പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നണികളുടെ പരീക്ഷണകാലം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെവേഗം പു രോഗമിക്കുന്നു. മുന്നണികള്‍ മത്സരക്കളത്തില്‍ സജീവമായി സാന്നിദ്ധ്യമറി യിക്കുകയാണ്. എന്നാല്‍ ഒരു മുന്നണിയ്ക്കും അത്ര എളപ്പം ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഗതിയെപ്പറ്റി ഈ തിരഞ്ഞെടുപ്പു സൂചന നല്‍കുമെന്നതു കൂടാതെ നിലവിലുള്ള അഴിമതിക്കേസുകള്‍ ഭരണ- പ്രതിപക്ഷ മുന്നണികള്‍ക്കു കീറാമുട്ടിയായി നില്‍ക്കു കയാണ്.
പരീക്ഷണമെന്നാല്‍ ചെറിയ പരീക്ഷണമൊന്നുമല്ല. ഇക്കുറി വലിയ അഭ്യാസം നടത്തിയാലേ ജനത്തിനെ നേരിടാന്‍ കഴിയുകയുള്ളൂ. കാരണം ഭരണ- പ്രതിപക്ഷ മുന്നണികള്‍ നേരിട്ടും അല്ലാതെയും പ ല അന്വേഷണ ഏജന്‍സികളുടെയും വളയത്തില്‍ കുടുങ്ങിക്കിടക്കുന്നു, ഭരണ മുന്നണിയിലെ മുഖ്യകക്ഷി കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ കുറ്റാരോപിതരായി നില്‍ക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞും ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു.
പ്രതിപക്ഷ മുന്നണിയിലെ മുസ്ലിം ലീഗിന്‍റെ മൂന്നു നേതാക്കള്‍ക്കെതിരെ പല തരം കുറ്റങ്ങളും കേസുകളും കോടതിയിലെത്തിയിരിക്കുന്നു. നടപടികള്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായതോടെ കൂടുതല്‍ ഗൗരവത്തിലായി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതിന്‍റെ തുടര്‍ച്ചയെന്ന പോലെ സംസ്ഥാന അന്വേഷണ ഏജന്‍സി പ്രതിപക്ഷത്തുള്ളവരെ അറസ്റ്റ് ചെയ്ത് കേസുകള്‍ക്ക് സന്തുലിതാവസ്ഥവ രുത്തുകയാണെന്നും ആക്ഷേപമുയരുന്നു. ഇരുപക്ഷവും അഴിമതിക്കേസുകളില്‍ പെട്ടിരിക്കുകയാണെന്ന പ്രചാരണമാണ് ഇനി വ്യാപിക്കുന്നത്.
എന്തായാലും പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷവും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
യുഡിഎഫ് മുന്നണിയില്‍ നിന്നു കേരള കോണ്‍ഗ്രസിന്‍റെ ഒരു വിഭാഗം ഇട തുപക്ഷത്തേക്കു മറിഞ്ഞതിന്‍റെ ക്ഷീണം മാറുന്നതിനു മുമ്പേയാണ് ഇബ്രാഹിം കുഞ്ഞിനുമേല്‍ കുരുക്കു വീണത്.
ബിജെപിയാകട്ടെ ഉള്‍പ്പോരില്‍ വശംകെട്ടു ക്ഷീണിച്ചെങ്കിലും കേന്ദ്രബലത്തില്‍ നില മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്.
പെട്ടെന്നു മറച്ചുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു. എങ്കിലും ഈ മുറിവ് പൊത്തിപ്പിടിച്ചു ജനത്തിനു മുന്നിലെത്തി വോട്ട് ചോദിക്കണം. എന്നാല്‍ പൊത്തുന്തോറും വല്ലാത്ത ഗന്ധം പൊന്തുന്ന മുറിവുകളാണിവ. ഇതു തന്നെയാണ് മുന്നണികളെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ഏക ആശ്വാസം കോവിഡ് കാലമായതിനാല്‍ മാസ്ക് കെട്ടി, മുഖം പാതി മറച്ച് ആള്‍ക്കാരെ കാണാം എന്നതാണ്. മുഖമണ്ഡലത്തിലെ ജാള്യവും നിറഭേദങ്ങളും ആരും കാ ണാതെ മറയ്ക്കാന്‍ മാസ്ക് സഹായിക്കുന്നു.
ആവശ്യമില്ലാത്ത ചോദ്യങ്ങളുയര്‍ന്നാല്‍ രോഗവ്യാപനം പറഞ്ഞ് അധികം തങ്ങാതെ സ്ഥലം വിടാം. കോവിഡായതിനാല്‍ അധികമാരേയും കൂടെ കൂട്ടാനും കഴിയില്ല. അതും നല്ലതായി എന്നു കരുതിയാല്‍ മതി. നാട്ടുകാരുടെ കടുമൊഴികള്‍ കുറച്ചുപേരല്ലേ കേള്‍ക്കുകയുള്ളൂ.
എന്നാലും ജനത്തിനു ചോദിക്കാന്‍ പ്രശ്നങ്ങള്‍ ഏറെയാണ്. എല്ലാ കേസുകളേയും രാഷ്ട്രീയ പ്രേരിതം എന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. ജനത്തെ പറഞ്ഞു മയക്കിയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും വോട്ടു വാങ്ങാന്‍ എക്കാലത്തും കഴിഞ്ഞെന്നു വരില്ല.
മുന്നണികളെ ബാധിച്ചിരിക്കുന്ന കേസുകള്‍ വെറും കെട്ടുകഥകളല്ലെന്നതാണ് വാസ്തവം. ഓരോ മുന്നണിയേയും അടിമുടി ബാധിച്ചിരിക്കുന്ന കേസു കഥകള്‍ ഒറ്റയിരുപ്പിനു പറഞ്ഞുതരാന്‍ ആര്‍ക്കു കഴിയും. ആയിരം നാവുള്ള അനന്തനു പോലും, കഴിയാത്തതാണത്. കേസുകളുടെ പേരില്‍ രാജിക്കായുള്ള കുത്തും രാജിവെച്ചുള്ള കത്തും പഴങ്കഥകള്‍ മാത്രം. ഇനി ഇത്തരം വര്‍ത്തമാനങ്ങള്‍ അമ്മൂമ്മക്കഥകളിലും മറ്റും കേള്‍ക്കാം. അതായത്…
‘ വളരെക്കാലം മുമ്പ് ധര്‍മ്മിഷ്ഠനായ ഒരു മന്ത്രി ഇവിടെ വാണിരുന്നു. ഒരു കേസില്‍പെട്ടപ്പോള്‍ അദ്ദേഹം മനംനൊന്തു രാജിവെച്ചു തപസിനു പോയി.’ അമ്മൂമ്മ കൊച്ചുകുട്ടിയോടു പറഞ്ഞു.
‘പിന്നീട് ആരു ഭരിച്ചു? ‘ കുട്ടിയുടെ മറുചോദ്യം.
‘പിന്നേയും പിന്നേയും പല മന്ത്രിമാരും ഭരിച്ചു നടന്നു.’ അമ്മൂമ്മ നീട്ടിപ്പറഞ്ഞു.
‘പിന്നാരും കേസില്‍ പെട്ടില്ലേ.’ കാലഘട്ടത്തിന്‍റെ കുട്ടി ചോദിച്ചു
‘എത്രയോ കേസുകളില്‍ പെട്ടു.’’
‘എന്നിട്ടാരും രാജിവെച്ചില്ലേ.’ കുട്ടിക്ക് അമ്പരപ്പ്
‘ഇല്ല..’ അമ്മൂമ്മ തറപ്പിച്ചു പറഞ്ഞു.
അതെന്താ?’
‘തങ്ങള്‍ രാജിവച്ചാല്‍ പിന്നെയാരു ഭരിക്കും എന്നു വിചാരിച്ച് മനംനൊന്ത് അവരാരും രാജിയായില്ല.’ അമ്മൂമ്മ വളരെ കാര്യത്തോടെ പറഞ്ഞു.
‘അമ്മൂമ്മേ മോറല്‍ ഓഫ് ദി സ്റ്റോറി എന്താ… ‘ കുട്ടി.
‘ഇത്തരം സ്റ്റോറിയിലൊന്നും മോറല്‍ ഇല്ല കുഞ്ഞേ, അത്ര തന്നെ…’ അമ്മൂമ്മ ചിരിച്ചു. – വെട്ടിപ്പുറം മുരളി