കിഫ്ബി ഭരണഘടനാ വിരുദ്ധം. റവന്യൂ വിഭവങ്ങള്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നു.

Print Friendly, PDF & Email

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉള്‍ക്കൊള്ളുന്ന വിവാദമായ സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാതെയാണ് കിഫ്ബി വായ്പയെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ കടമെടുപ്പ് സര്‍ക്കാരിന്‍റെ തനതുവരുമാനത്തിലെ ബാധ്യതയാകും. സംസ്ഥാനത്തിന്‍റെ റവന്യൂ വിഭവങ്ങള്‍ക്ക് മേല്‍ അധികബാധ്യത കിഫ്ബി അടിച്ചേല്‍പ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയുള്ളതാണ് കിഫ്ബി വായ്പ എന്ന കണ്ടെത്തലാണ് സിഎജി നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ മറികടന്നാണ് കിഫ്ബി വഴി കേരളം വായ്പ എടുക്കുന്നത്. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. കേരളത്തിന്റേത് ഇല്ലാത്ത അധികാരമാണെന്നും കേന്ദ്രത്തിന്റെ അധികാരത്തിന്മേല്‍ സംസ്ഥാനം കടന്നുകയറിയിരിക്കുകയാണ്. മസാലബോണ്ട് വഴി കടമെടുക്കുന്നതിലൂടെ കേരളം ഭരണഘടന ലംഘനമാണ് നടത്തിയിരിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍.ബി.ഐ. നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സി.എ.ജി. റിപ്പോര്‍ട്ട് പറയുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഇപ്രകാരം വായ്പകളെടുക്കുവാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്‍റെ മൊത്തം കടബാധ്യത കുത്തനെ ഉയരുമെന്നും സിഎജി മുന്നറിയിപ്പ് നല്‍കുന്നു.

സിഎജി റിപ്പോര്‍ട്ടിനെ ശരിവക്കുന്നതാണ് സംസ്ഥാനത്തിന്‍റെ കടബാധ്യതകളെ സംന്ബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍. സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം ആണ് വര്‍ധിച്ചിരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട് തന്നെ പറയുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കില്‍ 2018-19 വര്‍ഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയര്‍ന്നു. സഞ്ചിത നിധിയിലെ ബാധ്യത 1,58,235 കോടിയാണ്. ഇതില്‍ വിപണി വായ്പ 1,29,719 കോടി രൂപയാണ്. കേന്ദ്രത്തില്‍ നിന്നുള്ള കടം 7,243 കോടിയും, മറ്റ് വായ്പകള്‍ 21,273 കോടിയും. 83,380 കോടി രൂപയാണ് മറ്റ് ബാധ്യതകളില്‍ പൊതുകണക്കിലെ ആകെ ബാധ്യത. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത.

  •  
  •  
  •  
  •  
  •  
  •  
  •