ഭംഗിയുള്ളതെന്തും അതേ പോലെ നിൽക്കട്ടെ …..!
“ഹേമ ചന്ദ്രിക” യിലൂടെ ആണ് മലയാളിയുടെ മനസിനെ കുളിർപ്പിക്കാൻ നിറയെ പ്രേമ ലേഖനങ്ങളുമായ് ചങ്ങമ്പുഴ എത്തിയത്. പ്രേമം നിർമലമെന്നൊക്കെ പറയുമ്പോഴും അതിന്റെ വിരഹവേദനകൾ പലപ്പോഴും കാരിരുമ്പിനേക്കാൾ കാഠിന്യമേറിയതാണ്. അത് ചങ്ങമ്പുഴ മാത്രമല്ല, വൈലോപ്പിള്ളിയും ഒരുപാട് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.
മലയാളിയുടെ മനസ്സിലേക്ക് വൈറലായി ചേക്കേറിയ ” എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത്” ഒരു പക്ഷെ പ്രേമത്തിന് പുതിയ അർത്ഥതലങ്ങൾ നൽകാൻ ഈ കൊച്ചു സിനിമയിലൂടെ ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഈ കൊച്ചു സിനിമയുടെ വലിയ വിജയം മലയാളം ഷോർട് ഫിലിം രംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിനു തന്നെ വഴി വച്ചേക്കും.
പച്ഛാത്തല സംഗീതം ഒരുക്കിയ ജോയൽ ജോൺസ് തീർച്ചയായും മലയാള സിനിമ രംഗത്ത് ഒരു മുതൽ കൂട്ട് ആണെന്നതിനു സംശയമില്ല. മലയാളം ഉച്ചാരണം അത്ര പോരെങ്കിലും” എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിനു പോയത്” എന്ന് ചോദിച്ചു നായിക കാഴ്ച ക്കാരിൽ ഓരോരുത്തരുടെയും മനസ് കീഴടക്കുന്നു.
നാലു കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നവ തന്നെ ആണ്. അമിതാവേശമോ നിർവികാരതയോ പ്രകടിപ്പിക്കാതെ കഥയെയും കഥാപാത്രത്തെയും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്നവരായി മാറി കാഴ്ച ക്കാരുടെ പ്രശംസ പിടിച്ചു പറ്റുന്നു. അനീഷ ഉമ്മർ ആണ് നായികാ കഥാപാത്രത്തിന് ജീവൻ നൽകിയത്.ബിബിൻ മത്തായി വൈദികൻ ആയി എത്തുന്നു,അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ.എഴുത്തുകാരൻ ആയി എത്തിയത് ആനന്ദ് റോഷൻ, സിനിമയും കഥയും അനൂപിന്റെ തന്നെ. ഛായാഗ്രഹണം പ്രസാദ്, എഡിറ്റിംഗ് അനൂപ് നാരായണൻ.
“സൂര്യന് കടലിനോടു പ്രണയം
കാറ്റിന് തിരകളോട് പ്രണയം”
തുടക്കം മുതൽ അവസാനം വരെ ഷോർട് ഫിലിമുകൾ സ്ക്രോൾ ചെയ്തു കാണുന്ന മലയാള പ്രേക്ഷകരെ പിടിച്ചു നിർത്താൻ ഈ വരികൾ ഒരുപാടു ഉപകരിച്ചിട്ടുണ്ട്.
കഥ തുടരുമ്പോൾ കൊച്ചച്ഛൻ പറയുന്നു “ഒന്നിനെയും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയമാണ്”. ഒരു പരിധിയിൽ കൂടുതൽ ഷോർട് ഫിലിമുകളിൽ നിന്ന് ഒന്നും ആഗ്രഹിക്കാത്ത മലയാള പ്രേക്ഷകൻ ഈ സിനിമയെ പ്രണയിച്ചു തന്നെ പോകും.
ഒരു പുരുഷനെ വിവാഹം കഴിക്കുമെന്ന് പറയുമ്പോഴും മറ്റൊരു പുരുഷനെ എന്നും മനസ്സിൽ സൂക്ഷിക്കുമെന്നു പറയുന്നതിലെ അധാര്മികതയും, അനൗചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. എങ്കിലും വിരഹപ്രണയത്തിന്റെ സാക്ഷ്യങ്ങൾക്ക് വാഗ്ദാന പാലനത്തിന്റെ മാമോദിസ എന്ന കർമ്മം ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ അനുഭവിക്കാൻ കഴിയുന്നത് അതേപടി കൊച്ചു സിനിമയുടെ അഭ്രപാളികളിൽ പകർത്തിയത് അനൂപ് നാരായണൻ എന്ന സംവിദായകൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഭംഗിയുള്ളതെന്തിനെയും സ്വാർഥതയോടു സ്വന്തമാക്കിയാൽ പിന്നെ അതിന് അത്ര ഭംഗി കാണില്ല…..ഭംഗിയുള്ളത് ഒന്നിനോടും വിരക്തി വേണ്ട, എല്ലാത്തിനേയും പ്രണയിക്കണം എന്നുള്ള തിയോളജി അത് മലയാളിക്ക് സമ്മാനിക്കാൻ ഈ സിനിമയിലൂടെ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
വളരെ കുറച്ചു നിമിഷങ്ങൾ മാത്രമുള്ള ഈ സിനിമ കണ്ടു കഴിയുമ്പോൾ, നമ്മുടെ മനസിന്റെ അങ്ങ് വടക്കു കിഴക്കേ കോണിൽ അല്പം നൊമ്പരമോ ..! , ഹൃദയത്തിൽ നഷ്ടപ്പെട്ട പ്രേമത്തെ ഓർത്തു ഒരു നിശ്വാസമോ ഉയരുന്നുവെങ്കിൽ ഇതൊരു വിജയമാണ് …ചരിത്ര വിജയം.
– സന്തോഷ് കുമാർ ഇലവുംതിട്ട –
വൈറലായ വീഡിയോ കാണാം (Video courtesy to Opencinemas)