കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു…
കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കേരളത്തില്‍ ഇന്നുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ആസൂത്രിത കൊലപാതക പരമ്പരയിലേക്കാം ഒരു പക്ഷെ അന്വേഷണം എത്തിച്ചേരുക. അത്തരം സൂചനകളാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരില് നിന്ന് ലഭിക്കുന്നത്.
കോഴിക്കോട് കോടഞ്ചേരി മേഖലയിലെ പ്രശസ്ത കുടുംബമാണ് കൂടത്തായിയിലെ പൊന്നാമറ്റം കുടുംബം. ഈ കുടുംബവുമായി ബന്ധപ്പെട്ട 6 പേരാണ് 2002 മുതൽ 2016 വരെ പല സമയത്തായി സമാന സാഹചര്യത്തില്‍ സമാന രീതിയില്‍ മരിക്കുന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന് റോയി തോമസ് (40), ടോം തോമസിന്റെ സഹോദരന് പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ ആന്‍ഫൈന്‍( 2), അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഓരോരുത്തരുടേയും മരണസമയങ്ങളിലുണ്ടായ ഈ കാലദൈര്‍ഘ്യം മൂലം മരണങ്ങളില്‍ ദുരൂഹത ആരും കണ്ടിരുന്നില്ല.
2002 ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011 ല്‍ ഭക്ഷണത്തിനു ശേഷം റോയി തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. റോയി തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും ബന്ധുക്കള്‍ മാനഹാനി ഭയന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. 2014 ല്‍ അന്നമ്മയുടെ സഹോദരന് മാത്യു മരിച്ചു. റോയി തോമസിന്റെ പിതൃു സഹോദര പുത്രന് ഷാജുവിന്റെ മകള്‍ അല്‍ഫോന്‍സയും. ഷാജുവിന്റെ ഭാര്യ സിലി 2016 ലും മരിച്ചു.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. സ്വത്തുക്കള്‍ റോയിയുടെ ഭാര്യയുടെയും അവര്‍ പുനര്‍ വിവാഹം ചെയ്ത മരണപ്പെട്ട സിലിയുടെ ഭര്‍ത്താവും റോയി തോമസിന്റെ പിതൃസഹോദര പുത്രനുമായ ഷാജുവിന്റേയും പേരില്‍ വ്യാജ ഒസിത്ത് ഉണ്ടാക്കി മാറ്റുകയായിരുന്നു. പുന:ര്വിവാഹിതയായിട്ടും ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിക്കാതെ റോയിയുടെ വീട്ടില്‍ തന്നെ കഴിഞ്ഞത് സ്വത്തുക്കള്‍ തട്ടിയെടുക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. രണ്ടാം വിവാഹത്തിനുശേഷവും യുവതി ടോം തോമസിന്റെ കോടികൾ വിലമതിക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനെ ടോം തോമസിന്റെ ഇളയമകൻ റോജോ എതിർത്തിരുന്നു. അമേരിക്കയിലായിരുന്ന റോജോ നാട്ടിലെത്തിയപ്പോള്‍ റോജോയും യുവതിയുടെ രണ്ടാം ഭർത്താവുഷാജുവുമായി ഇതേച്ചൊല്ലി കലഹം നടന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.തുടര്‍ന്നാണ് റോജോ പരാതി നല്‍കിയത്.
മരണപ്പെട്ട റോയിയുടെ ഭാര്യയിലേക്കാണ് സംശയത്തിന്റെ മുനകള്‍ നീങ്ങുന്നതെന്നാണ് സൂചന. റോജോ പരാതി നല്‍കിയതിനു പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നുണപരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം യുവതിയുടെ അനുവാദം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധന നടപടികളിലേക്ക് നീങ്ങിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. സിലിയുടെമരണത്തിനു പിന്നാലെ യുവതി സിലിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ചതിലേക്കും അന്വേഷണം നീളകയാണ്. കേസുമായി ബന്ധപ്പെട്ട് ഇരുവരേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഒരു പ്രാദേശിക നേതാവടക്കം അടുത്ത ബന്ധക്കളില്‍ പലരും പോലീസ് നിരീക്ഷണത്തിലാണ്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയാണെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് . സാഹചര്യതെളിവുകളെല്ലാം യുവതിക്കെതിരാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടി കഴിഞ്ഞ 13 വര്‍ഷങ്ങള്‍ ക്കിടയില് മരിച്ച ആറുപേരുടേയും ശവക്കലറകള്‍ തുറന്ന് മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ തുടങ്ങിയ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്തുത്തുകയാണ് ക്രൈംബ്രാഞ്ച്. കൂടാതെ യുവതിയുടെ ബ്രെയിന്‍ മാപ്പിംഗ് പരിശോധന നടത്താനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചുവരികയാണ്. സംശയത്തിലുള്ള യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. യുവതി പല ബിസിനസുകാരുമായും ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചതായി അറിയുന്നു. ടോം തോമസിന്റെ മകന് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും ഗുരുതര തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതായും വിവരമുണ്ട്.