അപമാന ഭാരംകൊണ്ട് കുനിഞ്ഞ ശിരസ്സുമായി ക്രൈസ്തവര്‍.

Print Friendly, PDF & Email

അപമാന ഭാരംകൊണ്ട് ശിരസ് കുനിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവര്‍. അഭയ വധക്കേസിലെ പ്രതികളായ വൈദികനും കന്യാസ്ത്രീക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നു.
ഇവിടെ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തിനുളളില്‍, കേരളത്തില്‍ 20 ഓളം കന്യാസ്ത്രീകള്‍ മഠങ്ങളിലെ കിണറുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവരെങ്ങനെ മരിച്ചു, ആത്മഹത്യ ചെയ്തതാണെങ്കില്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നൊരു അന്വേഷണം നടത്തേണ്ടതല്ലേ?

stefi-nw.jpg
സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍

കുറ്റകരമായ മൗനം അതിലുണ്ട്. ക്രൈസ്തവ സഭാ നേതൃത്വമാണ് ഈ നിശബ്ദതയിലൂടെ ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നത്. ബലാത്സംഗ ആരോപിതനായ ഒരു ബിഷപ്പ് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയാണ്, അദ്ദേഹത്തെ എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നില്ല. 28 വര്‍ഷമായി അഭയയാണ് സമൂഹത്തില്‍ വേട്ടയാടപ്പെടുന്നത്. ഈ കേസിലെ പ്രതികളും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരുമായ വൈദികനെയും കന്യാസ്ത്രീയെയും എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നില്ല?. ആരാണ് കുറ്റക്കാര്‍?

abhaya  .jpg
അഭയയുടെ മൃതദേഹം കണ്ടെത്തിയ കോൺവെന്‍റിലെ കിണർ

അഭയ കേസ്​ വിധിയെ രണ്ടുതരത്തില്‍ നോക്കിക്കാണാം. വിധി വരാന്‍ 28 വര്‍ഷം വൈകിയെന്നത് പ്രാഥമികമായി ഒരു ജനാധിപത്യ സംവിധാനത്തിന്റെ വീഴ്ചയാണ്.ഒരു മതനേതാവോ, സമുദായ നേതാവോ രാഷ്ട്രീയ നേതാവോ സമൂഹത്തില്‍ സ്വാധീനമുള്ളവരോ ആയ ആളുകള്‍ ഒരു കേസില്‍ പ്രതിയായി വന്നാല്‍, ആ കേസില്‍ നീതി വൈകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പരാജയമാണ്. കേരളത്തിലെ കത്തോലിക്കാ സഭയിലെ പരമാദ്ധ്യക്ഷനെതിരെ 17 കേസുകളാണ് കോടതിയിലുള്ളത്. ആ കേസിന്റെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. എന്നു പറഞ്ഞാല്‍ അതില്‍ ആരാണ് തെറ്റുകാര്‍?. സഭയല്ലല്ലോ. സഭയും സഭയുടെ ആള്‍ക്കാരുമല്ലല്ലോ അയാളെ അറസ്റ്റു ചെയ്യേണ്ടത്, അന്വേഷണം നടത്തേണ്ടത്. കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ ഒരു മെത്രാന്‍ തന്നെ പ്രതിയായി നില്‍ക്കുന്നു. ബിഷപ്പ് ഫ്രാങ്കോ. പ്രസ്തുത കേസില്‍ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാന്‍ വൈകിയതുകൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്തിട്ടുവേണം നീതി കിട്ടാന്‍ എന്നുവന്നാല്‍ അവിടുത്തെ നിയമവാഴ്ചയ്ക്ക് എന്തു പ്രസക്തി?
മതനേതൃത്വത്തിനും സമുദായ നേതൃത്വത്തിനും കീഴടങ്ങി നില്‍ക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് നമ്മള്‍ ഇവിടെ കാണുന്നത്. ആദ്യം പഴി പറയേണ്ടത് ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെ താങ്ങിനിര്‍ത്തുന്ന, ഭരണണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയുമാണ്.

abhaya
അഭയ താമസിച്ചിരുന്ന കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്. ഈ കോണ്‍വെന്റിലെ കിണറ്റിലായിരുന്നു അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടാമത്തെ കാര്യം സഭ സമൂഹത്തിനു മുമ്പില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുന്നു എന്നതാണ്. 28 വര്‍ഷമായി അഭയ കേസ് നടക്കുമ്പോഴും ഇതിലെ കുറ്റാരോപിതര്‍ ധാര്‍മികതയും ആത്മീയതയും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളായി ആ സ്ഥാനത്ത് തുടരുന്നു എന്നതാണ് അതിനേക്കാള്‍ ഭീകരമായത്. കന്യാസ്ത്രീയെ പീഢിപ്പിച്ച വൈദികശ്രേഷ്ഠന്‍ ഇപ്പോഴും രൂപതയെ നയിച്ചുകൊണ്ടിരിക്കുന്നു. കന്യാസ്ത്രീയില്‍ കുഞ്ഞിനെ ജനിപ്പിച്ച മറ്റൊരു വൈദികന്‍ ആ ശിശുവിനെ സഭയുടെ തന്നെ അനാഥശാലയിലാക്കി മറ്റൊരു രൂപതയില്‍ ധ്യാനഗുരുവായി വിശ്വാസികളെ ആത്മീയത പഠിപ്പിച്ചുകൊണ്ടിരിക്കുന്നു…

protest
കന്യാസ്തീയ്ക്കെതിരായ ലെെംഗികാതിക്രമക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരo

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിലാണെങ്കിലും; അഭയ കേസിലാണെങ്കിലും; മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍
പിഞ്ചുകുഞ്ഞിനെ അനാഥനാക്കിയ പുരോഹിതന്‍റെ കാര്യത്തിലാണെങ്കിലും – അത് മെത്രാനായിരിക്കാം… വൈദികനായിരിക്കാം – സഭാ നേതൃത്വം എന്നും പൗരോഹിത്യത്തിനൊപ്പം അചഞ്ചലമായി നിലകൊള്ളുന്നു. അവിടെ പീഢിതരുടെ കണ്ണുനീരിനോ, നീതിക്കോ, സത്യത്തിനോ ഒരു വിലയും കല്പിക്കപ്പെടുന്നില്ല.

കുറ്റാരോപിതനായാല്‍, ക്രിമിനല്‍ കേസില്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ക്കു പോലും ആ സ്ഥാനത്തുനിന്ന് മാറി നിന്നേ പറ്റൂ. അല്ലാതെ ജനം സമ്മതിക്കില്ല. ഒരു കോര്‍പ്പറേറ്റ് സ്ഥാപന മേധാവിക്കെതിരെ വെറും ഒരു തൂപ്പുകാരിയുടെ പരാതിയില്‍ പോലും പ്രാഥമികാന്വേഷണത്തില്‍ തെറ്റുകാരനാണെന്നു കണ്ടാല്‍ അവരെ മാറ്റി നിര്‍ത്തും. രാഷ്ട്രീയ വ്യവസ്ഥയിലും കോര്‍പ്പറേറ്റു ഫീല്‍ഡിലും പുലര്‍ത്തുന്ന മിനിമം ധാര്‍മികത പോലും ഇവിടെയില്ല. ഇവിടെ തടവറക്കുള്ളിലേക്ക് വിശുദ്ധമെന്ന് ജനം വിശ്വസിക്കുന്ന വസ്ത്രങ്ങളും പ്രതീകങ്ങളും ധരിച്ച് പോകുന്നതില്‍ ആര്‍ക്കും യാതൊരെതിര്‍പ്പുമില്ല. അത് തെറ്റായി അവര്‍ കാണുന്നുമില്ല. അപ്പോഴും അവരെ സംരക്ഷിക്കുന്നതിന്‍റെ വഴി തെരയുകയായിരിക്കും സഭാ നേതൃത്വം.

കോടതി അഭയക്കേസ് പ്രതികളെ കുറ്റക്കാരായി വിധിച്ചിരിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ സഭയാണ് സമൂഹത്തിനു മുമ്പില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുന്നത്. അങ്ങനെ അപമാനിതയായി നില്‍ക്കുന്ന സഭക്ക് എങ്ങനെ ധാര്‍മ്മിക മൂല്യങ്ങളെ പറ്റി സംസാരിക്കുവാന്‍ കഴിയും…???. അധാര്‍മ്മികക്കെതിരെ ചെറുവിരലമര്‍ത്താന്‍ ശേഷിയില്ലാത്ത വ്യക്തികളായി… സമൂഹമായി സഭ അധഃപതിച്ചതിന്‍റെ കാരണം ഈ ‘ധാര്‍മികച്യുതി’യാണ്

ആത്മീയത എന്നാല്‍ എന്തെന്നു പഠിപ്പിക്കുന്ന കള്ളന്‍ രാജു

raju witness
കള്ളന്‍ രാജു എന്ന അടക്ക രാജു

അഭയ കേസുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെ പ്രത്യേകമായി എടുത്തു പറയേണ്ടതുണ്ട്, കേവലം ഒരു മൊഴി മാറ്റുവാനായി കോടികള്‍ വാഗ്നാനം ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ച് “എന്‍റെ കുഞ്ഞിന് നീതി ലഭിക്കണം” എന്നു പറഞ്ഞ് കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ അടയ്ക്കാ രാജുവെന്നു വിളക്കപ്പെടുന്ന കള്ളന്‍ രാജുവല്ലെ യഥാര്‍ത്ഥ ആത്മീയ മനുഷ്യന്‍. ആത്മീയ മനുഷ്യര്‍ കള്ളനാവുകയും അവരുടെ വസ്ത്രങ്ങളുടെ പളുപളുപ്പ് കണ്ട് അവരാണ് ആത്മീയ മനുഷ്യരെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍, ആത്മീയത തൊട്ടുതീണ്ടിയിട്ടില്ല അവര്‍ക്ക്. കള്ളന്‍ രാജുവിന്‍റെ ചെരുപ്പിന്‍റെ വാര്‍ അഴിക്കുവാനുള്ള യോഗ്യത ഉണ്ടോ ആത്മീയതയുടെ ഈ മൊത്തക്കച്ചവടക്കാര്‍ക്ക് ?.

അഭയ വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ രാജു പറഞ്ഞ ഒരു വാചകമുണ്ട്; ‘എന്റെ കുഞ്ഞിന് നീതി കിട്ടി’ എന്ന്. അഭയ എന്ന പെണ്‍കുട്ടി അവരുടെ ജീവിതം മാറ്റിവെച്ച്, സഭാ സേവനത്തിന്, സമൂഹ സേവനത്തിന് ഇറങ്ങിത്തിരിച്ചവളാണ്. ഈ സഭയിലെ ഏതു വൈദികനാണ്, മെത്രാനാണ് മരിച്ചുപോയ ഈ കുഞ്ഞിനെ ‘എന്റെ കുഞ്ഞ്’ എന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് പള്ളികളില്‍ കുറ്റാരോപിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്… അവര്‍ അഭിഷിക്തരാണ് എന്നു പറഞ്ഞ്. എന്നാല്‍ അഭയയ്ക്കുവേണ്ടി ഏതു പള്ളിയിലാണ് പ്രാര്‍ത്ഥന ഉയര്‍ന്നത്? തിരുവല്ലയില്‍ മരിച്ച കന്യാസ്ത്രീയായ ഒരു പെണ്‍കുട്ടിയെ ആരും ഓര്‍ക്കുന്നില്ല…!. എന്ത് ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത് ?. അവരെ പുറത്താക്കാന്‍ സഭ എത്ര തിടുക്കം കാണിച്ചു !. അവര്‍ക്കെതിരെ എത്ര സൂക്ഷമായ കരുനീക്കങ്ങള്‍ നടത്തി!!.

jomon puthenpurakel
ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

‘നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുക’ എന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയത. അനീതിക്കെതിരെയുള്ള നിസംഗതയും നിശബ്ദതയും ഭയവുമല്ല ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്ര. അത് അചഞ്ചലമായ നീതിബോധവും, നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നില്‍ക്കുകയാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന ആറാം ക്ലാസുകാരനായ സാധാരണ മനുഷ്യന്‍. കുടുംബ ജീവിതവും വ്യക്തിജീവിതത്തിലെ മറ്റെല്ലാ തിരക്കും മാറ്റിവെച്ച്, സാമ്പത്തിക നേട്ടങ്ങള്‍ക്ക് പിറകേ പോകാതെ അദ്ദേഹം നടത്തിയ നിതാന്ത ജാഗ്രതയുടേയും തീവ്രമായ അന്വേഷണത്തിന്‍റേയും ഫലം കൂടിയാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെക്കാലം പുറംമ്പോക്കില്‍ നിര്‍ത്തപ്പെട്ട അഭയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച നീതി. ജോമോന്‍ പുത്തന്‍ പുരയ്ക്കലില്‍ നിന്നും കള്ളന്‍ രാജുവില്‍ നിന്നുമാണ് സഭയും സഭയുടെ നേതൃത്വവും യഥാര്‍ത്ഥ ക്രിസ്തീയത എന്തെന്ന് പഠിക്കേണ്ടത്… കൊലയ്ക്ക് ഉത്തരവാദിയായവര്‍ക്കു വേണ്ടിയല്ല കൊല്ലപ്പെട്ടവള്‍ക്കു വേണ്ടിയാണ് കണ്ണീരൊഴുക്കേണ്ടത്.

അഭയാക്കേസിൽ ഒരുപാട് അടിഒഴുക്കുകൾ നടന്നു, പലതും പലർക്കും വെളിപ്പെടുത്താനാവുമായിരുന്നില്ല. ഈ സംഭവം പോലിസ്‌ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ കന്യാസ്ത്രികൾ ‘നടന്നു’ പോയപ്പോൾ ഈ അഭയ മരിച്ചിട്ടുണ്ടായിരുന്നില്ല, ജീവനു വേണ്ടി പിടയുകയായിരുന്നുവെന്നാണ് കേട്ടത്. പല രാഷ്ട്രീയക്കാരും ഓടി വന്നിരുന്നു… ചാടിവന്ന കെ ടി മൈക്കിൾ എന്ന പോലീസ് ഓഫീസർ ആണ് കേസ് വഴി തിരിച്ചുവിട്ടതിൽ പ്രമുഖനെന്ന് രേഖാമൂലം ആരോപണം വന്നു കഴിഞ്ഞു. മെഡിക്കൽ കോളേജിലെയും ഫോറൻസിക് ഓഫി‌സുകളിലെയും രേഖകൾ മാഞ്ഞു പോകണമെങ്കിൽ എത്ര ശക്തമായ കരങ്ങൾ അതിനു പിന്നിലുണ്ടായിരുന്നിരിക്കണo..?.

നാണക്കേടുണ്ടാക്കിയ ഒന്നാണ്, സെഫിയുടെ ഹൈമനോപ്ലാസ്റ്റി സർജറി. ഒരു പരിശോധന വന്നാൽ കന്യകാത്വം തെളിയിക്കാനുള്ള സൂത്രമാണിതെന്ന് ഏതു പൊട്ടനും അറിയാവുന്നതല്ലേയുള്ളു,. അതിന്‍റെ ചുവടു പിടിച്ച് സെഫി കന്യകയാണെന്ന് തെളിയുമെന്ന് ചാനലില്‍ വന്നിരുന്ന് സഭാ പ്രതിനിധികള്‍ വെല്ലുവിളിച്ചു. അവക്കൊക്കെ സഭ മൗന പിന്തുണയും നല്‍കി. പുറമെ സൗമ്യനും ശാന്തനുമായി കാണപ്പെടുന്ന പിതൃക്കമാര്‍ ഇപ്പോഴും കുഞ്ഞാടുകളെ ആത്മീയത പഠിപ്പിച്ച് കഴിയുന്നു… ഇതൊക്കെ നൽകുന്ന സൂചന ഇത്തരക്കാരെ സൂക്ഷിക്കണo എന്നുതന്നെയാണ്.

ഇതുപോലെ ചളിയിൽ മുങ്ങിയ ഒരു കാലഘട്ടം ക്രൈസ്തവ സഭക്ക് ഇതിനു മുമ്പുണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോകുന്നില്ല. ലൈംഗിക കുറ്റാരോപണം നേരിടുന്ന മെത്രാന്, സമാന കുറ്റം ചെയ്ത മറ്റൊരു വൈദികന്റെ പേരിൽ എങ്ങിനെ നടപടിയെടുക്കാൻ കഴിയും? അതല്ലേ, മിക്ക രൂപതകളിലെയും സ്ഥിതി? അങ്ങനെ ചെയ്താല്‍ ആരോപണ വിധേയനായ വൈദികൻ പുതപ്പിട്ടു മൂടിയ മറ്റു പല കഥകളും കൂടി വിളിച്ചു കൂവില്ലേ..?. പല ബിഷപ്പുമാരുടെ പേരിലും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. ചിലർ റിട്ടയർ ചെയ്തു കഴിഞ്ഞു. ഇതിൽ വിശുദ്ധ സമമായ ജീവിതം കഴിച്ചവർ എന്ന് കരുതപ്പെടുന്നവരും ഉണ്ട്. കേരള കത്തോലിക്കാ സഭയുടെ ജീവിച്ചിരിക്കുന്ന പ്രമുഖരുടെ ലിസ്റ്റിൽ, വിശ്വാസിയുടെ തെറി കേട്ടിട്ടുള്ളവരും അടികൊണ്ടിട്ടുള്ളവരുo ഉണ്ട്. അവക്കൊക്കെ ചൂട്ടുപിടിക്കുന്നതോ, നീതിയുടെ കാവലാളുകളെന്നു കരുതപ്പെടുന്നവരും, അഭിഷിക്തരും…!!!

അഭയാക്കേസിൽ നിർണ്ണായകമായ ഒരു തെളിവ് സോഷ്യല്‍ ആക്ടിവിസ്റ്റായ ആലപ്പുഴക്കാരൻ വേണുഗോപാലിന്റേതാണ്. ഫാ.കോട്ടൂർ അദ്ദേഹത്തിനനുകൂലമായി നടപടികളെടുക്കാന്‍ ഈ പത്രപ്രവർത്തകനെ കൂട്ടുപിടിച്ചു. അയാൾ ആവശ്യപ്പെട്ടതിനനുസരിച്ച് തുറന്നു പറഞ്ഞു ചില സത്യങ്ങള്‍ !. “താനും സെഫിയും ഭാര്യാ ഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും താനും ഒരു പച്ചയായ മനുഷ്യനാണെന്നും” ഒക്കെ. ഈ പച്ചയായ മനുഷ്യര്‍ ജീവിതാവസാനം വരെ തിരുവസ്ത്രത്തിുള്ളില്‍ തന്നെ കെട്ടിപ്പിടിച്ചു കഴിയണമെന്ന് ആര്‍ക്കുണ്ട് നിര്‍ബ്ബന്ധം ?.

“ഞാൻ സത്യം തുറന്നു പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി എനിക്കു ചിന്തിക്കാൻ കഴിയില്ലെന്ന്”, ആത്മഹത്യ ചെയ്ത എ എസ്‌ ഐ അഗസ്തി സൂചിപ്പിച്ചിരുന്നെന്ന് പത്രങ്ങൾ അന്ന് റിപ്പോർട്ട് ചെതിരുന്നു. കേസ് അട്ടിമറിക്കാൻ ഒരു മുതിർന്ന ജുഡീഷ്യൽ ഓഫിസർ ആവശ്യപ്പെട്ടെന്ന് ഇപ്പോൾ പത്ര സമ്മേളനം നടത്തി പറയുന്നത് ഒരു മജിസ്‌ട്രേറ്റാണ്. അഴിമതിക്ക് കൂട്ട് നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു ജോലി തന്നെ രാജി വെച്ചത് സിബി ഐ യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ്. നീതിപീഠത്തിലെ ഉന്നതനായ ഒരാൾ നാർക്കോ അനാലൈസിസ് നടന്ന ലാബറട്ടറിയിൽ ഇതിന്റെ പ്രവർത്തനം കാണാൻ നേരിട്ട് ചെല്ലുന്നു… എന്താ അല്ലെ? ഈ കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ മാത്രം കേട്ടാൽ മതി ഇതിലുൾപ്പെട്ടവർ തന്നെയാണ് കുറ്റവാളികള്‍ എന്ന് സ്ഥിരീകരിക്കുവാന്‍.

ചുവന്ന തെരുവുകളിൽ ശാന്തി തേടി പോകുന്നവൻ പോലും കൂട്ടം കൂടി പോകാറില്ല. സെഫിയുടെ മഠത്തിൽ രണ്ട് വൈദികർ ഒരേസമയം എത്തിയിരുന്നുവെന്നാണ് കേസെന്നോർക്കുക. ഒരു സ്ത്രീ കുമ്പസാരത്തില്‍ പറഞ്ഞത് വൈദികർ കൂട്ടം കൂടി ചർച്ച ചെയ്ത സംഭവവും കേരളത്തിൽ തന്നെ. വൈദികർ അനാശാസ്യം നടത്തിയെന്നാരോപിക്കപ്പെടുന്ന 90% കേസുകളിലും ഇരയുമായി അവർക്ക് കുമ്പസ്സാര ബന്ധം സംശയിക്കപ്പെടുന്നു. ഇതിനേക്കാൾ ലജ്ജിക്കാൻ കേരള ക്രൈസ്തവ സഭക്ക് വേറെ എന്തുണ്ട്?. ഇവർ മൂലം സഭാംഗങ്ങൾക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനഹാനിക്ക് ആര് സമാധാനം പറയും??. നാർക്കോ അനാലൈസിസ് പരിശോധനയുടെ സിഡികൾ ഇപ്പോഴും ലഭ്യമാണ്. അവ സോഷ്യല്‍ മീഡിയകളില്‍ കറങ്ങി നടക്കുന്നുണ്ട്. സംഭവം എങ്ങിനെ നടന്നുവെന്ന് മൂവരും പറയുന്നതിൽ പൊരുത്തമുണ്ട്. അതറിയാവുന്നവരുടെ ഇടപെടലാണ് ഈ രീതി തന്നെ തെളിവായി പരിഗണിക്കാൻ സാധ്യമല്ല എന്ന വിധിയിൽ അവസാനിച്ചത്. അഭയെന്ന പാവം പെണ്‍കുട്ടിക്ക് നീതി നിക്ഷേധിക്കുവാന്‍ മാത്രം സഭയെന്ന മഹാപ്രസ്ഥാനം നാളിതുവരെ 500 കോടിയിലേറെ ചിലവഴിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം. ഇനിയും വേണ്ടിവരും മറ്റൊരു 100 കോടി. “കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാന്‍ ഇനിയുമുണ്ട് അവസരം” എന്ന് പറഞ്ഞ് അതിന്‍റെ സൂചന സഭാ ആസ്ഥാനം നല്‍കി കഴിഞ്ഞു.

ഇതുപോലുള്ളവരുടെ ഒരു നിര – തുറന്നുവച്ച അക്ഷയപാത്രവുമായി – കുറ്റവാളികള്‍ക്കു പിന്നില്‍ അണിനിരന്നാൽ അവരെ തൊടാൻ നിയമവ്യവസ്ഥക്കു കഴിയണമെന്നില്ല. അടുത്തിടെ എറണാകുളത്ത് നാമതും കണ്ടു. എത്രയോ തവണ… ആരെല്ലാം വഴി, അപമാനിക്കപ്പെട്ട ആ കന്യാസ്ത്രി നീതിക്കുവേണ്ടി അലഞ്ഞു!. അരമനയിൽ വന്ന് തന്നെ അറസ്റ്റ് ചെയ്യാൻ ഒരു പോലീസിനും കഴിയില്ലെന്ന് കരുതിയിരുന്ന ഫ്രാങ്കോ ഒരു മെത്രാന്റെ ധാർഷ്ട്യത്തിന്റെ പ്രതീകമാണ്. അഴിക്കുള്ളില്‍‍ കിടക്കുന്ന ഫ്രാങ്കോ രക്തസാക്ഷിയെന്ന് ഒരുത്തൻ, ബലാസംഗത്തിന് ഇരയാകുന്നവരാണ് കുറ്റക്കാരികളെന്ന് മറ്റൊരുത്തൻ, പുതപ്പിട്ടു മൂടിക്കോളാൻ വേറൊരുത്തൻ …. നിരവധിയായ കേസുകൾ, തെളിവ് നശിപ്പിക്കാനും, പരാതിക്കാരെ ഒതുക്കാനും നടത്തിയ യജ്ഞങ്ങളുടെ കഥകൾ വിചിത്രം!!. കേരള ക്രൈസ്തവ സഭകള്‍ മാലിന്യക്കുഴിയിൽ കഴുത്തോളം മുങ്ങിക്കഴിഞ്ഞിരിക്കുന്നു, “ഞാൻ വാ തുറന്നാൽ പിന്നെ സഭയുണ്ടാവില്ല”യെന്ന സാക്ഷാൽ മേജർ ഒരിക്കൽ പറഞ്ഞതോർമ്മയുണ്ടോ?. നല്ലവർ ധാരാളമുണ്ട്. അവര്‍ക്കു മുമ്പില്‍ ഒരു വഴിമാത്രം. ‘ഓടി രക്ഷപെടുക’.

സഭാതലവനായ ആര്‍ച്ച്ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതിയായി ഇവിടെ ജീവിക്കുന്നു, മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതിയായി വിചാരണ നേരിടുന്നു. ഒരു വൈദികന്‍ ഒരു കന്യാസ്ത്രീയെ കൊന്ന കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നു. മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന്റെ പേരില്‍ പോക്സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു, അപ്പോഴെല്ലാം, മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹo നിശബ്ദരായി നില്‍ക്കുകയായിരുന്നുവല്ലോ!!!. ഈ നിശബ്ദതയാണ് സഭയുടെ ശാപം.

ജറുസലേം ദേവാലയത്തില്‍ നിന്നും ചുങ്കക്കാരെ അടിച്ചു പുറത്താക്കിയ കൃസ്തുവിന്‍റെ ചാട്ടവാര്‍ എവിടെ….?. ‘പെറ്റമ്മയുടെ മുലപ്പാല്‍ പോലും നിക്ഷേധിച്ച് അനാഥരാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം… കിണറുകളില്‍ നിന്നുയരുന്ന സഹോദരിമാരുടെ നിലവിളി’, വിശ്വാസി സമൂഹം എത്ര നിശബ്ദരാക്കപ്പെട്ടാലും ആ നിലവിളികള്‍ നീതിക്കുവേണ്ടി ദൈവസമക്ഷം എത്തില്ലന്നാണോ?. എങ്കില്‍ തെറ്റിയെന്നാണ് അഭയ കേസ് തെളിയിക്കുന്നത്. അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് ഇന്ന് കേരളത്തിലെ ക്രൈസ്തവര്‍. എല്ലാ തിന്മകളും തമസ്കരിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന സഭാ നേതൃത്വമേ, നിങ്ങളാണ് അതിനുത്തരവാദി… നിങ്ങള്‍ മാത്രം.

Pravasabhumi Facebook

SuperWebTricks Loading...