പൂങ്കാവന നഗരത്തിലൊരു കോവിഡ് കാലം…

Print Friendly, PDF & Email

വല്ലാത്തൊരു മൗനമാണിപ്പോൾ ബാംഗളൂർ നഗരത്തിന്. കര കവിഞ്ഞ നദിപോലെ ഒഴുകിയിരുന്ന റോഡുകൾ.. ആഘോഷപൂരിതമായിരുന്ന മാളുകളും പബ്ബുകളും.. ആധുനികതയുടെ പ്രൗഡ വിസ്മയങ്ങളായിരുന്ന ഐടി ഹബ്ബുകൾ.. പച്ച പുതച്ച് മനോഹരിയായി നിന്നിരുന്ന പാർക്കുകൾ.. സമയമില്ലായ്മകളെ കുത്തിനിറച്ച് പ്രൗഡമായി ഒഴുകി നീങ്ങിയ മെട്രോ ട്രെയിനുകൾ.. യൗവ്വനാഭകളെ ദൃഡമാക്കുവാൻ പുലർച്ചെ ഉണർന്നിരുന്ന ജിമ്മുകൾ.. ജോഗേഴ്സ് ട്രാക്കുകൾ..ഒരു വറുതിക്കാലത്തിന്റെ നിസ്സഹായതകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ എല്ലാം നിശബ്ദമായത് എത്ര പെട്ടെന്നായിരുന്നു !!

കർണ്ണാടകയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത മാർച്ച് മാസം.. പിന്നാലെയെത്തിയ ലോക്ഡൗൺ . അക്ഷരാർത്ഥത്തിൽ പകച്ചു പോയി ബാംഗളൂർ. കടകൾ അടഞ്ഞു. തുറന്ന കടകളിലാവട്ടെ , സാധനങ്ങൾ മിക്കതും കിട്ടാനില്ല. ക്ഷാമമാകുമോ എന്ന് ഭയന്നു പോയ ദിവസങ്ങൾ.. അപ്പാർട്ട്മെന്റ്കളിൽ വേസ്റെറടുക്കാൻ ആരും വരാതെ കുമിഞ്ഞ് കൂടിക്കിടന്ന് ആഴ്ചകളോളം നാററം വമിച്ചു. ദിവസക്കൂലിക്കാർ പണിയില്ലാതെ വലഞ്ഞു. കടത്തിണ്ണയിൽ അന്തിയുറങ്ങുന്നവർ മുൻപത്തേക്കാൾ അരക്ഷിതരും നിസ്സഹായരുമായി.സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യാതെയും , അഥവാ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽത്തന്നെ അത് ജനം അറിയാതെയുമിരുന്നു. എവിടെയൊക്കെയാണ് കേസുകൾ ഉളളത്.. ഏതൊക്കെയാണ് അപകട മേഖല , എന്തൊക്കെ മുൻകരുതലാണ് കൈക്കൊളേളണ്ടത് … ആർക്കും ഒന്നും അറിയില്ല. ആകെ അറിയുന്നത് , ‘പുറത്ത് പോയാൽ പോലീസ് അടിക്കും ‘ എന്നത് മാത്രം… നിത്യോപയോഗ സാധനങ്ങൾ പോലും കിട്ടാതെ വലഞ്ഞു പോയ, തീർത്തും അരക്ഷിതമായ ഭീതിയുടെ നാളുകൾ.. ശരിക്കും നാഥനില്ലാ കളരി പോലെ ഒരു സംസ്ഥാനം !

പിന്നാലെയാണ് വാർത്തകൾക്ക് ചൂടേറുന്നത് . ആരോഗ്യ മന്ത്രിക്ക് കോവിഡ് , മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്, വനം മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കോവിഡ് , മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും പിന്നെ കോവിഡിൽ കേരളത്തെ ഒററപ്പെടുത്തി കേരളാ അതിർത്തി മണ്ണിട്ടടച്ച മുഖ്യമന്ത്രിക്ക് വരെയും കോവിഡ് ! പൂർത്തിയായി ! കാറന്റൈൻ , ആശുപത്രി റൂം വാടക , ഡോക്ടർ ഫീ, അവർ ധരിക്കുന്ന PPE കിററുകളുടെ വില, ടെസ്ററുകളുടെ ചാർജ്ജ്, ഭക്ഷണത്തിന്റെ ചെലവ്, ആംബുലൻസിന്റെ ചാർജ്ജ് … ഇങ്ങനെ കോവിഡിന്റെ ഭാരിച്ച ചികിത്സാ ചെലവും സാമാന്യ ജനത്തിന് താങ്ങാനാവാത്തതായി. ഒരു ഫ്രീയും ഉണ്ടായില്ല. ഇതിനിടയിൽ ഒരു ദിവസം റേഷൻ വന്നെന്നറിഞ്ഞു. ഞങ്ങളുടെ അപ്പാർട്ട്മെൻറിന് തൊട്ടടുത്താണ് റേഷൻ കട. ജനലിലൂടെ കാണാവുന്ന ദൂരത്തിൽ. പട്ടിണി കിടന്ന ജനം പാഞ്ഞെത്തി . കോവിഡിനെയും അതു പരത്തിയ ഭീതിയെയും മറന്ന് അവർ പട്ടിണിയോടു പോരാടുന്നവരായി . പത്തിരുന്നൂറു മീറററോളം നീളത്തിൽ ഉന്തും തളളും.. ഒരു പോലീസ് അവിടവിടെയായി നടന്ന് ആക്രോശിക്കുകയും ആരുടെയൊക്കെയോ പിന്നിൽ അടി വീഴുകയും ചെയ്യുന്നു.. കണ്ണു നിറഞ്ഞു വന്നപ്പോൾ ജനലടച്ചു കളഞ്ഞു ഞാൻ… തിരക്കു കുറഞ്ഞൊരു ദിവസം ഞങ്ങളും വാങ്ങി റേഷൻ. അരി, ഒരു കിലോ തുവരപ്പരിപ്പ്, ഒരു ലിററർ പാമോയിൽ, ജീരകത്തിന്റെയും കടുകിന്റെയും ഓരോ ചെറിയ പാക്കററ് . എല്ലാത്തിനും കൂടി ഇരുന്നൂറ് രൂപ. അരി സൗജന്യമാണത്രേ… (ഭാഗ്യം ).

ലോക്ഡൗൺ കഴിഞ്ഞു. മററു സംസ്ഥാനങ്ങളിലുളള തൊഴിലാളികളുടെ മടക്ക യാത്രയാണ്.. സർക്കാർ അനുവദിച്ച ബസുകളിൽ(സൗജന്യമല്ല ) ഒരു സാമൂഹിക അകലവുമില്ലാതെ തിക്കിത്തിരക്കിയും ഡോറിൽ ഞാന്നു കിടന്നും ആയിരക്കണക്കിന് തൊഴിലാളികൾ ബാംഗളൂർ വിട്ടു..

ഇതിനിടയിലാണ് മോൾക്ക് വാക്സിൻ എടുക്കാൻ അടുത്തുളള ഹെൽത്ത് സെന്ററിൽ പോകുന്നത്. ലോക്ഡൗൺ കാരണം വാക്സിൻ സമയത്ത് എടുക്കാൻ കഴിയാതിരുന്നതാണ് . രണ്ടു തവണ പോയപ്പോഴും തിരക്ക് കാരണം ടോക്കൺ കിട്ടാതെ തിരികെ വന്നു. മൂന്നാമത്തെ തവണ പുലർച്ചെ ആറുമണിക്കേ ഭർത്താവ് പോയി ക്യൂ നിന്നു. ടോക്കൺ എടുത്തിട്ട് എന്നെയും മക്കളെയും വിളിക്കാൻ വരാമെന്ന് പറഞ്ഞാണ് പോയത് . മുന്നിൽ പതിനഞ്ച് പേരുണ്ട്. പത്തുമണിക്ക് സെന്റർ തുറന്നു. ക്യൂ നീങ്ങി നീങ്ങി കൗണ്ടറിനടുത്തെത്തിയപ്പോൾ അവർ ടോക്കൺ കൊടുക്കുന്നില്ല. ക്യൂവിൽ വാക്സിൻ എടുക്കേണ്ട കുഞ്ഞും ഉണ്ടെങ്കിലേ ടോക്കൺ കൊടുക്കുകയുളളത്രേ ! അതായത് , കൊച്ചുവെളുപ്പാൻ കാലത്ത് ക്യൂ കൗണ്ടറിലെത്തുമ്പോൾ മുതൽ അവരുടെ ഊഴമെത്തുന്ന നീണ്ട മണിക്കൂറുകൾ, ഈ കൊറോണക്കാലത്ത് ഈ പിഞ്ചു കുഞ്ഞുങ്ങൾ ആശുപത്രി മുററത്ത് കാത്തിരിക്കണമത്രേ… അഞ്ചു മാസമായ എന്റെ മകൾ.. നവജാത ശിശുക്കൾ വരെ ! എത്ര അപേക്ഷിച്ചിട്ടും അവർ ടോക്കൺ തന്നില്ല. അവസാനം കൊച്ചിനെ കൊണ്ടുവരൂ,. നിങ്ങളുടെ ടോക്കൺ മാററിവക്കാം എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ കുഞ്ഞിനെയും കൊണ്ട് പിടച്ചോടി ചെന്നപ്പോൾ ടോക്കൺ കഴിഞ്ഞു. അവർ ടോക്കണൊന്നും മാററി വച്ചിരുന്നില്ല. ചോദിച്ചപ്പോൾ അവർ വല്ലാതെ ശബ്ദമുയർത്തി ശകാരിക്കുകയാണ് . ഞാനാണെങ്കിൽ കരച്ചിലിന്റെ വക്കിലാണ് .. ഒടുവിൽ , രണ്ടു മക്കൾക്ക് ടോക്കൺ കിട്ടിയ ഒരു നല്ല മനുഷ്യൻ അയാളുടെ ഒരു ടോക്കൺ ഞങ്ങൾക്ക് തന്നു. അപരിചിതനായ ഒരു ദൈവം ! വാക്സിൻ എടുക്കേണ്ട കുഞ്ഞുങ്ങൾ ഉൾപ്പെടെ നിറയെ ആളുകൾ. ഇടക്കിടെ അവർ വന്ന് അകലമിട്ട് ഇരിക്കൂ എന്നൊക്കെ ശാസിക്കുന്നുണ്ട് . എവിടെയാണ് ഈ അകലമിട്ട് ഇരിക്കേണ്ടതെന്ന് അറിയാമോ ? നിലത്ത് ! അതേന്നേ…. വെറും നിലത്ത്.

ലോക്ഡൗൺ ഒക്കെ കഴിഞ്ഞപ്പോ കരണ്ട് ബില്ല് വന്നു. സ്ഥിരമായി വരാറുളളതിന്റെ ഏതാണ്ട് നാലിരട്ടി തുക ! അന്വേഷിച്ചപ്പോൾ ഏതാണ്ടെല്ലാവർക്കും അങ്ങനെ തന്നെയാണ് . ഒരു ചോദ്യമോ വിമർശനമോ ജനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സർക്കാരും ഒന്നും മിണ്ടിയില്ല.. ടാക്സി ഡ്രൈവർമാർക്കും, ബാർബർമാർക്കും അയ്യായിരം രൂപവച്ച് കർണ്ണാടക സർക്കാർ കൊടുക്കുന്നെന്ന് മലയാളത്തിൽ ഒരു പോസ്ററർ ഫേസ്ബുക്കിൽ കണ്ടാണ് പരിചയമുളള ബാർബർ, ഡ്രൈവർ ഇവരോട് അന്വേഷിച്ചത്.. അങ്ങനെയൊന്ന് അവരും എവിടെയോ കേട്ടുവെന്ന് അതിലൊരാൾ പറഞ്ഞു. ആധാർ കാർഡ്, പാൻ കാർഡ് ഇൻകം സർട്ടിഫിക്കററ് .. അങ്ങനെ ഈ കൊറോണക്കാലത്ത് പററാത്ത എല്ലാ രേഖകളും കൊണ്ട് എവിടെയോ ഹാജരാക്കണമതേ.. എവിടെയെന്ന് പുളളിക്കും അറിയില്ല. അഥവാ അറിഞ്ഞാലും ഇത്രയൊക്കെ സംഘടിപ്പിച്ച് ഹാജരാക്കാൻ നിന്നാൽ കൊറോണ പിടിച്ച് ചാവുകയും ചെയ്യും. അതുകൊണ്ട് ആ അയ്യായിരം മോദീടെ പതിനഞ്ച് ലക്ഷത്തിന്റെ കൂടെ ബാങ്കിൽ കിടക്കട്ടേന്ന് പുളളിയങ്ങ് വിചാരിച്ചു.ഇപ്പോൾ, കോവിഡ് ഇവിടെയാരും സർക്കാരിൽ റിപ്പോർട്ട് ഒന്നും ചെയ്യാറില്ല. റിപ്പോർട്ട് ചെയ്തിട്ടും വലിയ കാര്യവുമില്ല. ഇങ്ങനെ ഹെൽത്ത് കാരും ഡോക്ടറും ഒക്കെ മാറിമാറി വിളിച്ച് ക്ഷേമമന്വേഷിക്കുന്ന പരിപാടിയൊന്നും ഇവിടില്ലല്ലോ..കോവിഡ് ആണെന്ന് കണ്ടാൽ പാരസെററാമോളും സിട്രിസിനും വാങ്ങിവച്ച് വീടടച്ചിരിക്കും . അത്രതന്നെ.

അങ്ങനെയങ്ങനെ കൊറോണക്കാലം പിന്നിടുമ്പോൾ ഏതാണ്ട് നാലര ലക്ഷത്തോളം ജനങ്ങൾ ബാംഗളൂർ നഗരം വിട്ടുപോയി..വർണ്ണാഭമായും ശബ്ദ മേളങ്ങളോടെയും ആഘോഷിക്കപ്പെടുമായിരുന്ന വിനായക ചതുർത്ഥി , കന്നഡ രാജ്യോത്സവ , നവരാത്രി , ദീപാവലി എല്ലാം നിറം കെട്ടും മൗനമായും കടന്നുപോയി..

ഈ ബാംഗളൂർ നഗരത്തിലിരുന്നാണ് ഞാൻ, കേരളാ മുഖ്യമന്ത്രി കൃത്യമായി വിവരിച്ച , കേരളത്തിലെ കോവിഡ് കണക്കുകൾ ടി വിയിൽ കണ്ടത്..Break the chain എന്ന, സർക്കാർ നേതൃത്വം കൊടുത്ത വ്യാപക കാംമ്പയിനും .. അത് ജനങ്ങൾക്ക് നൽകിയ അവബോധവും തിരിച്ചറിഞ്ഞത്..ലോക്ഡൗൺ തുടങ്ങിയതും , ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന് പറഞ്ഞ് സമൂഹ അടുക്കളകൾ തുടങ്ങിയ ഏകസംസ്ഥാനമായി കേരളം മാറിയതറിഞ്ഞ് വിസ്മയിച്ചത് .. റേഷൻ കാർഡ് നമ്പർ ക്രമത്തിൽ അകലത്തിൽ വട്ടം വരച്ച് കസേരയിട്ടിരുത്തി റേഷൻ നൽകുന്ന മനോഹര ചിത്രം വാർത്തകളിൽ കണ്ടത്..പാസ് കൊടുത്ത് യാത്രികരെ പോലീസ് സംയമനത്തോടെ നിയന്ത്രിക്കുന്ന കാഴ്ചയും കേരളത്തിന്റേത് മാത്രമായിരുന്നു .വറുതിയുടെ കാലത്തെ ഭക്ഷ്യ കിററുകൾ, ഓണക്കാലത്ത് അതി സമൃദ്ധമായ ഓണക്കിററ് .. ആ കാഴ്ചകൾക്ക് പകരം വക്കാൻ വേറൊരു സംസ്ഥാനത്തിനും ഒന്നുമില്ല തന്നെ. സൗജന്യ ക്വാറന്റീൻ.. സൗജന്യ ചികിത്സ.. സൗജന്യ ഭക്ഷണം… സൗജന്യ ടെസ്ററുകൾ… കൊറോണ ബാധിച്ചവരെ ആംബുലൻസ് വന്ന് കൊണ്ടുപോകുന്നതു മുതൽ അവർ ഭേദമായി തിരികെയെത്തുന്നത് വരെയുളള സൗജന്യ സർക്കാർ സംരക്ഷണം…വൃത്തിയും വെടിപ്പുമുളള ക്വാറന്റൈൻ കേന്ദങ്ങൾ.. അവിടെ ലഭിക്കുന്ന മികച്ച ഭക്ഷണവും സൗകര്യങ്ങളും ..ഫസ്ററ് ലൈൻ ട്രീററ്മെന്റ് സെന്റർ എന്ന ഇന്റലിജന്റ് ഐഡിയ .. ഇവയൊക്കെ ഏതു സംസ്ഥാനത്തിന് അവകാശപ്പെടാനാവും കേരളമല്ലാതെ!.

എത്ര പെട്ടെന്നാണ് കേരളത്തിൽ നിരവധി കോവിഡ് ആശുപത്രികൾ രൂപം കൊണ്ടത് ! എത്ര പെട്ടെന്നാണ് വാർഡുകളും കിടക്കകളും സജ്ജമായത് ! കരണ്ട് ബില്ല് കൂടുതൽ വന്നതിന് ചോദ്യം ചെയ്ത ഏക ജനത കേരളത്തിലേതാണ്. .വിശദീകരണം നൽകുകയും അടുത്തതവണ പരിഹരിക്കുകയും ചെയ്ത സംസ്ഥാനവും കേരളം മാത്രം! മഹാമാരിയിൽ പകച്ചു നിന്നതേയില്ല കേരളം. കർമ്മ നിരതമായി.. അതി സങ്കീർണ്ണമായ കുരുക്കുകളെ റൂട്ട് മാപ്പ് വച്ച് അഴിച്ചെടുത്ത് വയോവൃദ്ധരെ വരെ രക്ഷപെടുത്തി! അങ്ങനെ കൊച്ചുകേരളത്തിന്റെ കോവിഡ് പോരാട്ടം ലോകശ്രദ്ധ നേടി .. രോഗവ്യാപന നിരക്ക് കൂടിയപ്പോഴും മരണ നിരക്ക് കൂടാതെ കേരളം പോരാടി നിന്നു. ഇതിനിടയിലും മുടങ്ങിയില്ല ക്ഷേമ പെൻഷനുകൾ.., ലൈഫ് പദ്ധതിയിലൂടെയുളള വീട് നൽകൽ, ഗെയിൽ പോലെയുളള അനേകം വികസന മുന്നേററങ്ങൾ… ഇപ്പോൾ ദേ.. ക്ഷേമ പെൻഷൻ പിന്നെയും കൂട്ടിയിരിക്കുന്നു ! ഇങ്ങനെയൊക്കെയാകാൻ കേരളത്തിനേ കഴിയൂ.. ലോകം ഇതൊക്കെ കാണുന്നുണ്ട്..വിലയിരുത്തുന്നുമുണ്ട്. കൂടെ ഞങ്ങൾ അന്യനാട്ടുകാരും . അഭിമാനത്തോടെ .. തെല്ലൊരസൂയയോടെ ..

Article by – സലജ മാധവൻ മഞ്ജുനാഥ്

Pravasabhumi Facebook

SuperWebTricks Loading...