കൊല്ലം പിടിക്കാന്‍ കരുക്കള്‍ നീക്കി ആര്‍.എസ്.പി

Print Friendly, PDF & Email

നിലവിലെ നിമസഭയില്‍ ഒരു അംഗത്തെ പോലും എത്തിക്കുവാന്‍ കഴിയാതെ പോയ സാഹചര്യത്തില്‍ ഇനി അത്തരം ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാനുള്ള കരുക്കള്‍ നീക്കുകയാണ് ആര്‍എസ്പി(റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി). കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍എസ്പി അംഗങ്ങള്‍ ഇല്ലാത്ത നിയമസഭയായി പതിനാലാം സഭ മാറി. ഈ സാഹചര്യത്തില്‍ ഇത്തവണ ഏത് വിധേനയും നിയമസഭയിലേക്ക് മികച്ച വിജയം സ്വന്തമാക്കണമെന്നുറപ്പിച്ചാണ് ആര്‍എസ്പിയുടെ പ്രവര്‍ത്തനം.

2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ 5 സീറ്റുകളിലാണ് ആര്‍എസ്പി മത്സരിച്ചത്. കൊല്ലം ജില്ലയില്‍ കുന്നത്തൂർ, ചവറ, ഇരവിപുരം മണ്ഡലങ്ങലും തൃശൂരില്‍ കയ്പമംഗലവും തിരുവനന്തപുരത്ത് അറ്റിങ്ങലിലുമായിരുന്നു ആര്‍എസ്പി മത്സരിച്ചസീറ്റുകള്‍. എന്നാല്‍ അവയില്‍ ഒന്നിലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകള്‍ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി അധികം വേണമെന്നാണ് ആര്‍എസ്പി യുഡിഎഫിന്‍റെ മുന്പില്‍ പുതിയതായി വച്ച ഡിമാന്‍റ്. കൊല്ലവും അമ്പലപ്പുഴയും അധികമായി വേണമെന്ന് ആര്‍എസ്പിയുടെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും യുഡിഎഫ് വിട്ടു പോയതോടെ മുന്നണിയില്‍ ഇരുപതിലേറെ സീറ്റുകളില്‍ ഒഴിവുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രണ്ട് സീറ്റുകള്‍ അധികം ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറാനും ആർ എസ് പി തയ്യാറാകും. കഴിഞ്ഞ തവണ സിപിഎമ്മില്‍ നിന്നും മത്സരിച്ച നടന്‍ മുകേഷ് ആണ് ഇവിടെ വിജയിച്ചത്. പതിനേഴായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു യുഡിഎഫിലെ സൂരജ് രവിയെ മുകേഷ് പരാജയപ്പെടുത്തിയത്. ഇരവിപുരത്തിന് പകരം കൊല്ലം സീറ്റ് ലഭിച്ചാൽ മുൻ മന്ത്രിയും പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ബാബു ദിവാകരനെ പരിഗണിക്കാനാണ് ആര്‍എസ്പി ആലോചിക്കുന്നത്.

പതിറ്റാണ്ടുകളായി പാര്‍ട്ടി മത്സരിക്കുന്ന ഇരവിപുരത്ത് ഇക്കുറിയും മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസിന് താല്‍പര്യമുണ്ട്. എന്നാല്‍ കൊല്ലം ഏറ്റെടുത്ത് ഇരവിപുരം കോൺഗ്രസിന് നൽകാമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നത്. എല്‍ഡിഎഫ് വിട്ടതോടെ മണ്ഡലം ആര്‍എസ്പിക്ക് നഷ്ടമാവുകയായിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് യുഡിഎഫിന് വേണ്ടി മത്സരിച്ചെങ്കിലും സിപിഎം ഏരിയ കമ്മിറ്റി അംഗമായ എം നൗഷാദ് 28,000 ത്തിലേറെ വോട്ടുകൾക്ക് ഇരവിപുരം പിടിച്ചെടുക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ മണ്ഡലത്തില്‍ മുന്നില്‍ എത്തിയെങ്കിലും നിയമസഭയിലേക്ക് ഈ നേട്ടം തുടരാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം വിലയിരുത്തുന്നത്. 1970 മുതല്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഇരവിപുരം. 2016 ലും 1991 ലുമാണ് തോല്‍വി നേരിട്ടത്. 1991 ൽ ലീഗ് നേതാവായ പി കെ കെ ബാവ ആയിരുന്നു വിജയി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത്.

ദേശീയ തലത്തില്‍ സിപിഎം ഉള്‍പ്പടേയുള്ള ഇടതുപക്ഷ ചേരിയില്‍ ആണെങ്കിലും കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിലേറയായി യുഡിഫിനൊപ്പമാണ് ആര്‍എസ്പി. അതിന് മുമ്പ് രണ്ടായിരത്തില്‍ പാര്‍ട്ടി കേരള ഘടത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ബേബി ജോണ്‍ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്) പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന്‍റെ ഭാഗമാവുകയും ചെയ്തിരുന്നു. 2014 കൊല്ലം ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഔദ്യോഗിക ആര്‍എസ്പിയും എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്‍റെ ഭാഗമാവുന്നത്. ആർഎസ്പിയും ആർഎസ്പി (ബി)യും പുനരേകീകരണം നടത്തിയായിട്ടായിരുന്നു യുഡിഎഫിന്‍റെ ഭാഗമായത്. യുഡിഎഫിന്‍റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ട് തവണയും കൊല്ലം സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.