ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു.
പ്രശസ്ത ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനായിരുന്നു അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പി കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തത് പി.കെ.വാര്യർ ആണ്. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
പന്നിയമ്പള്ളി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും മകനായി 1921 ജൂൺ അഞ്ചിനാണ് പി കെ വാര്യർ ജനിച്ചു. കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂൾ, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ (ഇന്നത്തെ വൈദ്യരത്നം പിഎസ് വാരിയർ ആയുർവേദ കോളേജ്) വൈദ്യവിദ്യാഭ്യാസത്തിന് ചേർന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി കോളേജ് വിട്ടു. പിന്നീട് കോളേജിൽ തിരിച്ചെത്തി വൈദ്യവിദ്യാഭ്യാസം പൂർത്തിയക്കി ‘ആര്യവൈദ്യൻ’ ബിരുദം നേടി. ജ്യേഷ്ഠൻ ആര്യവൈദ്യൻ പി മാധവവാരിയരുടെ അപ്രതീക്ഷിതമായ മരണത്തെ തുടർന്ന് 1953ൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി. കഴിഞ്ഞ ആറരപതിറ്റാണ്ടിലധികം കാലമായി ആര്യവൈദ്യശാലയെ നയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.