കാമ്പസ്സുകളില്‍ കവിതകള്‍ ചൊല്ലിയും, കാമ്പസ്സുകളെകൊണ്ട് കവിതകള്‍ ചൊല്ലിച്ചും, വ്യത്യസ്തനായ കവി.
എഴുതിയ കവിതകളും സിനിമ ഗാനങ്ങളുമെല്ലാം സൂപ്പർഹിറ്റ് … കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കാമ്പസ്സുകളുടെ കവി എന്ന വിശേഷിപ്പിക്കാവുന്ന കവിയുണ്ടെങ്കില്‍ അത് അനില്‍ പാച്ചൂരാന്‍ മാത്രമാണ്. കാമ്പസ്സുകളില്‍ കവിതകള്‍ ചൊല്ലിയും, കാമ്പസ്സുകളെകൊണ്ട് കവിതകള്‍ ചൊല്ലിച്ചും കാമ്പസ്സു വിട്ടിട്ടും കാമ്പസ്സുകളില്‍ നിറഞ്ഞ കാമ്പസ്സുകളുടെ കവി.
വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ
സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല…. കേരളം ഏറ്റെടുത്ത ഈ ഗാന രചയിതാവിനെ സത്യത്തില്‍ കേരളം തിരിച്ചറിയുവാന്‍ വൈകിയോ എന്നൊരു സംശയം. ഈ ഗാനം തുടക്കം പാടിയും പനച്ചൂരാൻ വ്യത്യസ്തനായി. അണ്ണാറക്കണ്ണ വാ …. എന്റമ്മേടെ ജിമിക്കി കമ്മൽ തുടങ്ങിയ അദ്ദേഹം രചിച്ച നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ അബാലവൃദ്ധം കേരളീയരുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചുവെങ്കില് അതിനു കാരണം അദ്ദേഹത്തിന്റെ ഈ വിത്യസ്ഥത തന്നെയാണ്. രാഹുൽ ഗാന്ധിക്കായി രാഹുലെ നീ തനിച്ചല്ല എന്നെഴുതിയ കവിതയും വൈറലായി. സ്കൂൾ കലോത്സവ വേദികളിൽ പനച്ചൂരാന്റെ അനാഥൻ കവിതയിലെ ഇടവമാസ പെരുമഴയാണ് … ഒരു കാലത്ത് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആലപിച്ച കവിത. വലയിൽ വീണ കിളികൾ എന്ന കവിതയും കാമ്പസ്സുകൾ ഏറ്റെടുത്തു. അങ്ങനെ ജന മനസുകൾ കീഴടക്കിയ കവിയായിരുന്നു അനിൽപനച്ചൂരാൻ.
ഓണാട്ടുകരയുടെ സാഹിത്യ സാംസ്ക്കാരിക മണ്ണായ കായംകുളത്തെ പുതുപ്പള്ളി ഗ്രാമത്തിൽ നിന്നു കവിതയുടെ സ്വതന്ത്ര വഴികളിലൂടെ മികച്ച ഗാനരചയിതാവായും അഭിനേതാവായും സിനിമയുടെ മാസ്മരിക ലോകത്ത് ജനപ്രിയനായി മാറിയ കവിയാണ് പനച്ചൂരാൻ. സിനിമാ ലോകത്ത് സജീവ സാന്നിദ്ധ്യമാകുന്നതിന് മുമ്പ് ഏറെക്കാലം പനച്ചൂരാൻ കായംകുളം വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ആശ്രമം സ്ഥാപിച്ച് ആശ്രമ ജീവിതം നയിച്ചിരുന്നു.
സ്വപ്നങ്ങളുടെ കലവറ നിറച്ച് വിദേശ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനിവാസനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് സിനിമാലോകത്ത് പനച്ചൂരാൻ ശ്രദ്ധേയനായത്. ഇതിൽ ചോര വീണ മണ്ണിൽ നിന്നും ഉയർന്നുവന്ന പൂമരം എന്ന വിപ്ലവ ഗാനം സൂപ്പർ ഹിറ്റായി.ആ പാട്ടിൽ ചെറിയ വേഷത്തിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. അറബിക്കഥയിലെ ബാക്കി അദ്ദേഹം രചിച്ച എല്ലാ ഗാനങ്ങളും ഹിറ്റായി. അതിന് മുമ്പ് മകൾക്ക് എന്ന സിനിമയിൽ അനാഥൻ എന്ന കവിതയിലെ ഇടവമാസപ്പെരുമഴ പെയ്ത രാവിൽ…. എന്ന കവിതയും സിനിമയിൽ ഇടം പിടിച്ചിരുന്നു. പിന്നെ സിനിമയിൽ പനച്ചൂരാൻ ഹിറ്റുകളുടെ പെരുമഴ തീർത്തു. നിരവധി സിനിമകൾക്ക് ഗാനങ്ങൾ രചിച്ച അദ്ദേഹം ഗാനങ്ങളിലൂടെ ജനകീയനായി. വലയിൽ വീണ കിളികൾ, പ്രണയകാലം, അനാഥൻ, ഒരു മഴപെയ്തെങ്കിൽ, കർണ്ണൻ,തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് കവിതകളും രചിച്ചു.
ഓണാട്ടുകരയിലെ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നാട്ടിലെ അനുഭവങ്ങളും കഥാപത്രങ്ങളുമാണ് തന്റെ രചനയിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നതും എന്നതും ശ്രദ്ധേയമായിരുന്നു. ഇനി ഒരു സിനിമ സംവിധാനം ചെയ്യണം. അതിനായി തിരക്കഥ പൂർത്തിയാക്കി. കാട് എന്ന പേരിൽ പേരിട്ടിരുന്ന സിനിമയുടെ തിരക്കഥ പൂർത്താക്കി അത് സംവിധാനം ചെയ്യാനുള്ള വലിയ പരിശ്രമത്തിലായിരുന്നു പനച്ചൂരാൻ. ഈ സിനിമയിൽ കവി മുരുകൻ കാട്ടക്കടയെക്കൊണ്ട് പാട്ടുകൾ എഴുതിക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.
പക്ഷേ, ആ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അനിൽപനച്ചൂരാൻറ്റെ വേർപാട് ആരാധക മനസുകളെ കണ്ണീരിലാഴ്ത്തി. ഇന്നലെ രാവിലെ മാവേലിക്കര മറ്റം ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കര തട്ടാരമ്പലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. കോവിഡ് ബാധയും ഹൃദയാഘതവുമാണ് മരണകാരണം.