതിനു മുന്‍പുതന്നെ കര്‍ഷകന് ഒരു സ്പോണ്‍സറെ കണ്ടെത്തുവാനും, വിലച്ചീട്ട് മുറിക്കുവാനും കഴിയും. അതായത്, ഏതെങ്കിലും കാർഷിക വിള ഉൽ‌പാദിപ്പിക്കുന്നതിനോ വളർത്തുന്നതിനോ മുമ്പായി കർഷകനും വാങ്ങുന്നവനും തമ്മില്‍ കാർഷിക കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം ഈ നിയമം വാഗ്നാനം ചെയ്യുന്നു. പാന്‍കാര്‍ഡ് സ്വന്തമായുള്ള ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും സൊസൈറ്റിക്കും സംഘടനകള്‍ക്കും ഇത്തരം കരാറില്‍ ഏര്‍പ്പെടുവാന്‍ കഴിയും. ഒരു കരാറിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവ് ഒരു വിള സീസൺ അല്ലെങ്കിൽ കന്നുകാലികളുടെ ഒരു ഉൽപാദന ചക്രം ആയിരിക്കും. പരമാവധി കാലയളവ് അഞ്ച് വർഷമാണ്. ആവശ്യമെന്നു വന്നാല്‍ ഉഭയസമ്മതപ്രകാരം കാലാവധി നീട്ടാവുന്നതാണ്. കാർ‌ഷിക ഉൽ‌പ്പന്നങ്ങളുടെ വില കരാറിൽ‌ സൂചിപ്പിക്കണം. കര്‍ഷകനും വ്യാപാരിയും തമ്മില്‍ ഉണ്ടാക്കിയ കാർഷിക കരാർ സംമ്പന്ധിച്ച്‌ തര്‍ക്കം ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ഒരു അനഞ്ജന ബോർഡിനും അനുരഞ്ജന പ്രക്രിയയ്ക്കും ഈ നിയമം രൂപം നൽകുന്നു. അപ്രകാരം ഉണ്ടാക്കുന്ന അനുരഞ്ജന ബോര്‍ഡില്‍ ഇരു കക്ഷികളുടെ ന്യായവും സന്തുലിതവുമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ആദ്യം, എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനായി ബോർഡിലേക്ക് റഫർ ചെയ്യണം. മുപ്പത് ദിവസത്തിന് ശേഷവും തർക്കം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, കക്ഷികൾക്ക് പരിഹാരത്തിനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിക്കാം. മജിസ്‌ട്രേറ്റിന്റെ തീരുമാനങ്ങൾക്കെതിരെ കളക്ടർ അല്ലെങ്കിൽ സബ് കളക്ടർ അധ്യക്ഷനായ അപ്പീൽ അതോറിറ്റിയിൽ അപ്പീൽ നൽകാൻ ഇരു പാർട്ടികൾക്കും അവകാശമുണ്ട്. അപേക്ഷ സ്വീകരിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തർക്കം തീർക്കാൻ മജിസ്‌ട്രേറ്റും അപ്പലേറ്റ് അതോറിറ്റിയും ആവശ്യപ്പെടും. കരാറിനെ ലംഘിക്കുന്ന കക്ഷിക്ക് മജിസ്‌ട്രേറ്റിനോ അപ്പീൽ അതോറിറ്റിക്കോ ചില പിഴ ചുമത്താം. അതല്ലാതെ മറ്റൊരു ഒരു നടപടിയും സ്വീകരിക്കാൻ അധികാരമില്ല.

പ്രത്യക്ഷത്തില് ദരിദ്രരായ ശതകോടി ഇന്ത്യന്‍ കര്ഷനകരെ ശാക്തീകരിക്കുന്ന ഒരു നിയമമാണിതെന്ന് തോന്നുമെങ്കിലും അതിനു പിന്നിലെ കാണാചരടുകള്‍ കര്‍ഷകരെ വരിഞ്ഞുമുറുക്കാനുള്ള വള്ളിക്കെട്ടുകളാണെന്ന സത്യം മോദിസര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും മറച്ചുപിടിക്കുകയാണ്. കര്‍ഷകര്‍ ഇത് തിരിച്ചറിയുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ഭൂ ഉടമകളോ ജന്മികളോ അല്ല. സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയില്‍ നിത്യചിലവിനു വേണ്ടി കൃഷിയിറക്കുന്ന കര്‍ഷക തൊഴിലാളികളാണവര്‍. അവരില്‍ പലര്‍ക്കും സ്വന്തമായിട്ടുണ്ടാവുക ഒരു തുണ്ടു ഭൂമിമാത്രം. അവര്‍ക്കെങ്ങനെയാണ് ‘ഠ’ വട്ടത്തില്‍ ഉള്ള അവരുടെ കൃഷിഭൂമിയില്‍ കൃഷിയിറക്കുന്നതിന് മുമ്പുതന്നെ കച്ചവടക്കാരുമായി കരാറിലേര്‍പ്പെടുവാന്‍ കഴിയുക. പിന്നെയുള്ളത് 14 ശതമാനം വരുന്ന ഭൂ ഉടമകളും ജന്മികളുമാണ്. വിത്ത് ഇറക്കുന്നതിനു മുമ്പ് 75ശതമാനം തുക വരെ മുന്‍കൂറായി കൊടുത്ത് അവരെ കൊണ്ട് കൃഷി ചെയ്യിക്കുമ്പോള്‍ കുത്തകകള്‍ അവര്‍ക്കാവശ്യമായ വിളവുകള്‍ ഉല്പാദിക്കുന്നതിന് മാത്രമായിരിക്കും പ്രാധ്യന്യം നല്‍കുക എന്നത് സ്പഷ്ടം. ഇതോടെ രാജ്യത്ത് എന്തു കൃഷി ചെയ്യണമെന്നും എത്രമാത്രം കൃഷി ചെയ്യണമെന്നും തീരുമാനിക്കുന്നത് കുത്തക വ്യാപാരികളും ബഹുരാഷ്ട്ര കമ്പനികളുമായിരിക്കും. നമ്മുടെ പരമ്പരാഗത കൃഷി രീതിയെ സമൂലം തകര്‍ക്കുന്ന ഒരു നീക്കമാണിത്. ഈ നിയമത്തിന്റെ ഉപയോക്താക്കള്‍ രാജ്യത്തെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന വരുന്ന ചെറുകിട-നാമമാത്ര കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആയിരിക്കുകയില്ല. പ്രത്യുത, വെറും 14 ശതമാനം മാത്രം വരുന്ന ഭൂ ഉടമകളും ജന്മികളും പിന്നെ കുറേ, കുത്തക വ്യാപാരികളും ബഹരാഷ്ട്ര കമ്പനികളും മാത്രമായിരിക്കും.

കാര്‍ഷിക ഉല്പന്നങ്ങളുടെ വില്‍പന വില മുന്‍കൂട്ടി നിശ്ചയിച്ച് അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്ക് കര്‍ഷകരുമായി കരാരിലേര്‍പ്പെടാന്‍ ഈ നിയമം അനുവാദം കൊടുക്കുമ്പോള്‍ പണ്ട് കര്‍ഷകരുടേമേല്‍ ചൂഷണോപാധിയായി നിലനിന്നിരുന്ന പാട്ടക്കാരാര്‍ എന്ന ദുഷിച്ച വ്യവസ്ഥക്ക് നിയമ സാധൂകരണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിത്തിറക്കുന്നതിനു മുമ്പുതന്നെ വിളവുകളുടെ വില നിശ്ചയിച്ചുറപ്പിച്ച് പണം മുടക്കി, കര്‍ഷകരുടെ ഭൂമിയില്‍ അവരെകൊണ്ട് കൃഷിയിറക്കിപ്പിക്കുന്നതും തുടര്‍ന്ന് വിളവെടുപ്പിക്കുന്നതും കരാറുകാരന്‍. കര്‍ഷകനാകട്ടെ സ്വന്തം കൃഷിഭൂമിയില്‍ ഈ കരാറുകാരന്റെ വെറും തൊഴിലാളി മാത്രം. അത്തരം ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയിലേക്കാണ് നരേന്ദ്ര മോദി ഇന്ത്യന്‍ കര്‍ഷകരെ നയിക്കുന്നത്.

തദ്ദേശീയവും വിദേശീയവുമായ വന്‍കിടക്കാരുടെ താല്പര്യം സംരക്ഷിക്കുക എന്നതു മാത്രമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടിസ്ഥാന സ്വഭാവം എന്ന് ഒരു വിലയിരുത്തലുണ്ട്. അതിനെ സാധൂകരിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 129 കോടിയും ദാരിദ്ര്യ രേഖക്ക് താഴെയാണങ്കില്‍ പോലും ബാക്കിയുള്ള 1 കോടി ജനങ്ങള്‍ വന്‍കിടക്കാരായിരുന്നാല്‍ രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നുതന്നെ നില്‍ക്കും. അതിനാല്‍, 129 കോടി ജനങ്ങളെ ശാക്തീകരിക്കുന്നതിനു പകരം 1 കോടി ജനങ്ങളെ ശാക്തീകരിക്കുകയാണ് എളുപ്പം എന്ന ലളിതമായ സാമ്പത്തിക ശാസ്ത്രമാണ് നരേന്ദ്ര മോദിയെ നയിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനായി ത്രിതല അക്രമണമാണ് ഈ മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളിലൂടെ മോദി സര്‍ക്കാര്‍ ഇന്ത്യന് കര്‍ഷകരുടേമേല്‍ നടത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പാതിരാത്രിയിലെ നോട്ടു നിരോധനത്തിനും ആസുത്രണമില്ലാതെ നടപ്പിലാക്കിയ ജിഎസ്ടിക്കും രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിച്ച പൗരത്വ ബില്ലിനും കോവിഡ് നിന്ത്രണത്തിന്‍റെ പേരില്‍ നടത്തിയ അനവസരത്തിലുള്ള അടച്ചിടലിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയുടേ മേല്‍ നടത്തുന്ന മറ്റൊരു മാരക സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയി മാറിയിരിക്കുകയാണ് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍.

Pravasabhumi Facebook

SuperWebTricks Loading...