ആരും ഇടപെടരുത്. നിരുപാധികം ആയുധം വച്ച് കീഴടങ്ങുക. യുദ്ധം പ്രഖ്യാപിച്ച് റഷ്യ

Print Friendly, PDF & Email

ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നൽകിയ നിർദേശം. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ആരെങ്കിലും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധിക്കുവാന്‍ ശ്രമിക്കാതെ നിരുപാധികം ആയുധം വച്ച് കീഴടങ്ങുവാന്‍ റഷ്യ യുക്രൈനിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതായി പുട്ടിൻ പ്രഖ്യാപിച്ചത്. ഒരു പ്രത്യേക സൈനിക നടപടി യുക്രൈനിൽ ആവശ്യമായിരിക്കുന്നുവെന്നാണ് പുട്ടിൻ്റെ വിശദീകരണം. ഇതിനോടകം യുക്രൈൻ അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രണ്ട് വിമതപ്രവിശ്യകളിൽ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

സൈനിക നടപടി പുട്ടിൻ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈൻ തലസ്ഥാനമായ ക്രീവ് അടക്കം പല നഗരങ്ങളിലും സ്ഫോടനം ഉണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈൻ തേടിയിട്ടുണ്ട്. സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാൻ യുക്രൈന് സാധിക്കില്ല. അമേരിക്കയും നാറ്റോയും വിഷയത്തിൽ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നിലവിൽ മോസ്കോവിലുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രൈയിൻ എയർലൈൻസ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തി. യുക്രൈനിൽ ഇപ്പോഴും ഇന്ത്യക്കാരുണ്ട് എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നകാര്യം. 25000 ഇന്ത്യക്കാർ അവിടെയുണ്ടെന്നാണ് കണക്ക്. ഒരു അടിയന്തര യുദ്ധം ഉണ്ടാവില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസർക്കാർ ഇവർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേർ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേർ ഇപ്പോഴും യുക്രൈനിലുണ്ട് എന്നാണ് കണക്ക്.

യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ആഗോള സാമ്പത്തിക മേഖലയിൽ വൻ മാന്ദ്യമുണ്ടാവാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ പത്ത് രൂപയോളം പെട്രോൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വർണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയിൽ കനത്ത ഇടിവിനും സാധ്യത നിലനിൽക്കുന്നു.