ലളിത സുന്ദര പ്രതിഭ കെപിഎസി ലളിത ചമയമഴിച്ച് മടങ്ങി.

Print Friendly, PDF & Email

ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭകളിലൊരാളായിരുന്നു കെപിഎസി ലളിത. കാമുകിയും അമ്മയും കുശുമ്പിയായ അയൽക്കാരിയും അധ്യാപികയുമൊക്കെയായി മലയാളത്തെ നീണ്ട അഞ്ച് പതിറ്റാണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരി. 10ാം വയസ്സിൽ നാടകത്തിലൂടെ അഭിനയരം​ഗത്തേക്ക്. പിന്നീട് മലയാള സിനിമ രം​ഗത്തേക്ക് എത്തിയ കെപിഎസി വിവിധ ഭാഷകളിലായി 550ലേറെ സിനിമകളിൽ അഭിനയിച്ചു. കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും, ഭാർഗവി അമ്മയുടെയും മകളായി കായകുളത്താണ് ജനനം. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്.

വളരെ ചെറുപ്പകാലത്തുതന്നെ നൃത്തത്തിലും നാടകത്തിലും മികവ് പുലർത്തിയ ലളിത ഗീതയുടെ ബലി എന്ന നാടകത്തിലൂടെയാണ് അഭിനയത്തിലെത്തിയത്. പിന്നീട് നാടകസംഘമായ കെപിഎസിയിൽ ചേർന്നു. ശേഷം ലളിത എന്ന പേരു സ്വീകരിക്കുകയും പിന്നീട് പേരിനൊപ്പം കെപിഎസി എന്നു കൂടെ ചേർക്കുകയായിരുന്നു നാടകങ്ങളിലൂടെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തും തന്റെ നിറസാന്നിധ്യം അറിയിച്ചു. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ നടിയായും സഹനടിയായും സിനിമാ പ്രേമികളെ എന്നും പിടിച്ചിരുത്തിയ ലളിത ഏത് വേഷത്തെയും അനായാസം പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതിൽ മികവ് പുലർത്തി. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം , എന്നിവ ലളിത അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അരങ്ങിൽ ഹാസ്യ വേഷങ്ങൾ കൊണ്ട് ചിരിപ്പിച്ചും അമ്മ വേഷങ്ങളിലൂടെ സ്നേഹം കാട്ടിയും, കരയിപ്പിച്ചും, കിട്ടിയ വേഷങ്ങളൊക്കെയും ജീവിച്ചു കാണിക്കുകയായിരുന്നു ലളിത.

1978ലാണ് പ്രശസ്ത മലയാളചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്യുന്നത്. ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ലളിത 1983-ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് സജീവമായി. പിന്നീട് നിരവധി സിനിമകൾ. മലയാളത്തിന്റെ തിരശ്ശീല വിട്ട് തമിഴിലും അരങ്ങ് തെളിയിച്ചു ലളിത. 1998 ൽ ഭരതന്റെ മരണത്തെ തുടർന്ന് വീണ്ടും സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി. സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവ്. അഭിനേതാവും, സംവിധായകനുമായ സിദ്ധാർത്ഥാണ് മകൻ. മകൾ ശ്രീക്കുട്ടി.

രാജ്യം കണ്ട ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ… അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ലളിതയെത്തേടി ഒട്ടനവധി പുരസ്കാരങ്ങളും തേടിയെത്തി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നിരവധി തവണ തേടിയെത്തി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബി​ഗ് സ്ക്രീൻ പോലെ മിനി സ്ക്രീനിലും ഏറെ സജീവമായിരുന്ന ലളിത അഞ്ച് പതിറ്റാണ്ടിലേറെയായി അഭിനയ ലോകത്തും പ്രേക്ഷക ഹൃ​ദയങ്ങളിലും സജീവമായി തുടരുകയാണ്.

Pravasabhumi Facebook

SuperWebTricks Loading...