മൂര്‍ത്തിയോടൊപ്പം തന്നെ പതിനെട്ടാംപടിക്കും പ്രസക്തി ഏറെ

Print Friendly, PDF & Email
ഒരു ക്ഷേത്രത്തിന്റെ പടികള്‍ക്ക് അവിടുത്തെ മൂര്‍ത്തിയോളം പ്രാധാന്യം നേടുന്നതും പവനമാകുന്നതുമായ കാഴ്ചയാണ് ശബരിമലയില്‍ കാണുവാന്‍ കഴിയുന്നത്. പതിനെട്ട് പടികള്‍ കയറി വേണം ഭക്തന് ശബരിഗിരീശന്റെ സന്നിധിയില്‍ വന്നണയുവാന്‍. ഈ പടികളോരോന്നിനും പ്രത്യേകം ഉദ്ദേശങ്ങളുണ്ട്. അവ വിശുദ്ധങ്ങളും പുണ്യം പ്രധാനം ചെയ്യുന്നവയുമാണ്. പ്രകൃതിയുടെ ആത്മാവിനെ കണ്ടെത്തുവാനുള്ള മാന്ത്രിക താക്കോലായ പതിനെട്ട് എന്ന മാന്ത്രിക നമ്പറിന് ഉന്നതമായ സ്ഥാനമാണ് വേദകാലം മുതല്‍ക്കേ ആചാര്യന്മാര്‍ നല്‍കിയിട്ടുള്ളത്.
ബ്രഹ്മദേവന്‍ സംരക്ഷിച്ച ആദിമവേദത്തിന് പതിനെട്ട് അധ്യായങ്ങളായിരുന്നു ഉണ്ടായിരുന്നത്. പതിനെട്ട് പുരാണങ്ങളും പതിനെട്ട് ഉപ പുരാണങ്ങളുമായിരുന്നു വേദവ്യാസന്‍ ചമച്ചിട്ടുള്ളത്. മഹാഭാരതത്തിനാകട്ടെ പതിനെട്ട് അധ്യായങ്ങള്‍ അതിലെ ഒരു അധ്യായമായ ശ്രീമത് ഭഗവത്ഗീതക്കുമുണ്ട് പതിനെട്ട് അധ്യായങ്ങള്‍ കുരുക്ഷേത്രത്തില്‍ നടന്ന ധര്‍മ്മയുദ്ധമാകട്ടെ പതിനെട്ട് ദിവസമാണ് നീണ്ടു നിന്നത്.
പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പമല, ഖല്‍ഗിമല, മയിലാടുംമല, ശ്രീപാദമല, തേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ പതിനെട്ട് മലകളടങ്ങയ പ്രദേശമാണ് അയ്യപ്പന്റെ പൂങ്കാവനം എന്ന പേരില്‍ അറിയപ്പെടുന്നത്.
നാല്‍പ്പത്തി ഒന്നു ദിവസത്തെ കഠിനമായ വൃതാനുഷ്ഠാനങ്ങളിലൂടേയും ഈശ്വര ഭജനയിലൂടേയും കടന്നു വന്ന ഭക്തന്‍ പതിനെട്ട് പടികള്‍ ചവുട്ടിക്കയറി തിരുസന്നിധിയില്‍ എത്തുമ്പോള്‍ എന്തിനെയെല്ലാം ത്യജിച്ചാലും അതിജീവിച്ചാലുമാണ് ഈശ്വര സാക്ഷാത്കാരം നേടുവാന്‍ കഴിയുന്നത് എന്നതിന്റെ വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് പതിനെട്ട് പടികള്‍ നല്‍കുന്നത്.
 ഭക്തന്റെ പുണ്യ-പാപ ചുമടായ ഇരുമുടിക്കെട്ടും ശിരസ്സിലേന്തി ഒന്നാം പടിക്ക് താഴെ തേങ്ങയുടച്ച് ഗണപതി ഭഗവാന്റെ അനുഗ്രഹാശിസ്സുകളോടെ ആദ്യത്തെ അഞ്ചു പടികള്‍ ചവുട്ടികയറുമ്പോള്‍ ഭക്തന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അവന്റെ പഞ്ചേന്ദ്രിയങ്ങളുടേമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്.
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളുടെ അനുഭവങ്ങളായ കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം എന്നിവയുടേമേല്‍ ആധിപത്യം നേടുന്നവര്‍ക്കു മാത്രമേ ഈശ്വരാനുഭവും ലഭ്യമാവുകയുള്ളു. പഞ്ചേന്ദ്രിയാനുഭവങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ഒരിക്കലും ഈശ്വരസാക്ഷാത്കാരം നേടുവാന്‍ കഴിയുകയില്ല എന്ന കേവല തത്വമാണ് ഇവിടെ പ്രസക്തമാകുന്നത്. ആദ്യ അഞ്ചു പടികള്‍ ചവുട്ടികയറുന്നതോടെ പഞ്ചന്ദ്രിയങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തനാവുകയാണ് ഭക്തന്‍ ചെയ്യുന്നത്.
 അടുത്ത എട്ട് പടികള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹം, അസൂയ എന്നീ അഷ്ടരാഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഈശ്വരാനുഭവത്തില്‍ നിന്ന് മനുഷ്യരെ തടയുന്ന ഒരോ രാഗങ്ങളേയും അതിജീവിക്കുകയാണ് ഓരോ പടികള്‍ ചവുട്ടികയറുമ്പോഴും ഭക്തന്‍ ചെയ്യുന്നത്. കാമ,ക്രോധ,ലോഭ,മോഹാദികളില്‍ നിന്ന് മുക്തനാകാത്തിടത്തോളം കാലം മനുഷ്യന് ഈശ്വര സാക്ഷാത്കാരം നേടുവാന്‍ കഴിയുകയില്ല എന്ന സത്യത്തിന്റെ പ്രഘോഷണമാണ് ഈ എട്ട് പടികള്‍.
 അടുത്ത മൂന്നുപടികള്‍ മനുഷ്യന്റെ ത്രിഗുണങ്ങളായ സത്വഗുണം, രജഗുണം, തമഗുണം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഈ ജന്മസിദ്ധഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് മനുഷ്യനെ സാത്വികനോ അധഃമനോ ആക്കിമാറ്റുന്നത്. തങ്ങളുടെ സ്വഭാവ പ്രത്യേകതകളെ തിരിച്ചറിഞ്ഞ് തമോഗുണങ്ങളെ ഈ പടികളില്‍ ഹോമിച്ച് അഥവ അവയെ സ്വന്തം വരുതിയിലാക്കി ചവുട്ടിക്കയറുന്നതോടെ ഈശ്വര സാക്ഷാത്കാരത്തിന് രണ്ട് പടി അരികെ ഭക്തന്‍ എത്തുകയായി. പതിനേഴാം പടി വിദ്യയേയും പതിനെട്ടാം പടി അവിദ്യയേയും പ്രതിനിധീകരിക്കുന്നു. അവയേയും ചവുട്ടിക്കയറുന്നതോടെ ഭക്തനെ സ്വീകരിക്കുന്നത് ‘തത്ത്വമസി’ മഹാ വാക്യമാണ്. ‘നീ ആരെ അന്വേഷിച്ച് വന്നുവോ അത് നീ ആകുന്നു’ എന്ന തിരിച്ചറിവ് പൂര്‍ണ്ണമാകണമെങ്കില്‍ അഥവ ഭക്തന്‍ ഈശ്വരനില്‍ ലയിച്ച് ഈശ്വരനും ഭക്തനും ഒന്നാകണമെങ്കില്‍ പഞ്ചേന്ദ്രിയങ്ങളെ വരുതിയിലാക്കി കാമ, ക്രോധ, ലോഭ, മോഹാദികളേയും ചവുട്ടികടന്ന് ത്രിഗുണങ്ങളെ ജയിച്ച് ജ്ഞാനാവിജ്ഞാനങ്ങളുടെ പൊരുളറിഞ്ഞു ജീവിതത്തിന്റെ പതിനെട്ട് പടികളും വിജയകരമായി കടന്നുവെങ്കില്‍ മാത്രമേ കഴിയൂ. എങ്കില്‍ മാത്രമേ എന്ന കലിയുഗവരദനായ അയ്യപ്പസ്വാമിയെ ദര്‍ശിച്ച് സായൂജ്യമടയുവാന്‍ ഭക്തന് സാധിക്കൂ. മൂര്‍ത്തിയോടൊപ്പം തന്നെ പതിനെട്ടാംപടിക്കും പ്രസക്തി കൈവരുന്നതും അതുകൊണ്ടാണ്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...