പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് നിന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ വനത്തോട് ചേര്‍ന്നുള്ള കൃഷി ഭൂമിയില്‍ കെണിയൊരുക്കിയാണ് പുള്ളിപ്പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് പ്രതികള്‍ പിടികൂടി കറിവച്ചത്. പുലിയെ കൊന്ന് സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു.
പുള്ളിപ്പുലിയെ വേട്ടായടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോദനയില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് പുലിമാംസം കൊണ്ടുള്ള കറിയും 10 കിലോ മാംസവും പുലിത്തോലും പുലിനഖങ്ങളും കണ്ടെടുത്തു. പല്ലും നഖവും തോലും വില്‍ക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. മാങ്കുളം സ്വദേശികളായ മുനിപ്പാറ വിനോദ്, ബേസില്‍, വിപി കുര്യാക്കോസ്, സരിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇരുമ്പ് കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണിയൊരുക്കിയത്. 40 കിലോയില്‍ കൂടുതല്‍ ഭാരമുള്ള പുലിയാണെന്നാണ് നിഗമനം. പ്രതികള്‍ പുലിയെ കൂടാതെ മുള്ളന്‍പന്നിയെയും കെണിവച്ച് പിടിച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പുലിയെ പിടിച്ച ഇതേ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികള്‍ മുള്ളന്‍പന്നിയെ കെണിവച്ചത് പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വന്യജീവി റാക്കറ്റുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്.