മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു…

Print Friendly, PDF & Email

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ. യശ്വന്ത് സിന്‍ഹയും ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം. സിന്‍ഹ ഏറെ നാളായി പാര്‍ട്ടിയുമായി അകലത്തിലായിരുന്നു. മകന്‍ ജയന്ത് സിന്‍ഹ കേന്ദ്ര സഹമന്ത്രിയാണ്.

മോദി സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ മുന്നോട്ട് വരണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടി ശബ്ദമുയര്‍ത്തണം. ഇനിയെങ്കിലും നിങ്ങള്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍, തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയാറായില്ലെങ്കില്‍ ബിജെപി എംപിമാരോട് ഭാവി തലമുറ ക്ഷമിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.

2014 ലെ ചരിത്ര വിജയത്തില്‍ താന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. രാജ്യത്തിന്റെ ഭാവിയും ദിശയും നിര്‍ണയിക്കപ്പെടും എന്ന് വിശ്വസിച്ചു. പ്രധാനമന്ത്രിയെ അകമഴിഞ്ഞ് പിന്താങ്ങി. എന്നാല്‍ ഭരണത്തിലെ നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന് ദിശ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകളും അഴിമതിയുമൊക്കെ പുറത്തുവന്നതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ ശോചനീയമാണെന്ന് വ്യക്തമായി. രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായൊരു അഭിപ്രായം പറയാന്‍ കഴിയുന്നില്ല. പാര്‍ലമെന്റ് സമാധാനപരമായി നടത്തണമെന്ന് സര്‍ക്കാരിന് ആഗ്രഹമൊന്നുമില്ലാത്തതു പോലെയാണ് നടപടികള്‍. ജനാധിപത്യം ഭീഷണിയിലാണെന്ന് ഇവിടുത്തെ തലമുതിര്‍ന്ന ജഡ്ജിമാര്‍ വരെ പറഞ്ഞുകഴിഞ്ഞു. തെറ്റുകള്‍ തിരുത്താതെ മറ്റു മാര്‍ഗമില്ല. പ്രതിപക്ഷം ഒരുമിച്ചാല്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്തുകയെന്ന ലക്ഷ്യം ദുഷ്‌കരമാകുമെന്നും സിന്‍ഹ പറഞ്ഞു.

പാര്‍ലമെന്റ് സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് സിന്‍ഹ പറഞ്ഞു. ബിജെപിയെ മോദി നശിപ്പിക്കുമെന്നും സിന്‍ഹ വിമര്‍ശിച്ചു. മുമ്പ് നോട്ട് നിരോധനം ഉള്‍പ്പെടെയുളള വിഷയങ്ങളിലും സിന്‍ഹ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

 

  •  
  •  
  •  
  •  
  •  
  •  
  •