കൊങ്കുനാട്: കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും തമിഴ്നാട് പദ്ധതി.

Print Friendly, PDF & Email

തമിഴ്‌നാടിനെ വിഭജിച്ച് ദ്രാവിഡ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് അന്ത്യം കുറിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊങ്കുനാട് എന്ന പേരില്‍ പുതിയ സംസ്ഥാനം വേണമെന്ന് നാളിതുവരെ ഒരാളും തമിഴ്നാട്ടില്‍നിന്ന് ആവശ്യം ഉന്നയിച്ചിട്ടില്ല. പക്ഷെ, ഇതൊരു സംസ്ഥാന വിഷയമായി വളര്‍ത്തുവാന്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിഷ്പ്രയാസം കഴിഞ്ഞിരിക്കുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരുകന്റെ സംസ്ഥാനം തമിഴ്നാടും സ്ഥലം കൊങ്കുനാട് എന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയതും പകരം സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ അണ്ണാമലൈയെ കൊങ്കുനേതാവെന്നു ബിജെപി കേന്ദ്ര നേതൃത്വം വിശേഷിപ്പിച്ചതും വെറും യാദൃശ്ചികമല്ല. തമിഴ്നാട്ടിലെ ഒരു രേഖകളിലും ഇല്ലാത്ത – ഔദ്യോഗിക പേരല്ലാത്ത – ഒന്നിനെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ചെയ്തിരിക്കുന്നത്. അതിനാല്‍തന്നെ ‘കൊങ്കുനാട്’ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും ‘തമിഴ്നാട് പദ്ധതിയാണ് എന്ന് വ്യക്തം.

kongunad
ആദ്യകാല തമിഴ് സാഹിത്യത്തിലെ തമിഴ്നാട്

കൊങ്കുനാട് എന്ന പേരില്‍ ഒരു സ്ഥലവും തമിഴ്നാട്ടിലില്ല. കേരളത്തില്‍ മലബാര്‍ അല്ലെങ്കില്‍ മധ്യ തിരുവിതാംകൂര്‍ എന്നെല്ലാം പറയുംപോലെ പ്രത്യേക മേഖലയെ ചൂണ്ടികാണിക്കാന്‍ ഉപയോഗിക്കുന്ന പേരാണിത്. ആദ്യകാല തമിഴ് സാഹിത്യത്തില്‍ ഇപ്പോഴത്തെ തമിഴ്നാടിനെ അഞ്ച് ഭാഗങ്ങളായി തിരിക്കുന്നുണ്ട്. അതിലൊന്നാണ് കൊങ്കുനാട്. തമിഴ്നാട്ടിലെ ഒരു പ്രധാന ജാതി വിഭാഗമായ ഗൗണ്ടര്‍ ഏറെയുള്ള പ്രദേശo. കേരളത്തോടും കര്‍ണാടകയോടും അതിര്‍ത്തി പങ്കിടുന്ന തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഏഴ് ജില്ലകള്‍ പൂര്‍ണമായും രണ്ട് ജില്ലകളുടെ ചില ഭാഗവും കൂടിച്ചേരുന്ന പ്രദേശം. പൊള്ളാച്ചി, കോയമ്പത്തൂർ, ഉഡുമലൈപേട്ട്, ധരപുരം, തിരുചെങ്കോട്, ഈറോഡ്, പളനി, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, അവിനാശി, സത്യമംഗലം, കരൂർ ജില്ലകളും ദിണ്ടിഗലിലേയും ധര്‍മപുരിയിലേയും കുറച്ച് ഭാഗവും കൊങ്കുനാടായി പരിഗണിക്കുന്നു. തമിഴ്നാട്ടിലെ ആഭ്യന്തര വരുമാനത്തിന്റെ വലിയ പങ്ക് കൊങ്കുനാട് മേഖലയിലെ ജില്ലകളില്‍ നിന്നാണ്. പ്രധാനപ്പെട്ട വ്യാപാര വ്യവസായശാലകള്‍ ഈ ജില്ലകളിലുണ്ട്. പ്രത്യേകിച്ച് നാമക്കലിലും സേലത്തും കോയമ്പത്തൂരും തിരുപ്പൂരും. ഒപ്പം കാര്‍ഷികകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങള്‍. ഈ കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ആണ് ഇതിന്‍റെ ചുമതല. എല്‍.മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാഡിഎംകെയുടെ ശക്തി കേന്ദ്രങ്ങളാണ് കൊങ്കു മേഖല. ബിജെപിക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള മേഖലയും കൊങ്കുനാടാണ്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ, ബിജെപി സഖ്യം കൊങ്കു മേഖലയില്‍ 33 സീറ്റുകള്‍ നേടിയിരുന്നു. അണ്ണാ ഡി.എം.കെയ്ക്ക് ഒപ്പം മത്സരിച്ച ബി.ജെ.പിക്കും ഈ മേഖലയില്‍നിന്ന് രണ്ട് സീറ്റ് ലഭിച്ചു. കൊങ്കുനാട്ടില്‍ നിലവിൽ പത്തു ലോക്‌സഭ മണ്ഡലലങ്ങളും, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ബി.ജെ.പി. ചുവടുറപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന സംസ്ഥാനം ഏത് എന്ന് ചോദിച്ചാല്‍ അതിന്റെ ആദ്യ ഉത്തരം തമിഴ്നാടാണ്. അണ്ണാ ഡി.എം.കെ. എന്ന എന്ന പ്രബല പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ട് പോലും നാല് സീറ്റില്‍ മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയിക്കാനായത്. അതില്‍ രണ്ടു പേര്‍ കൊങ്കുമേഖലയില്‍ നിന്നും. ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ കുറച്ചെങ്കിലും സ്വാധീനമുള്ളത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂര്‍ തലസ്ഥാനമായി പുതിയ സംസ്ഥാനമെന്ന വാദം ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആ ഭാഗത്തെ പാര്‍ട്ടി വളര്‍ച്ചയ്ക്ക് വേണ്ടിയാണ്. പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടാലുള്ള സാധ്യതകള്‍ വിശദീകരിച്ച് വോട്ട് ബാങ്കുകള്‍ രൂപീകരിക്കാമെന്നും ആന്തരിക പ്രശ്നങ്ങള്‍ അലട്ടുന്ന അണ്ണാ ഡി.എം.കെയില്‍ നിന്ന് ഗൗണ്ടര്‍ വിഭാഗത്തെ ഒപ്പം കൂട്ടാമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു. അധികാരത്തോട് എപ്പോഴും ഒട്ടി നിന്നിരുന്ന ഗൗണ്ടര്‍ വിഭാഗത്തിന് ഡി.എം.കെയെക്കാള്‍ താല്‍പര്യം അണ്ണാ ഡി.എം.കെയെ ആണ്. ചുരുക്കത്തില്‍ പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടില്ലെങ്കിലും അണ്ണാ ഡി.എം.കെയില്‍നിന്ന് വഴുതി മാറാനിടയുള്ള ഗൗണ്ടര്‍ വോട്ടുകള്‍ ഉറപ്പിക്കാം എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്.

കര്‍ണ്ണാടകം ഒഴികെ തെക്കേ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും എന്തെങ്കിലും സ്വാധീനം ചെലത്തുവാന്‍ ബിജെപിക്ക് നാളിതുവരെയായിട്ടും കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യന്‍ പാര്‍ട്ടി എന്ന പേരുദോഷം മാറ്റിയെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. തമിഴ്നാട് വിഭജനത്തിലൂടെ പുതുതതായി രൂപം കൊള്ളുന്ന കൊങ്കുനാട് സംസ്ഥാനത്തില്‍ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ സഹായത്തോടെ സംന്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുവാന്‍ കഴിയുമെന്നു ബിജെപി കരുതുന്നു. വടക്കേ ഇന്ത്യയില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലും മറ്റും ഉണ്ടായ പരാജയം മൂലം വടക്കേ ഇന്ത്യയില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ തെക്കേ ഇന്ത്യയില്‍ നേടിയാലേ ഭരണതുടര്‍ച്ച കൈവരിക്കുവാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു. അതോടൊപ്പം തന്നെ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനം തങ്ങളുടെ നിയന്ത്രണത്തില്‍ വരുന്നത് ബാലികേറാമലയായ കേരളത്തിലേക്ക് പാലക്കാടന്‍ ചുരത്തിലൂടെയുള്ള കടന്നുകയറ്റo സുഖമമാക്കും എന്നും ബിജെപി കണക്കുകൂട്ടുന്നു.

ഭാഷയുടേയും സംസ്കാരത്തിന്‍റേയും കാര്യത്തില്‍ ഏറ്റവും വൈകാരികമായി സമീപിക്കുന്ന ജനതയാണ് തമിഴ് ജനത. ആ ജനതയെ വിഭജിക്കുമെന്നുള്ള കിംവദന്തി പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അറുപതുകളില്‍ തമിഴിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്ന തോന്നല്‍ ആ ജനതയ്ക്കുണ്ടായപ്പോള്‍ അതൊരു വലിയ പ്രക്ഷോഭമായി പൊട്ടിപ്പുറപ്പെടുകയും നിരവധി പേര്‍ ഭാഷയ്ക്ക് വേണ്ടി പൊരുതി മരിക്കുകയും ചെയ്ത് മണ്ണാണ് തമിഴ്നാടിന്റേത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭമെന്ന് ചരിത്രം ആ സമരത്തെ അടയാളപ്പെടുത്തി. ആ പ്രക്ഷോഭത്തില്‍ കുത്തിയൊലിച്ചു പോയ കോണ്‍ഗ്രസ്സിന് പിന്നീട് ആ മണ്ണില്‍ കാലുറപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും ‘തമിഴ്നാട് പദ്ധതിയായ ‘കൊങ്കുനാടു’ മായി അവര്‍ മുന്നോട്ടുതന്നെ പോവുകയാണെങ്കില്‍ വടക്കേ ഇന്ത്യയില്‍ അരങ്ങേറിയ കര്‍ഷകസമരത്തിന് സമാനമായ പ്രക്ഷോഭത്തിന് രാജ്യത്തിന്റെ തെക്കേയറ്റവും സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. പക്ഷെ, അത് കര്‍ഷകസമരം പോലെ സമാധാനപൂര്‍ണ്ണം ആയിരിക്കുമെന്ന് കരുതുക വയ്യ. അറുപതുകളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസാണ് ഒലിച്ചു പോയത് എങ്കില്‍ ഇത്തവണ ആരെല്ലാം ഒലിച്ചു പോകുമെന്ന് കാത്തിരുന്നു കാണാം.

കാറ്റുവിതച്ച് കൊടുംങ്കാറ്റ് കൊയ്യരുത്…. https://www.pravasabhumi.com/?p=10077

Pravasabhumi Facebook

SuperWebTricks Loading...