മഹാകവി കുമാരനാശാന്റെ ഓർമ്മകൾക്ക് 100 വർഷം.

Print Friendly, PDF & Email

മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന മഹാകവി കുമാരനാശാന്റെ ഓർമ്മകൾക്ക് 100 വർഷം. മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കംകുറിച്ച, കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി കവിതകൾ രചിച്ച ആധുനിക കവിത്രയത്തിലൊരാളായ… മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്ന, 20-ാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ കേരളത്തെ ഇന്ന് കാണുന്ന നവകേരളമാക്കി മാറ്റിയതിൽ നിസ്തുലമായ പങ്കു വഹിച്ച ആളുകളിൽ പ്രഥമ ഗണനീയനായ മഹാകവി എൻ. കുമാരനാശാൻ. കവിതയുടെ മാർഗ്ഗങ്ങളിലൂടെ മാത്രം ആയിരുന്നില്ല കേരള നവോത്ഥാനത്തിൽ അദ്ദേഹം പങ്കാളിയായതോടെ ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

കേരളത്തെ ഇരുത്തി ചിന്തിപ്പിച്ച അന്നത്തെ സാമൂഹിക പശ്ചാത്തലത്തിലെ മുഴുവൻ തെറ്റുകളും ചൂണ്ടിക്കാണിച്ച മഹാകവി, ശ്രീനാരായണ ഗുരുദേവന്റെ ദർശനം ജനങ്ങളിലേക്ക് എത്തിച്ച വത്സലശിഷ്യൻ, തീപ്പൊരി പാറുന്ന മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അനീതിക്കെതിരെ അനീതിക്കെതിരെ പട നയിച്ച പത്രാധിപർ, സാമൂഹ്യത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യുവാൻ വാക്കുകൾ കൊണ്ട് മിന്നൽ പിണർ സൃഷ്ടിച്ച പ്രാസംഗികൻ, എല്ലാത്തിനുമുപരി SNDP യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി.

“സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ!”

കുമാരനാശാൻെറ നളിനിയിലെ പ്രശസ്തമായ ഈ വരികൾ വിദ്യാഭ്യാസകാലം മുതൽ നാം കേൾക്കാൻ തുടങ്ങിയതാണ്.

പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12 ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിൽ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും അധികകാലം തുടരാനായില്ല. കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ അവിടെ 2-ാം ക്ലാസ്സിൽ ചേർന്ന്​ പഠനം തുടർന്നു. സ്കൂളിന്റെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ്​ കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്​.

1887ൽ തൻെറ 14-ാം വയസ്സിൽ 4-ാം ക്ലാസ് വിജയിച്ച കുമാരന്​ അതേ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചെങ്കിലും പിന്നീടദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും മറ്റും ജോലികൾ നോക്കി. ഈ കാലത്ത് കെ.എൻ കുമാരൻ, കുമാരു, കായിക്കര കെ.എൻ കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിൽ
കവിതകൾ രചിച്ചിരുന്നു.

‘കോട്ടാറൻ കസവിട്ട മുണ്ട്’ എന്നു തുടങ്ങുന്ന ഓണ വർണ്ണനയാണ് കുമാരനാശാ​ന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകവിത. നാട്ടിലെ ഓണാഘോഷത്തെക്കുറിച്ച് ‘ഉഷ കല്യാണം’ എന്നൊരു നാടകവും എഴുതിയിരുന്നു. സംസ്കൃതപണ്ഡിതനായ മണമ്പൂർ വാഴാംകോട്ട് ഗോവിന്ദനാശാൻ നെടുങ്കണ്ടയിൽ എത്തുകയും വിജ്ഞാന സന്ദായിനി എന്നപേരിൽ പാഠശാല ആരംഭിക്കുകയും ചെയ്തപ്പോൾ കുമാരനാശാൻ അവിടെ വിദ്യാർഥിയായി. വള്ളി വിവാഹം (അമ്മാനപ്പാട്ട്), സുബ്രഹ്മണ്യ ശതകം (സ്തോത്രം), ഉഷാ കല്യാണം (നാടകം) എന്നിവ ഇക്കാലത്താണ് രചിച്ചത്. ഏകദേശം 20 വയസ്സുള്ളപ്പോൾ കുമാരൻ വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അന്തേവാസിയാവുകയും മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്​തു. അക്കാലത്ത് ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച്​ സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ്​ കുമാരൻ ‘കുമാരനാശാൻ’ ആയത്​.1891ൽ കുമാരനാശാനും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്​ച ആശാൻ്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. കുമാരനിലെ പ്രതിഭയെ മനസിലാക്കിയ ഗുരു അദ്ദേഹത്തെ അരുവിപ്പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കുമാരനാശാൻ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഗുരു ബാംഗ്ലൂരിലേക്കയച്ച കുമാരനാശാൻ ഡോക്ടർ പൽപുവിനെ പരിചയപ്പെട്ടു. ഡോ.പൽപുവിൻെറ സ്വാധീനത്തിൽ ബാംഗ്ലൂർ ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ പഠിക്കാനുള്ള അവസരം കുമാരനാശാന് ലഭിച്ചു. പിന്നീട് ബംഗാളി ഭാഷയിലും ഇംഗ്ലീഷിലും അവഗാഹം നേടി. അരുവിപ്പുറത്ത് തിരിച്ചെത്തിയ ആശാൻ പിന്നീട് ഗുരുവിന്റെ പ്രവർത്തനങ്ങളിൽ സഹായിയായി. ശ്രീനാരായണ ഗുരുവിൻറെ സ്വാധീനം ആശാനെ വേദാന്തിയാക്കി. മൃത്യുഞ്ജയവും വിചിത്ര വിജയവും ആശാൻ അക്കാലത്ത് എഴുതിയ രണ്ട് നാടകങ്ങളാണ്.

“ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻെറ- യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ”

ആശാൻെറ ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യത്തി​ലെ വരികളാണിത്​. ഒരു പൂ വിരിയുന്നത്​ മുതൽ കൊഴിഞ്ഞു പോകുന്നത്​ വരെയുള്ള സമയത്തെ കുറിച്ചുകൊണ്ട്​ മനുഷ്യജീവിതത്തിൻെറ നേർചിത്രമാണ്​ അദ്ദേഹം വീണ പൂവിലൂടെ പകർന്ന്​ തരുന്നത്​. 1907ൽ മിതവാദി പത്രത്തിലും തുടർന്ന്​ ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചുവന്ന ഈ കൃതിയിൽ 41 ശ്ലോകങ്ങളാണു​ള്ളത്​.

”പഴകിയ തരുവല്ലി മാറ്റിടാം പുഴയൊഴുകുംവഴി വേറെയാക്കിടാം കഴിയുമവ മനസ്വിമാർ മനസ്സൊഴിവത ശക്യമൊരാളിലൂന്നിയാൽ”

1914 ൽ ആശാൻ രചിച്ച ലീല എന്ന കൃതിയിലെ വരികളാണിത്​. ദിവ്യ പ്രണയത്തിൻെറ ഉദാത്ത ഭാവത്തെ ഉയർത്തി പിടിക്കുന്ന കൃതിയാണ്​ ലീല. മാംസ നിബന്ധമല്ലാത്ത പ്രണയത്തിൻെറ വിശുദ്ധതയാണ്​ ലീലയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്​. “ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം” എന്ന വരികളിൽ തന്നെ പ്രണയം ശരീരത്തിലല്ല ആത്മാംശത്തിൻെറ ഭാഗമാണെന്ന വലിയ സന്ദേശമാണ്​ കുമാരനാശാൻ നൽകുന്നത്​. മരണത്തിൽ അവസാനിക്കുന്നതല്ല സ്​നേഹമെന്ന സത്യമെന്ന്​​ കുമാരനാശാനെന്ന സ്നേഹഗായകൻ അടിവരയിടുന്നു. ജാതീയത കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ അവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും താക്കീത്​ നൽകുകയുമാണ്​ ആശാൻെറ ‘ദുരവസ്ഥ’.

”തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ”

”മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ കാലം വൈകിപ്പോയി, കേവലമാചാര- നൂലുകളെല്ലാം പഴകിപ്പോയി, കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല- പ്പെട്ട ചരടിൽ ജനത നിൽക്കാം. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ .”
…… തുടങ്ങി അനാചാരങ്ങൾക്കെതിരെ ആശാൻ എഴുതിയ വരികൾ ഇന്നും പല കാര്യങ്ങളിലും പ്രസക്തമാ​ണ്. വീണപൂവ് (1907), ഒരു സിംഹപ്രസവം (1908),നളിനി (1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയിൽ (1918), പ്രരോദനം (1919), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), ചണ്ഡാലഭിക്ഷുകി (1922), കരുണ (1923) എന്നിവ അദ്ദേഹത്തിൻെറ പ്രധാന കൃതികളാണ്​. കുട്ടിയും തള്ളയും, കൊച്ചുകിളി, പൂക്കാലം, മിന്നാമിനുങ്ങ്, അമ്പിളി, കർഷകന്റെ കരച്ചിൽ എന്നിവ അദ്ദേഹത്തിൻെറ ലഘുകാവ്യങ്ങളിൽ ചിലതാണ്​​. 1924 ജനുവരി 16 ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51-ാം വയസ്സിൽ ലോകത്തോട്​ വിട പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കാനുള്ള അപൂർവ്വ കഴിവ് സിദ്ധിച്ച മലയാള സാഹിത്യത്തിൽ ഒരു പിടി ക്ലാസിക്കുകൾ സമ്മാനിച്ച മഹാകവി കവിയുടെ പ്രാണൻ എല്ലാവരെയും കണ്ണീരണിയിച്ചുകൊണ്ടാണ് പല്ലനയാറിന്റെ ആഴങ്ങളിൽ വിലയം പ്രാപിച്ചത്.

Pravasabhumi Facebook

SuperWebTricks Loading...