റാന്നി ഗ്രാമപഞ്ചായത്തില്‍ പുലിവാല് പിടിച്ച് എല്‍ഡിഎഫ്
റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് – എം പ്രതിനിധി ശോഭാ ചാര്‍ളി പ്രസിഡന്റായി തുടരുന്നതിനെതിരേ എല്‍ഡിഎഫ് ഘടകകക്ഷികളും രംഗത്തുവന്നെങ്കിലും ശോഭാചാര്‍ളി സ്വയം രാജിവക്കാത്ത സാഹചര്യത്തില്‍ 6മാസം അധികാരത്തില്‍ തുടരുവാനാണ് സാധ്യത. ശോഭാ ചാര്‍ളിയെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെങ്കിലും ഇവര്‍ കേരള കോണ്‍ഗ്രസ് എം അംഗമായി ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെയാണ് മറ്റു ഘടകകക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്
ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന റാന്നി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ അഞ്ചുപേരുടെയും രണ്ട് ബിജെപി അംഗങ്ങളുടെയും പിന്തുണയിലാണ് ശോഭാ ചാര്‍ളി പ്രസിഡന്റായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവരുടെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും ബിജെപി അംഗങ്ങളാണ്. ഇതാണ് ഇപ്പോള്‍ എല്‍ഡിഎഫിനു പുലിവാലായത്. ബിജെപി നിര്‍ദേശിച്ച അംഗത്തെ പിന്തുണയ്ക്കേണ്ടി വന്ന സാഹചര്യം മുന്നണിക്ക് മാനക്കേടായെന്ന് സിപിഐ അടക്കമുള്ള കക്ഷികളുടെ അഭിപ്രായം.
പ്രസിഡന്റ് രാജി ആവശ്യം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഇനി ആറുമാസത്തിനുശേഷം അവിശ്വാസം മാത്രമേ എല്‍ഡിഎഫിനു മുമ്പില്‍ മാര്‍ഗമുള്ളൂ. എന്നാല്‍ എല്‍ഡിഎഫില്‍ നിന്നു പുറത്തായ സാഹചര്യത്തില്‍ പാര്‍ട്ടി നടപടിക്കു പ്രസക്തിയില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. കഴിഞ്ഞദിവസം കേരളകോണ്‍ഗ്രസ് എം ജനപ്രതിനിധികളുടെ സ്വീകരണ യോഗത്തില്‍ ശോഭാ ചാര്‍ളിയെ പങ്കെടുപ്പിച്ചിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാ ട്ടുന്നു .
പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് നോമിനിയെ നിര്‍ദേശിച്ച അംഗങ്ങളുടെ നടപടിയെ ബിജെപിയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ വ്യക്തമായ ധാരണ ശോഭാ ചാര്‍ളി എഴുതി നല്‍കിയശേഷമാണ് പിന്തുണ നല്‍കിയതെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറയുന്നു. ഇവര്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റുമായി ഒപ്പുവച്ച കരാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്നതായിരുന്നു ഇതില്‍ പ്രധാനം.