ചരണ്‍ജിത് സിംഗ് പഞ്ചാബിന്റെ മുഖ്യമന്ത്രി. 11 മണിക്ക് സത്യപ്രതിജ്ഞ.
പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയാണ് ചന്നി. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്തര്‍ സിംഗ് രണ്ധാതവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. സുഖ്ജിന്തര്‍ സിംഗ്, ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരില്‍ നിന്ന് രണ്ട് പേര്‍ ഉപമുഖ്യമന്ത്രിമാരാകും എന്നാണ് വിവരം.
മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. എല്‍എമാരുടെ പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്‍റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല് 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിക്കുമെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിരോമണി അകാലി ദള്‍ വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി ദളിത് വിഭാഗത്തിന് നല്‍കുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. പഞ്ചാബിന്റെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിനുള്ള കോണ്‍ഗ്രസിന്റെ മറുമരുന്ന് കൂടിയാണ്. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.