തൃക്കാക്കരയില്‍ എഎപി മത്സരിക്കില്ല.

Print Friendly, PDF & Email

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ആം ആദ്മി പാര്‍ട്ടിയും ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയര്‍മാൻ സാബു എം ജേക്കബ് അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നത്. കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉൾപ്പെടെ കണക്കിലെടുത്ത് തൃക്കാക്കരയിലെ ജനങ്ങൾ ഇത്തവണ വോട്ടു രേഖപ്പെടുത്തും. അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കെന്ന തീരുമാനം ആവശ്യമെങ്കിൽ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു.

‘സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനമെന്ന് ഇരു പാര്‍ട്ടികളും സംയുക്ത വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...