ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ കേരള നിയമസഭാ തെരഞ്ഞെടുപ്പ്…?

Print Friendly, PDF & Email

കേരള നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തെരഞ്ഞെടുപ്പ് നടക്കും. സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്തശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ തിരഞ്ഞെടുപ്പു കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി സര്‍ക്കാരുമായും വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രാമമേഖലകളിലെ ഒരു പോളിങ് സ്റ്റേഷനില്‍ 1400 വോട്ടര്‍മാര്‍ ആയിരുന്നത് 1000 ആക്കിയിട്ടുണ്ട്. ആയിരം വോട്ടര്‍മാരിലധികമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15,000 നു മുകളിലാണ്. നിലവിലുള്ള 25,000 കൂടി ചേരുമ്പോള്‍ 45,000 പോളിങ് സ്റ്റേഷന്‍ വേണ്ടിവരും.

പോളിങ് സ്റ്റേഷനുകള്‍ക്ക് കെട്ടിട സൗകര്യം ഉണ്ടോ എന്നു പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിനു ജീവനക്കാരുണ്ടോ എന്നും പരിശോധിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കോവിഡ് രോഗികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.