കരുവന്നൂരിലെ യാഥാര്‍ത്ഥ കള്ളന്‍ ‘സിപിഎം’ തന്നെ…!!!
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ യാഥാര്‍ത്ഥ കള്ളന്‍ ‘സിപിഎം’ തന്നെയെന്ന് ഇഡി!. കരുവന്നൂർ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സ്വകാര്യ ഹർജിയിന്മേല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് സിപിഎംനെ പ്രതിക്കൂട്ടിലാക്കുന്ന സ്ഫോടനാത്മകമായ വിവരങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപയോഗിച്ച് നേതാക്കളടക്കം പലരും വൻതോതിൽ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ മന്ത്രി പി. രാജീവ് അടക്കമുളളവർ കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിൽ മാപ്പുസാക്ഷിയായി മാറിയ കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തി ഇഡിക്ക് മൊഴി നല്‍കിയത്. മന്ത്രി പി രാജീവിനെ കൂടാതെ എസി മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കളുടേയും സമ്മർദ്ദം ചെലുത്തിയ മറ്റ് ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടേയും പേരുകളും സുനിൽ കുമാറിന്‍റെ മൊഴിയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡി കോടതിയെ അറിയിച്ചു.
മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമായാണ് നടന്നിരിക്കുന്നത്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണ മേൽനോട്ടത്തിലാണ് പല ജീവനക്കാരെയും നോക്കുകുത്തികളാക്കി രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
സിപിഎമ്മിന്‍റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനായി രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്. സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സി.പി.എം നിക്ഷേപിച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി സിപിഎം നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്ന ലോണ്‍ തട്ടിപ്പുകളില്‍ സിപിഎമ്മിനു കമ്മീഷൻ ലഭിച്ചിരുന്നു. ബെനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റം പാര്‍ട്ടി അക്കൗണ്ടുകള്‍ വഴിയാണ് നടന്നത്. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ ചോദ്യംചെയ്യലിനിടെ അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ് വീണ്ടും നല്‍കി. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. 5 അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി പറയുന്നു.