പി.ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു

Print Friendly, PDF & Email

തൃശൂർ: വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്‍റ് ഡയറക്‌ടറും സ്കൂൾ യുവജനോത്സവത്തിന്‍റെ ആസൂത്രികനും കൂടിയാണ് അദ്ദേഹം. ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലാണ് താമസം. ആരോഗ്യപരമായ അവശതകളെ തുടർന്ന് ആശുപത്രി ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങൾക്കു മുമ്പാണ് തിരികെ വീട്ടിലെത്തിയത്.

1957 ൽ ഇഎംഎസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്ക് നൽകി. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം നൂറു വയസു തികയുംവരെ 30 തവണ ഹിമാലയ യാത്രകൾ നടത്തിയിട്ടുണ്ട്.

തൃശ്ശൂർ പൂരാഘോഷങ്ങൾക്കിടയിൽ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ക്കിടയില്‍ സംസാരവിഷയിരുന്നു പി ചിത്രന്‍ നമ്പൂതിരിപ്പാട് എന്ന നാമം. ‘പൂരനഗരിയില്‍ പ്രായം ചെന്ന പൂരപ്രേമി’ എന്ന നിലയില്‍ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകർ പരിചയപ്പെടുത്തിയപ്പോൾ അത് കേരളമൊട്ടാകെ പ്രധിഷേധം വിളിച്ചുവരുത്തി.
1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ ജനിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ ഇടപെടലുകള്‍ ആരംഭിച്ചത് പതിനൊന്നാം വയസ്സിലാണ്. പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം നന്നെ ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്. സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും പ്രത്യേകിച്ച് നമ്പൂതിരി സമുദായത്തില്‍ നിന്നും പന്തിഭോജനത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയർന്നു വന്നിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവൃത്തി. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് ചേര്‍ന്നു നിന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വി. ടി.യുടെ നവോത്ഥാന ചിന്തകളെ ജീവിതത്തിലേക്ക് പകർത്തുകയും ചെയ്ത ചിത്രൻ നമ്പൂതിരിപ്പാട് താനുൾക്കൊണ്ട മൂല്യങ്ങളുടെ പ്രചരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്തു തന്നെ അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പി. ചിത്രന്‍ നമ്പൂതിരിപ്പാട് അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു. കെ. ദാമോദരനിലൂടെ കമ്മ്യൂണിസ്റ്റ് ആശയഗതികളിലേക്ക് നയിക്കപ്പെട്ട പി ചിത്രന്‍ നമ്പൂതിരിപ്പാട് ഇടതു സഹയാത്രികനായി മാറി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന കലോത്സവം ആരംഭിക്കുന്നതില്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. പെന്‍ഷന്‍ രീതിക്ക് ഏകീകൃതസ്വഭാവം നല്‍കുന്നതിനായുള്ള നീക്കങ്ങളിലും പങ്കാളിയായി. പ്രധാനാധ്യാപകന്‍, ഡി.ഇ.ഒ, ഡി.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979ല്‍ ആണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തവനൂര്‍ റൂറല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറിയായിരുന്നു. പെരളശ്ശേരി സ്‌കൂളില്‍ പഠിക്കുന്ന താനുൾപ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ അന്യായമായി പുറത്താക്കപ്പെട്ടപ്പോള്‍ രക്ഷകനായി എത്തിയ അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ പറയുകയുണ്ടായി.
പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണവും ‘സ്മരണകളിലെ പൂമുഖം’ എന്ന പേരിലുള്ള ആത്മകഥയുമാണ് ചിത്രൻ നമ്പൂതിരിപ്പാട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍.
ഇടതുപക്ഷ ആശയങ്ങളിൽ നിന്ന് വിട്ടകന്ന് ബാലഗോകുലo തൃശൂർ ജില്ലാ രക്ഷാധികാരി ആയിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് ഈ വര്ഷം ഫെബ്രുവരിയിൽ മയിൽ‌പ്പീലി മാസിക ഏർപ്പെടുത്തിയ കക്കാട് അവാർഡ് ദാന ചടങ്ങിലും എത്തിയിരുന്നു.

Pravasabhumi Facebook

SuperWebTricks Loading...