ശിവരാത്രി വ്രതം; ആഹരിക്കാതിരിക്കല്‍ ആണ് വ്രതം
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.) അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്ടെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.
പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം.
വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കണം.
അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കണം.
പൂവ്, അക്ഷതം(മഞ്ഞളും ഉണക്കലരിയും ചേര്‍ന്നത്), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം.
ഇത് ഏഴ് തവണ ആവര്‍ത്തിക്കുക.
പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക.
പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു എന്നാണ് പഴമക്കാര്‍ അനുശാസിക്കുന്നത്.
മന്ത്രോച്ചാരണം ശിവരാത്രി വ്രതം എടുക്കുമ്പോള്
ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക.
നാലു മണിയാവുമ്പോള്‍ കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക.
‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക.
ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യാസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ‘ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക.
(പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. )
പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം (ശിവരാത്രി ദിവസം) ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. ‘
വ്രതപുണ്യം സമര്‍പ്പയാമി’ എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില്‍ സമര്‍പ്പിക്കുക.
ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?
ശിവരാത്രിക്ക് വ്രതമാണ് പ്രധാനം
“ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍
വ്രതെ അംഗത്വേന വിഹിതാ
തദ്വ്രതം ശിവരാത്ര്യാഖ്യം ”
(കാല മാധവം-മാധാവാചാര്യന്‍)
വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം .
എന്താണ് വ്രതം?
“അനശനം വ്രതമുച്യതെ” .
അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം.
വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ ….
കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്‍ത്ഥം എടുക്കണം.
തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം.
(അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ‘ഒരിക്കല്‍’ എടുക്കുമ്പോള്‍ അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്‍ദേശം ….)
വ്രതശബ്ദത്തിനു നിരവധി അര്‍ത്ഥ തലങ്ങള്‍ ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ….
വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് – –
“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”
എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം “
“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”
ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ത്ഥം .
വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം .
[ഈ അവസരത്തില്‍ സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില്‍ ഉണ്ട്…
“ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം ”
(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല ..).
വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും ..
ഇത് ഗജസ്നാനം പോലെയാണ്…
ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത് പോലെ എന്നര്‍ത്ഥം….
ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്..
ആ ഭഗവത് സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും.
.