‘പേരയ്ക്ക’ ഉഷ്ണമേഖലയിലെ ആപ്പിള്‍ 

Print Friendly, PDF & Email
ഉഷ്ണമേഖലയിലെ ആപ്പിള്‍ എന്ന അറിയപ്പെടുന്ന പേരയ്ക്ക ധാരാളം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള പഴമാണ്. ഇന്ത്യയില്‍  എന്നിവിടങ്ങളില്‍  വ്യാപകമായി കൃഷി ചെയ്തു വരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രം ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗമാണ് പേര. മെക്‌സിക്കോ, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലാണ് പേരയുടെ ജന്മദേശം.
എല്ലാത്തരം മണ്ണിലും വളരാന്‍ യോജിച്ച ഒരു ഫലവൃക്ഷസസ്യമാണിത്. കൂടുതല്‍ നല്ലത് വരണ്ട കാലാവസ്ഥയും, നീര്‍വാഴ്ച്ചയുള്ള ചുവന്ന പശിമരാശി മണ്ണുമാണ്. ആവശ്യത്തിന് സൂര്യപ്രകാശം വേണം. മാവ്, വാഴ, നാരങ്ങ എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കപ്പെടുന്ന അടുത്ത പഴമാണ് പേര.
ഇന്ത്യയില്‍ ആകെയുള്ളതിന്റെ പകുതിയും ഉത്തര്‍പ്രദേശിലും ബാക്കി ഭൂരിഭാഗവും ബീഹാര്‍, ഒറീസ, മഹാരാഷ്ട്ര ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്,  തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ്. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലാണ് ലോകത്തെ ഏറ്റവും മികച്ചയിനം പേരക്ക് ഉല്‍പ്പാദിപ്പിക്കുന്നത്.  അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കേരളത്തില്‍ പേരകൃഷി പേരിനു മാത്രമാണ്. എന്നാല്‍ ഈ പഴത്തിന്റെ ഔഷധ ഗുണം മനസ്സിലാക്കി അടുത്ത കാലത്ത് സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.
ജീവകം-സി അടങ്ങിയ ഒരു സമ്പൂര്‍ണ്ണ പഴമാണ് പേരക്ക്. നെല്ലിക്കയിലും ചെറുനാരങ്ങയിലും ഓറഞ്ചിലുമെല്ലാം ജീവകം സിയുണ്ടെങ്കിലും പൂര്‍ണ്ണമായും ഭക്ഷിക്കാവുന്ന പഴമാണ് പേരക്ക്. നെല്ലിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവകം-സി ഉള്ളത് പേരക്കയിലാണ്. ഒരു പേരക്കയില്‍ 3 ഓറഞ്ചില്‍
ഉള്ളതിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ജീവകം-സി അടങ്ങിയ മറ്റു പഴങ്ങള്‍ കഴിക്കുന്നതിലും ആസ്വാദ്യതയോടെ പേരക്ക കഴിക്കാനാകും. കൂടാതെ പെക്ടിന്‍, ജീവകം-എ, ബി, ഇരുമ്പ്, കാല്‍സിയം ഫോസ്‌ഫേറസ്, അന്നജം, മാംസ്യം എന്നിവയും പേരക്കയിലുണ്ട്. മറ്റു പഴങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ നാര് പേരക്കയിലടങ്ങിയിരിക്കുന്നു. അതിനാല്‍ മലബന്ധം ഒഴിവാക്കാന്‍ ഏറ്റവും നല്ല പഴമാണിവ. കൂടുതല്‍ പെക്ടിന്‍ ഉള്ളതിനാല്‍ ജെല്ലി നിര്‍മ്മാണത്തിന് പേരയ്ക്ക ഉപയോഗിക്കുന്നു.
പേരയുടെ ശാസ്ത്രീയനാമങ്ങള്‍ സിഡിയം ഗുജാവ, സിഡിയം ഗ്വാവ എന്നിങ്ങനെയാണ്. പേര മരം 9 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. വിത്ത് മുളച്ചുണ്ടാക്കുന്ന തൈകള്‍ക്ക് മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ കിട്ടിയെന്നു വരില്ല. അതിനാല്‍ പതിവെച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് വംശ വര്‍ദ്ധനയ്ക്ക് നല്ലത്. വളരെ കുറച്ച് പരിചരണം മാത്രം ഈ ചെടിക്കു നല്‍കിയാല്‍ മതി. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശം പേര കൃഷി ചെയ്യാന്‍ അനുയോജ്യമല്ല. പേരയുടെ വേരുകള്‍ ഉപരിതലത്തിന്റെ പടരുന്നു. അതിനാല്‍ മേല്‍ മണ്ണിന്റെ സ്വഭാവം പേരയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.
തമിഴില്‍ പേരക്കയെ കൊയ്യാ പഴമെന്നും കന്നടയില്‍ സീബിക്കായി എന്നും തെലുങ്കില്‍ ജാമപണ്ടു എന്നും ഹിന്ദിയില്‍ അമറൂസ് എന്നും പറയുന്നു.
പേരക്കയില്‍ വിവിധ പേരുകളില്‍ ധാരാളം ഇനങ്ങളുണ്ട്. വിദേശങ്ങളില്‍ നിന്നടക്കം പുതിയ ഇനങ്ങള്‍ നമ്മുടെ നാട്ടില്‍ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. പ്രധാനമായും ചുവന്ന കഴമ്പുള്ളവ, വെളുത്ത കഴമ്പുള്ളവ, എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. വെളുത്ത കഴമ്പുള്ളവയില്‍ ജീവകം-സി കൂടുതലാണ്. ഇവയില്‍ വിത്തില്ലാത്തവയും ഉണ്ട്.
വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ പേരച്ചെടികള്‍ കായ്ക്കും. അതിനാല്‍ എല്ലാ കാലത്തും പേരക്ക ലഭ്യമായിരിക്കും. കാര്യമായ കീടബാധയില്ലാത്ത സസ്യമാണ്. അലഹബാദ് സഫേദ്, ലക്‌നൊ-49, ചിറ്റിഡാന്‍, ബനാറസസി എന്നിവ വെളുത്ത കഴമ്പോടു കൂടിയ മികച്ച ഇനങ്ങളാണ്. ഇവ കൂടുതല്‍ വിളവ് തരുന്നവയാണ്. അകനപ്പള്ളി, ഹഫ്‌സി എന്നിവ ചുവന്ന കഴമ്പോടു കൂടിയതാണ്. ക്രിക്കറ്റ് ബോള്‍, ഓവല്‍, സി.ഒ1, സി.ഒ2, ബദാമി, ബാരമാസി, കല്‍ക്കട്ട റൗണ്ട് എന്നിങ്ങനെ പേരുകളിലുള്ള പേരച്ചെടികളുമുണ്ട്.
വിത്തുമൂലം തൈകള്‍ ഉണ്ടാക്കാം. എങ്കിലും പതിവെയ്ക്കല്‍ വഴിയാണ് മികച്ചയിനങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിലൂടെ മൂന്നാഴ്ചകൊണ്ട് തൈകള്‍ ഉണ്ടാക്കുവാന്‍ കഴിയും. ആറ് മീറ്റര്‍ അകലത്തില്‍ 1*1*1 വലുപ്പത്തില്‍ കുഴികള്‍ എടുത്ത് ചാണകവും മേല്‍മണ്ണും മണലും നിറയ്ക്കുക ഈ കുഴികളില്‍ വേണം ചെടികള്‍ നടാന്‍.നട്ടശേഷം പുതവയ്ക്കുന്നത് നല്ലതാണ്. തൈകള്‍ നടുന്നതിന് നല്ല സമയം ജൂണ്‍ ജൂലായ് മാസങ്ങളാണ്. വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കണം. തോട്ടമായിട്ടാണ് കൃഷിചെയ്യുന്നതെങ്കില്‍ തനിവിളയായും ഇടവിളയായും പരീക്ഷിക്കാവുന്നതാണ് പേര കൃഷി.
പ്രൂണിംഗ് ആവശ്യമായ ചെടിയാണ് പേര. തൈകളുടെ ചുവട്ടില്‍ നിന്നു മുളച്ചു വരുന്ന ശാഖകള്‍ നീക്കണം. ഒരാള്‍ പൊക്കത്തില്‍ ചെടി എത്തി കഴിഞ്ഞാല്‍ മുകള്‍ഭാഗം മുറിച്ചു മാറ്റി നാലോ അഞ്ചോ പാര്‍ശ്വശാഖകള്‍ വളരാന്‍ അനുവദിക്കണം. ഈ ശാഖകള്‍ വെട്ടിയൊതുക്കി ചെടിയുടെ രൂപം നിലനിര്‍ത്താവുന്നതാണ്. കായ്കള്‍ പറിച്ചെടുക്കുമ്പോള്‍ ലഘുവായ പ്രൂണിംഗ് നടത്തിയാല്‍, പുതിയ തളിരുകളുടെ വളര്‍ച്ച ത്വരിതപ്പെടുകയും കൂടുതല്‍ പൂക്കളുണ്ടാവുകയും ചെയ്യുന്നു. ജൈവ വളങ്ങള്‍ നല്‍കുന്നത് വളര്‍ച്ചയേയും കായ്ഫലത്തേയും വര്‍ദ്ധിപ്പിക്കും.
ചെടികള്‍ നട്ട് മൂന്നു വര്‍ഷത്തോടെ കായ്ച്ചു തുടങ്ങും. മൂപ്പെത്തുന്നതോടെ പച്ചനിറം മാറി മഞ്ഞ നിറം വരുന്നു. മൂപ്പെത്തിയ കായ പഴുക്കുന്നതിന് മുമ്പ് വിളവെടുക്കണം. മറ്റു പഴങ്ങളെ അപേക്ഷിച്ച് പേരക്ക വേഗത്തില്‍ ചീഞ്ഞു പോകുന്നു. ചെടിയില്‍ നിന്നു പഴുക്കാന്‍ തുടങ്ങുന്ന അവസ്ഥയിലാണ് പേരക്ക ഏറ്റവും രുചികരം. തൊലിയുടെ തൊട്ട് താഴെയാണ് ജീവകം-സി അധികമായുള്ളത്. അതിനാല്‍ തൊലി കളയാതെ തിന്നണം.
പേരക്കയുടെ ഔഷധഗുണം വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. നാരുകള്‍ വളരെ കൂടിയ അളവിലുള്ളതിനാല്‍ മലബന്ധം ഇല്ലാതാക്കും. ഇതിന് 2-3 പഴുത്ത പേരക്ക ദിവസവും കഴിച്ചാല്‍ മതി. വിറ്റാമിന്‍-സിയും ഇതോടൊപ്പം ശരീരത്തിന് കിട്ടുന്നു. പേരയുടെ തളിരിലകളും തണ്ടുകളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യദായകമാണ്. ഇലകള്‍ ചതച്ചരച്ച് പുരട്ടുന്നത് വാതത്തിന് നല്ലതാണ്. ഇലയുടെ നീര് അപസ്മാരത്തിനുള്ള മരുന്നാണ്
പല്ലുവേദനയില്ലാതാക്കുന്നതിന് ഇലകള്‍ കൊണ്ട് തേക്കുന്നത് ദന്ത സംരക്ഷണത്തിന് സഹായിക്കും. കോളറയെ ചെറുക്കാന്‍ പേരയിലക്കഷായത്തിന് കഴിയും. വേരുകള്‍ ചതച്ചരച്ച് വെള്ളത്തില്‍ കലക്കി ഉപയോഗിക്കുന്നത് വയറിളക്കത്തിന് മരുന്നാണ്. ചിത്തഭ്രമം, ഹിസ്റ്റീരിയ എന്നിവയ്ക്കു ശമനമുണ്ടാക്കാന്‍ പേരയ്ക്കയ്ക്ക് കഴിയും. ഇത് രക്തശുദ്ധീകരണത്തിനും കുഷ്ഠ രോഗശമനത്തിനും നല്ലതാണ്.
പേരക്കക്കുരുവില്‍ നിന്നെടുത്ത പരിമള തൈലത്തില്‍ ധാരാളം അയഡിന്‍ ഉണ്ട്.
പേരക്കയില്‍ അടങ്ങിയ സമൃദ്ധമായ വിറ്റാമിന്‍-സി കോശങ്ങളെ സംരക്ഷിക്കുകയും അര്‍ബുദ ബാധയെ ചെറുക്കുകയും ചെയ്യുന്നു. ഇതിലെ നാര് രക്തത്തിലെ പഞ്ചസാര നില താഴ്ത്തുന്നതിനാല്‍,് പ്രമേഹ രോഗികള്‍ക്ക് മരുന്നിന്റെ പ്രയോജനം ചെയ്യും. കൂടാതെ പഞ്ചസാര ആഗീരണം മന്ദഗതിയിലാക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുന്നു. ഇതിലടങ്ങിയ വിറ്റാമിന്‍-എ കണ്ണിന്റെ കാഴചയ്ക്ക് നല്ലതാണ്. മനുഷ്യരുടെ പ്രത്യുല്‍പ്പാദന ശക്തി വര്‍ദ്ധിപ്പിക്കുന്ന ഫോളേറ്റ് പേരക്കയിലുണ്ട്.
ഇതിലെ പൊട്ടാസിയം, രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്നു. പേരക്കയിലുള്ള ചെമ്പിന്റെ അംശം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. പേരക്കയില്‍ മാംഗനീസ് ഉണ്ട്. ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ ശരീരത്തില്‍ ആഗീരണം ചെയ്യുന്നതിന് മാംഗനീസ് സഹായിക്കുന്നു. പൊട്ടാസിയം സമൃദ്ധമായുള്ളതിനാല്‍, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരില്‍ കൊഴുപ്പ് ദഹിപ്പിക്കുന്നതിനും പേശികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്. പേരക്ക നല്ലൊരു അണു സംഹാരി കൂടിയാണ് ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ഈര്‍പ്പവും നിലനിര്‍ത്തുന്നു. കേശസംരക്ഷണത്തിനും പേരക്ക നല്ലതാണ്.

Pravasabhumi Facebook

SuperWebTricks Loading...