അഫാഘാനില്‍ താലിബാന്‍‍ ഇസ്ലാമികഭരണം ആരംഭിച്ചു. ആദ്യം വെട്ടിനിരത്തിയത് സ്ത്രീകളെ…

Print Friendly, PDF & Email

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നിയമപ്രകാരം നിലനിര്‍ത്തും എന്ന് പ്രഖ്യാപിച്ച് അഫ്ഘാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്ത താലിബാന്‍ ഭരണകൂടം ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി ലോകത്തെ വിസ്മയിപ്പിക്കുവാന്‍ ആരംഭിച്ചു. ആദ്യമായി വിദ്യാലങ്ങളിലാണ് താലിബാന്‍ വിസമയകരമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത്. ഇന്നലെയാണ് അഫ്ഗാനിസ്താനില്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ തിട്ടൂരം. ആണ്‍കുട്ടികളും ആണ്‍ അധ്യാപകരും മാത്രം മതിയെന്ന താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്ലാതെ ക്ലാസുകള്‍ ആരംഭിച്ചത്. സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു താലിബാന്റെ പ്രസ്താവന. പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്ന കാര്യം അതില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, ക്ലാസ് തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ആണ്‍ കുട്ടികളും പുരുഷ അധ്യാപകരും മാത്രം സ്‌കൂളില്‍ പോയാല്‍ മതിയെന്ന താലിബാന്റെ ശാസന നിലവില്‍ വന്നതോടെ വിദ്യാഭ്യാസത്തിനുള്ള പെണ്‍കുട്ടികളുടെ അവകാശവും അവസരവുമാണ് ഇല്ലാതാവുന്നത്.

സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ച താലിബാന്‍ അതിനായി അഫ്ഗാനിസ്താനിലെ വനിതാകാര്യ വകുപ്പ് അടച്ചുപൂട്ടി പകരമായി മതശാസനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ‘സദാചാര’ വകുപ്പാണ് നിലവില്‍വരുത്തിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1996-2001 കാലത്ത് താലിബാന്‍ മതപൊലീസിംഗ് വകുപ്പ് കൊണ്ടുവന്നിരുന്നു. തെരുവുകളില്‍ താലിബാന്‍ പറയുന്ന കര്‍ശന മത-സദാചാര വ്യവസ്ഥകള്‍ നടപ്പാക്കിയിരുന്നത് ഈ വകുപ്പായിരുന്നു. അതാണിപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്.

2001ല്‍ താലിബാന്‍ അധികാരത്തില്‍നിന്നും പുറത്തായ ശേഷം അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മുമ്പൊന്നുമില്ലാതിരുന്ന പ്രാധാന്യമാണ് ലഭിച്ചത്. സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യത്തില്‍നിന്നും 25 ലക്ഷമായാണ് അന്നുയര്‍ന്നത്. വനിതാ സാക്ഷരതാ നിരക്ക് ഇരട്ടിയായി. ഈ നേട്ടങ്ങള്‍ കൂടുതലും നഗരങ്ങളിലായിരുന്നുവെങ്കിലും ഗ്രാമങ്ങളിലും മാറ്റം പ്രകടമായിരുന്നു. എന്നാല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍ ഇപ്പോള്‍ മടങ്ങിപ്പോവുന്നത്. വിസ്മയഭരണമെന്നും അഫ്ഘാനില്‍ സ്വാതന്ത്ര്യം വന്നുവെന്നും കെട്ടിഘോഷിച്ച കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്ന താലിബാന്‍ ഭരണം ഇസ്ലാമികമാണോ എന്നു പറയുവാന്‍ ബാധ്യസ്ഥരാണ്.