ഇടുക്കിയിലെ സീറ്റുവിഭജനം യുഡിഎഫിന് തലവേദനയാകും.

Print Friendly, PDF & Email

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് കളംമാറ്റിയതോടെ യുഡിഎഫില്‍ തുടരുന്ന ജോസഫ് പക്ഷത്തിന് പൂട്ടിടാന്‍ ഉറച്ച് കോണ്‍ഗ്രസ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച 15 സീറ്റുകളും ഇത്തവണ തങ്ങള്‍ക്ക് കിട്ടണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. എന്നാല്‍ ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോള്‍ നല്‍കിയ സീറ്റുകള്‍ നിലവിലെ സാഹചര്യത്തില്‍ ഒരിക്കലും കൊടുക്കാനാകില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടുക്കി സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. മാത്രമല്ല കോട്ടയത്തെ ചില സീറ്റുകളും കോണ്‍ഗ്രസ് ഏറ്റെടുക്കും.

15 സീറ്റ് ഇത്തവണയും വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. എന്നാല്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. ഇടുക്കി, മൂവാറ്റുപുഴ, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് ഏറ്റെടുക്കുക. ഇടുക്കി സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 1991 മുതല്‍ യുഡിഎഫിലെ ഘടകകക്ഷികളാണ് ഇടുക്കി സീറ്റില്‍ മല്‍സരിക്കുന്നത്. ജോസിനൊപ്പമുള്ള റോഷി അഗസ്റ്റിനാണ് നിലവിലെ എംഎല്‍എ. അദ്ദേഹം തന്നെയാകും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നിര്‍ണായകമാണ് കോണ്‍ഗ്രസ് വോട്ടുകള്‍. കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഇനിയും വോട്ട് ചെയ്യാനാകില്ലെന്ന് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇടുക്കിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയേല്‍ക്കാന്‍ കാരണം ജോസഫ് ഗ്രൂപ്പ് ആണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇടുക്കിയലെ അഞ്ച് സീറ്റുകള്‍ ഇങ്ങനെ ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫും മൂന്ന് സീറ്റില്‍ ഇടതുപക്ഷവുമാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തൊടുപുഴയില്‍ പിജെ ജോസഫും ജയിച്ചു. ഉടുമ്പന്‍ചോലയില്‍ എംഎം മണിയും ദേവികുളത്ത് എസ് രാജേന്ദ്രനും പീരുമേട് ഇഎസ് ബിജിമോളും ജയിച്ചു. 2016ല്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച രണ്ടു പേരും രണ്ടു തട്ടിലാണിപ്പോള്‍.

പിജെ ജോസഫും മോന്‍സ് ജോസഫും ഉറപ്പായും മല്‍സര രംഗത്തുണ്ടാകും. ബാക്കിയുള്ള പ്രമുഖരെ കൂടി മല്‍സരിപ്പിക്കാനാണ് ജോസഫിന്റെ ആലോചന. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം പോയതില്‍ മാണി കോണ്‍ഗ്രസ്സിലെ പ്രമുഖരായ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ജോസഫിനൊപ്പം നിന്നു. ഇതില്‍ പ്രമുഖനാണ് ജോസഫ് എം പുതുശേരി. ജോസിനെ വിട്ടുവന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ജോസഫിന് താല്‍പ്പര്യമുണ്ട്. അതിന് മതിയായ സീറ്റുകള്‍ കിട്ടണം. അതിനാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട എന്നാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. ഇടുക്കിയിലെ രണ്ടു സീറ്റുകളിലും തങ്ങള്‍ മല്‍സരിക്കുമെന്ന് അവര്‍ പറയുന്നു. ഇതോടെ യുഡിഎഫില്‍ സീറ്റ് വിഭജനം പൊല്ലാപ്പാകുമെന്ന് വ്യക്തമാകുന്നു.

Pravasabhumi Facebook

SuperWebTricks Loading...