മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ പോരിനിറങ്ങുന്ന മണ്ഡലമായി ബദാമി മാറുമോ?.
അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമം. കര്‍ണാടകയിലെ ചാമുണ്ഡേശ്വരി മണ്ഡലം കൂടാതെ ഉത്തര കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്ന് കൂടി ജനവിധി തേടാനുറച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബദാമിയില്‍ സിദ്ധരാമയ്യ മത്സരിച്ചാല്‍ യെദ്യൂരപ്പയെ എതിര്‍സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങി ബി ജെ പി നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ പോരിനിറങ്ങുന്ന മണ്ഡലമായി ബദാമി മാറിയാല്‍ ദേശീയരാഷ്ട്രീയത്തിന്റെ മുഴുവന്‍ കണ്ണും ഇവിടേക്കായിരിക്കും.
മൈസൂരുവിലെ ചാമുണ്ഡേശ്വരിയിലാണ് നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ബദാമിയില്‍ നിന്നു കൂടി മത്സരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് സിദ്ധാരാമയ്യ. രണ്ടാമത്തെ നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിക്കും.
എം.ബി പാട്ടീല്‍, എസ്.ആര്‍ പാട്ടീല്‍ അടക്കം വടക്കന്‍ കര്‍ണാടകയിലെ നിരവധി നേതാക്കള്‍ വടക്കന്‍ ജില്ലയില്‍ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു ഞാന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഹൈക്കമാന്‍ഡ് എന്തു തീരുമാനിക്കുന്നുവോ അത് നടപ്പിലാക്കുക മാത്രമാണുണ്ടായതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
അതേസമയം, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ ബദാമിയില്‍ നിന്ന് മത്സരിക്കുമെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇങ്ങനെയുണ്ടായാല്‍ രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാര്‍ തമ്മില്‍ നേരിട്ടുള്ള മത്സരമുണ്ടാവും. ബദാമിയില്‍ ആരായിരിക്കുമെന്നും ബി.ജെ.പി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 11 മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ ഇനി നിര്‍ണയിക്കാനുള്ളത്.
അരലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള മണ്ഡലമാണ് ബദാമി. ഇതില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യയുടെ കുറുബ വിഭാഗമാണ്. ലിംഗായത്തുകളുടേയും വീരശൈവരുടേയും ശക്തികേന്ദ്രമാണ് ബദാമി മണ്ഡലം.