ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. യുഎസ്ല്‍ പൂജ്യത്തിലും താഴേക്ക്

Print Friendly, PDF & Email

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എണ്ണയ്ക്ക് ആവശ്യം കുറഞ്ഞതോടെ ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാതിരുന്നതോടെയുമാണ് എണ്ണ വില കൂപ്പുകുത്തി നെഗറ്റീവിലെത്തിയത്. യു.എസ്. ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് മൈനസ് 6.75 ഡോളറായി. അതേസമയം ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 5.63 ശതമാനം കുറഞ്ഞ് 26.50 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. കൊവിഡിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ എണ്ണ ഉപഭോഗം കുത്തനെ കുറഞ്ഞിരുന്നു. അതോടൊപ്പം ലോക സാന്പത്തിക വിപണിയുടെ തകര്‍ച്ചയും സ്ഥിതി ഗുരുതരമാക്കി. ഇതോടെ പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. അമേരിക്കയാകട്ടെ ഷെല്‍ ഓയിലിന്‍റെ ഉത്പാദനം കാര്യമായി കുറച്ചുമില്ല. അതോടെ യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ലോകത്താകമാനമുള്ള എണ്ണ സംഭരണികളിലെ നിലവിലെ സ്ഥിതി. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കി. ലോകരാജ്യങ്ങളിലെ സമ്പദ് ഘടന ചുരുങ്ങുകയാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നത്. ഇത് ലോകരാജ്യങ്ങളുടെ വാങ്ങല്‍ ശേഷി കുറക്കുകയും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുവാനും ഇടയാക്കുമെന്നാണ് സാന്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Pravasabhumi Facebook

SuperWebTricks Loading...