ഗംഗ ശുചീകരണത്തിന്‍റെ പേരില്‍ പാഴാക്കുന്നത് ആയരക്കണക്കിനു കോടികള്‍…

Print Friendly, PDF & Email

ഗംഗാ നദിയുടെ സമഗ്ര പുനരുജ്ജീവനത്തിനായി  പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായി രൂപീകരിച്ച എന്‍ജിസി (National Ganga Council (NGC) യുടെ ഒരു യോഗം പോലും നാളിതുവരെ ചേര്‍ന്നിട്ടില്ല എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരക്കണക്കിനു കോടിരൂപ ഗംഗ ശുചീകരണത്തിന്‍റെ പേരില്‍ പാഴാക്കിക്കളയുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു. വിവിധ പദ്ധതികളില്‍ പെടുത്തി 30000 കോടി രൂപയോളം ഗംഗയുടെ സമഗ്ര പുനരുജ്ജീവനത്തിനായി മാറ്റിവച്ച് ചിലവഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഗംഗയുടെ പല മേഖലകളിലും 2014നേക്കാള്‍  മലിനീകരണത്തിന്‍റെ തോത് വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയവും സംസ്ഥാന, ജില്ലാ തലങ്ങളിലടക്കം അഞ്ച് തലങ്ങളിലുള്ള ഗംഗയുടെ പുനര്‍ജീവനമാണ് കേന്ദ്ര ജലവകുപ്പ് മന്ത്രാലയം വിഭാവനം ചെയ്തതെങ്കിലും പ്രസ്തുത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടുന്ന NGC യുടെ ഒരു യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ പ്രധാന മന്ത്രി തയ്യാറാകാഞ്ഞതോടെ ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം പാളുകയായിരുന്നു. ഇക്കാര്യത്തില്‍ സിഎജിയും ഗംഗയുടെ മലിനീകരണത്തെ പറ്റി പഠിക്കുവാന്‍ നിയോഗിച്ച പാര്‍ലിമെന്‍ററി കമ്മറ്റിയും അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പാര്‍ലിമെന്‍ററി കമ്മറ്റിയുടെ കണക്കനുസരിച്ച് ഗംഗ ഉഴുകുന്ന  ഉത്തരാഘണ്ഡ്, ജാര്‍ഘണ്ഡ്, ബീഹാര്‍, യുപി, ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങലില്‍ നിന്നു മാത്രം ഏതാണ്ട് 7301 MLD (million litres per day) മലിനജലം ഗംഗയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ 2,126 MLD മലിനജലം മാത്രമേ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നുള്ളു. അതായത് പതിദിനം 5178 MLD മലിനജലം ഗംഗയിലേക്ക് ഒഴുകിയെത്തുന്നു എന്നുവേണം കരുതുവാന്‍. മോദിഗവര്‍മ്മെന്‍റ് നടപ്പിലാക്കിയ പദ്ധതിയനുസരിച്ച് 1188 MLD മലിനജലം ശുദ്ധീകരിക്കുവാനുള്ള പ്ലാന്‍റ് ഇപ്പോഴും നിര്‍മ്മാണ ഘട്ടത്തില്‍ തന്നെയാണുള്ളത്.

ഗംഗയുടെ കാച്ച്മെന്‍റ് ഏരിയില്‍ പെടുന്ന 11 സംസ്ഥാനങ്ങളില്‍ രാജ്യത്തെ ഏഴ് പ്രമുഖ ഐഐടികള്‍ സംയുക്തമായി നടത്തിയ പഠനറിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത സംസ്ഥാനങ്ങളില്‍ നിന്ന് 12,051 MLD മലിനജലം ഗംഗയില്‍ ഒഴകിയെത്തുന്നത്. അതില്‍ 5,717 MLD മലിനജലം മാത്രമേ ശുദ്ധീകരിക്ക പ്പെടുന്നുള്ളു. ബാക്കി 6,334 MLD മലിനജലം ഗംഗിലേക്കും മറ്റ് ശുദ്ധജല ശ്രോതസ്സുകളിലേക്കും എത്തുകയാണ് ചെയ്യുന്നത്. ഗംഗയുടെ സമഗ്ര  ശുചീകരണത്തിനായി NGC രൂപീകരിച്ചു 4000ത്തിലധികം കോടി രൂപ മോദിസര്‍ക്കാര്‍ ചിലവഴിച്ചുവെങ്കിലും ഗംഗയിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തിന്‍റെ അളവ് പ്രതിദിനം കൂടികൊണ്ടിരിക്കുകയല്ലാതെ കുറയുന്നില്ല.

മോദി ഗവര്‍മ്മെന്‍റ് അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയായ 2015 മെയ്യ് മാസത്തില്‍ ‘നമാമി ഗംഗേ പ്രോഗ്രം’ എന്ന പേരില്‍ ഒരു സമഗ്രപദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഗംഗയുടെ സംന്പൂര്‍ണ്ണ നവീകരണത്തിനായി ആകെ 24672കോടി രൂപചിലവില്‍ 254 പ്രൊജക്ടുകള്‍ ഉള്‍പ്പെട്ട ഒരു സമഗ്ര പദ്ധതിയായിരുന്നു അത്. 2018 നവംബര്‍ 30ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് അതില്‍ 31 പ്രജക്ടുകള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു. ബാക്കിയെല്ലാം പാതി വഴിക്ക് നിലച്ചിരിക്കുയാണ്.

ഗംഗയെ വൃത്തിയാക്കുവാന്‍ മാത്രമായി 2014നും 2018നും ഇടക്ക് 5,523കോടി രൂപ അനുവദിച്ചു. അതില്‍ 3867കോടി രൂപ ചിലവഴിച്ചു കഴിഞ്ഞു പക്ഷെ ഗംഗ അതിലും വൃത്തി ഹീനമായി ഇന്നും ഒഴുകികൊണ്ടിരിക്കുകയാണ്. ഗംഗയെ ശുചീകരിക്കുവാനായി 112 ദിവസം നിരാഹാരം കടന്ന് ആത്മാഹൂതി ചെയ്ത് അഗര്‍വാള്‍ പറഞ്ഞതുപോലെ ഗംഗയെ ശുചീകരിക്കുന്ന പേരില്‍ പതിനായിരക്കണക്കിനു കോടികള്‍ സര്‍ക്കാര്‍ ചിലവഴിക്കുന്പോള്‍ അതിന്‍റെ നേട്ടം ഗംഗ ശുചീകരണ മെന്ന വന്‍കിട പ്രൊജക്ടുകളുടെ പണിഏറ്റെടുത്തു നടത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസ് ലോഭികള്‍ക്കും മാത്രമേ ലഭിക്കുന്നുള്ളു. ഗംഗയാകട്ടെ മരിച്ചുകൊണ്ടിരിക്കുകയുമാണ്.

 

Pravasabhumi Facebook

SuperWebTricks Loading...