ചക്ക പഴയ ചക്ക അല്ല …!!
അങ്ങനെ ചക്കയുടെ കാര്യത്തിലും തീരുമാനമായി. ഇനി മുതൽ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം എന്നറിയപ്പെടും. ചക്കയെ ഔദ്യോഗിക ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും.
ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.