സാമ്പത്തിക തകര്‍ച്ചയുടെ ഭീകരത വെളുപ്പെടുത്തി റിസര്‍വ്വ് ബാങ്ക് സര്‍വ്വേകള്‍
എല്ലാം ശരിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ ഭീകരത വെളുപ്പെടുത്തുന്ന റിസര്‍വ് ബാങ്കിന്റെ സര്‍വേ റിപ്പോര്‍ട്ടുകള്‍. ഉപഭോഗം, നിര്‍മാണം, കപ്പാസിറ്റി യൂട്ടിലൈസേഷന്‍ എന്നീ മേഖലകളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേകളാണ് കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
1- തകരുന്ന ഉപഭോക്തൃവിശ്വാസം ആദ്യത്തേത് കേന്ദ്രബാങ്ക് നടത്തിയ ഉപഭോക്തൃ വിശ്വാസ സര്‍വേയാണ്. 13 പ്രധാന നഗരങ്ങളിലെ 5200 കുടുംബങ്ങളുമായി സംസാരിച്ചാണ് ഈ സര്‍വേയിലെ വിവരങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. 2104ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉപഭോക്തൃ വിശ്വാസം ഇത്രയേറെ കുറഞ്ഞ കാലമായിട്ടില്ല എന്ന് സര്‍വേ അടിവരയിടുന്നു. രണ്ട് സൂചികകള്‍ പ്രകാരമാണ് സര്‍വേ തയ്യാറാക്കുന്നത്. ഒന്ന് നിലവിലെ സ്ഥിതിയെ കുറിച്ച് പറയുന്ന കറന്റ് സിറ്റ്വേഷന്‍ ഇന്‍ഡക്‌സും (സി.എസ്.ഐ) ഭാവി പ്രതീക്ഷയെ കുറിച്ചുള്ള ഫ്യൂച്ചര്‍ എക്‌സ്പക്‌റ്റേഷന്‍ ഇന്‍ഡക്‌സും (എഫ്.ഇ.ഐ). വരുമാനം, ചെലവഴിക്കല്‍, തൊഴില്‍, വിലനിലവാരം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ എങ്ങനെ ചിന്തിക്കുന്നു എന്നാണ് സര്‍വേ കണ്ടെത്തുന്നത്.
കഴിഞ്ഞയാഴ്ച ആര്‍.ബി.ഐ പുറത്തിറക്കിയ ധനവായ്പാവലോകന നയത്തില്‍ ഉപഭോക്തൃ വിശ്വാസം ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എന്നാണ് പറയുന്നത്. സെപ്തംബറില്‍ സി.എസ്.ഐ 89.4 ആണ്. മോദി ഭരണകാലത്ത് ഈ സൂചിക ഇത്രയും ഇടിയുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇത്രയും ഇടിവുണ്ടായത്. 2013 സെപ്തംബറില്‍ 88 ആയിരുന്നു സി.എസ്.ഐ. നൂറിന് മുകളിലുണ്ടെങ്കില്‍ മാത്രമാണ് ഈ സൂചിക സംതൃപ്ത നിലയില്‍ നില്‍ക്കുന്നത്. മോദി അധികാരത്തില്‍ എത്തുമ്പോള്‍ 108 ആയിരുന്നു സി.എസ്.ഐ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത് 90ന് താഴേക്ക് പോയിട്ടുമില്ല. ഇതാണ് ഇപ്പോള്‍ 84.4ല്‍ എത്തി നില്‍ക്കുന്നത്.
2- താഴോട്ടു വീണ വ്യവസായം രണ്ടാമത്തേത് ആര്‍.ബി.ഐ പുറത്തിറക്കിയ ഇന്‍ഡസ്ട്രിയല്‍ ഔട്ട്‌ലുക്ക് സര്‍വേ ആണ്. ജൂലൈ-സെപ്തംബര്‍ മാസത്തെ ബിസിനസ് പരിതസ്ഥിതയെ കുറിച്ചും അടുത്ത പാദത്തിലേക്കുള്ള അവരുടെ പ്രതീക്ഷയെ കുറിച്ചും 450 നിര്‍മാണ കമ്പനികളോടാണ് ആര്‍.ബി.ഐ ചോദിച്ചത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരപ്രകാരം തയ്യാറാക്കിയ ബിസിനസ് അസസ്‌മെന്റ് ഇന്‍ഡക്‌സ് (ബി.എ.ഐ) ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 92.5 ആണ്. മുന്‍ പാദത്തിലെ 108.5ല്‍ നിന്നാണ് സൂചിക താഴോട്ടു വീണത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ 2014 മെയ് മുതല്‍ ബി.എ.ഐ നൂറിന് താഴേക്ക് വീണിട്ടില്ല. തൊഴില്‍, ഫലം, ഓര്‍ഡറുകള്‍ എന്നിവയില്‍ എല്ലാം മാന്ദ്യം ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ആത്മവിശ്വാസക്കുറവ് പ്രകടമാണ്.
3 – കപ്പാസിറ്റി യൂട്ടിലൈസേഷന്‍ മൂന്നാമത്തേത് നിര്‍മാണക്കമ്പനികളില്‍ നടത്തിയ ഓര്‍ഡര്‍ ബുക്‌സ്, ഇന്‍വന്ററീസ് ആന്‍ഡ് കപ്പാസിറ്റി യൂട്ടിലൈസേഷന്‍ സര്‍വേയാണ്. എണ്ണൂറ് നിര്‍മാണക്കമ്പനികളില്‍ നിന്നാണ് ആര്‍.ബി.ഐ വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ കപ്പാസിറ്റി യൂട്ടിലൈസേഷന്‍ 73.6 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തില്‍ ഇതേസമയത്ത് ഇത് 76.1 ശതമാനമായിരുന്നു.