ബെംഗളൂരു അയ്യപ്പന്‍ വിളക്ക്
കേരളത്തിലാണെങ്കിലും മറുനാട്ടാലാണെങ്കിലും മണ്ഡലകാലം പിറന്നാല്‍ പിന്നെ മലയാളികള്‍ക്ക് ശാസ്താംപാട്ടിന്റെ പുണ്യം നിറയുന്ന നാളുകളാണ്. ബെംഗളൂരുവിലെ മലയാളികളും അതില്‍ നിന്നും ഒട്ടും പിന്നിലല്ല. അതിനാലാണ് ബെംഗളൂരു മഹാനഗരത്തില്‍ തന്നെ ചെറുതും വലുതുമായ ഏതാണ്ട് 120 ഓളം അയ്യപ്പക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ക്ഷേത്രങ്ങള്‍ക്ക് പുറമേ കെട്ടു നിറച്ച് അയ്യപ്പനെ വണങ്ങാന്‍ യാത്രയാകുന്നവരില്‍ പലരും വിടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പന്‍ വിളക്കുകള്‍ നടത്തിയാണ് ശബരിമല സന്നിധാനത്തേക്ക് പോകുന്നത്. ഈ പാരമ്പര്യ ആചാരം രണ്ടു വര്‍ഷമായി ബെംഗളൂരു മഹാനഗരത്തേയും പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിനോടടുത്ത് പ്രവര്‍ത്തിക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവ ട്രസ്റ്റ്. ഈ വര്‍ഷത്തെ അയ്യപ്പന്‍ വിളക്ക് ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിനു സമീപം ദോസ്തി ഗ്രൗണ്ടില്‍ നവംബര്‍ 24ന് നടക്കും.
ശാസ്താപ്രീതിയ്ക്കായി നടത്തുന്ന പൂജ അഥവാ വഴിപാടാണ് അയ്യപ്പന്‍ വിളക്ക്. അയ്യപ്പന്റെ ചരിതം മുഴുവന്‍ ഉടുക്കിന്റെ ഈരടിയില്‍ പാടി ഭക്തിയുടെ നിറപൊലിമ വരുത്തുന്ന അയ്യപ്പന്‍ വിളക്കിന്റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല. നാടന്‍ കലാരൂപമെന്ന അംഗീകാരവും ഇതിനില്ല. എങ്കിലും ദൃശ്യഭംഗിയും ആചാര സവിശേഷതയുമുള്ള ഒരു അനുഷ്ടാനമാണിത്. ‘അയ്യപ്പന്‍ വിളക്കിനെ’ വഴിപാട് എന്നു വിളിയ്ക്കുകയാവും ശരി. ഭക്തന് അയ്യപ്പന്‍ വിളക്ക് നടത്താം. വീട്ടുകാര്‍ക്ക്/തറവാട്ടുകാര്‍ക്ക് നടത്താം. സംഘടനകള്‍ക്കോ നാടിന് മൊത്തമായോ നടത്താം. വീട്ടു പരിസരത്തോ പൊതുസ്ഥലങ്ങളിലോ ശുദ്ധമായ പറമ്പിലോ ക്ഷേത്രങ്ങളിലോ എവിടെ വേണമെങ്കിലും അയ്യപ്പന്‍ വിളക്ക് നടത്താം.
അയ്യപ്പന്‍ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതില്‍ തന്നെ കാണിപ്പാട്ട്, കാല്‍വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ട്, കാല്‍ വിളക്ക്, അരവിളക്ക്, തുടങ്ങിയവ പൊതുവെ വീടുകളില്‍ ആണ് നടത്താവരുന്നത്, എന്നാല്‍ മുഴുവന്‍ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവരെ സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു. ദേശവിളക്കിന് അയ്യപ്പന്‍, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവര്‍ക്ക് ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപ്പന്റെ ക്ഷേത്രത്തിനു മുന്‍പില്‍ മണി മണ്ഡപവും ഗോപുരവും തീര്‍ക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പന്‍ വിളക്ക് പിറ്റേന്ന് പുലര്‍ച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പന്‍ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലര്‍ച്ചക്കുള്ള പൂജയും ഭഗവതിക്കാണ്.
പുലര്‍ച്ചെ ആറു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ ആറു വരെയാണ് സാധാരണയായി അയ്യപ്പന്‍ വിളക്ക് നടത്തുന്നത്. ആദ്യം ഗണപതി ഹോമം. പിന്നെ കുരുത്തോലയും വാഴത്തടയുംകൊണ്ട് ക്ഷേത്ര സങ്കല്പമുണ്ടാക്കലാണ്. ഉച്ചയോടെ ഈ ജോലി തീരും. ഈ സമയത്ത് വിവിധ തരം കലാപരിപാടികള്‍ അരങ്ങേറാറുണ്ട്. അതു കഴിഞ്ഞാല്‍ ഉച്ചപൂജ. പിന്നെ സമൃദ്ധമായ പൊതു സദ്യ. വാഴപ്പോള, മുളയാണി, ഈര്‍ക്കലി ആണി, കുരുത്തോല, തോരണങ്ങള്‍ എന്നിവ ഉപയോഗിച്ചു കലാ വൈദഗ്ധ്യത്തോടെയാണ് ക്ഷേത്ര നിര്‍മ്മാണം. വാഴത്തടയും കുരുത്തോലയും കൊണ്ട് ശാസ്താക്ഷേത്രമുണ്ടാക്കുന്നു. തൊട്ടടുത്തായി നാല് ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ടാക്കും. ഭഗവതി, ഗണപതി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ദേവതകളുടെ ക്ഷേത്രങ്ങളാണു സാധാരണയായി ഉണ്ടാക്കാറ്. ക്ഷേത്ര നിര്‍മ്മാണത്തിന് ഏറെ വൈദഗ്ധ്യവും പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായ കലാകാരന്‍മാരുണ്ട്. ദേശ വിളക്കുകള്‍ക്ക് ഏകദേശം നുറോളം വാഴകളുടെ വാഴപിണ്ടികള്‍ ആവശ്യമായി വരും. നാടന്‍ കലാവിരുതിന്റെ ഉത്തമ നിദര്‍ശനമാണ് പന്തല്‍ കെട്ടും ക്ഷേത്രനിര്‍മ്മാണവും. ശാസ്താക്ഷേത്രത്തിന് ശബരിമലയിലേതു പോലെ 18 പടികളും ഉണ്ടാക്കാറുണ്ട്.
ദേശകുട്ടായ്മയില്‍ ദേശവിളക്കുകളായാണ് അയ്യപ്പന്‍ വിളക്ക് നടത്തുന്നത്. അന്നദാനത്തോടെ നടത്തുന്ന ദേശവിളക്കുളില്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിചേരുക. രാവിലെ വിളക്കിന് കാല്‍ നാട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്ന്ന് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. ശാസ്താംപാട്ട് കലാകാരന്‍മാരുടെ കരവിരുതില്‍ മനോഹരമായ ക്ഷേത്രങ്ങളാണ് പണിക്കഴിക്കുന്നത്. അഞ്ചമ്പലം, മുന്നമ്പലം എന്നിങ്ങനെയാണ് വിളക്കുകളുടെ പ്രധാന കണക്ക്. വൈകീട്ട് ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വിളക്കെഴുന്നള്ളിപ്പിന് മുമ്പ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടക്കും.
ഗണപതി, ഗുരു, പന്തല്‍, സരസ്വതി തുടങ്ങിയവര്‍ക്ക് സ്തുതി പാടി അസുരനായ ശൂര്‍പകന്റെ ചരിത്രം പാടിയാണ് അയ്യപ്പന്‍ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. അയ്യപ്പന്റെ അവതാരമഹിമ പ്രകീര്‍ത്തിക്കുന്ന ‘പാട്ട്’ വിളക്കിന്റെ പ്രധാന ചടങ്ങാണ്. പാലാഴി മഥനം മുതല്‍ പാട്ട് തുടങ്ങും. അയ്യപ്പന്‍ ശബരിമലയിലേക്ക് യാത്രയാവുന്നതുവെരയുള്ള കഥയാണ് പാട്ടില്‍. തുടര്‍ന്നാണ് ഭക്തിരസം നിറയുന്ന ഏഴുന്നള്ളിപ്പ് നടക്കുക. മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്ന ഏഴുന്നള്ളിപ്പ് വിടുകളിലോ, ക്ഷേത്രങ്ങളിലോ എത്തിക്കഴിഞ്ഞാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.
പിന്നിട് അയ്യപ്പന്റെ ജനനപാട്ടിലേക്ക് നിങ്ങും. ഗണപതിയും സരസ്വതിയും പാടികഴിഞ്ഞ ശേഷം അയ്യപ്പ ജനനത്തിന് നിതാനമായ കാര്യങ്ങള്‍ പാടികഴിഞ്ഞ് പരമശിവന്‍ മായ മോഹിനിയായ വിഷ്ണുവിനെ കാണുന്നതുംമെല്ലാം പാടി കഴിഞ്ഞ് പുലര്‍ച്ചയോടെ അയ്യപ്പന്റെ ജനനത്തിലേക്ക് നിങ്ങും .അയ്യപ ജനനം പാടുമ്പോള്‍ കര്‍പ്പൂരാധന കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞ് നില്‍ക്കും. തുടര്‍ന്ന് അയ്യപ്പന്റെ ബാല്യകാലവും കാണിപ്പാട്ടും കഴിഞ്ഞാല്‍ പുലര്‍ച്ചെയുള്ള പാലകൊമ്പ് ഏഴുന്നള്ളിക്കല്‍ നടക്കും. ഇതില്‍ വാവരുടെ സാന്നിദ്ധ്യവും ഉണ്ടാകും. വാവാരു മായുള്ള യുദ്ധവും(വെട്ടുതടവ്) ഒടുവില്‍ ഇരുവരും ചങ്ങാതിമാരാകുന്നതോടെ (കണലാട്ടം)വും കഴിഞ്ഞ് ഗുരുതിയോടെ ചടങ്ങുകള്‍ അവസാനിക്കുന്നു. വിളക്കിനു വേണ്ട, പൂജാരി, ഗുരുസ്വാമി, കോമരം മേളക്കാര്‍, കുരുത്തോലയും വാഴത്തടയുമുപയോഗിച്ച് അമ്പലമുണ്ടാക്കുന്ന വിദഗര്‍ എല്ലാംകൂടി ചുരുങ്ങിയത് നാല്‍പ്പതോളം പേരുടെ സഹകരണമുണ്ടെങ്കിലെ അയ്യപ്പ വിളക്ക് പൂര്‍ണ്ണമായും നടത്തുവാന്‍ കഴിയൂ.