കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ്… ഉമ്മൻചാണ്ടി അന്തരിച്ചു.

Print Friendly, PDF & Email

കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ മരണം പുലർച്ചെ നാലരയോടെയാണ് സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്‍റെ രക്തസമ്മർദ്ദം പെട്ടന്ന് കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുള്ളതിനാല്‍ രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി അടക്കമുള്ള ഉന്നത കോൺ​ഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി ആദരാജ്ലികളര്‍പ്പിച്ചു.

തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ അത്ഭുതത്തിന്‍റെ ഉടമയാണ് സ്നേഹം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ ഉമ്മന്‍ ചാണ്ടി. 1970ലായിരുന്നു ആദ്യമായ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ ജനപ്രതിനിധിയാകുന്നത്. പിന്നീട് മറ്റൊരാളെ അന്വേഷിക്കേണ്ട ആവശ്യം പുതുപ്പള്ളിക്കാര്‍ക്ക് വന്നിട്ടില്ല.
1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്‍റെ മറുപേരായിരുന്നു കേരളീയര്‍ക്ക് ഉമ്മന്‍ചാണ്ടി. സാദാ എംഎല്‍എ ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഉമ്മന്‍ചാണ്ടിയുടെ വീടിന്‍റെ വാതിലുകള്‍ എപ്പോഴും ജനങ്ങള്‍ക്കു മുന്പില്‍ തുറന്നു കിടന്നു. ആര്‍ക്കും എപ്പോഴും പ്രാപ്തനാകുന്ന തരത്തില്‍ അത്രക്ക് ജനകീയനായിരുന്നു ഉമ്മന്‍ചാണ്ടി. എന്നും ആള്‍ക്കൂട്ടത്തിന്‍റെ മധ്യത്തില്‍ ജീവിക്കുവാന്‍ ഇഷ്ടപ്പെട്ട നേതാവ്. അവരുടെ ദുഖം സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങിയ നേതാവ്. ഉമ്മന്‍ ചാണ്ടിക്കു പകരം ഉമ്മന്‍ ചാണ്ടി മാത്രം. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.