മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് വിട…
കാടിന്റേയും പുഴകളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും കിളികളുടെയും സ്ത്രൈണതയുമായി മലയാളികളെ മോഹിപ്പിച്ച കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണ ബാധയെ തുടർന്ന് ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവർത്തനങ്ങൾ നിലച്ചിരുന്നു.
കേരളത്തിന്റെ നിരവധി പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു ടീച്ചർ.
1934 ജനുവരി 22 ന് പത്തനംതിട്ട ജില്ലയിലെ (Pathanamthitta) ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു സുഗതകുമാരി ജനിച്ചത്. പ്രശസ്ത സംസ്കൃത പണ്ഡിതയായ വി. കെ. കാർത്ത്യായനി ടീച്ചറായിരുന്നു അമ്മ. ആത്മീയതയിലും ബുദ്ധദര്‍ശനങ്ങളിലും കാലൂന്നിയ ശ്രീനാരായണ ഗുരുവിന്റെ അടുത്ത ശിഷ്യനായിരുന്ന ബോധേശ്വരന്‍ ആയിരുന്നു അച്ഛന്. തത്ത്വശാസ്ത്രത്തിലാണ് എംഎ ബിരുദം നേടിയത്. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള “തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും “അഭയ’യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ടീച്ചറിന്റെ സംഭാവന വളരെ വലുതാണ്.
2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009ൽ അർഹയായിട്ടുണ്ട്. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് (പാതിരാപ്പൂക്കൾ), സാഹിത്യ അക്കാദമി അവർഡ്, സാഹിത്യ പ്രവർത്തക അവാർഡ് (രാത്രിമഴ), ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ് (അന്പലമണി), ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ് (കുറിഞ്ഞിപ്പൂക്കൾ), വിശ്വദീപം അവാർഡ് (തുലാവർഷപ്പച്ച), വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്കാരം, പനന്പിള്ളി പ്രതിഭാപുരസ്കാരം, സ്ത്രീശക്തി അവാർഡ്, സരസ്വതി സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾക്ക് അർഹയായി. ബാല സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നൽകി സാഹിത്യലോകം കവയിത്രിയെ ആദരിച്ചിട്ടുണ്ട്.
കവിതകളായ അന്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാത്രിമഴ, രാധയെവിടെ?, ദേവദാസി, കൃഷ്ണകവിതകൾ, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകൾ സന്പൂർണം, തുലാവർഷപ്പച്ച, കുടത്തിലെ കടൽ, പൂവഴി മരുവഴി, സഹ്യഹൃദയം ബാലസാഹിത്യ കൃതികളായ വാഴത്തേൻ, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകൾഉപന്യാസ സമാഹാരങ്ങളായ കാവു തീണ്ടല്ലേ, മേഘം വന്നു തൊട്ടപ്പോൾ, വാരിയെല്ല്, കാടിനു കാവൽ, ഉൾച്ചൂട് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അധ്യാപികമാരും വിദ്യാഭ്യാസവിദഗ്ദ്ധരുമായ ഹൃദയകുമാരി, സുജാത ദേവി എന്നിവര്‍ സഹോദരിമാരാണ്.