അക്ഷരതപസ്സിന് ദേശീയ പുരസ്കാരം: സുധാകരന്‍ രാമന്തളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഏതൊരു മലയാളിക്കും, പ്രത്യേകിച്ചും ഇരുപതുലക്ഷത്തിലേറെ വരുന്ന കര്‍ണാടക മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കാവുന്ന വിശിഷ്ട സേവനമാണ് സുധാകരന്‍ രാമന്തളി എന്ന പ്രവാസി മലയാളി അനുഷ്ഠിക്കുന്നത്. രണ്ടുവർഷം മുമ്പ് അദ്ദേഹം പരിഭാഷപ്പെടുത്തിയ ശിഖരസൂര്യൻ എന്ന നോവലിന് മികച്ച വിവർത്തനകൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇന്നലെ പ്രഖ്യാപിക്കുമ്പോൾ കന്നഡത്തിലെ വിശിഷ്ട കൃതിയായ കുമാരവ്യാസ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. നാല്പത്തെണ്ണായിരം വരികളുള്ള ആ ബ്രഹത്കൃതിയുടെ വിവർത്തനം പൂർത്തിയാക്കാൻ ഒന്നരവർഷത്തോളം വേണ്ടിവരും. “ഒരു മഹാതപസ്സിലാണ് ഞാനേർപ്പെട്ടിരിക്കുന്നത്” നാലഞ്ചുദിവസം മുമ്പ് രാമന്തളി ഫോണിൽ പറഞ്ഞു .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതറിഞ്ഞു അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “ആ തപസ്സ് കഴിയും വേഗം പൂർത്തിയാക്കാനുള്ള ഊർജ്ജം കൈവന്നതുപോലെ തോന്നുന്നു “.പ്രതിജ്ഞാബദ്ധനായ എഴുത്തുകാരൻ അക്ഷരതപസ്സ് തുടരുകയാണ്
കന്നഡത്തിലെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്പാറിന്റെ അതിമനോഹരമായ നോവലാണ് ശിഖരസൂര്യന്‍ .ഈ ബ്രഹത് കൃതി രചയിതാവിന്റെ കാവ്യാത്മകമായ ഭാഷയുടെ മികവ് ഒട്ടും ചോര്‍ന്നുപോകാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്ത എഴുത്തുകാരനായ സുധാകരന്‍ രാമന്തളിയാണ്. പുറത്തുവന്നപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും അനേകം വായനക്കാരെ ഹഠാദാകർഷിക്കുകയും ചെയ്ത വിവർത്തന കൃതിയാണിത് .മാതൃഭുമി ബുക്‌സാണ് പ്രസാധകർ . ശിഖരസൂര്യന്‍ സ്വപ്‌നസമാനമായ ഒരു വായനാനുഭവമാണ് .ആ സ്വപ്‌നാനുഭവത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും പുറത്തുവരാന്‍ വായനക്കാര്‍ക്ക് സാധിക്കില്ല .ശിവാപുരം ,കനകപുരി എന്നീ രണ്ടു നാടുകളിലാണ് പ്രധാനമായും കഥ നടക്കുന്നത് .കനകപുരിയുടെ ചരിത്രകാരന്മാര്‍ വിവരിക്കുന്ന രീതിയിലാണ് നോവല്‍ രചിച്ചിരിക്കുന്നത് .കമ്പാറിന്റെ ചരിത്രകാരന്മാരാകട്ടെ തനി നാടന്‍ചിന്തകരാണ് .പുരാണത്തിന്റെ ചട്ടക്കൂടിലും ആഖ്യാനശൈലിയിലും ചരിത്രം അനാവരണം ചെയ്യപ്പെടുകയാണിവിടെ .കാവ്യാത്മകതയുടെ മുത്തുമണികള്‍ വാരിവിതറുന്ന ഭാഷ ഈ അപൂര്‍വ്വ നോവലിന്റെ സര്‍ഗ്ഗസമൃദ്ധിയാണ്. കാടും മലയും നിറഞ്ഞ ശിവാപുര സമാധാനത്തിന്റെയും സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും നാടാണ് .പുരാതന ഭാരതത്തിന്റെ പ്രതീകമായാണ് കമ്പാര്‍ ശിവാപുരത്തെ നോവലില്‍ കൊണ്ടുവരുന്നത് .അധികാര ദുര്‍വിനിയോഗവും വഞ്ചനയും ധൂര്‍ത്തും അങ്കക്കലിയും അടക്കിവാഴുന്ന കനകപുരി ആഗോളവത്കൃതാനന്തര ഭാരതമാണെന്ന് വിശേഷിപ്പിക്കാം.
ശിവാപുരയില്‍ നാം കാണുന്നതേറെയും നന്മയുടെ പ്രതിരൂപങ്ങളാണ് .കനകപുരിയിലാകട്ടെ തിന്മ രൗദ്രരൂപം പൂണ്ട് അട്ടഹസിക്കുന്നു .ശിവാപുരത്തെ വിജനമായ കിടങ്ങില്‍ പരിക്കേറ്റ് വീണുകിടക്കുന്ന ചിന്നമുത്തനില്‍ നിന്ന് കഥയാരംഭിക്കുന്നു .അയാള്‍ക്കൊരു പിന്നാമ്പുറ കഥയുണ്ട് .രക്ഷപ്പെടുത്തി ശുശ്രൂഷിക്കുന്ന ജെട്ടികനോടും ബെള്ളിയോടും ജയസൂര്യന്‍ എന്ന പേരാണയാള്‍ പറയുന്നത് .ശിവാപുരത്തിന്റെ ഗുരുവായ ശിവപാദരില്‍ നിന്ന് സസ്യഹൃദയം ,വിഷകന്യക തുടങ്ങിയ അപൂര്‍വ്വവിദ്യകള്‍ അയാള്‍ സൂത്രത്തില്‍ സ്വായത്തമാക്കി .പിന്നീട് നാം ചിന്നമുത്തനെ കാണുന്നത് ഗുണാധിക്യ ചക്രവര്‍ത്തി വാണരുളുന്ന കനകപുരിയിലാണ് ,ശിഖര സൂര്യന്‍ എന്ന മഹാപണ്ഡിതനായ ഭിഷഗ്വരന്റെ രൂപത്തില്‍ .രാജകൊട്ടാരത്തില്‍ അതിഥിയായെത്തിയ ശിഖരസൂര്യന്‍ കുതന്ത്രങ്ങളുടെ കമ്പളം പതിയെ നിവര്‍ത്തുകയാണ് .രാജസിംഹാസനം തന്നെയാണ് ലക്ഷ്യം .സ്വായത്തമായ വിദ്യകള്‍ ഓരോന്നായി പ്രയോഗിച്ച് അയാള്‍ അധികാരത്തിന്റെ ശിഖരം കീഴടക്കി .മഹാരാജാവായി .അതിനിടയില്‍ എന്തെല്ലാം അടിയൊഴുക്കുകള്‍ !.എത്രയെത്ര നാടകങ്ങള്‍ !.ധാന്യങ്ങള്‍ സ്വര്‍ണ്ണമാക്കിയും വൈക്കോല്‍ കൊണ്ട് പടയാളികളെ സൃഷ്ടിച്ചുമുള്ള ആ അധമപ്രയാണം പക്ഷെ ക്ഷണികമായിരുന്നു .ധന്യക്ഷാമം രാജ്യത്തു അങ്കലാപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു .അസ്വസ്ഥത ആളിപ്പടര്‍ന്നു .ശിഖരസൂര്യന്റെ മുഖംമൂടി അഴിഞ്ഞുവീണു .അവസാനം ശാപമോക്ഷം കാത്ത് പാറയുടെ ആകൃതിയുള്ള കഴുകനായി അയാള്‍ ഗരുഡന്‍മലയില്‍ പറന്നുനടന്നു.
സര്‍ഗ്ഗാത്മകതയുടെ മാസ്മരിക പ്രപഞ്ചത്തിലേക്ക് അനുവാചകരെ അതിശയത്തോടെ കൂട്ടിക്കൊണ്ടുപോകുന്ന രചനാവിസ്മയമാണ് കമ്പാറിന്റെത് .നാട്ടുകാഴ്ചകള്‍ , നാടകീയതകള്‍, നടോടിബിംബങ്ങള്‍, ഭാഷയുടെ പ്രവാഹം പകര്‍ന്നേകുന്ന അനുഭൂതിയില്‍ വായനക്കാരും ഒഴുകിപ്പോകും. ശിവാപുരത്ത് പ്രകൃതിയുടെ ഹൃദയഹാരിയായ പച്ചപ്പ്. സസ്യജാലങ്ങളുടെ നിര്‍വൃതി. ആധ്യാത്മികതയുടെ തൂവല്‍ സ്പര്‍ശം. പക്ഷിമൃഗാദികളില്‍ പോലും ഉദാത്തമായ സ്‌നേഹത്തിന്റെ തിരയിളക്കം .ജീവിതം ലളിതം സുന്ദരം .കനകപുരിയിലേക്ക് കടക്കുമ്പോള്‍ അധാര്‍മികതയുടെ ദുര്‍ഗന്ധം .അരമനയില്‍ അനീതിയുടെ ഗര്‍ജനം .അപഖ്യാതികളുടെ ,കൊടിയ വഞ്ചനയുടെ വിളയാട്ടം .ആഡംബരത്തിന്റെ അട്ടഹാസം .എതിരാളികളെ ,പലപ്പോഴും നിരപരാധികളെ ,ക്രൂരപീഡനത്തിന് വിധേയമാക്കുന്ന ശ്വാനകൂപം വായനക്കാരെ വേട്ടയാടും .കുറ്റവാളിയാക്കി മുദ്രകുത്തുന്നവരെ കിണറ്റിലെറിഞ്ഞു ആക്രമണോത്സുകരായ നായ്ക്കളെകൊണ്ട് കടിച്ചുകീറിക്കുന്ന ,അതുകണ്ട് രസിക്കുന്ന കൊടും ക്രൂരതയാണ് അരങ്ങേറുന്നത് .’സ്വപ്‌നം കൈവെടിയാത്ത യുക്തി ,സ്വപ്‌നവുമായി സംവദിക്കുന്ന ഭാഷ ‘എന്ന ശീര്‍ഷകത്തില്‍ ശിഖരസൂര്യനെപ്പറ്റി വിവര്‍ത്തകനായ സുധാകരന്‍ രാമന്തളി തന്നെ പ്രൗഡഗംഭീരമായ ഒരു ആമുഖപഠനം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട് .നോവലിന്റെ അന്തഃസത്ത സമഗ്രമായി ഉള്‍ക്കൊള്ളുന്ന ആ ആമുഖ പഠനത്തില്‍ ഇങ്ങനെ പറയുന്നു .’നാടോടി മനോമണ്ഡലത്തിന്റെ വിജയകരമായ ഉത്ഖലനം നടക്കുമ്പോള്‍ തന്നെ അജ്ഞാനത്തിന്റെ തലത്തിലേക്കിറങ്ങുന്ന നോവലിസ്റ്റിന്റെ യുക്തിപരമായ സാഹസവും സുവ്യക്തമാണ് .മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആഗോളവത്കരണത്തിന്റെ വാണിജ്യപരവും വൈജ്ഞാനികവുമായ പുരോഗതിയുടെ വിധ്വംസകത്വം മനുഷ്യനെ അനിശ്ചിതത്വത്തിലേക്ക് നയിക്കുമ്പോള്‍ സ്വപ്‌നവുമായി വ്യക്തി വെച്ചുപുലര്‍ത്തുന്ന യുക്തിപരമായ ബന്ധം മനുഷ്യന്റെ സഭ്യതയുടെ രക്ഷാമാര്‍ഗമായിത്തീരുന്നു .അങ്ങനെ ആഗോളവത്കരണത്തെ നേര്‍ക്കുനേര്‍ ചെറുത്തുനില്‍ക്കുന്ന നാടന്‍ സംസ്‌കൃതിയുടെ ചേതോഹരവും അര്‍ത്ഥപൂര്‍ണ്ണവുമായ ആവിഷ്‌കാരമാണ് ശിഖരസൂര്യന്‍ എന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിലയിരുത്താവുന്നതാണ് .’ ചന്ദ്രശേഖര കമ്പാര്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ അത്യുത്കൃഷ്ട രചനയായ ശിഖരസൂര്യനെ പറ്റി ഇതില്‍ കൂടുതലായി ഒന്നും പറയേണ്ടതില്ല.മൂലകൃതിയുടെ കാവ്യഭംഗി ഒട്ടും ചോർന്നുപോകാതെ അതിമനോഹരമായ ശൈലിയിലാണ് സുധാകരന്‍ രാമന്തളി ശിഖരസൂര്യന്റെ പരിഭാഷ നിർവഹിച്ചിട്ടുള്ളത് .ദേശീയ .സാഹിത്യ പുരസ്കാരം ഈ കൃതിയെ തേടിയെത്തിയതിൽ അത്ഭുതപ്പെടാനില്ല.
പുതിയ ദൗത്യം സര്‍ഗ്ഗാത്മകം
തികച്ചും അവിശ്വസനീയമായ മറ്റൊരു വഴിത്തിരിവിലാണ് ഈ പ്രവാസിമലയാളി ഇപ്പോള്‍. ജ്ഞാനപീഠജേതാവ് ചന്ദ്രശേഖര കമ്പാറുമായുള്ള സൗഹൃദമാണ് പുതിയ വഴിത്തിരിവിന് നിമിത്തമായത്. ഒരു അഭിമുഖത്തിനുവേണ്ടി കമ്പാറിനെ ആദ്യമായി കാണുന്നത് ആറേഴുവര്‍ഷം മുമ്പാണ്. പാശ്ചാത്യരീതി അനുകരിക്കാതെ, സ്വന്തം മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് ഗ്രാമ്യഭാഷയില്‍ സാഹിത്യം രചിക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് ചന്ദ്രശേഖര കമ്പാര്‍. മലയാളിയായ സുധാകരന് കന്നഡഭാഷ സംസാരിക്കാന്‍ മാത്രമല്ല ഭംഗിയായി എഴുതാനും വായിക്കാനും കഴിയുമെന്നത് കമ്പാറെ അത്ഭുതപ്പെടുത്തി. പരിചയം സൗഹൃദമായും സൗഹൃദം ആത്മബന്ധമായും മാറി. സ്വന്തം കൃതികള്‍ കമ്പാര്‍ സുധാകരന് വായിക്കാന്‍ കൊടുത്തിരുന്നു. കമ്പാര്‍ കൃതികളുടെ മൗലികത സുധാകരനെ മറ്റൊരു ലോകത്തേക്ക് നയിച്ചു. ലോകസാഹിത്യത്തില്‍ കാണാത്തത് പലതും അദ്ദേഹം കമ്പാര്‍കൃതികളില്‍ കണ്ടെത്തി. സുധാകരന്‍ കന്നഡഭാഷ അഭ്യസിച്ചത് എച്ച്.എ.എല്ലില്‍ ജോലി ചെയ്തിരുന്ന കാലയളവിലാണ്. കമ്പനിയില്‍ വര്‍ക്കേര്‍സ് എഡ്യുക്കേഷന്‍ ക്ലാസ്സുണ്ട്. ഇംഗ്ലീഷോ കന്നഡയോ പഠിക്കാം. മറ്റുള്ള മലയാളികളും തമിഴരും ഇംഗ്ലീഷ് തെരഞ്ഞെടുത്തപ്പോള്‍ സുധാകരന്‍ കന്നഡത്തിലേക്കാണ് തിരിഞ്ഞത്. കന്നഡയില്‍ പ്രാവീണ്യം നേടിയ സുധാകരന്‍ കന്നഡിഗരായ അദ്ധ്യാപകരുടേയും ഓഫീസര്‍മാരുടേയും പ്രശംസയ്ക്ക് പാത്രീഭൂതനായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ശേഷം അദ്ദേഹം കന്നഡയിലൂടെ ഇറങ്ങിച്ചെന്നത് കമ്പാര്‍ കൃതികളുടെ സവിശേഷതകളിലേക്കാണ്. കമ്പാറുമായുള്ള സാഹിത്യചര്‍ച്ചകള്‍ സുധാകരന്റെ ആസ്വാദ്യക്ഷമത മാറ്റിമറിച്ചു. ആയിടയ്ക്കാണ് കമ്പാറിന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചത്.
തന്റെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൂടെ എന്നൊരിക്കല്‍ സംഭാഷണമദ്ധ്യേ കമ്പാര്‍ ചോദിച്ചത് സുധാകരനെ അമ്പരപ്പിച്ചു. അതിനുള്ള കഴിവ് തനിക്കുണ്ടോ എന്ന സംശയം മനസ്സിനെ അലട്ടി. മൗലികതയുള്ള കമ്പാര്‍ കൃതികള്‍ അതിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ മലയാളത്തിലാക്കാന്‍ തനിക്ക് കഴിയില്ലെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. കമ്പാറാകട്ടെ നിര്‍ബന്ധം തുടര്‍ന്നു. അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷനായി അവരോധിക്കപ്പെട്ടു. തന്റെ കൃതികള്‍ പരിഭാഷപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഓരോ കൂടിക്കാഴ്ചകളിലും കമ്പാര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സുധാകരന്‍ വീണ്ടും കമ്പാര്‍കൃതികള്‍ വായിക്കാനെടുത്തു. ഏറ്റവും ലളിതമെന്ന് തോന്നിയ ലഘു നോവല്‍ ‘ജി.കെ.മാസ്റ്റരുടെ പ്രണയകഥ’ വിവര്‍ത്തനം ചെയ്തു. അത് വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ ആത്മധൈര്യം കൈവന്നു. കമ്പാറിന്റെ ജോ കുമാരസ്വാമി, സിരി സംബിഗെ എന്നീ നാടകങ്ങളും ശിഖരസൂര്യ, കരിമായി എന്നീ നോവലുകളും പരിഭാഷപ്പെടുത്തി. കന്നഡ സാഹിത്യം ആഴത്തില്‍ മനസ്സിലാക്കിയ മലയാളി എഴുത്തുകാരന്‍, മികച്ച പരിഭാഷകന്‍ എന്നീ നിലകളില്‍ സുധാകരന്‍ രാമന്തളിയ്ക്ക് കന്നഡ സാഹിത്യലോകത്തിന്റെ ആദരവും അംഗീകാരവും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയില്‍ നിന്ന് പരിഭാഷ ചെയ്യാനുള്ള ഓഫറുകള്‍ തുടര്‍ച്ചയായി വന്നു. ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, എസ്.എല്‍. ഭൈരപ്പയുടെ പര്‍വ്വ എന്നീ നോവലുകളാണ് ഇതുവരെ പരിഭാഷപ്പെടുത്തിയതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഷാന്‍ഭാഗിന്റെ നോവല്‍ ഖാച്ചര്‍ ഭാച്ചര്‍, പ്രകാശ് രാജിന്റെ ലേഖനങ്ങള്‍, ഡോക്ടര്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ ജീവചരിത്രം തുടങ്ങി പരിഭാഷപ്പെടുത്തിയ കൃതികളുടെ പട്ടിക നീണ്ടതാണ്.
കമ്പാറിന്റെ ‘കരിമായി’ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധപ്പെടുത്തവെ അത് ഹിന്ദിയില്‍ പരമ്പരയാക്കാന്‍ ദൂരദര്‍ശനില്‍ നിന്ന് ഓഫര്‍ ലഭിച്ചു. സുധാകരന്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് കന്നഡത്തിലെ പ്രമുഖ സംവിധായകന്‍ നാഗാഭരണയാണ്. ഹിന്ദിയെ തുടര്‍ന്ന് ഇതര പ്രാദേശിക ഭാഷകളിലും ഈ പരമ്പര സംപ്രേഷണം ചെയ്യപ്പെടും.
നാഷണല്‍ സെയിന്റ് പോയറ്റ് കനകദാസ സ്റ്റഡി ആന്റ് റിസേര്‍ച്ച് സെന്ററിന്റെ കോ-ഓര്‍ഡിനേറ്റര്‍-എഡിറ്റര്‍ പദവിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സുധാകരന്‍ രാമന്തളിയെ നിയമിച്ചിരിക്കുകയാണ്. ശ്രേഷ്ഠകവി കനകദാസയുടെ സംപൂര്‍ണ്ണ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന വെല്ലുവിളിയേറിയ ദൗത്യമാണ് സര്‍ഗ്ഗധനനായ ഈ പ്രവാസി മലയാളി ഇപ്പോള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. മഹാകവി കുവെംപുവിന്റെ കാവ്യങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള ചുമതല കുവെംപു ഭാഷാഭാരതി പ്രാധികാര ഏല്‍പ്പിച്ചിട്ടുള്ളതും ഇദ്ദേഹത്തെയാണ്.
കൈരളി കലാസമിതിയുടെ പ്രവര്‍ത്തനം, പുതിയ നോവലിന്റെ രചന തുടങ്ങിയവും നടത്തിപ്പോരുന്ന സുധാകരന്റെ പുതിയ ഒന്നരദശകം തിരക്കേറിയതും വ്യതിരിക്തവും സുപ്രധാനവുമാണ്. നേരത്തെ പരാമര്‍ശിച്ചതിനുപുറമെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വിവിധ മേഖലകളില്‍ നിന്നായി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പ്രവാസജീവിതം വ്യത്യസ്തവും അര്‍ത്ഥപൂര്‍ണ്ണവുമാക്കിയ സുധാകരന്‍ രാമന്തളി
വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയ്ക്കിടയില്‍ വിഭിന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെടുകയും ആത്മവിശ്വാസത്തിന്റെ കരുത്താല്‍ ആ മേഖലകളിലെല്ലാം തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യത്യസ്തനായ പ്രവാസിമലയാളിയാണ് സുധാകരന്‍ രാമന്തളി. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് ഏഴിമലയുടെ മടിത്തട്ടില്‍ കിടക്കുന്ന രാമന്തളി ഗ്രാമത്തില്‍ നിന്നും കൊട്ടിലവീട്ടില്‍ സുധാകരന്‍ പ്രവാസയാത്ര തുടങ്ങിയത്. ബെംഗളൂരുവാണ് സുധാകരന്റെ പ്രധാന കര്‍മ്മഭൂമി. ആര്‍മിയില്‍ നിന്ന് വിരമിച്ചശേഷം സുധാകരന്റെ പിതാവ് ദാമോദരന്‍ ബെംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. മെജസ്റ്റിക്കിന് സമീപമുള്ള കൃഷ്ണ ഫ്‌ളോര്‍ മില്ലിലാണ് അദ്ദേഹത്തിന് പിന്നീട് ജോലി ലഭിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത് ബെംഗളൂരുവില്‍ വരാറുണ്ടായിരുന്ന സുധാകരനും സഹോദരങ്ങളും പിന്നീട് മാതാപിതാക്കളോടൊപ്പം അവിടെ താമസമാക്കി. കൃഷ്ണ ഫ്‌ളോര്‍ മില്ലില്‍ നിന്നും നോക്കിയാല്‍ കാണുന്ന ശേഷാദ്രിപുരത്തായിരുന്നു താമസം. അക്കാലത്ത് മലയാളികളുടെ സങ്കേതങ്ങളില്‍ ഒന്നായിരുന്നു ശേഷാദ്രിപുരം.
1969-ല്‍ എച്ച്.എ.എല്ലില്‍ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) ജോലി കിട്ടിയതോടെ സുധാകരന്റെ ജീവിതം ഒരു സുപ്രധാന ഘട്ടത്തിലേക്ക് കടന്നു. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു പയ്യന്നൂര്‍ പ്രദേശത്ത് മാരാര്‍മാഷ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അമ്മാമന്‍ രാമമാരാര്‍. പയ്യന്നൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മാരാര്‍ മാഷാണ് രാമന്തളിയില്‍ സര്‍വ്വീസ് സഹകരണസംഘം രൂപീകരിച്ച് ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. അമ്മാമനില്‍ നിന്നും കമ്മ്യൂണിസ്റ്റ് തീ പകര്‍ന്നു കിട്ടിയ സുധാകരന്‍ പഠനകാലത്ത് കെ.എസ്.എഫിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം സുധാകരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. എച്ച്.എ.എല്‍ എംപ്ലോയീസ് യൂണിയനില്‍ അംഗമായ അദ്ദേഹം താമസിയാതെ യൂണിയന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായി. പതിനായിരത്തിലേറെ തൊഴിലാളികളുണ്ടായിരുന്ന എച്ച്.എ.എല്ലില്‍ ഒരേയൊരു തൊഴിലാളി സംഘടനയേ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ സ്വതന്ത്രമായിരുന്നു. പ്രമുഖ ട്രേഡ്‌യൂണിയനുകളുമായി എച്ച്.എ.എല്‍ എംപ്ലോയീസ് യൂണിയന് അഫിലിയേഷന്‍ ഉണ്ടായിരുന്നില്ല. യൂണിയന്‍ പ്രസിഡണ്ട് ലൂയീസ് കോണ്‍ഗ്രസ്സുകാരനായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ മഹാദേവന്‍ സെക്രട്ടറിയും. തൊഴിലാളികളില്‍ തമിഴരും മലയാളികളുമായിരുന്നു കൂടുതല്‍. കന്നഡിഗര്‍ കുറവായിരുന്നു. യൂണിയന് കക്ഷിരാഷ്ട്രീയ പക്ഷപാതമുണ്ടായിരുന്നില്ലെങ്കിലും സുധാകരന്‍ കമ്മ്യൂണിസ്റ്റുകാരനായി വളര്‍ന്നു. ഫാക്ടറിയ്ക്ക് പുറത്ത് പാര്‍ട്ടി യൂണിറ്റിന്റെ ഭാരവാഹിയായി. നിരവധി മലയാളികളും ഒപ്പമുണ്ടായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മിലിട്ടന്‍സി പ്രകടമാക്കിയ സുധാകരന്‍ യൂണിയന്റെ മുന്‍നിര നേതാവായി ഉയര്‍ന്നു.
കലാസാഹിത്യരംഗത്തും സജീവമായി. ഹൈസ്‌കൂള്‍ പഠനകാലത്ത് സാഹിത്യരചനയില്‍ താല്‍പ്പര്യം കാട്ടിയിരുന്നു. സ്‌കൂളിലെ കയ്യെഴുത്തു മാസികയ്ക്കുവേണ്ടി എഴുതിക്കൊടുത്ത കവിത ശിരോമണി മാഷ് തിരിച്ചുനല്‍കി. ‘ഇത് നീയെഴുതിയതല്ല… അപഹരണം പാടില്ല’ എന്ന ഉപദേശത്തോടെ. മനസ്സിന് മുറിവേല്‍പ്പിച്ച ദുരനുഭവമായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശിരോമണി മാഷ് തെറ്റുതിരുത്തി. ആ പ്രായത്തിലുള്ള ഒരു വിദ്യാര്‍ത്ഥിയ്ക്ക് അത്ര ഭംഗിയായി കവിതയെഴുതാന്‍ സാധിക്കില്ലെന്ന മുന്‍വിധിയാണ് മാഷെ സ്വാധീനിച്ചിരുന്നതത്രെ. എച്ച്.എ.എല്‍ കേന്ദ്രമായി രൂപീകരിച്ച സെന്‍ട്രല്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി. കവിതകളെഴുതി. സാഹിത്യം പ്രസംഗിച്ചു. എം.വി. മുഹമ്മദ് പത്രാധിപരായ ‘മറുനാടന്‍ ശബ്ദം’ മാസികയിലാണ് ആദ്യകവിത വെളിച്ചം കണ്ടത്. കലയും സാഹിത്യവുമെല്ലാം മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിനകത്താണെന്ന ബോധ്യം അക്കാലത്തെ രചനകളില്‍ പ്രകടമായിരുന്നു. ദേശാഭിമാനി വാരികയില്‍ കഥകള്‍ അച്ചടിച്ചുവന്നുകൊണ്ടിരുന്നു. മാരാര്‍മാഷുടെ മകള്‍ രുഗ്മിണിയെ വിവാഹം ചെയ്തശേഷം താമസം യശ്വന്തപുരത്തേക്ക് മാറ്റി. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്‌കാരിക രംഗത്തും സജീവമായി ഇടപെട്ടു. യശ്വന്തപുരം കേരളസമാജത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ദേശാഭിമാനി, കുങ്കുമം, കലാകൗമുദി, മലയാളരാജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കഥകളെഴുതി സാഹിത്യരംഗത്തും ശ്രദ്ധേയനായി. നാടകരംഗത്തും ശദ്ധചെലുത്തി. റേഡിയോ നാടകങ്ങളെഴുതി. എം.ടിയുടെ ‘ഗോപുരനടയില്‍’ ബെല്‍മ നാടകമത്സരത്തില്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി.
പൊതുമേഖലാസമരം
1981-ല്‍ ആയിരുന്നു രാജ്യത്തെ പിടിച്ചുകുലുക്കിയ പൊതുമേഖലാസമരം. പ്രധാന ട്രേഡ്‌യൂണിയനുകളുടെ കൂട്ടായ്മയായ ജെ.എ.എഫ് (ജോയിന്റ് ആക്ഷന്‍ ഫ്രണ്ട്) ആണ് കേന്ദ്രഗവണ്മെന്റുമായുള്ള വമ്പിച്ചൊരു ഏറ്റുമുട്ടലിന് വഴിതെളിയിച്ച ആ തൊഴില്‍സമരത്തിന് നേതൃത്വം കൊടുത്തത്. പ്രത്യക്ഷസമരം പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ എച്ച്.എ.എല്‍ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ അസ്വസ്ഥമായിരുന്നു. ചെറുതും വലതുമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി സുധാകരന്‍ ഫാക്ടറിയ്ക്കകത്തുണ്ടായിരുന്നു. പോര്‍വിളികള്‍, സംഘട്ടനങ്ങള്‍. നശീകരണ പ്രവര്‍ത്തനങ്ങള്‍. തികച്ചും പ്രക്ഷുബ്ധമായ വ്യാവസായികാന്തരീക്ഷം. സുധാകരന്‍ മാനേജ്‌മെന്റിന്റെ പ്രധാന നോട്ടപ്പുള്ളിയായി. പോലീസ് കേസ്സുകള്‍ തുടരെത്തുടരെ ഉണ്ടായി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്യപ്പെടുമെന്നായപ്പോള്‍ ഒളിവില്‍പ്പോയി.
തിപ്പസാന്ദ്രയില്‍ ഗോപിനാഥപ്പിള്ളയോടൊപ്പമായിരുന്നു ഒളിവാസം. ഒരു സ്വകര്യകമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്ന പിള്ള സുധാകരന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. സമരം കൊടുമ്പിരികൊള്ളുന്ന കാലം. ഭാര്യയേയോ പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയോ കാണാനോ വിവരങ്ങള്‍ കൈമാറാനോ സാധിക്കാത്ത വേവലാതിയില്‍ ഉള്ളുവെന്ത നാളുകള്‍. രാവുംപകലും അടച്ചിട്ട മുറിയില്‍. ആ നിസ്സഹായാവസ്ഥയില്‍ മനസ്സിലേക്ക് ഇടിച്ചുകയറിയത് ബാല്യകൗമാരം ചെലവിട്ട ഗ്രാമത്തിലെ വേപഥു പൂണ്ട ചിത്രങ്ങളാണ്. നോവേറ്റു പിടഞ്ഞ മനസ്സില്‍ നിന്നും അതൊരു നോവലായി ഒഴുകിയിറങ്ങി. എണ്‍പതുകളുടെ ആരംഭത്തില്‍ കേരളീയ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ‘രാമപുരത്തിന്റെ കഥ’. പ്രഥമ മംഗളം അവാര്‍ഡ് കരസ്ഥമാക്കിയ കൃതി.
‘ദേശാഭിമാനി’യില്‍ കഥകള്‍ വരുത്തുന്നത് പാര്‍ട്ടിയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്താണെന്ന ആരോപണം ബെംഗളൂരുവിലെ സുഹൃത്തുക്കളായ ചില ശത്രുക്കള്‍ ഉയര്‍ത്തിയിരുന്നു. മാത്രവുമല്ല പാര്‍ട്ടിയുടെ ചില നിലപാടുകള്‍ സുധാകരന്‍ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഒളിജീവിതത്തിനിടയില്‍ എഴുതിയ നോവല്‍ മംഗളം അവാര്‍ഡിനയച്ചത്. സാഹിത്യപ്രാധാന്യമുള്ള പ്രസിദ്ധീകരണമല്ലെങ്കിലും മംഗളം വാരിക ജനകീയമായിരുന്നു. ഖണ്ഡശ്ശഃയായി പ്രസിദ്ധപ്പെടുത്തിയ ‘രാമപുരത്തിന്റെ കഥ’ മംഗളത്തിന് അതുവരെ ഇല്ലാതിരുന്ന തലയെടുപ്പും അംഗീകാരവും നല്‍കി എന്ന് സമ്മതിച്ചത് സാക്ഷാല്‍ എം.സി.വര്‍ഗ്ഗീസ്. നാന സിനിമാവാരിക നടത്തിയ തിരക്കഥാമത്സരത്തില്‍ സുധാകരന്‍ രാമന്തളിയുടെ ‘വഴിത്തിരിവുകള്‍’ ഒന്നാം സമ്മാനം നേടി. അത് സിനിമയാക്കാനുള്ള ഓഫറുകള്‍ തട്ടിത്തകര്‍ത്തത് സുധാകരന്‍ തന്നെ! ‘ഞാനെഴുതിയത് ‘ഒരക്ഷരം മാറ്റാന്‍ പാടില്ല’ എന്ന പിടിവാശി മുറുകിയപ്പോള്‍ പ്രശസ്തസംവിധായകനായ പി.ജി.വിശ്വംഭരന്‍ നിരാശയോടെ പിന്മാറുകയായിരുന്നു. ട്രേഡ്‌യൂണിയന്‍ സമരങ്ങളില്‍ വെന്തുനീറിയ ‘ധിക്കാരി’യായ എഴുത്തുകാരന്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്കുപോലും തയ്യാറല്ലായിരുന്നു. സിനിമ തികച്ചും വ്യത്യസ്തമായ ഒരു കലയാണെന്നും എഴുത്തുകാരന്റെ പിടിവാശിയ്ക്കവിടെ സ്ഥാനമില്ലെന്നും സുധാകരന്‍ മനസ്സിലാക്കിയത് പിന്നെയും ഏറെക്കഴിഞ്ഞാണ്.
ഗള്‍ഫിലേക്ക്
ജെ.എസ്.എഫ് സമരം പരാജയത്തിലാണ് കലാശിച്ചത്. നാല്‍പ്പതോളം കേസ്സുകളുടെ നൂലാമാലകള്‍. കുടുംബച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, കടബാധ്യതകള്‍. ഒരുതരത്തിലും പരിഹരിക്കാന്‍ സാധ്യമല്ലാത്ത സാമ്പത്തികപ്രശ്‌നങ്ങള്‍ സുധാകരനെ തുറിച്ചുനോക്കി. ജീവിത പ്രാരാബ്ധങ്ങള്‍ അദ്ദേഹത്തിലെ എഴുത്തുകാരനെ എങ്ങോട്ടോ തള്ളിമാറ്റിയിരുന്നു. ജീവിതത്തിന് ഒരുമാറ്റം അനിവാര്യമായിരുന്നു. യാദൃച്ഛികമായി കാണാനിടയായ പത്രപരസ്യം കച്ചിത്തുറുമ്പായി. താന്‍ വൈദഗ്ദ്ധ്യം നേടിയ ട്രേഡില്‍ ദുബായിലെ അലുമിനിയം കമ്പനിയില്‍ ജോലിയൊഴിവ്. പിറ്റേന്ന് പ്രമുഖ ഹോട്ടലിലാണ് ഇന്റര്‍വ്യു. നിശ്ചയദാര്‍ഢ്യത്തോടെ അഭിമുഖം നേരിട്ടു. എയ്ജ് ഓവര്‍ തടസ്സമായെങ്കിലും തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ സുധാകരന്‍ പ്രകടിപ്പിച്ച ഊര്‍ജ്ജസ്വലതയ്ക്കും ആത്മവിശ്വാസത്തിനും മുമ്പില്‍ അവയൊക്കെ വഴിമാറി. കമ്പനിയിലെ ഉയര്‍ന്ന ഉദ്വോഗസ്ഥന്‍ നേരിട്ട് നടത്തിയ അഭിമുഖമായിരുന്നു. അധികംവൈകാതെ, ആരുമറിയാതെ എച്ച്.എ.എല്ലിലെ ജോലി രാജിവെക്കാതെ സുധാകരന്‍ ദുബായിലേക്ക് വിമാനം കയറി. ഒന്നരദശാബ്ദക്കാലം അവിടെ കഴിച്ചുകൂട്ടി. സ്വന്തം താല്‍പ്പര്യങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ചുകൊണ്ട് കുടുംബത്തിനുവേണ്ടിയുള്ള ജീവിതം. ഗള്‍ഫ് ജീവിതത്തിനിടയില്‍ കാര്യമായ എഴുത്തൊന്നും ഉണ്ടായില്ല. മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ജോലിയായതിനാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഒഴിവുസമയം ഗൗരവമുള്ള വായനക്കായി മാറ്റിവെച്ചു. ലോകക്ലാസിക്കുകള്‍ വായിച്ചു. മലയാളികളുടെ പുരോഗമനപ്രസ്ഥാനങ്ങളുമായി സഹകരിച്ചു. ഗള്‍ഫിലെത്തിയ പ്രമുഖ എഴുത്തുകാരെ പരിചയപ്പെട്ടു. ബെംഗളൂരുവിലേക്കും രാമന്തളിയിലേക്കുമുള്ള ഹ്രസ്വമായ അവധിയാത്രകളില്‍ കുടുംബാംഗങ്ങളെയും അടുത്ത ചില സുഹൃത്തുക്കളെയുമല്ലാതെ മറ്റാരേയും കാണാനായില്ല. വര്‍ഷങ്ങള്‍ കടന്നുപോയത് ശരവേഗത്തിലാണ്. വളര്‍ന്നുവലുതായി ബിരുദം സമ്പാദിച്ച ആണ്‍മക്കള്‍-സന്തോഷും സതീഷും-ദുബായിലെത്തി. അവര്‍ക്ക് നല്ല ജോലി ലഭിച്ചു. അച്ഛന്റെ ത്യാഗജീവിതത്തെയും സ്വപ്നങ്ങളെയുംകുറിച്ച് നന്നായറിയാവുന്ന മൂത്തമകന്‍ സന്തോഷ് സന്ദര്‍ഭമൊത്തുവന്നപ്പോള്‍ പറഞ്ഞു. ”അച്ഛാ ഇനി അച്ഛന്‍ അച്ഛനുവേണ്ടി ജീവിക്കണം. എഴുതണം, സാഹിത്യത്തില്‍ വലിയ ആളാകണം.” ദുബായില്‍ പൊടിക്കാറ്റ് വീശിക്കൊണ്ടിരുന്നു. കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നുവീണത് അച്ഛന്റെ കണ്ണില്‍ നിന്നോ അതോ മകന്റേയോ? ആ അനര്‍ഘനിമിഷത്തില്‍, ഒരുപക്ഷെ ഇരുവരും കരഞ്ഞിട്ടുണ്ടാവണം. ഉയര്‍ന്ന ശമ്പളവും ആകര്‍ഷണനീയമായ ആനുകൂല്യങ്ങളും ലഭിച്ചിരുന്നെങ്കിലും ദുബായിലെ കമ്പനിയില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്നല്ല. പിന്നീടെഴുതിയ ‘രഘുനാഥന്‍ ഉറങ്ങുകയാണ്’ എന്ന നോവലില്‍ അക്കഥകള്‍ പറയുന്നുണ്ട്. മാതൃഭാഷയിലേക്ക്, സാഹിത്യത്തിലേക്ക്, സ്വന്തം അഭിലാഷങ്ങളിലേക്ക് തിരിച്ചുപോകാന്‍ സുധാകരന്‍ തീവ്രമായി ആഗ്രഹിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ മനസ്സ് വായിച്ചെടുത്തപോലെ മകന്റെ സാന്ത്വനം. വന്‍തുക ശമ്പളം കിട്ടുന്ന ദുബായ്‌ജോലി രാജിവെച്ച് സുധാകരന്‍ രാമന്തളി ബെംഗളൂരുവിലേക്ക് മടങ്ങി.
പുതിയ കര്‍മ്മമണ്ഡലത്തില്‍
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷത്തിലായിരുന്നു ആ തിരിച്ചുവരവ്. നഗരം വല്ലാതെ മാറിപ്പോയിരുന്നു. സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പത്‌നി രുഗ്മിണിയുടേയും മകള്‍ സവിതയുടേയും സാമീപ്യം മാത്രമായിരുന്നു ആശ്വാസം. ‘രഘുനാഥന്‍ ഉറങ്ങുകയാണ്’, ‘അരങ്ങൊഴിയുന്ന അച്ചുതന്‍’, ‘രാമപുരത്തേക്ക് വീണ്ടും’, എന്നീ നോവലുകള്‍ എഴുതി. ആദ്യത്തേത് ഗള്‍ഫ് അനുഭവത്തിന്റേയും രണ്ടാമത്തേത് ബെംഗളൂരുവിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റേയും മൂന്നാമത്തേത് ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകളുടേയും പശ്ചാത്തലത്തില്‍. കൈരളി കലാസമിതിയിലൂടെ വീണ്ടും ബെംഗളൂരുവിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സൗഹൃദങ്ങള്‍ പുതുക്കപ്പെട്ടു. ബാംഗ്ലൂര്‍ നാദം, ഹായ് കേരള എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ബെംഗളൂരു കേരളസമാജത്തെ വഴിയാധാരമാക്കിയ കെ.എന്‍.ഇ ട്രസ്റ്റിനെതിരെ പടയൊരുക്കം നടത്തിയത് പഴയ ട്രേഡ്‌യൂണിയന്‍ നേതാവിന്റെ ഉശിരോടെ. അതൊരു ജനകീയ സമരമായി നഗരമാകെ പടര്‍ന്നു. കൈരളി കലാസമിതിയുടെ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. അതിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കി. എച്ച്.എ.എല്ലില്‍ യൂണിയന്‍ നേതാവായിരുന്ന കാലത്ത് സുധാകരന്റെ പ്രധാനമേലുദ്വോഗസ്ഥനായിരുന്നു പത്മശ്രീ സി.ജെ. കൃഷ്ണദാസ് നായര്‍. തൊഴില്‍ പ്രശ്‌നങ്ങളുടെ പേരില്‍ പലതവണ ഏറ്റുമുട്ടിയിരുന്നെങ്കിലും ഇരുവരും തമ്മില്‍ ആത്മബന്ധം നിലനിന്നിരുന്നു. സുധാകരന്‍ തിരിച്ചെത്തി കൈരളി കലാസമിതിയുടെ സെക്രട്ടറിയാകുമ്പോള്‍ കൃഷ്ണദാസ് നായര്‍ എച്ച്.എ.എല്ലിന്റെ ചെയര്‍മാനാണ്. എച്ച്.എ.എല്‍ വിട്ടുനല്‍കിയ സ്ഥലത്താണ് കൈരളികലാസമിതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി കൃഷ്ണദാസ് നായരുടെ സൗഹൃദവും സ്വാധീനവും സുധാകരന്‍ ഉപയോഗപ്പെടുത്തി. സ്ഥലം എം.എല്‍.എയും ഉദാരമതികളായ ഏതാനും വ്യക്തികളും നിര്‍ലോഭം സഹായിച്ചു. കലാസമിതിയും സ്‌കൂളുകളും വന്‍പുരോഗതി കൈവരിച്ചു. ശക്തിപ്പെട്ട ജനകീയസമരത്തിലൂടെ കെ.എന്‍.ഇ ട്രസ്റ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബെംഗളൂരു കേരളസമാജത്തിന് സാധിച്ചു. പതിനൊന്ന് വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള കെ.എന്‍.ഇ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനവും സുധാകരന് ഏറ്റെടുക്കേണ്ടിവന്നു.
കൈരളീകലാസമിതി സ്‌കൂളുകള്‍ നടത്തി കൈവന്ന അനുഭവപരിചയവും കര്‍ണാടക വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരുമായുള്ള സൗഹൃദവും പുതിയ ഉത്തരവാദിത്തം കൃതഹസ്തതയോടെ നിറവേറ്റാന്‍ സഹായകമായി. ഒരു നയാപൈസ പ്രതിഫലം വാങ്ങാതെയുള്ള സൗജന്യസേവനമായിരുന്നു ഇതൊക്കെ. കഴിഞ്ഞവര്‍ഷം കൈരളി കലാസമിതിയുടെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് പ്രസിഡണ്ട് പദവിയിലേക്ക് മാറി. പുതിയ സെക്രട്ടറി സുധീഷിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്നു. റീജ്യണിയല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ബഹുഭാഷാനിഘണ്ടു പ്രൊജക്ടില്‍ (MLDP) മെമ്പറായും നാഷണല്‍ സയന്‍സ് ഡ്രാമ ഫെസ്റ്റിവലില്‍ ജൂറി അംഗമായും പ്രവര്‍ത്തിച്ചു. അരങ്ങൊഴിയുന്ന അച്ചുതന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത അരുണം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. പക്ഷെ സിനിമ പൂര്‍ത്തിയായില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണം ഭാരിച്ച ജോലിയാണ്. സര്‍ഗ്ഗാത്മകമായ എഴുത്ത് വീണ്ടും തടസ്സപ്പെട്ടു. ഏഴിമലയില്‍ നാവിക അക്കാദമി വന്നതോടെ ജന്മഗ്രാമമായ രാമന്തളി കീറിമുറിക്കപ്പെട്ടത് സുധാകരനെ വല്ലാതെ നൊമ്പരപ്പെടുത്തി. സ്വന്തം വീടിനും അയല്‍വീടുകള്‍ക്കും ഇടയില്‍ ഉയര്‍ന്ന കനത്തമതില്‍. ചോരകിനിയുന്ന രാമന്തളിയുടെ പുതിയ കദനചിത്രം. ആ വേദന നോവലാക്കാനുള്ള ശ്രമം നീണ്ടുപോയി. സര്‍ഗ്ഗാത്മകം എന്നുപറയാന്‍ പരസ്യവാചകങ്ങളുടെ രചനയും തര്‍ജ്ജമയും അല്ലാതെ കാര്യമായ എഴുത്തൊന്നും നടന്നില്ല. മറ്റൊരു പതിനഞ്ചുവര്‍ഷം കൂടി ഓടിമറഞ്ഞു. ഓരോ പതിനഞ്ചുവര്‍ഷങ്ങള്‍ക്കിടയിലാണ് സുധാകരന്‍ രാമന്തളിയുടെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. ബാല്യകൗമാരം ചെലവിട്ട രാമന്തളിയിലെ ആദ്യ ഒന്നരദശകം, എച്ച്.എ.എല്‍. ജീവനക്കാരനായി ഒന്നരദശകം, ദുബായ് കമ്പനിയില്‍ ഒന്നരദശകം. ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ട് മറ്റൊരു ഒന്നരദശകം… അങ്ങനെ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് അഭിമാനമായി സുധാകരന്‍ രാമന്തളി തന്‍റെ അക്ഷരതപസ് തുടരുകയാണ്. – വിഷ്ണുമംഗലം കുമാർ