എല്ലുകടിച്ച് പല്ലുകൊഴിഞ്ഞ് കേരള ലോകായുക്ത.

Print Friendly, PDF & Email

കര്‍ണാടകത്തില്‍ എട്ടേകാല്‍ കോടി അഴിമതിപ്പണം മിന്നല്‍ റെയ്ഡില്‍ പിടികൂടി ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത് അഴിമതിക്കാരെ വിറപ്പിച്ച്‌ ലോകായുക്ത. ഇങ്ങ് കേരളത്തിലാകട്ടെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത് എല്ലുകടിച്ച് പല്ലുകൊഴിഞ്ഞൊരു ലോകായുക്ത. കര്‍ണാടകത്തില്‍ എട്ടേകാല്‍ കോടി അഴിമതിപ്പണം മിന്നല്‍ റെയ്ഡില്‍ പിടികൂടി ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത് അഴിമതിക്കാരെ വിറപ്പിച്ച്‌ ലോകായുക്ത. ഇവിടെ അഴിമതി ആരോപണ വിധേയന്‍റെ ക്ഷണം സ്വീകരിച്ച് വിരുന്നുണ്ട് നിഷ്പക്ഷത തെളിയിച്ച കേരള ലോകായുക്ത.

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ ലോകായുക്ത പങ്കെടുത്തത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധം. സ്നേഹിതരില്‍ നിന്നോ ബന്ധുക്കളില്‍നിന്നോ അല്ലാതെ സമ്മാനങ്ങളോ ആതിഥ്യമോ സ്വീകരിക്കാന്‍ പാടില്ല എന്ന് ന്യായാധിപന്മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഒറ്റചങ്ങായിയാണോ തങ്ങളെന്ന് വിശദമാക്കേണ്ടത് ലോകായുക്ത തന്നെയാണ്.

മിന്നല്‍ റെയ്ഡിലൂടെ എട്ടേകാല്‍ കോടി പിടിച്ചെടുത്ത് ബി.ജെ.പി എം.എല്‍.എയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് താരമായി മാറിയ കര്‍ണാടക ലോകായുക്തയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കവേയാണ് ബിജെപിയുടെ എം.എല്‍.എയെ ലോകായുക്ത അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ബിജെപി എംഎല്‍എ മാദല്‍ വിരുപാക്ഷപ്പയുടെ മകനില്‍ നിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടി. പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന മകന്‍ പ്രശാന്ത് മാദല്‍ മൊഴി നല്‍കിയതോടെ വിരുപാക്ഷപ്പയെ പ്രതിയാക്കി അറസ്റ്റ് ചെയ്തു.

കര്‍ണാടകയില്‍ ലോക് ആയുക്തയ്ക്ക് ആ പവര്‍ നല്‍കിയത് സുപ്രിംകോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്ഡെയെന്ന ന്യായാധിപന്റെ കരുത്തിലാണ്. ജസ്റ്റിസ് ഹെഗ്ഡേ ലോക് ആയുക്തയായിരുന്ന സമയം ബെല്ലാരിയിലെ മൈനിംഗ് കമ്ബനികള്‍ അരിച്ചുപെറുക്കി. റെഡ്ഡി സഹോദരങ്ങളെയും ബിഎസ് യെദ്യൂരപ്പയെയും വിറവിറപ്പിച്ചു. സന്തോഷ് ഹെഗ്ഡെയുടെ തീരുമാനങ്ങള്‍ക്ക് മുന്‍പില്‍ ശതകോടികളുടെ ബലമൊന്നും മതിയായില്ല റെ‍ഡ്ഡിമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍. ജനജീവിതത്തെ സാരമായി ബാധിക്കുന്ന മൈനിംഗ് മേഖലകള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞു ജസ്റ്റിസ് ഹെഗ്ഡെ. തികഞ്ഞ ജനാധിപത്യവിശ്വാസിയായ ഹെഗ്ഡെ കൈമാറിയ കരുത്തിലാണ് ഇന്നും കര്‍ണാടക ലോകായുക്ത. അഴിമതിക്കാര്‍ക്ക് പേടിസ്വപ്നമായി കര്‍ണാടക ലോകായുക്ത മാറുമ്ബോള്‍, കേരളത്തില്‍ കേസുകള്‍ കുറഞ്ഞും അന്വേഷണം മരവിച്ചും ഉത്തരവിറക്കാനാവാതെയും ശൗര്യംപോയി ലോകായുക്ത മാറിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതിയെക്കുറിച്ച്‌ സാധാരണക്കാര്‍ക്ക് പരാതിപ്പെടാനും പണച്ചെലവില്ലാതെ നിയമപോരാട്ടം നടത്താനുമുള്ള സംവിധാനം ഏറെക്കുറേ നിര്‍ജീവമാണിപ്പോള്‍.

4.08കോടിരൂപയാണ് ലോകായുക്തയുടെ ഓഫീസ് പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവിടുന്നത്. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും വാര്‍ഷിക ശമ്ബളത്തിനും വേണം 56.68 ലക്ഷം. സുപ്രീംകോടതി, ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാര്‍ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അര്‍ദ്ധജുഡിഷ്യല്‍ അധികാരമുള്ള ലോകായുക്ത അടുത്തിടെയായി വിവാദങ്ങളില്‍ നിറയുകയാണ്. കോടതിമുറിയില്‍ പേപ്പട്ടി-എല്ലിന്‍കഷണം ഉപമ ആവര്‍ത്തിക്കുകയാണ് ന്യായാധിപന്മാര്‍. മുഖ്യമന്ത്രിക്കെതിരായ കേസില്‍ അന്തിമവിധി പറയാനിരിക്കെ, മുഖ്യമന്ത്രിയുടെ ഇഫ്താര്‍വിരുന്നില്‍ പങ്കെടുത്തതും വിവാദമായി.
വഴിയില്‍ നില്‍ക്കുന്ന പേപ്പട്ടിയുടെ വായില്‍ കോലിട്ട് കുത്താതെ മാറിപ്പോവുകയാണ് നല്ലതെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നാണ് ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ പരാതിക്കാരനോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നലെ പറഞ്ഞത്.

”വഴിയരികില്‍ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന നായയുടെ അടുത്ത് ചെന്നാല്‍ എല്ല് എടുക്കാനാണെന്ന് അത് കരുതും. നായ എല്ല് കടിച്ച്‌ കൊണ്ടേയിരിക്കും. നായ എല്ലുമായി ഗുസ്തി തുടരട്ടെ. നമുക്ക് അതില്‍ കാര്യമില്ല”-കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരേ ലോകായുക്തയുടെ ഉപമ ഇങ്ങനെയായിരുന്നു. പൊതുസേവകരുടെ അഴിമതി, ദുര്‍ഭരണം, നീതിനിഷേധം, പദവിദുരുപയോഗം, സ്വഭാവനിഷ്ഠയില്ലായ്മ തുടങ്ങിയ പരാതികളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാന്‍ കഴിയുന്ന ഏകസംവിധാനമായ ലോകായുക്തയാണ് അന്വേഷണത്തിനും റെയ്ഡിനും വിചാരണയ്ക്കുമുള്ള വിപുലമായ അധികാരം മറന്ന് ഉപമകളില്‍ അഭിരമിക്കുന്നത്. വിജിലന്‍സിനും വിജിലന്‍സ് കോടതിക്കും കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതിവേണം.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തമാര്‍ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ്. സ്നേഹിതരില്‍ നിന്നോ ബന്ധുക്കളില്‍നിന്നോ അല്ലാതെ മറ്റാരില്‍നിന്നും സമ്മാനങ്ങളോ ആദിത്യ മര്യാദയോ സ്വീകരിക്കാന്‍ പാടില്ലെന്നിരിക്കെ, ഈ നിര്‍ദേശങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിക്കെതിരായ കേസ് സജീവ പരിഗണനയിലിരിക്കെ അതിഥികളായി ഇവര്‍ പങ്കെടുത്തതിലെ അനൗചിത്യമാണ് വിമര്‍ശിക്കപ്പെട്ടത്.മുന്‍ മന്ത്രി കെ.ടി.ജലീല്‍ മ്ലേച്ഛമായ ഭാഷയില്‍ ലോകായുക്തയെ പരസ്യമായി വിമര്‍ശിച്ചിട്ടും മറിച്ച്‌ ഒരക്ഷരം ഉരിയാടാത്ത ലോകായുക്ത, തന്റെ നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിമര്‍ശിച്ച ഹര്‍ജിക്കാരനെ തുറന്ന കോടതിയില്‍ പരസ്യമായി പേപ്പട്ടിയെന്ന് അധിക്ഷേപിച്ചതിന്റെ ഔചിത്യം ജനങ്ങള്‍ വിലയിരുത്തുമെന്ന് ഹ‌ര്‍ജിക്കാരനായ ആര്‍.എസ് ശശികുമാര്‍ പറഞ്ഞു.

Pravasabhumi Facebook

SuperWebTricks Loading...