കോവിഡ് ഭീതിയില്‍ നിന്ന് മുക്തി നേടി കേരളം. ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്…

Print Friendly, PDF & Email

കോവിഡ് ഭീതിയില്‍ നിന്ന് മുക്തി നേടി കേരളം സാവധാനം തുറക്കുന്നു. ഘട്ടം ഘട്ടമായാണ് കേരളം സാധാരണ ജീവിതത്തിലേക്ക് കടന്നുവരുക. ഏഴു ജില്ലകളിലാണ്  ഇളവുകൾ നിലവിൽ വരുക. ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ ഉള്ളത്. ഓറഞ്ച് ബി സോണായി പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകളില്‍ 24 മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരും പൊതു ഗതാഗതം പുനസ്ഥാപിക്കുന്നില്ലന്നൊഴിച്ച് ഏതാണ്ട് എല്ലാ ഇളവുകളും ഈ ജില്ലകള്‍ക്കുണ്ടാവും. ജില്ലകളിലുള്ളവര്‍ സാമൂഹിക അകലം പാലിച്ചിരിക്കണം. പൊതു സമ്മേളനങ്ങളോ പൊതു ആരാധനകളോ അനുവദിക്കില്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന പരിപാടികൾക്കെല്ലാം നിരോധനം തുടരും. ജില്ലക്കുള്ളില്‍ യാത്ര ചെയ്യാമെങ്കിലും ജില്ലവിട്ടുപോകുവാന്‍ പാടില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങൾക്കും. ചൊവ്വ, വ്യാഴം, ശനി പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങള്‍ക്കും പുറത്തിറങ്ങാം. എന്നാല്‍ അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവക്ക് ഈ ക്രമീകരണം ബാധകമല്ല. ഞായറാഴ്ചകളില്‍ അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമേ വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 പേർവരെ മാത്രം പങ്കെടുക്കുവാന്‍ അനുവദിക്കൂ. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കണം. ഓറഞ്ച് എ സോണില്‍ പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 മുതലേ നിയന്ത്രണങ്ങള്‍‍ക്ക് ഇളവു വരൂ. റെഡ് സോണായ  കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്‍ഡൗണ് മെയ് മൂന്നുവരെ തുടരും.