എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ .
എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം കണ്ടെത്തി.
ബാംഗ്ലൂർ പ്രവാസി മലയാളായി എഴുത്തുകാരിൽ പ്രശസ്തനായ ഡോ. പ്രേംരാജ് കെ കെ തന്റെ എഴുത്തിന്റെ വഴിയിലൂടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം കണ്ടെത്തിയിരിക്കുന്നു. ഇതിനു മുമ്പ് ഡോ. പ്രേംരാജ് കെ കെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും തന്റെ പേര് കുറിച്ചിട്ടുണ്ട്. സ്വന്തം കൃതികൾ പുസ്തകരൂപത്തിൽ ചിട്ടപ്പെടുത്തി താൻ തന്നെ പെയിന്റിംഗ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് കവറുകൾ ഡിസൈൻ ചെയ്ത് പുസ്തകത്തിന്റെ മുഴുവൻ ഡിസൈനിങ്ങും സ്വന്തമായി ചെയ്തും, പബ്ലിഷിംഗ് കൂടാതെ മാർക്കറ്റിംഗ് ചെയ്തും ആണ് ഇങ്ങനെ ഒരു നേട്ടം കൈയ്യിലൊതുക്കിയത്. “ചില നിറങ്ങൾ ” എന്ന ചെറുകഥാ സമാഹാരം കോഴിക്കോടുള്ള “ഇന്ത്യാ ബുക്ക്സ്” ആണ് പബ്ലിഷ് ചെയ്തത്. എന്നാൽ “മാനം നിറയെ വർണ്ണങ്ങൾ” എന്ന കഥാസമാഹാരം സ്വന്തമായി പബ്ലിഷ് ചെയ്ത് ജനങ്ങളുടെ കൈകളിലെത്തിച്ചു അതും ഐ. എസ്. ബി. എൻ നമ്പരോടുകൂടി.
ജീവിതത്തിൽ പടരുന്നതും പടരാത്തതുമായ ചായങ്ങളുടെ ക്യാൻവാസ് പുസ്തക രൂപത്തിൽ തീർത്ത ഇദ്ദേഹം തന്റെ “മാനം നിറയെ വർണ്ണങ്ങൾ” എന്ന പുസ്തകത്തിൽ വരച്ചു വെച്ചത് പ്രക്ഷുബ്ധമായ മനസ്സെന്ന കടലിലെ ഓളത്തള്ളലിൽ ആടിയുലയുന്ന കുറേ ജീവിതങ്ങളാണ്. മനുഷ്യന്റെ ആഭിമുഖ്യങ്ങളേയും വൈകാരിക സമീപനങ്ങളേയും പോലും കീഴ്മേൽ മറിക്കുന്ന വേഗതയാർന്നതും അരക്ഷിതവുമായ ആധുനിക ജീവിതത്തിന്റെ ശ്ളഥചിത്രങ്ങൾ ഇതിൽ കാണാം.
തന്റെ ഈ നേട്ടത്തിനു പിന്നിലെ ശക്തിയും ഉത്തേജനവും തന്റെ വായനക്കാരാണെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പ്രേംരാജ് കെ കെ പറയുകയുണ്ടായി.
ഇപ്പോൾ പ്രേംരാജ് കെ കെ തന്റെ പുതിയ പുസ്തകത്തിന്റെ ജോലിത്തിരക്കിലാണ്. അടുത്ത പുസ്തകം ഇതുപോലെ ചെറുകഥാ സമാഹാരം തന്നെ ആയിരിക്കുമോ അഥവാ നോവലോ മറ്റോ ആയിരിക്കുമോ എന്ന് വായനക്കാർ കാത്തിരുന്നു കാണാം. ഏതായാലും ഡോ. പ്രേംരാജ് കെ കെ യ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.